UPDATES

സയന്‍സ്/ടെക്നോളജി

നിങ്ങള്‍ തരുന്ന പ്ലാസ്റ്റിക് നിങ്ങള്‍ തന്നെ തിരിച്ചെടുക്കുക

Avatar

ഹേമ ഹേമാംബിക

 

‘സീ ദിസ്, ബ്രില്യന്റ് ഐഡിയ’ എന്ന പേരില് ഒരിക്കല്‍ ഒരു മെസ്സേജ് വന്നു. ആ ബ്രില്യന്റ് ആയ ഐഡിയയും കലയും ഇതായിരുന്നു; പച്ചപ്പു നിറഞ്ഞ ഒരു പ്രദേശത്തുള്ള നീര്‍ത്തടത്തില്‍ ഒരുപാട് പ്ലാസ്റ്റിക് മിനറല്‍ വാട്ടര്‍ ബോട്ടിലുകള്‍ ചേര്‍ത്തുവച്ച് ചങ്ങാടം പോലൊരു കൊച്ചു വീട്. വൗ! വാട്ട് ആന്‍ ഐഡിയ സര്‍ജി, കലാകാരന് സ്തുതി. പക്ഷേ ഈ ബോട്ടിലുകള്‍ മുഴുവന്‍ കെട്ടുപൊട്ടി ആ വെള്ളത്തില്‍ പരന്നുകിടന്ന്‍ ഇന്‍സ്റ്റലേഷനുകള്‍ ഉണ്ടാക്കില്ലേ, പിന്നീട് വെള്ളത്തിനടിയില്‍ അടിഞ്ഞു കൂടി പായലിനും ജലജീവികള്‍ക്കും ഇടകലര്‍ന്ന് മറ്റൊരു ഇന്‍സ്റ്റലേഷനും? അയച്ചു തന്നെ ആളിന് മറുപടി രുചിച്ചില്ല; ബ്രില്യന്റ് ഐഡിയ എനിക്കും പിടിച്ചില്ല. പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് കൊത്തിവരഞ്ഞ് എന്തൊക്കെ ആര്‍ട്ട് ഉണ്ടാക്കിയാലും രുചിക്കാറില്ല. കാരണം എങ്ങനെ കൊത്തിയരിഞ്ഞു വച്ചാലും മണ്ണിനു വിഷമാണത്. കാരണം ഇവ ഭൂമിയില്‍ അലിഞ്ഞു ചേരില്ല എന്നതുതന്നെ. നമ്മുടെ നാട്ടില്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പരിസ്ഥിതി ഭീഷണി പ്ലാസ്റ്റിക് മലിനീകരണം തന്നെയായിരിക്കും; പ്ലാസ്റ്റിക്‌സ് ഓണ്‍ കണ്‍ട്രി! പൊതുജനങ്ങളും ഗവേഷകരും മാധ്യമങ്ങളും രാഷ്ട്രീയക്കാരും മാറിമാറി അലമുറയിടുന്നതല്ലാതെ ഇതിനൊരു പരിഹാരം ആരെങ്കിലും കര്‍ശനമായി എടുത്തുതായി അറിവില്ല.

 

Container-deposit legislation (CDL) ആക്റ്റ് പല രാജ്യങ്ങളിലും നിലവില്‍ വന്നിട്ട് എത്രയോ വര്‍ഷമായിട്ടും ഈ ആക്ടും കേരളവും ചേര്‍ത്ത് ഗൂഗിള്‍ സെര്‍ച്ചില്‍ ഒരു റിസള്‍ട്ട് പോലുമില്ല എന്നത് അത്ഭുതം തോന്നിപ്പിച്ചു. ഇത്രയേറെ കമ്പനികള്‍, ഇത്രയേറെ പ്ലാസ്റ്റിക് കുപ്പികള്‍, ശുദ്ധീകരിച്ചതോ അല്ലാത്തതോ ആയ വെള്ളം, സോഡാ, മറ്റു പാനീയങ്ങള്‍ എന്നിവ നിറച്ച്, അമിതമായ കാശും ഈടാക്കുമ്പോള്‍ ഇതിന്റെ കൂടെക്കിട്ടുന്ന പ്ലാസ്റ്റിക് ഞങ്ങള്‍ക്ക് വേണ്ടെന്നും അതുംകൂടി തിരിച്ചെടുക്കണം എന്നും ഇതുവരെ എന്തുകൊണ്ടാണ് ആരും പറയാതിരുന്നത്? കാശ് കൊടുത്തു ദാഹം മാറ്റുമ്പോള്‍ നിന്ന ഭൂമി കൂടി തീറെഴുതിക്കൊടുക്കണമോ?

 

ഇനി എന്താണു സി ഡി എല്‍? കുടിക്കാനുള്ള പാനീയങ്ങള്‍ അടങ്ങിയ ബോട്ടിലുകള്‍, അത് വെള്ളമോ ജ്യൂസോ മദ്യമോ എന്തായാലും വില്‍ക്കുമ്പോള്‍ ഒരു ചെറിയ തുക ഇത്തരം ബോട്ടിലുകള്‍ക്ക് ഈടാക്കുന്നു, അല്ലെങ്കില്‍ അത് വിലയില്‍ ഉള്‍പ്പെടുത്തുന്നു. ഉപയോഗത്തിനു ശേഷം ഇത്തരം ബോട്ടിലുകള്‍ (ബാര്‍ കോഡുള്ള) അതാതു വില്‍പന കേന്ദ്രങ്ങളിലോ അംഗീകൃത കേന്ദ്രങ്ങളിലോ കൊടുക്കുകയും ബോട്ടിലിന് ഈടാക്കിയ വില വാങ്ങിയ ആള്‍ക്ക് തിരിച്ചു കിട്ടുകയും ചെയ്യുന്നു. ഭൂരിഭാഗം വികസിത രാജ്യങ്ങളിലും നിയമം വന്നു നടപ്പാക്കിയിട്ട് എത്രയോ വര്‍ഷങ്ങളാകുന്നു. ചില രാജ്യങ്ങളില്‍ ഇത് നടപ്പാക്കാന്‍ കമ്പനികളും സര്‍ക്കാരും തമ്മില്‍ യുദ്ധം തന്നെ വേണ്ടി വന്നു എന്നാണു പറയപ്പെടുന്നത്. ജര്‍മനി പോലുള്ള, നിയമം വളരെ കര്‍ശനമായ രാജ്യങ്ങളില്‍ എല്ലാ വില്‍പന കേന്ദ്രങ്ങളിലും ഒരു reverse wending machine ഉണ്ടായിരിക്കും. ഇത്തരം മെഷീനില്‍ ഉപയോഗം കഴിഞ്ഞ ബോട്ടില്‍ നിക്ഷേപിക്കുമ്പോള്‍ അതിലെ ബാര്‍കോഡ് റീഡ് ചെയ്ത് അകത്തു കയറ്റി ‘ചുക്കിച്ചളുക്കി’ ഒരു പരുവമാക്കുകയും നിക്ഷേപിച്ച ബോട്ടിലിന്റെ കാശ്, കാശായോ മാറാന്‍ പറ്റുന്ന ബില്ലായോ നമുക്ക് തരികയും ചെയ്യുന്നു.

 

 

ഇതുമൂലം ഉണ്ടാകുന്ന ഗുണങ്ങള്‍ തീര്‍ച്ചയായും നമ്മുടെ ജീവിതത്തെയും പരിസരത്തെയും മാറ്റിമറിക്കും എന്നതില്‍ സംശയമില്ല. ഒന്നാമത്, ഇത്തരം പ്ലാസ്റ്റിക്കുകള്‍ കുറയുന്നത് മൂലം നമ്മുടെ വീട്ടുമാലിന്യങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത ‘ബയോ വേസ്റ്റ്’ മാത്രമായി മാറുന്നു. പൊതുസ്ഥലങ്ങളിലും മറ്റും പ്ലാസ്റ്റിക്കിന്റെ ആധിക്യം കുറയുന്നു. ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ, അത് പെറുക്കി അതാതു കേന്ദ്രങ്ങളില്‍ എത്തിക്കുമ്പോള്‍ നിര്‍ധനര്‍ക്ക് ഒരു വരുമാനവും ആകുന്നു. ചിലപ്പോ ഒരു തൊഴിലിന്റെ സാധ്യതയുമാകുന്നുണ്ട്. പ്ലാസ്‌റിക് കത്തിക്കുക മൂലമുള്ള ഭീകരമായ പരിസ്ഥിതി പ്രശ്‌നത്തിന് ഒരു അന്ത്യവും.

 

എന്തുകൊണ്ടാണ് ഇത്തരം നിയമങ്ങള്‍ ഉണ്ടാക്കാന്‍ നമുക്ക് കഴിയാത്തത്? കൊക്കാ കോള പോലുള്ള എല്ലാ കമ്പനികള്‍ക്കും മറ്റു രാജ്യങ്ങളില്‍ ഈ നിയമം പാലിക്കാമെങ്കില്‍ എന്തുകൊണ്ട് നമ്മുടെ നാട്ടില്‍ പറ്റില്ല എന്നാവും ചോദ്യം. അങ്ങിനെ ഒരു നിയമം നമുക്കുണ്ടായിട്ടു വേണ്ടേ! ഒട്ടും സമയമില്ലാത്തവിധം നമ്മുടെ നാട് പ്ലാസ്‌റിക് വിഷം വമിക്കുന്ന മണ്ണായി മാറിയിട്ടുണ്ട്. ഇനിയും നമ്മള്‍ ക്ഷമിക്കാന്‍ പാടില്ല. ഇത്തരം പ്ലാസ്റ്റിക്ക് നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള ശക്തമായ നിയമനിര്‍മ്മാണം നമുക്ക് വേണ്ടതായിട്ടുണ്ട്. പ്ലാസ്റ്റിക് ഇല്ലാത്ത വഴികള്‍, പുഴകള്‍, തടാകങ്ങള്‍, കാടുകള്‍, വീടുകള്‍ അതാകട്ടെ നമ്മുടെ ലക്ഷ്യം. അവര്‍ തരുന്ന പ്ലാസ്റ്റിക് അവര്‍ തന്നെ തിരിച്ചെടുക്കട്ടെ.

 

കമ്പനികളോട്: നിങ്ങള്‍ തരുന്ന പ്ലാസ്റ്റിക് നിങ്ങള്‍ തന്നെ തിരിച്ചെടുക്കുക!

 

(കണ്ണൂര്‍ സ്വദേശിയായ ഹേമ ഇപ്പോള്‍ ജര്‍മനിയില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകയാണ്)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍