UPDATES

മായ ലീല

കാഴ്ചപ്പാട്

മായ ലീല

സീറോ പ്ലാസ്റ്റിക്: ആലപ്പുഴ മോഡല്‍

മലയാളിയുടെ മാലിന്യ (ജാതി) യുക്തി മാറേണ്ടതുണ്ട്

കുട്ടികള്‍ പ്ലാസ്റ്റിക് മാലിന്യങ്ങളുമായി സ്കൂളില്‍ പോകുന്നത് അപകടകരവും മനുഷ്യത്വരഹിതവും ആണെങ്കില്‍ ഈ പ്ലാസ്റ്റിക് എന്ന അപകടത്തെ എത്ര അച്ഛനമ്മമാര്‍ അവരുടെ കുട്ടികളില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്?

മായ ലീല

(കുട്ടികള്‍ വീടുകളില്‍ നിന്ന്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുവരികയും പകരമായി പുസ്തകങ്ങള്‍ നല്‍കുകയും ചെയ്യുന്ന പദ്ധതി ആലപ്പുഴയില്‍ നടപ്പാക്കി വരികയാണ്. ഇത് സംബന്ധിച്ച് അനുകൂലമായും പ്രതികൂലമായുമുള്ള വാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഈ വിഷയത്തില്‍ അഴിമുഖവും ചര്‍ച്ചയ്ക്കുള്ള വേദിയൊരുക്കുന്നു)

ആഗോളതാപനം ആര്‍ക്കും അറിയാത്ത, ആരും അനുഭവിച്ചറിയാത്ത ഒരു പ്രതിഭാസമല്ല. അമേരിക്ക, ചൈന മുതലായ വന്‍ രാജ്യങ്ങളുടെ തലവന്മാര്‍ വരെ ഒത്തുകൂടിയിരുന്ന് മലിനീകരണം നിയന്ത്രിക്കുന്നതിനെ കുറിച്ചും കാലാവസ്ഥാവ്യതിയാനം തടയുന്നതിനെക്കുറിച്ചും ചര്‍ച്ചകളും പദ്ധതികളും തയ്യാറാക്കുന്നു എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പോലും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നിയന്ത്രണാതീതമായ മാലിന്യപ്പെരുപ്പം മൂലം  ഭൂമിയില്‍ മനുഷ്യര്‍ മാത്രമല്ല ബുദ്ധിമുട്ടാന്‍ പോകുന്നത്, അല്ലെങ്കില്‍ ബുദ്ധിമുട്ടുന്നത്. എല്ലാ സസ്യ ജീവജാലങ്ങളെയും ജൈവ സമൂഹങ്ങളേയും പരിസ്ഥിതിയേയും അത് പ്രതികൂലമായി ബാധിക്കും. പ്ലാസ്റ്റിക്‌ അതില്‍ ഏറ്റവും അപകടകരമായ ഒരു പങ്കു വഹിക്കുന്നുണ്ട്. എന്താണതിന്റെ ദോഷവശങ്ങള്‍ എന്നറിയാത്തവര്‍ അല്ല കേരളത്തിലെ ജനങ്ങള്‍. സ്കൂളുകളിലെ പാഠ്യപദ്ധതികളില്‍ സ്ഥിരമായി മലിനീകരണം എന്നത് വിഷയമായി കൊടുക്കാറുണ്ട്, പക്ഷെ അതെങ്ങനെ നിര്‍മ്മാര്‍ജ്ജനം ചെയ്യണം, എങ്ങനെ ക്രമീകരിക്കണം എങ്ങനെ പുനരുത്പാദിപ്പിക്കണം എന്നൊന്നും കുട്ടികളില്‍ പ്രായോഗികമായ അറിവ് ഈ പാഠ്യപദ്ധതികള്‍ ഉളവാക്കുന്നില്ല. അത് കേരളത്തിലെ കാര്യം. എന്നാല്‍ ലോകത്തിലെ മറ്റു പല രാഷ്ട്രങ്ങളിലും അങ്ങനെയല്ല. ആഫ്രിക്കന്‍ രാജ്യങ്ങള്‍, അമേരിക്കന്‍ രാജ്യങ്ങള്‍, ബ്രിട്ടണ്‍, ഓസ്ട്രേലിയ, ചൈന മുതലായ രാജ്യങ്ങളില്‍ സ്കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ നിരവധിയുണ്ട്. ലളിതമായ ഒരു ഗൂഗിള്‍ സെര്‍ച്ചില്‍ ആര്‍ക്കും കാണാവുന്നതെ ഉള്ളു ഈ പദ്ധതികളും അവര്‍ നടത്തുന്ന പരിപാടികളും കുട്ടികള്‍ക്കുള്ള മത്സരങ്ങളും സമ്മാനദാനവും മുതലായവ. യു.എന്‍ അവരുടെ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി എല്ലാ രാജ്യങ്ങളോടും സ്കൂളുകളില്‍ പല പദ്ധതികളും ആവിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

എന്തിനാണ് കുട്ടികളെ ഇതിനു തിരഞ്ഞെടുക്കുന്നത്?
കുട്ടികള്‍ ഭാവിയിലെ പൌരന്മാരും സമൂഹം കെട്ടിപ്പെടുക്കേണ്ടവരുമാണ്. ഏതു പദ്ധതിയും ആശയവും വിപുലീകരിച്ച് വന്‍തോതില്‍ നടപ്പിലാക്കാന്‍ കുട്ടികളാണ് എളുപ്പമാര്‍ഗ്ഗം. ഇതും ഇതിന്‍റെ അപകടവും ആര്‍ക്കും അറിയാത്തതല്ല. വളരുന്ന കുട്ടികളില്‍ അന്ധവിശ്വാസങ്ങളും ഫാഷിസവും തീവ്രവാദവും മറ്റും കുത്തിവയ്ക്കുന്ന സംഘടനകള്‍ക്ക്‌ നമ്മുടെ നാട്ടിലും യാതൊരു പഞ്ഞവും ഇല്ല. മതവിശ്വാസം മുതല്‍ക്ക്‌ അപകടകരമായ പലതും കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ പ്രകൃതി സംരക്ഷണവും പരിസ്ഥിതി സംരക്ഷണവും മുതലായ യുക്തിയുള്ള, ഭാവിയ്ക്ക് പ്രയോജനകരമായ ആശയങ്ങള്‍ കുട്ടികളില്‍ തന്നെയല്ലേ നടപ്പിലാക്കേണ്ടത്, അല്ലെങ്കില്‍ ആദ്യം അതൊക്കെ തന്നെയല്ലേ കുട്ടികളെ പഠിപ്പിക്കേണ്ടത്?

ഒരു കുട്ടി സാമൂഹ്യപ്രതിബദ്ധതയുള്ള പൗരനായി വളരേണ്ടത് കുട്ടിയുടെയും സമൂഹത്തിന്റെയും ആവശ്യമാണ്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ വിദ്യാഭ്യാസ നയത്തില്‍ അത്തരം ഒരു നയം ഇനിയും ഉള്‍ക്കൊള്ളിച്ചിട്ടില്ല. സിവിക് എന്‍‌ഗേജ്മെന്റ് പ്രോഗ്രാമുകളുടെ ആവശ്യകതയെപ്പറ്റിത്തന്നെ പലര്‍ക്കും ശരിയായ ബോധവുമില്ല. സന്നദ്ധസേവനങ്ങള്‍ – പരിസ്ഥിതിസം‌രക്ഷണം, ജനസേവനം, രാഷ്ട്രീയ പ്രവര്‍ത്തനം, സഹായപ്രവൃത്തികള്‍ തുടങ്ങിയവ കുട്ടികളില്‍ വളര്‍ത്തുന്നതിന് സംഘടിപ്പിക്കുന്ന പരിപാടികളിലൂടെയാണ് കുട്ടി താന്‍ സമൂഹത്തിന്റെ അംഗമാണെന്നും അതിനോട് പ്രതിബദ്ധതയുള്ള വ്യക്തിയാണെന്നും മനസ്സിലാക്കി വളരുന്നത്. താന്‍ കണ്ടിട്ടില്ലാത്ത സ്ഥലത്തെ പ്രളയക്കെടുതികള്‍ ബാധിച്ചവര്‍ക്കു വേണ്ടി സഹായധനം പിരിക്കുന്ന കുട്ടി ചെയ്യുന്നതും സിവിക്ക് എന്‍‌ഗേജ്മെന്റ് ആണ്. എന്നാല്‍ തന്റെ പരിസരത്തുള്ള വീട്ടിലെ പട്ടിണിയുള്ള വീട്ടില്‍ ഭക്ഷണം കൊടുക്കുന്ന കുട്ടിയില്‍ അത് കൂടുതല്‍ ആഴത്തില്‍ പതിയുന്നു. WWF ഫണ്ടിലേക്ക് പണം അയക്കുന്ന കുട്ടിയെക്കാള്‍ പരിസരത്തെ കണ്ടല്‍ക്കാടുകള്‍ സം‌രക്ഷിക്കുന്ന കുട്ടിയിലാണ് സിവിക് സെന്‍സ് വ്യക്തമായി പതിയുക.

മിക്കരാജ്യങ്ങളും മാലിന്യ സംസ്കരണത്തില്‍ കുട്ടികള്‍ പങ്കു വഹിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതും ഇതുകൊണ്ടാണ്. സ്വന്തം പരിസരവും പരിസ്ഥിതിയും സം‌രക്ഷിക്കുന്ന കുട്ടിയില്‍ വളരുന്ന കര്‍ത്തവ്യബോധത്തിനു സമാനമായ മറ്റൊരു പാഠമില്ല. യൂണിസെഫ് കുട്ടികളെക്കൊണ്ട് നടത്തുന്ന മാലിന്യ നിര്‍മാര്‍ജ്ജന പരിപാടിയുടെ (WASH)  ഉദ്ദേശങ്ങള്‍ ഇങ്ങനെ  അക്കമിട്ടു നിരത്തുന്നു.

1.കുട്ടിക്ക് ശുചിത്വബോധമുണ്ടാകുകയും വീടും പരിസരവും പൊതുസ്ഥലങ്ങളും ശുചിയായിരിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാവുകയും ചെയ്യുന്നു.

2. പൊതുസ്ഥലങ്ങള്‍ വൃത്തികേടാക്കരുത് എന്നും അങ്ങനെയാകുന്നത് തടയണം എന്നും മനസ്സിലാവുന്നു.

3. ലിംഗഭേദമെന്യേ ശുചീകരണ പ്രവൃത്തികളില്‍ ഏര്‍പ്പെടേണ്ടതുണ്ട് എന്നും മനസ്സിലാവുന്നു. (ചില അവികസിത രാജ്യങ്ങളില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം സ്ത്രീകളുടെ ജോലിയാണ് എന്ന് പൊതുബോധത്തിലുണ്ട്.) നമുക്കാകട്ടെ, മാലിന്യ നിര്‍മ്മാര്‍ജ്ജനം ദരിദ്രരുടെ, പലപ്പോഴും ചില ജാതിയില്‍ പെട്ടവരുടെ ഉത്തരവാദിത്തം ആണെന്നും ധാരണയുണ്ട്. അതും മാറിക്കിട്ടും.

പരിസ്ഥിതി സം‌രക്ഷണം വൈയക്തിക തലത്തില്‍ ഒരു മുന്‍‌ഗണനയായി വരികയാണ് കുട്ടിയെ മാലിന്യ സംസ്കരണത്തില്‍ പങ്കെടുപ്പിക്കുക വഴി ചെയ്യുന്നത്. ഇവിടെ ചപ്പുചവറ് ഇടരുത് എന്നൊരു ബോര്‍ഡ് സ്ഥാപിക്കുന്നതില്‍ നിന്ന് വളരെ വത്യസ്തമാണ് ഇവിടെ ചപ്പുചവറുകള്‍ കണ്ടാല്‍ അതില്‍ തനിക്കും പങ്കുണ്ട് എന്ന് തോന്നല്‍ ഉണ്ടാക്കല്‍. ഈ തോന്നലുള്ള വ്യക്തികള്‍ പരിസരം മലിനമാക്കുന്ന ശീലക്കാരാവില്ല. നാളെയുടെ പൊതുബോധത്തില്‍ ശുചിത്വം ഉള്‍ക്കൊള്ളിക്കുകയാണ് കുട്ടികളെ മാലിന്യസംസ്കരണ പരിപാടിയില്‍ പങ്കെടുപ്പിക്കുക കൊണ്ട് ഉദ്ദേശിക്കുന്നത്.

പല വികസിത രാജ്യങ്ങളിലും മാലിന്യ സംസ്കരണത്തിനു ഫലപ്രദമായി പ്രവൃത്തിക്കുന്ന വകുപ്പുകള്‍ ഉണ്ട്. അവിടെയും കുട്ടികള്‍ മാലിന്യ സംസ്കരണത്തില്‍ പങ്കാളികള്‍ ആക്കുന്ന പ്രോഗ്രാമുകള്‍ ഉള്ളത് ഈ ബോധം വളരാനാണ്. ഉദാഹരണത്തിനു പരിസര ശുചിത്വത്തില്‍ ഏറെ പേരു കേട്ട രാജ്യമായ സിംഗപ്പൂരില്‍  പൊതുസ്ഥലത്ത് മാലിന്യം കാണുക വളരെ വിരളമാണ്. അവിടെ കുട്ടികള്‍ മാലിന്യ സംസ്കരണ പരിപാടികളില്‍ പങ്കെടുക്കുന്നത് പാഠ്യപദ്ധതിയുടെ ഭാഗവുമാണ്.

അതിവേഗത്തില്‍ അപകടങ്ങള്‍ ഉണ്ടാക്കുന്ന മാലിന്യങ്ങളും ഉണ്ട്, നേരിട്ട്, പ്രത്യക്ഷത്തില്‍ അപകടകരമായത്. ആശുപത്രിയിലെ മാലിന്യങ്ങള്‍, ഫാക്ടറികള്‍ പുറംതള്ളുന്നവ മുതലായ, രോഗങ്ങള്‍ പടര്‍ത്തുന്നതും, പലവിധ ടോക്സിക് കെമിക്കലുകളും നിറഞ്ഞത്. ഇത് കുട്ടികളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ നല്‍കണം എന്ന് വിദഗ്ദ്ധര്‍ ഉപദേശിക്കുന്നുണ്ട്. കുട്ടികള്‍ സാധാരണമായി ഇടപഴകുന്ന സാഹചര്യങ്ങളില്‍ ഇത്തരം മാലിന്യങ്ങള്‍ കുറവായിരിക്കും എന്നുള്ളത് കൊണ്ട് തന്നെ മാലിന്യ സംസ്കരണത്തിന് കുട്ടികളെ പങ്കാളികള്‍ ആക്കുന്നതില്‍ തെറ്റില്ല.

ഡോക്ടര്‍ തോമസ് ഐസ്സക് എംഎല്‍എ ആലപ്പുഴ നഗരത്തിലെ സ്കൂളുകളിലെ കുട്ടികള്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളില്‍ പങ്കാളികള്‍ ആകാനും അതിലൂടെ വലിയൊരു ആശയം വ്യാപിപ്പിക്കാനും വൃത്തിയുള്ള ഒരു സംസ്കാരം വളര്‍ത്തിയെടുക്കാനും ശ്രമിക്കുന്നുണ്ട്. കുട്ടികള്‍ പ്ലാസ്റ്റിക്‌ ശേഖരിച്ചു കൊടുക്കുമ്പോള്‍ അവര്‍ക്ക്‌ പുസ്തകങ്ങള്‍ വാങ്ങാനുള്ള കൂപ്പണുകള്‍ നല്‍കുന്നതാണ് പദ്ധതി. സ്കൂളില്‍ കിട്ടുന്ന പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ നഗരസഭ വന്നു ശേഖരിക്കുകയും സംസ്കരിക്കുയും ചെയ്യും. പലവിധ എതിര്‍പ്പുകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ഇതിനു ലഭിച്ചത്. മനോരമ മുതലായ പത്രങ്ങള്‍ ആദ്യം മുതല്‍ക്ക്‌ തന്നെ സിപിഎമ്മിന്‍റെ ശുചിത്വ കേരളം പരിപാടിയ്ക്കും തോമസ്‌ ഐസ്സക് എംഎല്‍എയുടെ കര്‍മ്മ പരിപാടികള്‍ക്കും എതിര്‍പ്പുകളും പ്രതികൂല വാദങ്ങളുമായി വന്നിരുന്നതാണ്. സോഷ്യല്‍ മീഡിയയിലെ എതിര്‍പ്പുകളില്‍ ഏറ്റവും പ്രധാനമായി കണ്ടത് കുട്ടികളെ കൊണ്ട് പണിയെടുപ്പിക്കുന്നു എന്നതാണ്. തെറ്റ്; അവനവന്‍റെ വീട്ടിലേയും പരിസരത്തേയും പ്ലാസ്റ്റിക്‌ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സമൂഹത്തിലെ എല്ലാവരും ഒരുപോലെ ബാധ്യസ്ഥരാണ്, മുതിര്‍ന്നു ശീലങ്ങള്‍ ഉറച്ചു പോയവരെക്കൊണ്ട് അത് ചെയ്യിക്കുന്നതിലും എളുപ്പം കുട്ടികളെ ഇത്തരത്തിലുള്ള പാഠങ്ങള്‍ പഠിപ്പിക്കുകയും അതില്‍ വ്യാപൃതരാക്കുകയും ചെയ്യുക എന്നതാണ്.

ഇതൊരു എടുത്താല്‍ പൊങ്ങാത്ത ഉദ്യോഗമൊന്നുമല്ല. വീട്ടിലെ അച്ഛനമ്മമാരെ ബോധവത്കരിക്കുകയും നിരന്തര പ്രയത്നം കൊണ്ട് പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയും പുനരുത്പാദനം നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് കുട്ടികളില്‍ നിന്നും പ്രതീക്ഷിക്കുന്ന പ്രധാന കര്‍മ്മം. അങ്ങനെ ചെയ്യുന്നത് വഴി അവര്‍ക്കൊരു തത്ക്ഷണ പ്രതിഫലം എന്ന രീതിയിലാണ് പുസ്തകം വാങ്ങാനുള്ള കൂപ്പണുകള്‍ നല്‍കുന്നത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നത് വഴി, അത് സംസ്കരിക്കപ്പെടാതെ കിടന്നു പോകുന്നത് ഒഴിവാക്കുന്നത് വഴി ഉള്ള ദീര്‍ഘദൂര പ്രതിഫലങ്ങളെക്കാളും കുട്ടികളെ ആകര്‍ഷിക്കുക ഹ്രസ്വകാല പ്രതിഫലങ്ങള്‍ തന്നെയാണ്. വാങ്ങുന്നത് പുസ്തകങ്ങള്‍ ആയിരിക്കും എന്നതുകൊണ്ടും നഷ്ടങ്ങള്‍ ഒന്നുമുണ്ടാവുകയില്ല. പഠന സമയം ഇല്ലാതാക്കുകയോ, കുട്ടികളെ തെരുവുതോറും അലയാന്‍ വിടുകയോ ഒന്നും ഈ പദ്ധതി ചെയ്യുന്നില്ല. എല്ലാവരും കൊണ്ടുവരണമെന്ന് നിര്‍ബന്ധമില്ല താനും. അപ്പോഴെങ്ങനെയാണ് ഇത് കുട്ടികളെ കൊണ്ട് വേലയെടുപ്പിക്കുന്നതായി കണക്കാക്കപ്പെടുന്നത്? അവര്‍ ഭക്ഷിക്കുന്ന പാത്രങ്ങള്‍ കഴുകി വെയ്ക്കാറില്ലേ, അവരുടെ മുറികള്‍ വൃത്തിയാക്കാറില്ലേ, അവരുടെ തന്നെ പേര്‍സണല്‍ ഹൈജീന്‍ ആയ കുളി, പല്ലുതേപ്പ് മുതലായവ ചെയ്യുന്നില്ലേ? പിന്നെ ഏതാണ് പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ വീട്ടുകാരോടും അയല്‍പക്കക്കാരോടും ആഹ്വാനം ചെയ്യിക്കുന്ന വഴി, ഉപയോഗമില്ലാത്ത പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സഹായിപ്പിക്കുന്ന വഴി കുട്ടികളെക്കൊണ്ട് എടുപ്പിക്കുന്ന തുമ്പിയുടെ കല്ല്‌?

ഏതു കാര്യത്തിനും രണ്ടു വാദങ്ങള്‍ ഉണ്ടായിരിക്കും എന്ന മുട്ടാപ്പോക്ക് ന്യായത്തില്‍ പോലും ഇത്തരം എതിര്‍പ്പുകളെ കാണാന്‍ കഴിയില്ല. വ്യക്തമായ രാഷ്ട്രീയ വൈരാഗ്യവും അന്ധമായ വിരോധവും വച്ചുകൊണ്ടാണ് സമൂഹത്തിനും പ്രകൃതിയ്ക്കും ഉപയോഗമുള്ള ഒരു പദ്ധതിയെ താറടിച്ചു കാണിക്കാന്‍ ശ്രമിക്കുന്നത്. കുട്ടികളെക്കൊണ്ട് ചവറു പെറുക്കിക്കുന്നു എന്ന് ഒഴുക്കന്‍ മട്ടില്‍ ഈ പദ്ധതിയെ ലേബല്‍ ചെയ്യാന്‍ ശ്രമിക്കുന്നതും വസ്തുതാപരമായി തെറ്റായിരിക്കും. സ്വന്തം വീടുകളില്‍ നിന്ന് മാത്രം ഉപയോഗരഹിതമായ പ്ലാസ്റ്റിക് കൊണ്ടുവരാന്‍ ആണ് ഈ പദ്ധതി ആഹ്വാനം ചെയ്യുന്നത്, എവിടെയും പോയി എന്തെങ്കിലും പെറുക്കാന്‍ കുട്ടികളോട് പറയുന്നില്ല.

കുട്ടികളില്‍ മത്സരബുദ്ധി പെരുകി അവര്‍ അപകടകരമായ മാലിന്യങ്ങള്‍ തേടി ചെല്ലുമെന്ന് വിലപിക്കുന്നവരോട്; ഇത്തരം ടോക്സിക് വേസ്റ്റ് പൊതുനിരത്തുകളില്‍ കുട്ടികള്‍ക്ക്‌ പോലും പ്രാപ്യമായ തരത്തില്‍ കിടക്കുന്നതിനെ കുറിച്ച് നിങ്ങള്‍ക്ക്‌ അറിവുണ്ടെങ്കില്‍ എന്തുകൊണ്ട് ഇതുവരെ അത് നീക്കം ചെയ്യാനോ അത്തരത്തില്‍ അപകടകരമായ അവസ്ഥ പൊതു ഇടങ്ങളില്‍ ഉണ്ടാക്കാതിരിക്കാനോ നിങ്ങള്‍ നടപടി എടുത്തില്ല? എത്ര നഗരസഭകളെ, മുനിസിപ്പാലിറ്റികളെ നിങ്ങള്‍ ഇതിന്‍റെ പേരില്‍ കോടതി കയറ്റി? അങ്ങനെ ടോക്സിക് വേസ്റ്റ് പൊതു ഇടത്തില്‍ ഉണ്ടെന്നു അറിയാമെങ്കില്‍ നിങ്ങള്‍ എന്തുകൊണ്ട് തോമസ്‌ ഐസ്സക്ക് കുട്ടികളെ ‘തെരുവിലേക്ക്‌ വിടുന്നത്’ വരെ (നിങ്ങളുടെ അഭിപ്രായത്തില്‍, വസ്തുതാവിരുദ്ധമായ നിഗമനത്തില്‍) കാത്തിരുന്നു? അപ്പോള്‍ നിങ്ങളുടെ ഭയം അസ്ഥാനത്താണ്; ഇരട്ടത്താപ്പാണ്. മത്സരബുദ്ധി കുട്ടികളില്‍ നല്ലതാണ്, ഒരു പരിധി വരെ. ഒരു താലൂക്കില്‍ പെട്ട പ്ലാസ്റ്റിക് വേസ്റ്റ് മുഴുവന്‍ കുട്ടികളുടെ പ്രയത്നത്താല്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടുമെങ്കില്‍ അത് തടയാന്‍ നില്‍ക്കുന്നത്‌ എന്തിന്?

കുട്ടികള്‍ പ്ലാസ്റ്റിക് മാലിന്യങ്ങളുമായി സ്കൂളില്‍ പോകുന്നത് അപകടകരവും മനുഷ്യത്വരഹിതവും ആണെങ്കില്‍ ഈ പ്ലാസ്റ്റിക് എന്ന അപകടത്തെ എത്ര അച്ഛനമ്മമാര്‍ അവരുടെ കുട്ടികളില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്? ഒരാള്‍ പോലും ഉണ്ടാകാന്‍ വഴിയില്ല. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം എന്ന, പ്രകൃതിയ്ക്കും ജീവജാലങ്ങള്‍ക്കും മനുഷ്യനും അങ്ങേയറ്റം ഉപയോഗപ്രദമായ ഒരാശയം മനുഷ്യത്വരഹിതമാണെന്ന് പറയുന്നവര്‍ എന്താണ് മനുഷ്യത്വം എന്നത് മാറ്റി നിര്‍വ്വചിക്കേണ്ടി വരും.

പിന്നെ വന്ന എതിര്‍പ്പ് ശരിക്കും കേരള സമൂഹത്തിലെ വരേണ്യ വര്‍ഗ്ഗത്തിന്‍റെ മനസ്സിലെ മാലിന്യമാണ് തെളിയിക്കുന്നത്. കുട്ടികളെ തോട്ടികള്‍ ആക്കുന്നു എന്നും അതുവഴി തോട്ടി സംസ്കാരം പുനരുദ്ധാരണം നടത്തി കൊണ്ടുവരുന്നു എന്നും കണ്ടു. മാലിന്യങ്ങള്‍ പെറുക്കുന്നത് ‘തോട്ടികള്‍’ എന്നവര്‍ മാത്രമാണ് എന്നൊക്കെയുള്ള ഫ്യൂഡല്‍ വിഷധംശ്വനം ഏല്‍ക്കാതെ സ്വയം സൂക്ഷിക്കാന്‍ പറയാനേ പറ്റൂ കേരള ജനതയോട്. സ്വന്തം വീട്ടില്‍ സ്വന്തമായി ഉണ്ടാക്കിയ മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതില്‍ പോലും ജാതി ചിന്തകള്‍ കൊണ്ടുവരുന്നത് അങ്ങേയറ്റം അപകടകരമായ ഒരു ട്രെന്‍ഡ് ആയിരിക്കും, പ്രത്യേകിച്ചും ജാതി ചിന്തകളില്‍ വിശ്വസിച്ച്, അത് പരിശീലിച്ചു വരുന്ന ഒരു സര്‍ക്കാര്‍ രാജ്യം ഭരിക്കുമ്പോള്‍. സ്കൂളിലെ കുട്ടികളോട് ആശയം പ്രചരിപ്പിക്കാനാണ് എംഎല്‍എ ആവശ്യപ്പെട്ടത്, ഉത്തരവാദിത്തങ്ങള്‍ കള്ളക്കടത്ത് ചെയ്ത് മുതിര്‍ന്നവരെ കൂടെ പുതിയ ശീലങ്ങള്‍ പഠിപ്പിക്കാന്‍ ആണ് ആവശ്യപ്പെട്ടത്. അല്ലാതെ ഏതെങ്കിലും ബ്രാഹ്മണ ചേരികളില്‍ പോയി തൂത്ത് വാരാനോ, ധനികര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ പോയി ചവറു പെറുക്കാനോ അല്ല, അതിനെ ഒരു താഴ്ന്ന ജാതി കര്‍മ്മം ആയി വരച്ചു കാണിക്കാന്‍. അവനവന്‍റെ വീടും പരിസരവും പ്ലാസ്റ്റിക് എന്ന വിഷ വസ്തുവില്‍ നിന്ന് മോചിപ്പിക്കാനുള്ള ആശയം വളര്‍ന്നു വരുന്ന കുട്ടികളോട് പരിശീലിക്കാന്‍ പറയുമ്പോള്‍ അതുപോലും തോട്ടി സംസ്കാരം വളര്‍ത്തുന്നതാണ് എന്നൊക്കെ പറയുന്നവരുടെ ഉള്ളിലെ മാലിന്യം എത്രയായിരിക്കും എന്നാലോചിക്കാം.

ഗാര്‍ഹിക മാലിന്യം വേര്‍തിരിച്ചു സംസ്കരിക്കുക എന്നതാണ് പല രാജ്യങ്ങളും നേരിടുന്ന പ്രധാന പ്രശ്നം. ഇതിനായി അവര്‍ തന്നെ ഓരോ തരത്തിലുള്ള മാലിന്യവും വെവ്വേറെ ആക്കി സംസ്കരിക്കാന്‍ പാകത്തില്‍ പുറത്തു കൊടുക്കുക എന്ന പരിപാടി കര്‍ശനമായി പാലിക്കാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. അങ്ങനെ എളുപ്പത്തില്‍ വേര്‍തിരിക്കാവുന്ന ഏറ്റവും അപകടകാരിയായ ഒരു ഗാര്‍ഹിക മാലിന്യമാണ് പ്ലാസ്റ്റിക്. അതിന്‍റെ ഉപയോഗം നിര്‍ത്തലാക്കുക എന്നത് ഒരിക്കലും സംഭവ്യമല്ലാത്ത ഒന്നായിരിക്കെ ചെയ്യാന്‍ കഴിയുന്നത് recycle ചെയ്യാന്‍ പ്രേരിപ്പിക്കുകയും ഉപയോഗം കുറയ്ക്കാന്‍ പഠിപ്പിക്കുകയും ചെയ്യുക എന്നതാണ്. ഇത്രകാലം ജീവിച്ച തലമുറകള്‍ അത് പാലിച്ചില്ല എന്നുള്ളതുകൊണ്ട് തന്നെ വരും തലമുറയെ ഇത് അത്യാവശ്യമായി പഠിപ്പിക്കേണ്ടതില്ലേ? അവരെ ഇത്തരം പദ്ധതികളില്‍ ആകൃഷ്ടരാക്കി സമൂഹം വൃത്തിയായി സൂക്ഷിക്കേണ്ടതില്ലേ?

മായ ലീല

മായ ലീല

പാവപ്പെട്ടവരെ എല്ലാക്കാലത്തും ചൂഷണം ചെയ്യുന്നതും അസമത്വം വളര്‍ത്തുന്നതും സ്ത്രീകളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നതും അവരെ സമൂഹത്തിന്റെ പാര്‍ശ്വധാരയിലേക്ക് തള്ളി മാറ്റുന്നതുമായ വ്യവസ്ഥിതിയോട് ഒരു തരത്തിലുള്ള സന്ധിയും പാടില്ല. അതാണ് എന്റെ രാഷ്ട്രീയവും എന്റെ ഐഡന്റിറ്റിയും. അത്തരം വ്യവസ്ഥിതിയോടുള്ള കലഹങ്ങളും പോരാട്ടങ്ങളുമാണ് Perpendicular to the system. അത് സമൂഹത്തിന്റെ മുഖ്യധാരയോട് ചേര്‍ന്നു നില്‍ക്കുന്നതായിക്കൊള്ളണമെന്നുമില്ല. അധ്യാപികയും ഗവേഷകയുമാണ് മായ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍