UPDATES

സീറോ പ്ലാസ്റ്റിക്: ആലപ്പുഴ മോഡല്‍

ഇനി വരുന്നൊരു തലമുറയ്ക്ക് സിവിക് സെൻസും പാപമോ?

Avatar

(കുട്ടികള്‍ വീടുകളില്‍ നിന്ന്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുവരികയും പകരമായി പുസ്തകങ്ങള്‍ നല്‍കുകയും ചെയ്യുന്ന പദ്ധതി ആലപ്പുഴയില്‍ നടപ്പാക്കി വരികയാണ്. ഇത് സംബന്ധിച്ച് അനുകൂലമായും പ്രതികൂലമായുമുള്ള വാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഈ വിഷയത്തില്‍ അഴിമുഖവും ചര്‍ച്ചയ്ക്കുള്ള വേദിയൊരുക്കുന്നു)

 

ശ്രീചിത്രൻ എം ജെ

പലതലങ്ങളിലുള്ള രാഷ്ടീയസമരങ്ങളുടെ മുന്നണിയിൽ കഴിഞ്ഞ പത്തുവർഷങ്ങൾക്കിടയ്ക്ക് പലപ്പോഴും മുഴങ്ങിക്കേട്ട പാട്ടാണ്  “ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ, മലിനമായ ജലാശയം അതിൽ മലിനമായൊരു ഭൂമിയും” എന്നത്. തനിമലയാളത്തിൽ പലവട്ടം പാടിക്കേട്ട ഈ വരികൾ പങ്കുവെയ്ക്കുന്ന ആശങ്ക കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ലോകത്തെമ്പാടുമുള്ള പ്രധാന ചർച്ചാവിഷയവുമാണ്. സമുദ്രങ്ങളും വൻകരകളും നേരിടുന്ന ഭീഷണിയായി മാലിന്യം അനുനിമിഷം പെരുകുകയാണ്. മാലിന്യത്തിന്റെ സ്വഭാവവും നശീകരണശേഷിയുമാവട്ടെ പലതരത്തിൽ വർദ്ധിയ്ക്കുകയുമാണ്. ഈ അവസരത്തിൽ ഈ രണ്ടുവരിയിലെ ആശയത്തെ നമുക്ക് മൂന്നായി തിരിയ്ക്കാം:

 

1) ജലവും ഭൂമിയും ഒരുപോലെ മലിനമാക്കപ്പെടുന്നു.
2) ഇത്രമേൽ മലിനമാക്കപ്പെടാത്ത വാസയോഗ്യമായ ഭൂമി നമുക്കു ലഭിച്ചു.
3) ഇനി വരുന്ന തലമുറയ്ക്ക് വാസയോഗ്യമായ ഭൂമി കിട്ടുമോ?

 

ഈ മൂന്നാമത്തെ ആശങ്കയുടെ ചോദ്യചിഹ്നത്തിലെത്തിയാൽ സാമാന്യബുദ്ധിയുള്ളവർക്ക് വ്യക്തമാവും, അടുത്ത തലമുറയ്ക്ക് വാസയോഗ്യമായ ഭൂമി എന്ന ആശയത്തിന്റെ സാക്ഷാത്കരണത്തിന് അനിവാര്യമായി വേണ്ടത് ഇനി വരുന്ന തലമുറയുടെ ബോധത്തിലും സംസ്കാരത്തിലും മാലിന്യങ്ങളെപ്പറ്റിയും അവയുടെ നിർമ്മാർജ്ജനത്തെപ്പറ്റിയും അതിന്റെ അനിവാര്യതയെപ്പറ്റിയുമുള്ള അറിവും ക്രിയാത്മകതയും ഉറപ്പുവരുത്തുക എന്നതാണ്. ഇത്രയും അതിലളിതമായ, മാലിന്യപ്രശ്നത്തെപ്പറ്റി സാമാന്യബോധമുള്ള ആർക്കും യോജിയ്ക്കാവുന്ന കാര്യമാണ്.

 

എങ്ങനെയാണ് വരും തലമുറയുടെ സാമൂഹികജ്ഞാനമണ്ഡലത്തിൽ മാലിന്യബോധവും മാലിന്യനിർമ്മാർജ്ജനസംസ്കാരവും ഉൾച്ചേർക്കാനാവുക? ഏറെക്കാലമായി മലയാളിയ്ക്ക് ഏതു കാര്യത്തിലുമുള്ള ബോധവൽക്കരണം എന്നുവെച്ചാൽ മൈക്കു കെട്ടി പ്രസംഗിയ്ക്കുക എന്നതാണ്. ജനാധിപത്യബോധം മുതൽ മതേതരത്വം വരെയും നമ്മളങ്ങനെ പ്രസംഗിച്ചു ബോധവൽക്കരിച്ചുവൽക്കരിച്ചാണ് ഈ പരുവത്തിലായത്. കുട്ടികളെയും ക്ലാസ്റൂമുകൾ മുതൽ പലയിടങ്ങളിലായി പിടിച്ചുനിർത്തിയും ഇരുത്തിയും പ്രസംഗം കേൾപ്പിച്ച് നാം എല്ലാക്കാലത്തും പലതും ബോധവൽക്കരിച്ചു ഹിംസിയ്ക്കാറുണ്ട്. ഇൻക്വിസിറ്റർക്കു മുന്നിൽ പെട്ട ഇരകളായി എന്നും കുട്ടികളതു സഹിയ്ക്കാറുമുണ്ട്. മാലിന്യത്തിന്റെ കാര്യത്തിലും ഈ പരമ്പരാഗതബോധവൽക്കരണം മതിയോ? ഈ ബോധത്തിന്റെ കുറവുകൊണ്ടാണോ തോന്നുന്നിടത്തെല്ലാം തോന്നുന്ന എന്തും വലിച്ചെറിയാനുള്ള ക്രിമിനലിസം ഒരു സ്വാഭാവികപ്രവൃത്തിയായി ഞാനടങ്ങുന്ന യുവതലമുറ ശീലിച്ചുപോയത്? എനിയ്ക്കു തോന്നുന്നില്ല.

 

 

ഈ വഴിയിൽ നിന്നു മാറി, കുട്ടികൾ പങ്കെടുക്കുന്ന ഒരു ‘നിർമാണാത്മകബോധവൽക്കരണ’-മായാണ് ഞാൻ ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ ആലപ്പുഴ നഗരസഭയിൽ നടക്കുന്ന ‘പ്ലാസ്റ്റിക് തരൂ, പുസ്തകം തരാം’ പദ്ധതിയെ കാണുന്നത്. സർഗാത്മകമായ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന തോമസ് ഐസക്കിന്റെ മുൻപദ്ധതികൾ കണ്ടും അറിഞ്ഞും ശീലിച്ചവർക്കറിയാം, അദ്ദേഹത്തിന്റെ എല്ലാ പദ്ധതിയിലും അൽപ്പമൊരു കാൽപ്പനികാംശമുണ്ട്. എന്നാൽ പ്രസ്തുത കാൽപ്പനികതയെ തികഞ്ഞ പ്രായോഗികതയിലൂന്നി ആസൂത്രണം ചെയ്യാൻ അദ്ദേഹം ശ്രമിക്കുന്നുമുണ്ട്. ഈ പദ്ധതിയുടെ വിമർശകർ ഉന്നയിച്ചതുപോലെ പദ്ധതിയിൽ കാൽപ്പനികതയുണ്ട്, പദ്ധതിയെപ്പറ്റി നടന്ന ഓൺലൈൻ ചർച്ചകളിലും അതുണ്ട്. എന്നാൽ റൊമാൻസ് പദ്ധതിയുടെ പ്രസക്തിയെ ഇല്ലാതാക്കുന്നതായി തോന്നുന്നതേയില്ല. തീർച്ചയായും ഇത്തരമൊരു പദ്ധതിയെപ്പറ്റിയുള്ള വിമർശനങ്ങൾക്കും സംവാദങ്ങൾക്കും സാധുതയുണ്ട്, അതു നടക്കേണ്ടതുമാണ്. എന്നാൽ ആദ്യം തന്നെ ഏതോ സിനിമയിൽ എന്തുപറഞ്ഞാലും ‘മുഖ്യമന്ത്രി രാജിവെയ്ക്കണം’ എന്നുപറയുന്ന ഹാസ്യതാരത്തിന്റെ മുദ്രാവാക്യതലത്തിലേക്ക് എത്തി  “ഈ പദ്ധതി പിൻവലിക്കണം, ആ ആശയം ഉണ്ടായിക്കഴിഞ്ഞു” എന്ന നിലയിൽ ചർച്ചകൾ തരംതാഴുന്നത്  മുതിർന്നവരുടെ ബൗദ്ധികമാലിന്യത്തെ മാത്രമേ പ്രതിനിധീകരിയ്ക്കുന്നുള്ളൂ.

 

എതിർവാദങ്ങളായി കണ്ട ചിലതിനെപ്പറ്റിയുള്ള എന്റെ ആലോചനകൾ പങ്കുവെക്കാം:

1) കുട്ടികളെ പാട്ടപെറുക്കികളാക്കുന്നു, ‘കന്നാസും കടലാസു’മാക്കുന്നു, തോട്ടികളാക്കുന്നു.

 

നൂറ്റാണ്ടുകളായി പ്രസരിച്ച ഫ്യൂഡൽ ബൗദ്ധികമാലിന്യത്തിന്റെ പുളിച്ചുതികട്ടലാണിത്. ‘മാലിന്യത്തിന്റെ വാഹകരായി ചിലരുണ്ട്’ എന്ന പൂർവ്വനിശ്ചയത്തോടെ നടത്തുന്ന ഇത്തരം പ്രസ്താവങ്ങൾ പോസ്റ്റ് മോഡേണിസം വരെയെത്തി നിൽക്കുന്ന പ്രഖ്യാപിത ബുദ്ധിജീവിനിരയിൽ നിന്നാണ് എന്നത് കൂടുതൽ രസാവഹമാണ്. ജാതീയതയും ലിംഗപദവിയും മാലിന്യനിർമ്മാർജ്ജനത്തിന്റെ സാംസ്കാരികബോദ്ധ്യത്തിൽ പ്രധാനപങ്കുവഹിയ്ക്കുന്നുണ്ട്. ഗാന്ധിജിയോട് ഇന്നും യോജിയ്ക്കാവുന്ന ഒരു കാഴ്‌ച്ചപ്പാട് അദ്ദേഹത്തിന്റെ മാലിന്യനിർമ്മാർജ്ജനത്തിലെ ജാതിവിരുദ്ധവും പുരുഷാധിപത്യവിരുദ്ധവുമായ നിലയാണ്. സബർമതിയിൽ ചേരാൻ വന്ന ബ്രാഹ്മണനായ മഹാദേവ് ശങ്കറിനോട് ‘ബ്രാഹ്മണനാണെങ്കിൽ ആദ്യം കക്കൂസ് കഴുകൂ’ എന്നും താരാനാഥിനോട്  ‘ബാത്ത് റൂം കഴുകുമ്പോൾ ലേഡീസ് – ജന്റ്സ് ബോർഡ് നോക്കുന്നതിനു മുൻപ് സ്വന്തം മനസ്സ് അടിച്ചു കഴുകണം’ എന്നും പറഞ്ഞ ഗാന്ധിയുടെ ജാതിവിരുദ്ധനിലയിലേക്ക് പോലും ഇന്നും നടന്നെത്താത്തവർക്കേ ഇത്തരം വിമർശനങ്ങൾ: ഉന്നയിക്കാനാവൂ, ആൺ – പെൺ ഭേദമില്ലാതെ മാലിന്യനിർമ്മാർജ്ജനത്തിൽ പങ്കെടുക്കുക വഴി കുട്ടികൾക്കുണ്ടാവുന്ന ബോധസംസ്‌കരണത്തെപ്പറ്റി അവർ ആലോചിയ്ക്കുന്നതു പോലുമില്ല. അടിസ്ഥാനപരമായി നല്ല കന്നാസും കടലാസുമാവേണ്ടവരാണ് അടുത്ത തലമുറയിലെ കുട്ടികൾ. നിഷ്കരുണം, നിർലജ്ജം തലച്ചോറിലെയായാലും നിരത്തിലെയായാലും മാലിന്യം നീക്കം ചെയ്യാനുള്ള മനസ്സുണ്ടാവേണ്ടവർ. ‘ജ്ജ് നല്ല മൻസനാവാൻ നോക്ക്’ എന്ന പഴയ നാടകവാചകമേ ഇതിനു മറുപടിയുള്ളു.

 

2) കൂപ്പൺ എന്ന പ്രലോഭനം വെച്ചുനീട്ടുന്നു.

 

ഒരു കിലോ പ്ലാസ്റ്റിക്ക് കൊണ്ടുപോയിക്കൊടുത്താൽ ഇരുപത് രൂപയുടെ കൂപ്പൺ കൊടുക്കാമെന്നാണ് ആകെ വാഗ്ദാനം. കൂപ്പണെന്നുവെച്ചാൽ മൊബൈൽ റീച്ചാർജ് കൂപ്പണൊന്നുമല്ല, പുസ്തകം വാങ്ങാനുള്ള കൂപ്പൺ. ഇതു കേട്ടാലുടനേ കുട്ടികൾക്ക് പുസ്തകഗ്രഹണി ബാധിയ്ക്കുകയും, ഉടനേ നിരത്തിലേക്ക് ചാക്കുമായി ചാടിയിറങ്ങി തലങ്ങും വിലങ്ങും പ്ലാസ്റ്റിക്ക് പെറുക്കുകയും ചെയ്യും എന്നു തോന്നും വിമർശകരുടെ ഭാഷ കേട്ടാൽ. അതും കടന്ന് ഈ ഇരുപതുരൂപയുടെ കൂപ്പൺ കിട്ടാനായുള്ള പ്ലാസ്റ്റിക്ക് ഭാരം വർദ്ധിപ്പിയ്ക്കാനായി അച്ഛനമ്മമാരെ പ്ലാസ്റ്റിക്ക് വാങ്ങാൻ നിർബന്ധിയ്ക്കും എന്നുവരെ ഭാവന കാണുന്നവരുണ്ട്. എന്തായാലും അവർക്കുള്ളത്രയൊന്നും കാൽപ്പനികത ഈ പദ്ധതി വിഭാവനം ചെയ്തവർക്കുണ്ടെന്നു തോന്നുന്നില്ല. രാവിലെ പത്തുവീട്ടിൽ പത്രമിട്ടാൽ, പത്തുവീട്ടിലെ ബില്ലുകൾ കൊണ്ടുപോയി അടച്ചാൽ (ഇതൊക്കെ ചെയ്യുന്ന കുട്ടികളെ അറിയാം) കേരളത്തിൽ ഇപ്പോൾ എത്രരൂപ കിട്ടും എന്ന് ഈ വിമർശകർക്കു ബോദ്ധ്യമുണ്ടോ എന്തോ. അപ്പോഴാണ് ഇരുപതുരൂപയുടെ കിത്താബുകൂപ്പൺ കിട്ടാനായി കുട്ടികൾ ആക്രാന്തം കാണിക്കാൻ പോകുന്നത്! ഇക്കാര്യം പറഞ്ഞാൽ നേരെ തിരിഞ്ഞ്, അപ്പൊഴീ പദ്ധതി തന്നെ അപ്രസക്തമല്ലേ എന്നു ചോദിയ്ക്കാം. അതാണ് തോമസ് ഐസക്ക് പ്രസംഗത്തിൽ ഭംഗിയായി വിശദീകരിച്ചത്, ചവറുപെറുക്കാൻ നഗരസഭാജീവനക്കാരുണ്ട്, കുട്ടികളെ ഉൾപ്പെടുത്തുന്നതിലെ ലക്ഷ്യം ബോധവൽക്കരണമാണെന്ന്.

 

3) പ്ലാസ്റ്റിക്ക് എന്ന അപായകാരിയായ മാലിന്യത്തിലേക്ക് കുട്ടികളെ തിരിച്ചുവിടുന്നതിൽ അപകടമുണ്ട്.

 

കേട്ട വിമർശനങ്ങളിൽ ഏറ്റവും പ്രസക്തമെന്നു തോന്നിയത് ഇതാണ്. തീർച്ചയായും പ്ലാസ്റ്റിക്ക് അപകടകാരിയായ മാലിന്യമാണ്. ഈ അപായനില തന്നെയാണ് പ്ലാസ്റ്റിക്കിനെ മറ്റേത് മാലിന്യത്തിലും കൂടുതൽ നിർമ്മാർജ്ജനത്തിന്റെ ആവശ്യകതയിലേക്ക് നാം ചേർത്തുനിർത്താൻ കാരണവും. യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ചൈനയിലും ഓസ്ട്രേലിയയിലും നടക്കുന്ന മാലിന്യനിർമ്മാജ്ജനപദ്ധതികളിൽ പ്ലാസ്റ്റിക്ക് പ്രധാനപ്പെട്ട മാലിന്യമായി പരിഗണിക്കുന്നു. ഇവിടങ്ങളിലെല്ലാം കുട്ടികളെ ഉൾച്ചേർത്തുകൊണ്ടുതന്നെയാണ് മാലിന്യസംസ്കരണം നടക്കുന്നതും. എന്നാൽ, വിവിധരാജ്യങ്ങളിൽ നടക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യനിർമ്മാർജ്ജനത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനേപ്പറ്റി എടുക്കുന്ന നിലപാടുകൾ പഠനവിധേയമാക്കേണ്ടതാണ്.  അതനുസരിച്ചുള്ള ഗവേഷണബോദ്ധ്യങ്ങൾക്കനുസരിച്ച് പദ്ധതി നവീകരിക്കുന്നതും നല്ലകാര്യമാണ്. തീരെച്ചെറിയ കുട്ടികളെ ഇത്തരമൊരു പദ്ധതിയിൽ ഉൾപ്പെടുത്തുന്നെങ്കിൽ എനിയ്ക്കതിനോട് യോജിപ്പുമില്ല. എന്നാൽ, ഈ പ്രശ്നം ‘പദ്ധതി നിർത്തണം’ എന്ന മുദ്രാവാക്യത്തിലേക്കൊന്നും കാര്യങ്ങളെ എത്തിയ്ക്കുന്നില്ല. അതിലളിതമായി കേരളത്തിലെ സാഹചര്യങ്ങളിൽ നിന്ന് നമുക്കത് മനസ്സിലാക്കാം.

ഇപ്പോൾ എന്താണ് കേരളീയപൊതുസമൂഹം പ്ലാസ്റ്റിക്കിനെ ചെയ്യുന്നത്? കുട്ടികളും മുതിർന്നവരുമെല്ലാമടങ്ങുന്ന പൊതുസമൂഹം എങ്ങനെയാണ് തൊട്ടാലപകടമുള്ള ഈ ‘അപായകാരി’യെ കൈകാര്യം ചെയ്യുന്നത്? ഈ ചോദ്യമാണ് ഇക്കാര്യത്തിൽ ഏറ്റവും പ്രസക്തം. ഇതു പ്രസക്തമല്ലാത്തതായി തോന്നുന്നത് ‘എന്റെ കുട്ടിയുടെ സുരക്ഷിതത്വം’ എന്നതിനേപ്പറ്റി മാത്രമുള്ള അമിതബോധങ്ങളിലും സങ്കുചിതത്വത്തിലും കുടുങ്ങിക്കിടക്കുന്ന പുതിയ മലയാളി രക്ഷിതാക്കളുടെ മാനസികപ്രശ്നമാണ്. “ഈ നാട് എങ്ങനെ വേണമെങ്കിലും കുപ്പത്തൊട്ടിയാവട്ടെ, ഞാനെന്റെ കുട്ടിയെ അതൊന്നും തൊടാനനുവദിയ്ക്കാതെ കൈക്കൂട്ടിൽ നിർത്തി സംരക്ഷിയ്ക്കും” എന്നാണ് ആധുനിക മലയാളി രക്ഷാകർതൃസമൂഹം കരുതുന്നത്. ഒന്നാന്തരം മൗഢ്യമാണത്. എല്ലാവർക്കും സ്വന്തം കുട്ടികളുടെ സുരക്ഷിതത്വത്തിൽ ആശങ്കയുണ്ടാവും. എന്നാൽ അമിതമായ ആശങ്ക പ്ലാസ്റ്റിക്കിനേക്കാൾ അപകടകാരിയാണ്.

 

കേരളീയർ പ്ലാസ്റ്റിക്കിനെ രണ്ടുകാര്യമേ പൊതുവേ ചെയ്യുന്നുള്ളൂ.
a) ഒന്നും ചെയ്യുന്നില്ല. തോന്നുന്നിടത്തേക്ക് തോന്നും പോലെ വലിച്ചെറിയുന്നു. ലോകം മുഴുവൻ എന്റെ കുപ്പത്തൊട്ടിയാണല്ലോ.
b) തെറ്റായ, അപകടകരമായ രീതിയിൽ നശിപ്പിക്കാൻ ശ്രമിയ്ക്കുന്നു. ഉദാ: കൂട്ടിയിട്ടു കത്തിക്കൽ.  കുട്ടികൾ മാലിന്യം തൊടുന്നതിനെപ്പറ്റി ഗൂഗിൾ സെർച്ച് ചെയ്ത് ആശങ്കപ്പെടുന്നവർ കത്തിയ്ക്കുന്ന പ്ലാസ്റ്റിക്കിന്റെ കാര്യം കൂടി മനസ്സിലാക്കാൻ ഗൂഗിളിൽ സെർച്ച് ചെയ്യുന്നത് നല്ലതാണ്.

 

ഇക്കാര്യത്തിൽ പ്രായോഗികവും യുക്തിബദ്ധവുമായ കാര്യം ഇതാണ് – മാലിന്യത്തിന്റെ സ്വഭാവത്തിലും അവയുടെ അപകടശേഷിയിലും പഴയതിലും ഒരുപാട് മാറ്റമുണ്ട്. അവയെ കുട്ടികൾക്ക് ബോദ്ധ്യപ്പെടുത്തേണ്ടതാണ്. എന്നാൽ ഇവയിൽ നിന്നൊന്നാകെ ഒരു കുട്ടിയേയും ആർക്കും ഒഴിച്ചുനിർത്താനാവില്ല. അവയുടെ നിർമ്മാർജ്ജനത്തിലേക്കല്ല, നിർമ്മാർജ്ജനത്തെപ്പറ്റിയുള്ള ബോധത്തിലേക്കാണ് നമ്മുടെ കുട്ടികളെ കണ്ണിചേർക്കേണ്ടത്.

 

 

4) മാലിന്യമുൽപ്പാദിപ്പിക്കുന്നവരുടെ റെസ്പോൺസിബിലിറ്റിയായ മാലിന്യനിർമ്മാജ്ജനം കുട്ടികളുടെ തലയിലേക്ക് വലിച്ചിടുന്നു.

ഇതിനാണ് ബൈബിൾ മുഴുവൻ വായിച്ചിട്ട് യേശുവിന്റെ അമ്മായിയാണോ മറിയം എന്നു ചോദിയ്ക്കുക എന്നു പറയുന്നത്. കുട്ടികളുടെ തലയിൽ ഒറ്റ റെസ്പോൺസിബിലിറ്റിയെ ഉള്ളൂ, സിവിക് സെൻസ് ഉള്ള പൗരന്മാരായി വളരുക. അതുതന്നെ കുട്ടികളുടെതല്ല, മുതിർന്നവരുടെ റെസ്പോൺസിബിലിറ്റിയാണ് താനും. മാലിന്യമുണ്ടാക്കുന്നവർക്ക് തീർച്ചയായും മാലിന്യനിർമ്മാർജ്ജനത്തിനും ബാദ്ധ്യതയുണ്ട്. കുട്ടികൾ ഇരുപതുരൂപയുടെ കൂപ്പൺ കൈപ്പറ്റിയതുകൊണ്ടൊന്നും ആ റെസ്പോൺസിബിലിറ്റിയിൽ നിന്ന് അവർ ഒഴിവാക്കപ്പെടുകയില്ല. സിവിൽ എൻഗേജ്മെന്റ് വഴി കൈവരുന്ന സിവിൽ സെൻസിലേക്ക് കുട്ടികളെ ഉണർത്തായി ഒരുക്കിയ, സർഗാത്മകമായ ഒരു പദ്ധതിയുടെ നേർക്ക് വെടിവെയ്ക്കാൻ ഉന്നയിക്കേണ്ട വാദമല്ല ഇത്. കുത്തകക്കമ്പനികൾ ഉണ്ടാക്കുന്ന കൂറ്റൻ പ്ലാസ്റ്റിക്ക് മാലിന്യം അവരുടെ റെസ്‌പോൺസിബിലിറ്റിയാണ് എന്നും, അതിന്റെ സംസ്കരണവും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന കെടുതികളുടെ പരിഹാരവും അവരുടെ റെസ്‌പോൺസിബിലിറ്റിയിൽ പെടുന്നു എന്നതും രാഷ്ടീയമായി ഉന്നയിക്കപ്പെടേണ്ട ആശയം തന്നെയാണ്. ലോകത്തിന്റെ പലയിടങ്ങളിലായി അതുന്നയിക്കപ്പെട്ടിട്ടും ഉണ്ട്. അതിനെ കൊണ്ടുവന്ന് കുട്ടികളുടെ സിവിൽ എൻഗേജ്‌മെന്റിലേക്ക് ചേർത്തു കൂട്ടിക്കെട്ടുന്ന പരിപാടി തളപ്പിനു പാകമായുള്ള തെങ്ങന്വേഷിയ്ക്കുന്ന മണ്ടൻപരിപാടിയാണ്. അതുതന്നെയാണല്ലോ എതിർപ്പുണ്ടാക്കുന്നവർ പറഞ്ഞ മുദ്രാവാക്യമായി മുൻപുദ്ധരിച്ച വാചകവും “ ഈ പദ്ധതി നിർത്തലാക്കണം എന്ന ആശയം ഉണ്ടായിക്കഴിഞ്ഞു. ഇനി ബാക്കി പണിയേ ഉള്ളൂ”. 

 

എന്തായാലും ഇടതുവിരുദ്ധതയും ഗൂഡരാഷ്ടീയലാക്കുകളും കൊണ്ട് സമീപകാലകേരളം കണ്ട ഏറ്റവും ഭാവനാത്മകമായൊരു പ്രവർത്തനപദ്ധതിയെ തുരങ്കം വെക്കുന്നവരോട് ആദ്യം പാടിയ പാട്ടിലെ വരികൾ ഒന്നുകൂടി ഉറക്കെച്ചൊല്ലുകയേ വഴിയുള്ളൂ, ഇനി വരുന്നൊരു തലമുറയെപ്പറ്റി അവർക്കാശങ്കകളൊന്നും ഇല്ലെങ്കിലും.

 

(സാംസ്കാരികപ്രവർത്തകനും കലാനിരൂപകനുമാണ്. തിരുവനന്തപുരത്ത് ഐ ടി മേഖലയിൽ ജോലിചെയ്യുന്നു. ഓൺലൈനിലും പ്രിന്റ് മീഡിയയിലും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍