UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്ലേബോയ് മാസിക വില്‍പനയ്ക്ക്

Avatar

അഴിമുഖം പ്രതിനിധി

പ്ലേബോയ് മാസിക വില്‍പനയ്ക്ക്. ഉടമസ്ഥരായ പ്ലേബോയ് എന്റര്‍പ്രൈസസ് മാസിക കൈമാറ്റത്തിനുള്ള സാധ്യതകള്‍ ആരായുകയാണെന്ന് അഭിജ്ഞവൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോടു പറഞ്ഞു.

ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ട വാള്‍ സ്ട്രീറ്റ് ജേണല്‍ അനുസരിച്ച് 500 കോടി മില്യണിലധികമാണ് കമ്പനിയുടെ മൂല്യം.

1953ല്‍ ഹ്യൂ ഹെഫ്‌നര്‍ ആരംഭിച്ച പ്ലേബോയ് 2011ല്‍ പ്രൈവറ്റ് ഇക്വിറ്റി ഫേമായ റിസ്വി ട്രാവേഴ്‌സ് മാനേജ്‌മെന്റിനൊപ്പം കമ്പനി തിരിച്ചുവാങ്ങി. ആ ഇടപാടില്‍ കമ്പനി മൂല്യം 207 മില്യണ്‍ ഡോളറായിരുന്നു.

സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ കൊണ്ടു പ്രശസ്തരായ പ്ലേബോയ് ഫെബ്രുവരിയില്‍ നഗ്നചിത്രപ്രസിദ്ധീകരണം അവസാനിപ്പിച്ചു. ഇന്റര്‍നെറ്റിലെ അശ്ലീലചിത്രങ്ങള്‍ക്കു മുന്നില്‍ മാസികയിലെ ചിത്രങ്ങള്‍ക്കു പ്രസക്തിയില്ലെന്നു പറഞ്ഞായിരുന്നു ഇത്.

1975ല്‍ 5.6 മില്യണ്‍ ആയിരുന്ന ‘മുയല്‍ച്ചെവിയന്‍’ മാസികയുടെ പ്രചാരം അടുത്ത കാലത്ത് എട്ടുലക്ഷമായി കുറഞ്ഞിരുന്നു.

മാസികയുടെ വില്‍പനയില്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍മാരായ മോയലിസ് ആന്‍ഡ് കമ്പനിയാണ് ഉപദേശകര്‍. ജനുവരിയില്‍ കമ്പനി പ്ലേബോയ് മാന്‍ഷന്‍ വില്‍ക്കാനുള്ള പരിപാടി പ്രഖ്യാപിച്ചിരുന്നു. 200 മില്യണ്‍ ഡോളറെന്ന വില്‍പനവില അമേരിക്കയില്‍ ഒരു സ്വകാര്യവസതിക്കു പ്രഖ്യാപിക്കപ്പെട്ടതില്‍ ഏറ്റവും ഉയര്‍ന്നതാണ്.

പ്ലേബോയ് എന്റര്‍പ്രൈസസോ മോയലിസ് ആന്‍ഡ് കമ്പനിയോ വില്‍പനയെപ്പറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല.

പ്ലേബോയ് മാസികയെപ്പറ്റി നിങ്ങള്‍ അറിയാത്ത അഞ്ചുകാര്യങ്ങള്‍:

1. പി ജി വുഡ്ഹൗസും ആര്‍തര്‍ സി ക്ലാര്‍ക്കും പ്ലേബോയ്ക്കുവേണ്ടി എഴുതിയിരുന്നു.

ദീര്‍ഘകാലം പ്ലേബോയ് മാസിക പ്രമുഖ എഴുത്തുകാരുടെ ചെറുകഥകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇവരില്‍ ഇയാന്‍ ഫ്‌ളെമിങ് (ജയിംസ് ബോണ്ട് ഫെയിം), വ്‌ളാഡിമിര്‍ നൊബോക്കോവ് (ലോലിത ഫെയിം), പി ജി വുഡ്ഹൗസ്, ആര്‍തര്‍ സി ക്ലാര്‍ക്ക് എന്നിവരെല്ലാം ഉള്‍പ്പെടുന്നു. നഗ്നചിത്രങ്ങള്‍ക്കൊപ്പം മാസിക പ്രസിദ്ധീകരിച്ചിരുന്ന ഇന്റര്‍വ്യൂകളും ചര്‍ച്ചാവിഷയമായിരുന്നു. മാര്‍ട്ടിന്‍ ലൂതര്‍ കിങ് ജൂനിയര്‍, അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍, ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് എന്നിങ്ങനെ പ്രമുഖരുമായുള്ള കൂടിക്കാഴ്ചകളായിരുന്നു അവ.

2. പ്ലേബോയ് ബ്രെയില്‍ ലിപിയില്‍

നാഷനല്‍ ലൈബ്രറി സര്‍വീസ് ഫോര്‍ ദ് ബ്ലൈന്‍ഡ് ആന്‍ഡ് ഫിസിക്കലി ഹാന്‍ഡിക്യാപ്ഡ് (എന്‍എല്‍എസ്) 1970ല്‍ പ്ലേബോയിയുടെ ബ്രെയില്‍ എഡീഷന്‍ പ്രസിദ്ധീകരിച്ചിരുന്നു. മാസികയിലെ എല്ലാ വാക്കുകളും ഉള്‍പ്പെട്ടിരുന്നുവെങ്കിലും ഇതില്‍ ചിത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. 1985ല്‍ ബ്രെയില്‍ പതിപ്പിനുള്ള സാമ്പത്തികസഹായം അമേരിക്കന്‍ കോണ്‍ഗ്രസ് തടഞ്ഞെങ്കിലും പിന്നീട് കോടതി ഇടപെട്ട് ഇതു പുനസ്ഥാപിച്ചു.

3. നഗ്നതാചിത്രങ്ങളുടെ പ്രസിദ്ധീകരണം നിര്‍ത്തുന്നതിനോട് ഹെയ്ഫ്‌നര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. എന്നാല്‍ കാര്‍ട്ടൂണ്‍ നിര്‍ത്തുന്നതിനോട് യോജിച്ചില്ല.

ഇന്റര്‍നെറ്റിലെ സൗജന്യ അശ്ലീലചിത്രങ്ങളുടെ കാലത്ത് പ്രസക്തിയില്ലെന്നു ചൂണ്ടിക്കാട്ടി 2016 മാര്‍ച്ച് മുതല്‍ നഗ്നചിത്രപ്രസിദ്ധീകരണം അവസാനിപ്പിക്കാന്‍ പ്ലേബോയ് തീരുമാനിച്ചു. പ്രഖ്യാപനം വന്നത് 2015ലാണ്. ജനപ്രിയ തമാശകളുടെയും കാര്‍ട്ടൂണുകളുടെയും പ്രസിദ്ധീകരണം അവസാനിപ്പിക്കാനും തീരുമാനമായി. മുന്‍ കാര്‍ട്ടൂണിസ്റ്റ് കൂടിയായ ഹെയ്ഫ്‌നര്‍ കാര്‍ട്ടൂണ്‍ അവസാനിപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ചെങ്കിലും അവസാനം തീരുമാനത്തോടു യോജിക്കുകയായിരുന്നു.

4. പ്ലേമേറ്റും ഹെയ്ഫ്‌നറും

1955 മുതല്‍ 1979 വരെ (1976ലെ ആറുമാസം ഒഴികെ) പ്ലേബോയിലെ ‘പി’ എന്ന അക്ഷരത്തിനു ചുറ്റും സ്റ്റാറുകളുണ്ടായിരുന്നു. ഹ്യൂ ഹെഫ്‌നറും ആ മാസത്തെ പ്ലേമേറ്റും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നതാണ് ഈ നക്ഷത്രങ്ങള്‍ എന്ന് കഥകളുണ്ടായി. പ്ലേമേറ്റ് എത്ര ആകര്‍ഷകയാണ് എന്നതിനനുസരിച്ച് ഹെയ്ഫ്‌നറാണ് എത്ര നക്ഷത്രങ്ങള്‍ നല്‍കണമെന്നു തീരുമാനിക്കുന്നതെന്നായിരുന്നു കഥ. ഹെയ്ഫ്‌നര്‍ എത്ര തവണ പ്ലേമേറ്റിനൊപ്പം രാത്രി ചെലവിട്ടു എന്നതാണ് നക്ഷത്രം സൂചിപ്പിക്കുന്നത് എന്നും അപവാദമുണ്ടായി. യഥാര്‍ത്ഥത്തില്‍ പൂജ്യം മുതല്‍ 12 വരെയുള്ള ഈ സ്റ്റാറുകള്‍ പ്രസിദ്ധീകരണത്തിന്റെ രാജ്യാന്തര/ആഭ്യന്തര പരസ്യപ്രദേശത്തെയാണ് സൂചിപ്പിച്ചിരുന്നത്.

5. പ്ലേബോയ് ആദ്യലക്കത്തിനു തീയതി ഉണ്ടായിരുന്നില്ല.

മാസികയുടെ വിധി എന്താകുമെന്ന് അറിയാത്തതിനാല്‍ 1953 ഡിസംബറില്‍ പുറത്തിറങ്ങിയ ആദ്യലക്കം തീയതിയില്ലാതെ പ്രസിദ്ധീകരിക്കാനാണ് ഹ്യൂ ഹെഫ്‌നര്‍ തീരുമാനിച്ചത്. രണ്ടാമതൊരു ലക്കം ഉണ്ടാകുമെന്ന കാര്യത്തില്‍ ഹെഫ്‌നര്‍ക്ക് ഉറപ്പുണ്ടായിരുന്നില്ല. മെര്‍ലിന്‍ മണ്‍റോയുടെ മുഖചിത്രവും സെന്റര്‍ഫോള്‍ഡില്‍ അവരുടെ നഗ്നചിത്രവുമായി പ്രസിദ്ധീകരിച്ച മാസിക വന്‍ വിജയമായിരുന്നു. യഥാര്‍ത്ഥത്തില്‍ മണ്‍റോയുടെ നഗ്നചിത്രം പ്ലേബോയ് എടുത്തതായിരുന്നില്ല. ഒരു കലണ്ടറിനുവേണ്ടി എടുത്ത, പ്രസിദ്ധീകരിക്കപ്പെടാത്ത ചിത്രമായിരുന്നു അത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍