UPDATES

കായികം

കളി മികവിനല്ല, ജോ സാന്‍ഗ ഇത്തവണ കൈയടി നേടിയത് മറ്റൊന്നിനായിരുന്നു

Avatar

അഴിമുഖം പ്രതിനിധി

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ എതിരാളിയെ കീഴടക്കുന്നതിനു മുമ്പ് തന്നെ ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോന്‍ഗയ്ക്കു വേണ്ടി മാര്‍ഗരറ്റ് കോര്‍ട്ട് ആരിനയിലെ കാണികള്‍ ഒന്നടങ്കം കൈയടിച്ചിരുന്നു. സോന്‍ഗയുടെ എയ്‌സുകളോ ചടുലതയോ ആയിരുന്നില്ല, പകരം ഫ്രഞ്ച്താരത്തിന്റെ മനുഷ്യത്വപൂര്‍ണമായൊരു ഇടപെടലിനുള്ള നന്ദി പറച്ചിലായിരുന്നു അത്. 

ജനുവരി 20 ന് സോന്‍ഗയും ഓസ്ട്രേലിയയുടെ ഒമര്‍ ജസീക്കയും തമ്മിലുള്ള മത്സരം പുരോഗമിക്കുകയായിരുന്നു. കോര്‍ട്ടില്‍ നിന്നും ബോള്‍ കൈയിലെടുത്ത് ബോള്‍ ഗേളിനെ ഏല്‍പ്പിക്കാന്‍ ചെല്ലുമ്പോഴാണ് ആ പെണ്‍കുട്ടി എന്തോ അസ്വസ്ഥതയോടെ തന്റെ മൂക്ക് തിരുമ്മുന്നത് സോന്‍ഗ ശ്രദ്ധിക്കുന്നത്. അവളുടെ മൂക്കിന് ക്ഷതമേറ്റിട്ടുണ്ടെന്നു മനസിലാക്കിയ ഫ്രഞ്ച് താരം ഉടന്‍ തന്നെ മാച്ച് അമ്പയറെ വിളിച്ചു. ഓഫീഷ്യല്‍സിനോട് വിവരം ധരിപ്പിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് ആ പെണ്‍കുട്ടിയെ കൈപിടിച്ച് കോര്‍ട്ടിനു വെളിയില്‍ വരെ കൊണ്ടുവന്നു ബന്ധപ്പട്ടവരെ ഏല്‍പ്പിച്ചശേഷമാണ് സോന്‍ഗ തിരികെ കളത്തിലേക്ക് എത്തിയത്.

സോന്‍ഗയുടെ ഈ പ്രവര്‍ത്തി മത്സരം കാണാനെത്തിയ എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങിയ ഒന്നായി മാറി. ഈ ദൃശ്യങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും സോന്‍ഗയെ പ്രകീര്‍ത്തിച്ച് സന്ദേശങ്ങള്‍ എത്തുകയാണ്.

എന്നാല്‍ താന്‍ ചെയ്തത് അത്രവലിയ കാര്യമാക്കേണ്ട ഒന്നല്ലെന്നും തികച്ചും സാധാരമായ ഒരു സംഗതി മാത്രമാണെന്നുമാണ് സോന്‍ഗ മത്സരശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ആ പെണ്‍കുട്ടി വളരെ അസ്വസ്ഥയായിരുന്നു, അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അവളെ സഹായിക്കേണ്ടതും അവള്‍ക്ക് ആവശ്യമായ ചികിത്സ കിട്ടേണ്ടതുമുണ്ടായിരുന്നു. കളിക്കിടയില്‍ ഞാന്‍ വീണ്ടും അവളെക്കുറിച്ച് അമ്പയറോട് തിരിക്കിയിരുന്നു. സുഖമായിരിക്കുന്നു എന്നാണാണ് അവര്‍ മറുപടി പറഞ്ഞത്, അവള്‍ വീണ്ടും കോര്‍ട്ടിലേക്ക് വേഗം തിരിച്ചെത്തട്ടേ…സോന്‍ഗ പറഞ്ഞു.

പക്ഷേ എങ്ങനെയാണ് ആ പെണ്‍കുട്ടിയുടെ മൂക്കിന് പരിക്കേറ്റതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ഒരുപക്ഷേ ടെന്നീസ് ബോള്‍ മുഖത്തടിച്ചു കൊണ്ടതാവാമെന്നാണ് ഒരനുമാനം.

ആ മത്സരത്തില്‍ സോന്‍ഗ തന്റെ എതിരാളി ഒമര്‍ ജസിക്കയെ 7-5, 6-1,6-4 എന്ന സ്‌കോറിന് തോല്‍പ്പിച്ചിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍