UPDATES

ന്യൂസ് അപ്ഡേറ്റ്സ്

H2SO4 ഒരു രാസസംയുക്തം മാത്രമല്ല; ആസിഡ് ആക്രമണ ഇരകളുടെ ജീവിതത്തിലൂടെ

Avatar

ജെ. ബിന്ദുരാജ്

ഡൽഹിയിലൂടെയുള്ള യാത്രയിൽ തീവണ്ടിയിൽ വച്ചാണ് തന്റെ സമീപത്തിരിക്കുന്ന സ്ത്രീയെ അയാൾ ശ്രദ്ധിച്ചത്. മുഖം പൂർണമായി മറച്ചുകൊണ്ട് ഇരിക്കുന്ന ആ സ്ത്രീ മറ്റുള്ളവരെ തെല്ലും ശ്രദ്ധിക്കുന്നില്ലെന്ന് പുറത്തേക്ക് നോക്കിക്കൊണ്ടുള്ള അവരുടെ ഇരിപ്പുകണ്ടാൽ അറിയാം. ട്രെയിൻ അതിവേഗം പോകുന്നതിനിടെയാണ് പെട്ടെന്ന് കാറ്റ് അവളുടെ സാരിത്തലകൊണ്ടുള്ള മുഖപടം പറത്തിക്കളഞ്ഞത്. ഒരു കണ്ണ് ഉരുകിയൊലിച്ച നിലയിലും മുഖം പൊള്ളി വികൃതമായ രീതിയിലുമായി,  മനുഷ്യരൂപം തന്നെ നഷ്ടപ്പെട്ട നിലയിൽ ഒരുവൾ. മുന്നിലുള്ള സ്ത്രീയെ ഒരു മാത്ര നോക്കുവാൻ മാത്രമേ അയാൾക്കായുള്ളു.

ഭീതിദമായ ഒരു ആസിഡ് ആക്രമണത്തിന്റെ ഇരയെ അയാൾ ആദ്യമായി നേരിൽക്കണ്ട നിമിഷമായിരുന്നു അത്. കലാകാരനായ അയാളുടെ മനസ്സിനെ അത് പലതായി നുറുക്കി. ഓരോ വർണ്ണത്തിലും അയാൾ ആ ദൈന്യത്തിന്റെ വിഹ്വലതകൾ അയാൾ അറിയാൻ തുടങ്ങി. അസ്വസ്ഥതയുടെ വലിയൊരു മേഘപടലം അയാളുടെ മനസ്സിനെ ചൂഴ്ന്നു നിന്നു.

ഒരു നിമിഷത്തോളം മാത്രം നീണ്ടു നിന്ന ആ കാഴ്ച ഒരു ചിത്രകാരനെ എത്രത്തോളം ഉലച്ചുവെന്നതിന്റെ തെളിവാണ് ഇപ്പോൾ തൃശൂർ ലളിതകലാ അക്കാദമിയിൽ നടക്കുന്ന  H2SO4 എന്ന ചിത്രപ്രദർശനം. ആസിഡ് ആക്രമണങ്ങളിൽപ്പെട്ട ജീവിതം നരകതുല്യമായവരുടെ ദുരന്തജീവിതത്തെ കാഴ്ചക്കാരുടെ മനസ്സുകളിലേക്ക് കത്തിമുന കൊണ്ടെന്നപോലെ തീവ്രമായി ആഴത്തിൽ പി ജി ദിനേഷ് കോറിയിട്ടിരിക്കുന്നു.

ലോകത്തെല്ലായിടത്തും തന്നെ ആസിഡ് ആക്രമണങ്ങൾ ഇന്ന് വ്യാപകമായി തന്നെയുണ്ട്. പ്രണയപരാജയത്തിൽ കാമുകിയെ മറ്റാർക്കും സ്‌നേഹിക്കാനാകാത്ത വിധം വികൃതമാക്കണമെന്ന ചിന്തയുള്ളവരും ജീവിതത്തിൽ ഒരു കാലത്തും തിരിച്ചുവരാനാകാത്ത വിധം എതിരാളി നശിക്കണമെന്ന് ആഗ്രഹിക്കുന്നവരുമൊക്കെ എടുത്തുപയോഗിക്കുന്ന കടുത്ത നശീകരണശേഷിയുള്ള ആയുധം. മുഖം കണ്ണാടിയിലൊന്ന് നോക്കാൻ പോലുമാകാത്തവിധം ഭയപ്പെടുത്തുന്നതാക്കി മാറ്റുന്നതിനൊപ്പം അതിനിരയാക്കപ്പെട്ടയാൾ ജീവിതകാലത്തോളം അതിന്റെ വേദനയിൽ നീറിക്കൊണ്ടിരിക്കുമെന്നു കൂടി ചിന്തിക്കുമ്പോൾ മാത്രമാണ് ഇത്തരമൊരു ആക്രമണം അരങ്ങേറുകയുള്ളു. 

ആസിഡിന്റെ വിപണനത്തിന് 2013ൽ സുപ്രീം കോടതി കടുത്ത നിബന്ധനകൾ കൊണ്ടുവന്നതാണെങ്കിലും അവയൊന്നും തന്നെ പാലിക്കപ്പെടുന്നില്ലെന്നതാണ് വാസ്തവം. വെള്ളത്തിൽ ലയിപ്പിച്ച് ഫ്‌ളോർ ക്ലീനറായി ഉപയോഗിക്കാൻ പോലും കോൺസൻട്രേറ്റഡ് ആസിഡ് നിസ്സാര വിലയ്ക്ക് വിറ്റഴിക്കുന്ന നാടാണ് ഇന്ത്യ. വാഹനങ്ങളുടെ ലെഡ്  ബാറ്ററികളിലും ഉപയോഗിക്കുന്ന വസ്തുവാണ് സൾഫ്യൂറിക് ആസിഡ് എന്നതിനാൽ എളുപ്പം ലഭ്യമാകുകയും ചെയ്യും.

ഇരയാക്കപ്പെടുന്നവരോടുള്ള കനത്ത അമർഷത്തിനു പുറമേ, എളുപ്പം ആക്രമിക്കാനാകുകയും പിന്നീടൊരിക്കലും പൂർവസ്ഥിതിയിലേക്ക് എത്തിക്കാനാകുകയില്ലെന്ന ക്രൂരമായ മനഃസ്ഥിതിയും ജീവിതദുരന്തത്തിലേക്ക് എതിരാളി വീഴണമെന്ന മോഹവുമൊക്കെ തന്നെയും നിഷ്ഠൂരമായ ഇത്തരം ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. മിക്കവാറും വാഹനങ്ങളിലെത്തി ഇരയുടെ മുഖത്തേക്കും ശരീരത്തിലേക്കും ആസിഡ് ഒഴിച്ച് കടന്നുകളയുകയാണ് ഒരു രീതി. ഒരു നിമിഷം കൊണ്ട് ഒരാളുടെ ജീവിതം അപ്പാടെ കീഴ്‌മേൽ മറിയുന്ന കാഴ്ച. 

ഉരുകിപ്പോയ മുഖത്തിനു പിന്നിലുറഞ്ഞിരിക്കുന്ന ഉറപ്പുള്ള കണ്ണുകളേയും അവയിൽ നിഴലിക്കുന്ന നിസ്സഹായതകളേയും തേടിയുള്ള യാത്രയാണ് ഗ്രാഫൈറ്റിലും കരിക്കട്ടയിലുമായി വെളുത്ത പേപ്പറുകളിൽ ദിനേഷ് നടത്തുന്നത്. മനുഷ്യത്വം മരവിച്ചുപോയ നിമിഷങ്ങളിൽ സംഭവിച്ചുപോകുന്ന ഈ ദുരന്തങ്ങളിൽപ്പെട്ട ഇരകൾക്കൊപ്പം ആദ്യമായി ആക്ഷേപഹാസ്യ ചിത്രീകരണങ്ങളിൽ നിന്നും വേറിട്ട് ദിനേഷ് എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട് H2SO4 ന്. ‘ജീവനേയും എല്ലാവിധ ജീവികളേയുമൊക്കെ ഭൂമിയിൽ നിലനിർത്തിപ്പോരുന്ന എച്ച് 2 ഒ എന്ന ജീവജലത്തിനൊപ്പം മറ്റൊരു രാസപദാർത്ഥം കലരുമ്പോൾ അത് നശീകരണത്തിന്റെയും നാശത്തിന്റേയും ദുരന്തത്തിന്റേയും ഭീതിദമായ മറ്റൊരു മുഖം വെളിവാക്കുന്നുവെന്നത് നിർദ്ദയമായ ഒരു യാഥാർത്ഥ്യമാണ്. ആ അവസ്ഥ ഇനിയും ഒരാൾക്കും ഉണ്ടാകാതിരിക്കാൻ, ഇനിയും ഒരു ജീവിതം പോലും നരകതുല്യമാകാതിരിക്കാനുള്ള ഒരു എളിയ ശ്രമം മാത്രമാണ് എന്റേത്,’ ദിനേഷ് പറയുന്നു.

ലോകത്തെമ്പാടും ആസിഡ് ആക്രമണങ്ങൾ ഉണ്ടെങ്കിലും തെക്കൻ ഏഷ്യൻ രാജ്യങ്ങളായ ഇന്ത്യയിലും ബംഗ്ലാദേശിലും പാകിസ്ഥാനിലും ആഫ്രിക്കൻ രാജ്യമായ കംബോഡിയയിലുമാണ് ഈ ആക്രമണങ്ങൾ ഏറ്റവുമധികം നടക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കർക്കശമായ നിയമങ്ങൾ നടപ്പിലാക്കിയ രാജ്യങ്ങളിൽ അവ കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ആസിഡ് ആക്രമണങ്ങൾ കൂടി വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആസിഡ് സർവൈവേഴ്‌സ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം 2010ൽ 80 പേരും 2011ലും 2012ലും 106 പേരും  2013ൽ 122 പേരും  2014 നവംബര്‍ വരെ മാത്രം 130 പേരും ആക്രമണത്തിന് വിധേയമായിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിൽ 326 എ വകുപ്പു കൂടി ചേർത്ത് ആസിഡ് ആക്രമണം നടത്തുന്നവർക്ക് കുറഞ്ഞത് 10 വർഷം തടവോ പരമാവധി ജീവപര്യന്തം തടവോ ശിക്ഷ ലഭിക്കുമെന്ന് 2013 ഫെബ്രുവരിയിൽ നിയമം ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ ആക്രമണങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു.

കാണുന്നവരേയും കേൾക്കുന്നവരേയും പൊള്ളിക്കുന്ന കഥകളും കവിതകളും ആത്മകഥകളുമൊക്കെയുണ്ട് നമ്മുടെ നാട്ടിൽ. മനസ്സുപൊള്ളിക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തിലേക്കാണ് പി ജി ദിനേഷിന്റെ ചിത്രപ്രദർശനം നീളുന്നത്. മനുഷ്യത്വത്തിന്റെ മരവിപ്പാണ് ആ ഉള്ളുലയ്ക്കുന്ന ആ ചിത്രങ്ങൾ. ഇനിയും ഈ ക്രൂരത ആവർത്തിക്കപ്പെടരുതെന്നാണ് ദിനേഷ് ചിത്രങ്ങളിലൂടെ വിളിച്ചുപറയുന്നതെന്ന് വ്യക്തം.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍