UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്ലസ്ടു: ആദ്യം കൊള്ള രാഷ്ട്രീയക്കാരുടെ വക; ഇപ്പോൾ ഉദ്യോഗസ്ഥരുടേയും

Avatar

പി കെ ശ്യാം

മാസംതോറും ശമ്പളം കൊടുക്കാൻ ബിവറേജസ് കോർപറേഷനിലെ മദ്യവിൽപ്പനയിൽ കണ്ണും നട്ടിരിക്കുന്ന സർക്കാരിന് കടുത്ത ബാധ്യതയുണ്ടാക്കി വിദ്യാഭ്യാസവകുപ്പിന്റെ തീക്കളി. പുതുതായി അനുവദിച്ച ഹയർസെക്കൻഡറി സ്‌കൂളുകളിൽ വാരിക്കോരി അധിക ബാച്ചുകൾ നൽകിയതിലൂടെ മാത്രം 500 കോടിയിലേറെ രൂപയുടെ ബാദ്ധ്യതയാണ് സർക്കാരിനുണ്ടാവുക. 1700ൽ അധികം തസ്‌തികകൾ സൃഷ്ടിക്കേണ്ടിവരും. സ്‌കൂൾ മുതലാളിമാർ പണമൊഴുക്കിയപ്പോൾ ആവശ്യപ്പെട്ട ബാച്ചുകളും കോമ്പിനേഷനുകളും തന്നെ കിട്ടി. ആറ്റുകാൽ പൊങ്കാലയ്ക്ക് അടിസ്ഥാനസൗകര്യങ്ങളൊരുക്കാൻ ബിവറേജസ് കോർപറേഷനിൽ നിന്ന് 300 കോടി കടമെടുക്കേണ്ടിവന്ന സർക്കാരിലെ വിദ്യാഭ്യാസ മന്ത്രിയും വകുപ്പും തന്നിഷ്‌ടം പോലെ ധൂർത്ത് തുടരുകയാണ്. 

ഹയർസെക്കൻഡറി സ്‌കൂളുകളിൽ നിലവിലുള്ള വിഷയ കോമ്പിനേഷനുകൾ ചെറിയ മാറ്റത്തോടെ അനുവദിച്ചാൽ സർക്കാരിന് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാവില്ല. കുട്ടികൾക്ക് പഠിക്കുകയുമാവാം. ഉദാഹരണത്തിന് ബയോളജിയടക്കമുള്ള സയൻസ് ബാച്ചുള്ളിടത്ത് കമ്പ്യൂട്ടർസയൻസ് ബാച്ച് അധികമായി നൽകിയാൽ ഒരു അദ്ധ്യാപക തസ്തിക മാത്രം സൃഷ്ടിച്ചാൽ മതി. എന്നാൽ പന്ത് തങ്ങളുടെ കോർട്ടിലെത്തിയതോടെ ഹയർസെക്കൻഡറി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ തനിനിറം കാട്ടുകയായിരുന്നു. അനുവദിച്ചതിൽ 97 ശതമാനം സ്‌കൂളുകളിലും നിലവിലുള്ളതിൽ നിന്ന് ഭിന്നമായ ബാച്ച്. ഫലമോ സ്‌കൂൾ ഉടമകൾക്ക് കോടികളുടെ കച്ചവടത്തിന് കളമൊരുങ്ങി.

ഒത്തുകളി ഇങ്ങനെ
ഒരുബാച്ചിൽ ഏഴ് നിയമനങ്ങളെങ്കിലും തരപ്പെടുത്താൻ എയ്ഡഡ് മാനേജ്മെന്റുകളുടെ സമ്മർദ്ദത്തിന് സർക്കാരും ഉദ്യോഗസ്ഥരും പൂർണമായി വഴങ്ങി. 45 വിഷയ കോമ്പിനേഷനുകളാണ് ഹയർസെക്കൻഡറിയിലുള്ളത്. കുട്ടികൾ ഏറ്റവുമധികം ആവശ്യപ്പെടുന്നത് സയൻസ് ബാച്ചാണെങ്കിലും മാനേജ്മെന്റുകൾ ആവശ്യപ്പെട്ടത് കോമേഴ്സാണ്. കമ്പ്യൂട്ടർ ആപ്ളിക്കേഷൻ, പൊളിറ്റിക്കൽ സയൻസ്, ബിസിനസ് സ്റ്റഡീസ് തുടങ്ങിയ വിവിധ വിഷയ കോമ്പിനേഷനുകളുള്ള ബാച്ചുകൾ ലഭിച്ചാൽ ഏഴ് അദ്ധ്യാപക തസ്‌തിക ലഭിക്കും. ഹ്യുമാനിറ്റീസിനും ഇതാണ് സ്ഥിതി. എന്നാൽ നിലവിലുള്ള ബാച്ചിന്റെ അതേ വിഷയകോമ്പിനേഷൻ കിട്ടിയാൽ ഇംഗ്ലീഷിന് ഒരു തസ്‌തികമാത്രമേ സൃഷ്ടിക്കാനാവൂ. സയൻസിലും ഹ്യൂമാനിറ്റീസിലും വിഷയ കോമ്പിനേഷൻ മാറ്റിക്കിട്ടിയാലും മൂന്ന് ജൂനിയർ അദ്ധ്യാപകരെ പുതുതായി നിയമിക്കാനാവും. മലയാളം രണ്ടാംഭാഷാവിഷയമായുള്ളിടത്ത് തന്നെ ഹിന്ദിയും അധികമായി നൽകി. മലയാളവും ഹിന്ദിയുമുള്ള സ്‌കൂളുകളിൽ അറബി, ഉറുദു, കന്നഡ തുടങ്ങിയവ നൽകി. രണ്ട് സെക്കൻഡ് ലാംഗ്വേജുള്ളിടത്ത് മൂന്നാമതൊന്ന് നൽകരുതെന്ന് സർക്കാരിന്റെ കർശനനിർദ്ദേശമുള്ളപ്പോഴാണ് ഡയറക്ടറേറ്റിന്റെ തോന്ന്യാസം.

എയ്ഡഡ് സ്കൂളുകളിൽ ഗസ്റ്റ്അദ്ധ്യാപകരെ നിയമിക്കുന്നതിന് 35 ലക്ഷത്തിന് മുകളിലേക്കാണ് ഈടാക്കുന്നത്. പുതിയ കോമ്പിനേഷൻ കിട്ടിയവർക്ക് ഈ നിയമനങ്ങളിലൂടെ രണ്ടരക്കോടിയോളം രൂപ മാനേജ്മെന്റുകളുടെ കീശയിൽവീഴും. ഇങ്ങനെ നിയമിക്കുന്നവർക്ക് ദിവസ വേതനം 750 രൂപയെന്ന കണക്കിൽ ശമ്പളത്തിന് സർക്കാർ കോടികൾ ചെലവിടേണ്ടിവരും. എന്നാൽ സ്‌കൂളുകളിൽ നിലവിലുള്ള ബാച്ചുകളും കോമ്പിനേഷനുകളും അനുവദിച്ചിരുന്നെങ്കിൽ അനാവശ്യ നിയമനങ്ങൾ ഒഴിവാക്കാനും സർക്കാരിന്റെ സാമ്പത്തികബാദ്ധ്യത കുറയ്‌ക്കാനുമാവുമായിരുന്നു. 2011ൽ അനുവദിച്ച അധികബാച്ചുകളിൽ 324 തസ്‌തികകൾ ഇതുവരെ സൃഷ്‌ടിച്ചിട്ടില്ലെന്നിരിക്കേയാണ് ഇപ്പോഴത്തെ ഒത്തുകളി.

തുഗ്ലക്ക് പരിഷ്‌കാരം വീണ്ടും
വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന് മുന്നിൽ സുൽത്താൻ ഭരണകാലത്തെ അൽപബുദ്ധിക്കാരനായ മുഹമ്മദ്ബിൻ തുഗ്ലക് പോലും തോ​റ്റുപോകുമെന്ന് പറഞ്ഞത് പ്രതിപക്ഷമോ മാദ്ധ്യമങ്ങളോ ആയിരുന്നില്ല. കോൺഗ്രസ് അധ്യാപക സംഘനയായ ജിഎസ്ടിയുവായിരുന്നു. പ്ലസ് ടു അദ്ധ്യാപക തസ്തികകയ്ക്ക് 40 ലക്ഷം രൂപയാണ് കോഴയെന്ന് ജിഎസ്ടിയുവിന്റെ മുഖമാസികയായ അധ്യാപക ശബ്‌ദം ലേഖനമെഴുതി. വേണ്ടത് വേണ്ട സമയത്ത് ചെയ്യാൻ കഴിവില്ലാത്തവർ വന്നതുമൂലം കേരളം ആർജിച്ച നേട്ടങ്ങൾ മുഴുവൻ വിദ്യാഭ്യാസ രംഗത്തുനിന്ന് അപ്രത്യക്ഷമാകുകയാണെന്നു പറഞ്ഞ ജി.എസ്.ടി.യു ‘ഒന്നുകിൽ മര്യാദയ്ക്ക് നടത്തിക്കു, അല്ലെങ്കിൽ അടച്ചു പൂട്ടിക്കുക’എന്നാണ് പ്ലസ് ടു ഡയറക്ടറേ​റ്റിനെ വിമർശിച്ചത്. മന്ത്രിയുടെ നാട്ടിലെ വ്യക്തിഗത മാനേജ്‌മെന്റ് സ്‌കൂളിൽ ഇഷ്ടംപോലെ ബാച്ചുകൾ ഒപ്പിക്കുകയാണ് സൂത്രത്തിൽ എന്ന് വിമർശിച്ചശേഷം അഴിമതി അടിവരയിടുന്നുണ്ട്. ‘എടപ്പാളിലായാലും എടരിക്കോട്ടായാലും എടക്കരയിലായാലും ഒരു പ്ലസ് ടു അധ്യാപിക തസ്തികയ്ക്ക് വിപണി വില 40 ലക്ഷമാണ്’ എന്ന് ലേഖനം വിശദീകരിക്കുന്നു. ഈ വിമര്‍ശനങ്ങളുടെ പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ വിശ്വസ്‌തനും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ചുമതലക്കാരനുമായ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മുഹമ്മദ് അൻസാരി, പബ്ലിക് റിലേഷൻസിന്റെ ചുമതലയുള്ള അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി സജീദ്ഖാൻ പനവേലി എന്നിവര്‍ രാജിവച്ചത്.

വിമർശിക്കാനുണ്ട്, കാരണങ്ങൾ…
എസ്.എസ്.എൽ.സിയെഴുതുന്ന കുട്ടികളുടെ എണ്ണംപോലും പരിഗണിക്കാതെ വാരിക്കോരി പ്ലസ്ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചതുമൂലം ഇക്കൊല്ലം 31,652 പ്ലസ് വൺ സീറ്റുകളിൽ പഠിക്കാൻ കുട്ടികളില്ലാതായി. അഞ്ച് സ്‌കൂളുകളിൽ പ്രവേശനം നടത്തിയതേയില്ല. പുതുതായി നൽകിയ 415 ബാച്ചുകളിൽ നൂറിലേറെയിടത്ത് 40 കുട്ടികളിൽ താഴെ മാത്രമേയുള്ളൂ ഇരുപതോളം ബാച്ചുകൾ 25 കുട്ടികളെങ്കിലുമില്ലാതെ അനാദായകരമായി മാറി. അൺഎയ്ഡഡ് സ്‌കൂളുകളിൽ ആകെയുള്ളതിന്റെ പകുതി സീറ്റും ഒഴിഞ്ഞുകിടക്കുകയാണ്. ഒരു രൂപ പോലും ഫീസ് നൽകേണ്ടാത്ത 2102 സർക്കാർ മെറിറ്റ് സീറ്റുകളും 1308 എയ്ഡഡ് സീറ്റുകളിലും കുട്ടികളെകിട്ടിയില്ല. വൊക്കേഷണൽ ഹയർസെക്കൻഡറിയിലും (വി.എച്ച്.എസ്.ഇ) 3171 സീറ്റുകൾ കാലിയായിക്കിടന്നു. 

നൂറിലേറെ ബാച്ചുകൾ പുതുതായി അനുവദിച്ച മലപ്പുറത്താണ് കുട്ടികളില്ലാത്ത സീറ്റുകളേറെയും. ഏഴായിരത്തോളം സീറ്റുകൾ കാലിയാണ്. പത്തനംതിട്ടയിൽ 788 എയ്ഡഡ് സീറ്റുകൾ കാലിയായി. തിരുവനന്തപുരത്ത് 469 സർക്കാർ സീറ്റുകളിൽ പഠിക്കാൻ കുട്ടികളില്ല. കാലിയായിക്കിടക്കുന്ന അൺഎയ്ഡഡ്സീറ്റുകളുടെ കണക്കുകൾ ഇങ്ങനെ: തിരുവനന്തപുരം-2488, കൊല്ലം-1805, പത്തനംതിട്ട-1435, ആലപ്പുഴ-1078, കോട്ടയം-1684, ഇടുക്കി-1128, എറണാകുളം-2227,തൃശൂർ-2482, പാലക്കാട്-2169, കോഴിക്കോട്-2749,മലപ്പുറം-5540, വയനാട്-361, കണ്ണൂർ-1601, കാസർകോട്-1496. 

കുട്ടികളില്ലാത്തത് അധികബാച്ച് നഷ്‌ടമാക്കുന്നതിന് പുറമേ അദ്ധ്യാപകരുടെ ജോലിയേയും ബാധിക്കും. സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപകർക്ക് മറ്റ് സ്‌കൂളുകളിലേക്ക് മാറേണ്ടിവരും. എയ്ഡഡ് സ്കൂളിലെ എയ്ഡഡ്ബാച്ച് അനാദായകരമായാൽ ആറ് അദ്ധ്യാപകരെ ബാധിക്കും. ഇതിൽ രണ്ട് സീനിയർ അദ്ധ്യാപകർ ജൂനിയറായി മാറും. രണ്ടാം വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകൻ പാർട്ട്ടൈമായി മാറും. കുട്ടികളില്ലാതെ അധികബാച്ച് നഷ്‌ടപ്പെട്ടാലും ഹയർസെക്കൻഡറിയിൽ അദ്ധ്യാപകർക്ക് സർക്കാർ സംരക്ഷണമില്ല. സർക്കാർ ശമ്പളംനൽകില്ലെങ്കിൽ അനാദയകരമായ എയ്ഡഡ് ബാച്ചുകളിലെ അദ്ധ്യാപകരുടെ ഭാവിതുലാസിലാവും. ഇതൊന്നും കണക്കിലെടുക്കാതെയാണ് വാരിക്കോരി ബാച്ചുകൾ അനുവദിച്ചത്.

പുതിയ സ്കൂളുകളിൽ മിക്കയിടത്തും തട്ടിക്കൂട്ടിയ തകരഷെഡുകളിലാണ് ക്ലാസ്. വിസ്‌തൃതിയേറിയ ക്ലാസ്മുറികൾ, സ്റ്റാഫ് റൂം, ടോയ്‌ലറ്റ്, കുടിവെള്ളം, കളിസ്ഥലം, ലൈബ്രറി സൗകര്യങ്ങളുണ്ടോയെന്ന് ഉറപ്പുവരുത്തി ഡയറക്‌ടർ ശുപാർശ ചെയ്‌താലേ പുതിയ സ്‌കൂളുകൾക്കും ബാച്ചുകൾക്കും അനുമതിനൽകൂവെന്ന മുൻനിലപാടിൽനിന്നും സർക്കാർ പിൻവലിഞ്ഞിരിക്കുകയാണ് ഇപ്പോള്‍.

* Views are Personal

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)


അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍