UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുൻഗണന പോയിതുലയട്ടെ; ഞങ്ങള്‍ക്ക് പഥ്യം വീതം വെപ്പ്

Avatar

പി കെ ശ്യാം

പുതിയ സ്‌കൂളുകളും അധിക ബാച്ചുകളുമായി 699 ബാച്ചുകളിൽ ഹയർ സെക്കൻഡറി അനുവദിച്ച സർക്കാർ തീരുമാനം കോടതികയറുന്നു. എം.ഇ.എസ്, ആലപ്പുഴയിലെ എയ്ഡഡ് മാനേജ്മെന്റുകൾ തുടങ്ങി നിരവധി പേർ സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. പുതിയ സ്‌കൂളും ബാച്ചും അനുവദിച്ച സർക്കാർ തീരുമാനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം.ഇ.എസ് ബുധനാഴ്ച ഹൈക്കോടതിയിൽ ഹർജി നല്‍കുമെന്ന് സംസ്ഥാന  പ്രസിഡന്റ് ഫസൽ ഗഫൂർ വ്യക്തമാക്കി. ഇതോടെ  പുതിയ ബാച്ചുകളിലെ കുട്ടികളുടെ പ്രവേശനമടക്കമുള്ള കാര്യത്തിൽ കടുത്ത അനിശ്ചിതത്വത്തിന് വഴിയൊരുങ്ങി. 

699 ബാച്ചുകളിലായി 41940 സീറ്റുകളാണ് പുതുതായി സൃഷ്‌ടിക്കപ്പെട്ടത്. സപ്ലിമെന്ററി അലോട്ട്മെന്റ് പൂർത്തിയായപ്പോഴും 846 സീറ്റുകൾ ആർക്കും വേണ്ടാതെ ഒഴിഞ്ഞുകിടക്കുകയാണ്. പത്തനംതിട്ടയിൽ ആകെയുള്ള 2858 സീറ്റുകളിൽ 2511ൽ മാത്രമാണ് പ്രവേശനം നടത്താനായത്. 347 സീറ്റുകളിൽ ഒരാൾപോലും ഓപ്ഷൻ നൽകിയിട്ടില്ല. 17 പുതിയ സ്‌കൂളുകളും ഒമ്പത് അധികബാച്ചുകളും പത്തനംതിട്ടയിൽ അനുവദിച്ചിട്ടുണ്ട്. ഇവിടെ പുതുതായുണ്ടാവുന്ന1560 സീറ്റുകളിൽ ഭൂരിഭാഗവും കാലിയാവുമെന്നുറപ്പ്. ഇടുക്കിയിൽ 245, എറണാകുളത്ത് 32, പാലക്കാട് 27, കണ്ണൂരിൽ 51, കാസർകോട്ട് 120 വീതം സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. സംസ്ഥാനത്തുടനീളം 98,979 അപേക്ഷകരാണ് ശേഷിക്കുന്നത്. മെറിറ്റിലെ 846 സീറ്റുകൾക്ക് പുറമേ 40 ശതമാനം മാനേജ്മെന്റ് ക്വാട്ടയിലെ ഒരുലക്ഷത്തിനടുത്ത് സീറ്റുകളും അൺഎയ്ഡഡ് സ്‌കൂളുകളിലെ 66240 സീറ്റുകളും പ്രവേശനത്തിന് ലഭ്യമാണ്. ഇതിനുപുറമേ പോളിടെക്‌നിക്കിൽ 28,000 ത്തോളം സീ​റ്റുകളും ഐ.​റ്റി.ഐ മേഖലയിൽ 20,000 ത്തോളം സീ​റ്റുകളും ലഭ്യമാണ്. 

നാൽപ്പത് കുട്ടികളെങ്കിലുമില്ലാതെ ഇക്കൊല്ലം പുതിയ പ്ലസ്ടു ബാച്ച് തുടങ്ങാനാവില്ലെന്ന് സർക്കാർ കർശന നിലപാടെടുത്തതോടെ കുട്ടികളെ തികയ്ക്കാൻ എയ്ഡഡ് മാനേജ്മെന്റുകൾ കടുത്ത പരിശ്രമത്തിലാണ്. നൂറോളം എയ്ഡഡ് സ്‌കൂളുകളിൽ ഇപ്പോഴുള്ള അൺഎയ്ഡഡ് ബാച്ചുകൾ നിറുത്തലാക്കിയും സമീപത്തെ അൺഎയ്ഡഡ് സ്‌കൂളുകളിലെ കുട്ടികളെ മൊത്തമായി വിലയ്ക്കെടുത്തും തലയെണ്ണം തികയ്ക്കാനാണ് മാനേജ്മെന്റുകളുടെ നീക്കം. 40 കുട്ടികളില്ലെങ്കിലും ബാച്ചുകൾ ആദ്യവർഷം റദ്ദാക്കില്ല. പക്ഷേ അടുത്തവർഷം 50 കുട്ടികളെ കണ്ടെത്തിയില്ലെങ്കിൽ അംഗീകാരം റദ്ദാക്കപ്പെടും. ഇത് മുന്നിൽകണ്ടാണ് മാനേജ്മെന്റുകൾ തന്ത്രങ്ങളുമായി രംഗത്തിറങ്ങിയത്. പ്ലസ്ടു അനുവദിച്ച എയ്ഡഡ് സ്‌കൂളുകളിൽ നൂറിലേറെയിടത്ത് നിലവിൽ അൺഎയ്ഡഡ് ഹയർ സെക്കൻഡറി ബാച്ചുകളുണ്ട്. ഇവ നിറുത്തലാക്കി പുതിയ ബാച്ചിലേക്ക് കുട്ടികളെ മാറ്റുകയാണ് ഒരുവഴി. പുതുതായി അദ്ധ്യാപകരെ നിയമിക്കുകയോ സൗകര്യങ്ങളൊരുക്കുകയോ വേണ്ട. 

പ്ലസ് ടു വിഷയത്തില്‍ അഴിമുഖം മുന്‍പ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍

ബാറാണോ പ്ലസ്-ടുവാണോ ലാഭം?
പ്ലസ് ടു: കേശവേന്ദ്ര കുമാറിനെ തെറിപ്പിച്ച 500 കോടി അഴിമതിക്ക് പിന്നില്‍

അൺഎയ്ഡഡ് സ്‌കൂളുകളിലെ കുട്ടികളെ ബാച്ചോടെ പുതിയ ഹയർ സെക്കൻഡറി സ്‌കൂളുകളിലേക്ക് മാറ്റുകയെന്നതാണ് രണ്ടാമത്തെ തന്ത്രം. ആലപ്പുഴ,എറണാകുളം, പത്തനംതിട്ട ജില്ലകളിൽ ഇത്തരത്തിൽ അൺഎയ്ഡഡ് സ്‌കൂളുകളിലെ കുട്ടികളെ പുതുതായി അനുവദിച്ച സ്‌കൂളുകളിലേക്ക് മാറ്റിക്കഴിഞ്ഞു. വിദ്യാർത്ഥികളുടെ രണ്ട് വർഷത്തെ ഫീസ്, അദ്ധ്യാപകരുടെ ശമ്പളം അടക്കം ഇരുപത് ലക്ഷത്തിലേറെ രൂപയ്ക്കാണ് ഒരു ബാച്ചിന്റെ കച്ചവടം. അൺഎയ്ഡഡ് സ്‌കൂളുകളിൽ ബാച്ചുകൾ നിറുത്തിയാൽ പിന്നീട് എപ്പോൾ വേണമെങ്കിലും ആരംഭിക്കാമെന്നതാണ് നിലവിലെ അവസ്ഥ.

മുൻഗണന പോയിതുലയട്ടെ
സർക്കാർ, കോർപറേറ്റ്, സ്വകാര്യമാനേജ്മെന്റ് എന്ന മുൻഗണനാക്രമം പാലിക്കാതെയാണ് സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂരിൽ പഞ്ചായത്ത് ഹൈസ്‌കൂളിനെ പരിഗണിക്കാതെ കൊട്ടിയം സി.എഫ്.എച്ച്.എസിന് പ്ലസ്ടു നൽകി. ആര്യങ്കാവിൽ അച്ചൻകോവിൽ ഗവ.എച്ച്.എസിനേയും ആര്യങ്കാവ് സെന്റ്മേരീസിനേയും പരിഗണിക്കാതെ നെടുമ്പറ ടി.സി.എൻ.എം ഹൈസ്കൂളിന് പ്ലസ്ടു അനുവദിച്ചു. ആലപ്പുഴയിൽ കുമാരപുരം പഞ്ചായത്തിൽ കരുവാറ്റ എൻ.എസ്.എസിനെ തഴഞ്ഞ് അൺഎയ്ഡഡ് ബാച്ചുകളുള്ള പോതപ്പള്ളി കെ.കെ.കെ.വി.എം സ്കൂളിന് പ്ലസ്ടു നൽകി. നീലംപേരൂരിൽ എറാ എൻ.എസ്.എസ്. സ്കൂളിനെ പരിഗണിക്കാതെ കൈനടി എ.ജെ.മെമ്മോറിയൽ ഹൈസ്‌കൂളിനാണ് പ്ലസ്ടു നൽകിയത്. ചമ്പക്കുളത്ത് തെക്കേക്കര സർക്കാർ ഹൈസ്കൂളിനെ പരിഗണിക്കാതെ കണ്ടങ്കേരി ദേവിവിലാസം ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിച്ചു. രണ്ടിടത്തും വെറും 16 കുട്ടികൾ മാത്രമാണ് എസ്.എസ്.എൽ.സി വിജയിച്ചത്. അധിക ബാച്ചുകൾ അനുവദിച്ചതിലും സർക്കാർ സ്‌കൂളുകളെ പാടേ തഴഞ്ഞു. പ്രവേശനം നേടാൻ ഏറെ ഡിമാന്റുള്ള കൊല്ലം തേവള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, കായംകുളം ബോയ്സ് എന്നിവിടങ്ങളിൽപ്പോലും അധിക ബാച്ചുകൾ നൽകിയില്ല.

നിലവിൽ ഹയർ സെക്കൻഡറിയില്ലാത്ത പഞ്ചായത്തുകളിലെ ഒരു ഹൈസ്കൂളിൽ പ്ലസ്ടു അനുവദിക്കാനായിരുന്നു മന്ത്രിസഭ തീരുമാനിച്ചത്. പക്ഷേ ഒരു പഞ്ചായത്തിൽ രണ്ട് സ്കൂളുകൾ അനുവദിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ മണ്ഡലമായ പുതുപ്പള്ളിയിൽ അകലക്കുന്നം പഞ്ചായത്തിൽ മറ്റക്കര ഹൈസ്കൂളിലും ചെങ്കളം സെന്റ് ആന്റണീസ് ഹൈസ്കൂളിലും പ്ലസ്ടു അനുവദിച്ചു. പത്തനംതിട്ടയിലെ കടമ്പനാട് പഞ്ചായത്തിൽ രണ്ട് പുതിയ പ്ലസ്ടു സ്കൂളുകളാണ് അനുവദിച്ചത്. കടമ്പനാട് സെന്റ് തോമസ് ഹൈസ്കൂൾ, മണ്ണടി വി.എച്ച.എസ്.എസ് സ്കൂൾ എന്നിവിടങ്ങളിലാണ് പ്ലസ്ടു നൽകിയത്. മണ്ണടി സ്കൂളിൽ വൊക്കേഷണൽ ഹയർ സെക്കൻഡറിയുമുണ്ട്.

കോഴയെന്ന് എം.ഇ.എസ്
പ്ലസ് ടു അനുവദിക്കുന്നതിന് ഭരണകക്ഷിയിൽപ്പെട്ട ചിലർ കോഴ ആവശ്യപ്പെട്ടെന്ന ആരോപണവുമായി എംഇഎസ് പ്രസിഡന്റ് ഡോ: ഫസൽ ഗഫൂർ രംഗത്തെത്തി. ഇക്കാര്യം മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. പുതിയ സ്‌കൂളും ബാച്ചും അനുവദിച്ചത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം.ഇ.എസ് ബുധനാഴ്ച ഹൈക്കോടതിയിൽ ഹർജിനൽകും. പുതിയ പ്ലസ് വൺ സ്‌കൂളും ബാച്ചും അനുവദിച്ചത് ശാസ്ത്രീയമായല്ല. വീതം വെപ്പിന് പിന്നിൽ കൃത്യമായ കച്ചവട ലക്ഷ്യങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. പ്ലസ്ടു അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും എം.ഇ.എസ് ആവശ്യപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍