UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്ലസ്ടു: ഹൈക്കോടതിയേയും സര്‍ക്കാര്‍ കബളിപ്പിക്കുന്നോ?

Avatar

പി കെ ശ്യാം

ഹയർ സെക്കൻഡറി ഡയറക്‌ടർ അദ്ധ്യക്ഷനായ സംസ്ഥാനസമിതിയുടെ ശുപാർശയില്ലാതെ അനുവദിച്ച പ്ലസ്ടു സ്കൂളുകളും ബാച്ചുകളും റദ്ദാക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബഞ്ചും ഡിവിഷൻ ബഞ്ചും ഉത്തരവിട്ടിട്ടും ശുപാർശയില്ലാത്ത ഏഴു സ്കൂളുകളെ അന്തിമ പട്ടികയിലുൾപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ് ഹൈക്കോടതിയെ വെല്ലുവിളിക്കുന്നു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻമന്ത്രിമാരായ ആർ.ബാലകൃഷ്‌ണപിള്ള, കെ.ബി.ഗണേഷ് കുമാർ, കർദ്ദിനാൾ മാർ ആലഞ്ചേരി എന്നിവർ ശുപാർശ ചെയ്ത സ്കൂളുകളും ഇതിൽപ്പെടും. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഡയറക്ടറുടെ ശുപാർശയില്ലാത്ത സ്‌കൂളുകൾക്ക് അംഗീകാരവും പ്രവർത്താനാനുമതിയും നൽകില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ഇറക്കിയ ഉത്തരവിലാണ് ശുപാർശയില്ലാത്ത ഏഴ് സ്‌കൂളുകളുള്ളത്. ഇക്കാര്യം ഹൈക്കോടതിയിൽ പിന്നീട് നൽകിയ രേഖകളിലും സർക്കാർ മറച്ചുവയ്ക്കുകയായിരുന്നു.

ഒരു പഞ്ചായത്തിൽ ഒരു സ്‌കൂളെന്ന മാനദണ്ഡം മറികടന്ന് മുഖ്യമന്ത്രിയുടെ ശുപാർശയിൽ അനുവദിച്ച പത്തനംതിട്ടയിലെ കടമ്പനാട് പഞ്ചായത്തിലെ സെന്റ് തോമസ് സ്കൂളാണ് പട്ടികയിലെ ആദ്യത്തേത്. ഏറ്റവുമധികം കുട്ടികൾ പാസായ വി.എച്ച്.എസ് ഗേൾസ് സ്കൂളിന് പ്ലസ്ടു നൽകാനുള്ള ഡയറക്ടറുടെ ശുപാർശ തള്ളിക്കളഞ്ഞ് കടമ്പനാട് പഞ്ചായത്തിൽ സെന്റ് തോമസ് ഹൈസ്കൂൾ, മണ്ണടി വി.എച്ച്.എസ്.സി സ്‌കൂൾ എന്നിവിടങ്ങളിലാണ് പ്ലസ്ടു അനുവദിച്ചത്. ഇതേ പഞ്ചായത്തിൽ മണ്ണടി വി.എച്ച്.എസ്.സി സ്‌കൂളിന് പ്ലസ്ടു നൽകിയതിന് എൻ.എസ്.എസാണ് ശുപാർശ നൽകിയത്. അന്തിമ പട്ടികയിൽ മണ്ണടി സ്കൂളിനെ പുതിയ ഉത്തരവിൽ ഒഴിവാക്കിയിട്ടുണ്ട്. കഠിനംകുളം സെന്റ് വിൻസെന്റ്, മറ്റക്കര എച്ച്.എസ്. ചെങ്ങളം സെന്റ്ആന്റണീസ് എന്നിങ്ങനെ മുഖ്യമന്ത്രിയുടെ മറ്റ് ശുപാർശകൾ ഒഴിവാക്കി.

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉത്തരക്കടലാസ് വ്യാജമായി കൂട്ടിച്ചേർത്ത് മൂല്യനിർണയത്തിനയച്ച് ഗുരുതരമായ ക്രമക്കേട് കാട്ടിയ കൊല്ലം തലവൂർ ദേവീവിലാസം സ്‌കൂൾ ഹയർസെക്കൻ‌റി ഡയറക്ടറുടെ ശുപാർശയില്ലാതെ അന്തിമ പട്ടികയിൽ ഇടംപിടിച്ചു. തലവൂർ പഞ്ചായത്തിൽ മഞ്ഞക്കാല ഐ.ജി.എം.വി.എച്ച്.എസിന് പ്ലസ്ടു അനുവദിക്കാനാണ് ഡയറക്ടറുടെ അദ്ധ്യക്ഷതയിലുള്ള സംസ്ഥാനസമിതി ശുപാർശ ചെയ്തത്. വ്യാജ ഉത്തരക്കടലാസുണ്ടാക്കിയതിന് പ്രധാനാദ്ധ്യാപികയും പരീക്ഷാ ഡെപ്യൂട്ടി സൂപ്രണ്ടും സസ്‌പെൻഷനിലായിരിക്കേയാണ് ഡയറക്‌ടറുടെ ശുപാർശ വകവയ്ക്കാതെ അവിടെ പ്ലസ്ടു അനുവദിച്ചത്. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഇത്തരം ക്രമക്കേട് കാട്ടിയ ഏക സ്‌കൂളാണിത്. വ്യക്തമായ ഈ ശുപാർശ മറികടന്നാണ് തലവൂർ ദേവീവിലാസം സ്‌കൂൾ ഉപസമിതിയുടേയും ഇപ്പോൾ സർക്കാരിന്റേയും പട്ടികയിൽ ഇടംപിടിച്ചത്. ആർ.ബാലകൃഷ്‌ണപിള്ളയും ഗണേശ്‌കുമാറുമാണ് ഈ സ്കൂളിന് ശുപാർശ ചെയ്തത്. തലവൂർ പഞ്ചായത്തിൽ നിന്ന് ദേവിവിലാസം വി.എച്ച്.എസ്.എസ്, മഞ്ഞക്കാല ഐ.ജി.എം.വി.എച്ച്.എസ് എന്നീ സ്‌കൂളുകളാണ് പ്ലസ്ടുവിനായി അപേക്ഷിച്ചത്. കോർപ്പറേറ്റ് മാനേജ്മെന്റ്, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇയിൽ ലഭ്യമായ സീറ്റുകളുടെ എണ്ണം, സ്‌കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ വിദൂരത, അഞ്ച് കിലോമീറ്റർ ചുറ്റളവിൽ എസ്.എസ്.എൽ.സി വിജയിച്ച കുട്ടികളുടെ എണ്ണം എന്നീ അഞ്ച് മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടി മഞ്ഞക്കാല ഐ.ജി.എം.വി.എച്ച്.എസിന് പ്ലസ്ടു അനുവദിക്കാനാണ് ഡയറക്ടറുടെ അദ്ധ്യക്ഷതയിലുള്ള സംസ്ഥാനസമിതി ശുപാർശ ചെയ്തത്. സയൻസ്, കോമേഴ്സ് എന്നിവയിൽ രണ്ട് ബാച്ചുകളും ഉപഭാഷകളായി ഹിന്ദി, മലയാളം എന്നിവയും അനുവദിക്കാനുമുള്ള സംസ്ഥാനസമിതിയുടെ ശുപാർശ തള്ളിക്കളഞ്ഞ് ദേവിവിലാസം സ്‌കൂളിനാണ് പ്ലസ്ടു അനുവദിച്ചത്. ശുപാർശയില്ലാത്ത സ്‌കൂളുകളെ ഒഴിവാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും ഈ സ്‌കൂളിനെ അന്തിമപട്ടികയിൽ ഉൾപ്പെടുത്തിയത് ദൂരൂഹമാണ്. 


പത്തനംതിട്ട കോട്ടാങ്ങലിൽ ഡയറക്ടറുടെ സമിതിയുടെ ശുപാർശയില്ലാത്ത എൻ.എസ്.എസ് വായ്‌പൂർ സ്കൂളും അന്തിമപട്ടികയിലുൾപ്പെട്ടു.   എൻ.എ,എസിന്റെ ശുപാർശിയിലാണ് ഈ സ്‌കൂളിന് പ്ലസ്ടു അനുവദിച്ചത്. പത്തനംതിട്ട കോട്ടാങ്ങലിൽ സെന്റ് ജോർജ് ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിക്കാനായിരുന്നു ഹയർ സെക്കൻഡറി ഡയറക്‌ടറുടെ ശുപാർശ, എന്നാൽ എൻ.എസ്.എസിന്റെ ശുപാർശ പരിഗണിച്ച് വായ്‌പൂർ എൻ.എസ്.എസ് സ്കൂളിനെയാണ് സർക്കാർ ഉത്തരവിൽ ഉൾപ്പെടുത്തിയത്. എൻ.എസ്.എസ് സ്‌കൂളിന് ആവശ്യത്തിന് സ്ഥലം ലഭ്യമല്ലാത്തതിനാൽ പരിഗണിക്കേണ്ടെന്നാണ് ഡയറക്‌ടറുടെ ശുപാർശ. ക്രമക്കേടിനെതിരേ   മലങ്കര കത്തോലിക്ക സഭയുടെ പത്തനംതിട്ട കോട്ടാങ്ങൽ സെന്റ് ജോർജ് ഹൈസ്‌കൂൾ കോർപറേറ്റ് മാനേജർ മാത്യുവാഴയിൽ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.  പ്ലസ്ടു അനുവദിച്ചതിൽ കടുത്ത രാഷ്ട്രീയ ഇടപെടലുണ്ടായിട്ടുണ്ടെന്ന് പരസ്യമായി പറഞ്ഞ് മലങ്കര കത്തോലിക്ക സഭ തിരുവല്ല അതിരൂപതാ അധ്യക്ഷൻ ആർച്ച് ബിഷപ്പ് തോമസ് മാർകൂറിലോസും സർക്കാരിനെതിരേ രംഗത്തെത്തി. 

സംസ്ഥാന സമിതിയുടെ ശുപാർശയില്ലാത്ത എറണാകുളം കുന്നുങ്കര അയിരൂർ സെന്റ്തോമസ് സ്‌കൂളും ഉത്തരവിലുണ്ട്. കുട്ടികളുടെ എണ്ണം പരിഗണിച്ച് കുറ്റിപ്പുഴ ക്രൈസ്റ്റ് രാജ് സ്കൂളിന് പ്ലസ്ടു നൽകാനായിരുന്നു ഡയറക്ടറുടെ ശുപാർശ. കർദ്ദിനാൾ മാർ ആലഞ്ചേരിയുടെ ശുപാർശ പരിഗണിച്ചാണ് ഉപസമിതി സെന്റ്തോമസ് സ്കൂളിന് പ്ലസ്ടു അനുവദിച്ചത്. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ മൂന്ന് സ്കൂളുകളുള്ളതിനാൽ പ്ലസ്ടു നൽകേണ്ടെന്ന് ഡയറക്ടർ നിർദ്ദേശിച്ച പുത്തൻപള്ളി സെന്റ്ജോർജ്ജ് സ്കൂളിനേയും പുതിയ ഉത്തരവിൽ ഉൾപ്പെടുത്തി. വി.ഡി.സതീശനും കർദ്ദിനാൾ മാർ ആലഞ്ചേരിയുമാണ് ഈ സ്കൂളിനായി ശുപാർശ ചെയ്തത്.

ബെസ്റ്റ് ഓഫ് അഴിമുഖം 

ശുപാര്‍ശക്കാരില്‍ മുഖ്യന്‍ മുതല്‍ കര്‍ദിനാള്‍ വരെ; ഇതോ ജനാധിപത്യം?
പ്ലസ് ടു: നിങ്ങൾക്ക് വേറേ പണിയില്ലേ എന്ന് ചോദിച്ച മുഖ്യമന്ത്രി ഇനി എന്തുപറയും?
കോഴക്കളിയും രേഖകളും പുറത്തായി, ഒപ്പം മന്ത്രിയുടെ വിശ്വസ്തരും
ഒരു കോടി അല്ലെങ്കില്‍ നാല് തസ്തികകള്‍; പ്ലസ് ടു കോഴ വഴികളിലൂടെ
മുൻഗണന പോയിതുലയട്ടെ; ഞങ്ങള്‍ക്ക് പഥ്യം വീതം വെപ്പ്

കോഴിക്കോട് കൂതാളിയിൽ ഡയറക്ടറുടെ ശുപാർശയില്ലാത്ത കൂതാളി വി.എച്ച്.എസ്.സി പുതിയ സർക്കാർ ഉത്തരവിൽ ഇടംപിടിച്ചു. സർക്കാർ സ്കൂളായ വേങ്ങപ്പറ്റ ജി.എച്ച്.എസിനെയാണ് മന്ത്രിസഭാ ഉപസമിതി തഴഞ്ഞത്. തൃശൂർ ആളൂരിൽ വിദ്യാഭ്യാസ ആവശ്യകതയില്ലാത്തതിനാൽ ഒരു സ്കൂളിനേയും പരിഗണിക്കേണ്ടെന്നാണ് ഡയറക്ടറുടെ ശുപാർശയെന്നിരിക്കേ ആളൂർ എസ്.എൻ.വി.വി.എച്ച് എസിനെ അന്തിമ ഉത്തരവിൽ ഉൾപ്പെടുത്തി.   

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍