UPDATES

ട്രെന്‍ഡിങ്ങ്

മോദിജിക്ക് രാഹുകാലം ഗണിക്കുന്ന കുമ്മനത്തിനോട്; വരുന്നത് അരിക്കും വെള്ളത്തിനുമാണ്

കേരളത്തിന്റെ സര്‍വകക്ഷി സംഘത്തിന് സമയം അനുവദിക്കാതെ പ്രധാനമന്ത്രിയുടെ ഓഫീസ്; കേരളത്തിന്റെ സമയത്തിന് പ്രധാനമന്ത്രിയെ കിട്ടില്ലെന്ന് കുമ്മനം

1967ല്‍ സംസ്ഥാനങ്ങളുടെ അധികാരാവകാശങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സമീപനവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ഒരു കാര്‍ട്ടൂണ്‍ വന്നിരുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ആഭ്യന്ത്രമന്ത്രി വൈബി ചവാനും പാത്രത്തില്‍ നിന്ന് കഞ്ഞി പോലൊരു സാധനം വിളമ്പുകയാണ്. സംസ്ഥാനങ്ങളുടെ അധികാരമാണ് കേന്ദ്രം വിളമ്പുന്നത്. വിളമ്പുന്ന പാത്രത്തിന് പുറത്ത് അത് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന മുഖ്യമന്ത്രിമാര്‍ പ്ലേറ്റുമായി ക്യൂ നില്‍ക്കുന്നു. ഏറ്റവും മുമ്പില്‍ കേരള മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട്. മദ്രാസ് മുഖ്യമന്ത്രി സിഎന്‍ അണ്ണാദുരൈ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ചരണ്‍ സിംഗ്, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി അജോയ്കുമാര്‍ മുഖര്‍ജി, ഒറീസ മുഖ്യമന്ത്രി രാജേന്ദ്ര നാരായണ്‍ സിംഗ്, ബിഹാര്‍ മുഖ്യമന്ത്രി എംപി സിന്‍ഹ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ബ്രഹ്മാനന്ദ റെഡ്ഡി, മഹാരാഷ്ട്ര മുഖ്യമന്ത്രി വസന്ത്‌റാവു നായിക് തുടങ്ങിയവരെ കാണാം. സംസ്ഥാനങ്ങള്‍ കൂടുതല്‍ അധികാരം ആവശ്യപ്പെടുന്നു എന്ന വിഷയത്തിലാണ് കുട്ടിയുടെ കാര്‍ട്ടൂണ്‍.

ഇന്ത്യയുടെ ഫെഡറല്‍ ഘടനയോട് കേന്ദ്രസര്‍ക്കാരിന്റെ സമീപനം ഏറ്റവും മോശമായിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ഈ കാര്‍ട്ടൂണ്‍ ഓര്‍മ്മ വരുന്നത്. പത്തായത്തിലെ നെല്ലിന്റെ വിഹിതം ചോദിക്കാന്‍ കാരണവരുടെ ദയ കാത്ത് നില്‍ക്കുന്നവരുടെ നിസഹായത കേരളത്തിന്റെ ചരിത്രമാണ്. അധികാരത്തിനായാലും അരിവിഹിതത്തിനായാലും മറ്റ് സാമ്പത്തിക സഹായങ്ങള്‍ക്കായാലും കേന്ദ്രസര്‍ക്കാരിന്റെ ഔദാര്യമെന്ന നിലയ്ക്ക് സഹായം കാത്ത് നില്‍ക്കുക എന്നത് ഫെഡറല്‍ സംവിധാനമുള്ള രാജ്യത്തെ സ്വതന്ത്രാധികാരങ്ങളുള്ള സംസ്ഥാനങ്ങളെ സംബന്ധിച്ച് ദുരന്തമാണ്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും സങ്കുചിത താല്‍പര്യങ്ങള്‍ക്കും അനുസൃതമായി റേഷന്‍ വിഹിതം വെട്ടിക്കുറയ്ക്കുക എന്നത് ഇന്ത്യയില്‍ പുതിയ കാര്യമല്ല. കേരളത്തെ സംബന്ധിച്ച് അത് സംസ്ഥാനം രൂപീകരിക്കപ്പെട്ട കാലം മുതല്‍ക്കുള്ള അനുഭവമാണ്. സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട സാമ്പത്തിക സഹായവും ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ളവയും കേന്ദ്രസര്‍ക്കാരിന്റെ ഔദാര്യമല്ല. സംസ്ഥാനങ്ങളുടെ യൂണിയനാണ് ഇന്ത്യ. ഈ സംസ്ഥാനങ്ങളില്‍ നിന്നെല്ലാമുള്ള നികുതിപ്പണം തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റെ വരുമാനവും സമ്പത്തും. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ ഭക്ഷ്യവിഹിതവും സാമ്പത്തിക സഹായവും നല്‍കാതിരിക്കുന്ന നിഷേധാത്മക സമീപനം കേന്ദ്രസര്‍ക്കാരിന്‌റെ ഭാഗത്ത് നിന്ന് പലപ്പോഴുമുണ്ടാവാറുണ്ട്. അത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും പ്രധാനമന്ത്രി വിമുഖത കാണിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ കാണാന്‍ അവസരം ചോദിച്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കേരള സര്‍വകക്ഷി സംഘത്തിനും നേരിടേണ്ടി വന്നത്.

കേരളത്തിന്റെ വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനഃസ്ഥാപിക്കണമെന്നും വരള്‍ച്ചയുടെ സാഹചര്യത്തില്‍ സാമ്പത്തികസഹായം വേണമെന്നുമടക്കമുള്ള ആവശ്യങ്ങളുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ സമയം ചോദിച്ചത്. ഭക്ഷ്യസുരക്ഷാ നിയമത്തിലെ അപാകതകള്‍ എങ്ങനെ വിവിധ ജനവിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുന്നു എന്നും എന്നാല്‍ പ്രധാനമന്ത്രിക്ക് തിരക്കാണെന്നും കാണാന്‍ കഴിയില്ലെന്നും പറഞ്ഞ് പിഎംഒ (പ്രധാനമന്ത്രി) അനുമതി നിഷേധിക്കുകയായിരുന്നു. വേണമെങ്കില്‍ കൃഷി മന്ത്രിയേയോ ധനമന്ത്രിയേയോ ആഭ്യന്തര മന്ത്രിയേയോ കാണാമെന്നാണ് പിഎംഒ അറിയിച്ചിരിക്കുന്നത്. ഇത് രണ്ടാംതവണയാണ് കേരളത്തെ പിഎംഒ ഇത്തരത്തില്‍ അപമാനിച്ചിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിക്കാണ് കാണാന്‍ അനുമതി നിഷേധിച്ചത്. പ്രത്യേകിച്ച് കാരണമൊന്നും വ്യക്തമാക്കാതെ തിരക്കാണെന്നും കാണാന്‍ കഴിയില്ലെന്നുമാണ് പറയുന്നത്. മറ്റേത് ദിവസം കാണാന്‍ കഴിയുമെന്ന് പറയുന്നുമില്ല. ഇത് തികഞ്ഞ ധാര്‍ഷ്ട്യവും അഹങ്കാരവുമാണെന്ന കാര്യത്തില്‍ സംശയമില്ല.

സര്‍വകക്ഷി സംഘത്തിന്റെ ഭാഗമായ ബിജെപി നേതാക്കളില്‍ നിന്ന് ഇക്കാര്യത്തില്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള സമീപനം പ്രതീക്ഷിക്കാനാവില്ല. പ്രധാനമന്ത്രിയോടുള്ള ഭക്തി പ്രകടിപ്പിക്കാതിരിക്കാന്‍ അവര്‍ക്ക് കഴിയില്ല. പ്രധാനമന്ത്രിയുടെ സൗകര്യത്തിനനുസരിച്ച് മാത്രമേ അദ്ദേഹത്തെ കാണാന്‍ കഴിയൂ എന്നും പകരം മറ്റ് മന്ത്രിമാരെ കണ്ട് കാര്യം പറയണമായിരുന്നു എന്നുമാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ അഭിപ്രായം. പ്രധാനമന്ത്രിയുടേയും അദ്ദേഹത്തിന്റെ ഓഫീസിന്റെയും നിഷേധാത്മകവും സംസ്ഥാനത്തെ അപമാനിക്കുന്നതുമായ ഈ സമീപനത്തെ ചോദ്യംചെയ്ത് ഭരണ പ്രതിപക്ഷ ഭേദമില്ലാതെ കേരള നിയമസഭയില്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ ബിജെപി അംഗം ഒ രാജഗോപാല്‍ മാത്രം വിട്ടുനിന്നു. പ്രധാനമന്ത്രിയെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് രാജഗോപാലിന്റെ കണ്ടത്തല്‍. നേരത്തെ പ്രധാനമന്ത്രി ഇത്തരത്തില്‍ കേരളത്തെ അപമാനിച്ചപ്പോഴും അതിനെ ന്യായീകരിക്കുകയായിരുന്നു കുമ്മനമടക്കമുള്ള കേരളത്തിലെ ബിജെപി നേതാക്കള്‍. കേരളത്തില്‍ വന്ന് അട്ടപ്പാടിയിലെ ആദിവാസി മേഖലകളിലെ ദുരിതം ചൂണ്ടിക്കാട്ടി കേരളത്തെ സൊമാലിയയോട് ഉപമിക്കുക പോലും ചെയ്ത വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിനേയും ന്യായീകരിക്കാന്‍ ആളുണ്ടായി. ഭക്ഷ്യലഭ്യത ഇല്ലായ്മയും പോഷകാഹാര കുറവും ഒക്കെയാണ് മോദി അന്ന് സംസാരിച്ചത്. ഇപ്പോള്‍ കേരളം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ താല്‍പര്യപ്പെടുന്ന പ്രധാന വിഷയവും ഭക്ഷ്യ പ്രശ്നം തന്നെ. ഭക്ഷ്യ സുരക്ഷാ നിയമത്തിലെ അപാകതകള്‍ വിവിധ വിഭാഗത്തില്‍ പെട്ടവരെ പ്രതികൂലമായി ബാധിക്കുന്നതായുള്ള പരാതിയും കേരളത്തിനുണ്ട്. കേരളത്തില്‍ അരിക്ക് 50 വിലയായി എന്ന് പറഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ അടക്കം പറഞ്ഞ് സോഷ്യല്‍ മീഡിയയിലും പുറത്തും പ്രചാരണം നടത്തുന്നവരാണ് ഇപ്പോള്‍ പ്രധാനമന്ത്രിയുടെ മര്യാദയില്ലാത്ത സമീപനത്തെ ന്യായീകരിക്കുന്നത്.

പാര്‍ലമെന്ററി ജനാപത്യ മര്യാദകളും മന്ത്രിസഭയുടെ കൂടിയാലോചന, കൂട്ടായ തീരുമാനങ്ങള്‍, സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം തന്റെ ജനാധിപത്യവിരുദ്ധ പ്രകടമാക്കിയിട്ടുള്ള വ്യക്തിയാണ് നരേന്ദ്ര മോദി. മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി സ്വീകരിച്ച അതേ ശൈലി കേന്ദ്രത്തിലും നടപ്പാകാനുള്ള ശ്രമങ്ങള്‍ക്ക് പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെങ്കിലും ആ വഴിക്ക് തന്നെയാണ് പോക്ക്. ഈ മനോഭാവം കൊണ്ടാണ് കാണാന്‍ സമയം ചോദിക്കുന്ന ഒരു സംസ്ഥാനത്തെ സര്‍വകക്ഷി സംഘത്തോട് ഈ വിധം പെരുമാറുന്നത്. കുമ്മനത്തിനും രാജഗോപാലിനും മോദിയെന്ന് കേള്‍ക്കുമ്പോള്‍ ഓച്ഛാനിച്ച് നില്‍ക്കാന്‍ തോന്നുമായിരിക്കും. ഫ്യൂഡല്‍ മനഃസ്ഥിതിയുള്ളവര്‍ക്കും സ്വയം തൊമ്മിയായിരിക്കുന്നതില്‍ അഭിമാനം കൊള്ളുന്നവര്‍ക്കും ഇത്തരം വിലകുറഞ്ഞ സമീപനങ്ങള്‍ വലിയ സന്തോഷം നല്‍കുന്നുണ്ടാവും. മറ്റുള്ളവരെ സംബന്ധിച്ച് അതല്ല, അവര്‍ക്ക് ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി സംസാരിക്കാനുള്ളത് ഗൗരവമുള്ള പ്രശ്‌നങ്ങളാണ്.

ഭക്ഷ്യപ്രതിസന്ധി ചര്‍ച്ച ചെയ്യാനും റേഷനരി അടക്കമുള്ള കാര്യങ്ങളെ കുറിച്ച് സംസാരിക്കാനുമാണ് സര്‍വകക്ഷി സംഘം അനുമതി ചോദിച്ചത്. പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ചോദിക്കുമ്പോള്‍ വേണമെങ്കില്‍ മറ്റ് മന്ത്രിമാരോ കണ്ടോളൂ എന്ന് പറയുന്നതിന്റെ അര്‍ത്ഥമെന്താണ്?. ഇത്തരത്തില്‍ സംസ്ഥാനങ്ങളെ അപഹസിക്കാനും അപമാനിക്കാനുമുള്ള ഒരു സവിശേഷാധികാരവും ഇന്ത്യന്‍ പ്രധാനമന്ത്രിക്കില്ല. പ്രധാനമന്ത്രിയുടെ സ്വകാര്യ സ്വത്തില്‍ നിന്ന് എന്തെങ്കിലും ഇരന്ന് വാങ്ങാനല്ല സംസ്ഥാനങ്ങള്‍ പോകുന്നത്. ഭക്ഷ്യവിഹിതവും സാമ്പത്തിക സഹായവും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള കൂടിക്കാഴ്ചകളുമെല്ലാം കേന്ദ്ര സര്‍ക്കാരിന്‍റെയോ പ്രധാനമന്ത്രിയുടെയോ ഔദാര്യമാണ്‌ എന്നൊക്കെ കരുതുന്നവരോട് സഹതപിക്കാനേ കഴിയൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍