UPDATES

കേരളം

മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനെത്തിയ ആദിവാസികളെ കസ്റ്റഡിയിലെടുത്തു

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ വേദിക്ക് സമീപം നിവേദനം നല്‍കാന്‍ കാത്തിരുന്ന ആദിവാസികളെ പോലീസ് ആദ്യം ബലമായി അവിടുനിന്ന് മാറ്റുകയും നാട്ടുകാര്‍ നോക്കി നില്‍ക്കെ ഉടുത്തിരുന്ന മുണ്ടുള്‍പ്പടെ അഴിപ്പിച്ച് പരിശോധിക്കുകയും ചെയ്തു

മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കാനെത്തിയ ആദിവാസികളെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് മംഗലംപാലത്ത് ‘ഗദ്ദിക -2016’ നാടന്‍ കലാമേളയുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തുന്നതിന് മുമ്പായിരുന്നു ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പട്ടികജാതി/വര്‍ഗ മഹാസഭ പ്രവര്‍ത്തകരായ ഒളരക്കര കോളനിയിലെ രതീഷ്, മുതലമടയിലെ രാജു, കൊല്ലങ്കോടുള്ള പി മണികണ്ഠന്‍ എന്നിവരെയാണ് മുന്‍കരുതല്‍ കസ്റ്റഡിയിലെടുത്തത് ഇവരെ മാവോവാദികളെന്ന് ആരോപിച്ചാണ് പോലീസ് പിടികൂടിയതെന്നും ആരോപണമുണ്ട്.

ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. ആദിവസികളായ പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്കായി നടത്തുന്ന കലാമേളയാണ് ഗദ്ദിക. കടപ്പാറ മൂര്‍ത്തിക്കുന്ന് ആദിവാസി കോളനിയിലെ 22 കുടുംബങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി വനഭൂമി കൈയേറിയ ഭൂമിക്ക് വേണ്ടി സമരം നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള നിവേദനം മുഖ്യമന്ത്രിയോട് നേരിട്ട് പറയാന്‍ എത്തിയതായിരുന്നു ഇവര്‍.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ വേദിക്ക് സമീപം നിവേദനം നല്‍കാന്‍ കാത്തിരുന്ന ആദിവാസികളെ പോലീസ് ആദ്യം ബലമായി അവിടുനിന്ന് മാറ്റുകയും നാട്ടുകാര്‍ നോക്കി നില്‍ക്കെ ഉടുത്തിരുന്ന മുണ്ടുള്‍പ്പടെ അഴിപ്പിച്ച് പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രി എത്തുന്നതിന് മുമ്പുതന്നെ ബലമായി പിടിച്ച് ജീപ്പില്‍ കയറ്റിക്കൊണ്ട് വടക്കഞ്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

പട്ടികജാതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മതപ്രകാരമാണ് ഇവര്‍ മുഖ്യമന്ത്രിയെ കാണാന്‍ വന്നതെന്ന് കടപ്പാറ കോളനി മൂപ്പന്‍ വേലായുധന്‍ ഫറയുന്നു. പിന്നീട് വേലായുധന്റെ നേതൃത്വത്തില്‍ മൂര്‍ത്തിക്കുന്നിലെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ആദിവാസികള്‍ സ്റ്റേഷനിലത്തെി കുത്തിയിരുന്ന് പ്രതിഷേധം നടത്തിയതിന് ശേഷമാണ് കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയച്ചത്. മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞതിന് ശേഷം നാലുമണിക്കൂറോളം ഇവരെ സ്‌റ്റേഷനില്‍ ഇരുത്തി രാത്രി ഒന്‍പത് മണിയോടെയാണ് വിട്ടയച്ചത്. ഇവര്‍ക്കെതിരെ കേസെടുത്തെന്നും ജാമ്യത്തിലാണ് മുന്ന് പേരെയും വിട്ടതെന്നും വാര്‍ത്തയുണ്ട്.

കസ്റ്റഡിയില്‍ എടുത്ത ആദിവാസികളുടെ പക്കലുണ്ടായിരുന്ന ബാഗില്‍ നിന്ന് ആദിവാസികള്‍ നടത്തുന്ന സമരങ്ങള്‍ക്ക് പിന്തുണ ആവിശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസുകള്‍ ലഭിച്ചിരുന്നു. ഇവ പരിപാടിക്കിടെ വിതരണം ചെയ്യുമോ എന്ന ആശങ്കയും കരിങ്കൊടി കാണിക്കുമോ എന്ന സംശയത്തെയും തുടര്‍ന്നാണ് ഇവരെ മുന്‍കരുതല്‍ കസ്റ്റഡിയിലെടുത്തത് എന്നാണ് പോലീസിന്‍റെ വിശദീകരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍