UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷയുടെ അമ്മയെ കാണാന്‍ വരുന്ന മോദിയോട്, രാജസ്ഥാനിലെ ഡെല്‍റ്റയുടെ വീട്ടില്‍ താങ്കള്‍ പോകാത്തതെന്തേ?

Avatar

അഴിമുഖം പ്രതിനിധി

പെരുമ്പാവൂരില്‍ ജിഷ മനുഷ്യത്വരഹിതമായി കൊല്ലപ്പെട്ട ഏപ്രില്‍ 28-ന് ഒരു മാസം മുമ്പ് മാര്‍ച്ച് 29-ന് രാജസ്ഥാനിലെ ബാര്‍മറില്‍ 17 വയസ്സുള്ള ദളിത് വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു. അധ്യാപക കോഴ്‌സിന് പഠിച്ചിരുന്ന മിടുക്കിയായ ഡെല്‍റ്റ മേഘവാളിനേയും ബലാല്‍സംഗം ചെയ്തശേഷം കൊലപ്പെടുത്തുകയായിരുന്നു. ദളിത് പീഢനങ്ങളുടെ വാര്‍ത്താമൂല്യം കുറച്ചു കാണുന്ന മാധ്യമങ്ങള്‍ ഇരുവാര്‍ത്തകളും ഏറ്റെടുക്കാന്‍ വൈകി. ജിഷയുടെ വാര്‍ത്ത പതിയെ പ്രധാന തലക്കെട്ടുകളായെങ്കിലും ഡെല്‍റ്റയുടേത് അവഗണിക്കപ്പെട്ടു.

മെയ് 11-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജിഷയുടെ അമ്മയെ സന്ദര്‍ശിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതോടെ വാര്‍ത്താ പ്രാധാന്യം ഏറുകയും ചെയ്യും. ആ വാര്‍ത്തയും കണ്ട് സമൂഹം ദീര്‍ഘനിശ്വാസം വിടും.

എന്നാല്‍ ഇതൊന്നും പിടി ടീച്ചര്‍ കൊലപ്പെടുത്തിയെന്ന് ആരോപണമുള്ള ഡെല്‍റ്റയുടെ കേസിലുണ്ടാകില്ല. കാരണം ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ ഇത് തെരഞ്ഞെടുപ്പ് കാലമല്ല. ഇപ്പോഴും അന്വേഷണത്തേയും കേസിന്റെ ഭാവിയേയും കുറിച്ച് നിശബ്ദതയാണുള്ളത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പരവൂര്‍ വെടിക്കെട്ട് ദുരന്തമുണ്ടായപ്പോഴും മോദി അപകട സ്ഥലത്തേക്ക് പറന്നെത്തി. പിന്നാലെ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും. എന്നാല്‍ ഇരുവരുടേയും സന്ദര്‍ശനം രക്ഷാ, ദുരന്ത നിവാരണ ദൗത്യങ്ങളെ ബാധിച്ചുവെന്ന് തുറന്ന് പറയാന്‍ ഡിജിപി സെന്‍കുമാര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ.

ഏഴ് മാസം മുമ്പ് 2015 ഒക്ടോബറില്‍ ഹരിയാനയിലെ സന്‍പേദ് ഗ്രാമത്തില്‍ പൊള്ളലേറ്റ് മരിച്ച രണ്ട് ദളിത് കുഞ്ഞുങ്ങളുടെ കുടുംബത്തെ ആശ്വസിപ്പിക്കാനും മോദി പറന്നെത്തിയില്ല. ഈ കുഞ്ഞുങ്ങളെ ചുട്ടുകൊന്നത് മേല്‍ജാതിക്കാരായ രജപുത്രരാണെന്നാണ് ആരോപണം. രാജ്യ തലസ്ഥാനത്തു നിന്നും കേവലം 35 കിലോമീറ്റര്‍ അകലെയാണ് സന്‍പേദ്. ഉലകംചുറ്റും വാലിബനായ മോദിയുടെ ശ്രദ്ധ അവിടെ പതിഞ്ഞില്ല. രണ്ടു ദിവസം കഴിഞ്ഞ് രജപുത്രര്‍ ഒരു ദളിത് കുടുംബത്തിന് തീവച്ചു. ഉറങ്ങിക്കിടന്ന രണ്ടു വയസ് പ്രായമുള്ള വൈഭവും ഒമ്പത് മാസം മാത്രം പ്രായമുള്ള ദിവ്യയും ഈ തീവയ്പ്പില്‍ കൊല്ലപ്പെട്ടു. വിദേശ കാര്യ സഹമന്ത്രി ഈ സംഭവത്തെ കുറിച്ച് നടത്തിയ പരാമര്‍ശം ഏറെ വിമര്‍ശിക്കപ്പെട്ടു. ആരെങ്കിലും ഏതെങ്കിലും പട്ടിയെ കല്ലെറിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാരിനാണോ ഉത്തരവാദിത്വം എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. രണ്ട് കുഞ്ഞുങ്ങളെ പട്ടിയോട് ഉപമിച്ചതിന് മന്ത്രി ഏറെ വിമര്‍ശനം കേട്ടു. വണ്ടിക്കടിയില്‍പ്പെട്ട പട്ടിക്കുട്ടിയെന്ന മോദിയുടെ പരാമര്‍ശം ആരും മറന്നിട്ടുമില്ല. ഹരിയാനയും ഭരിക്കുന്നത് ബിജെപിയുമാണ്. തെരഞ്ഞെടുപ്പും അടുത്ത കാലത്തൊന്നുമില്ല.

23 മാസത്തെ ഭരണത്തിനിടെ മോദി സര്‍ക്കാര്‍ അര്‍ത്ഥ ഗര്‍ഭമൗനം പാലിക്കുകയും വളരെ സൂക്ഷിച്ച് തെരഞ്ഞെടുത്ത ദുഃഖം രേഖപ്പെടുത്തുകയും ചെയ്ത സംഭവങ്ങള്‍ അനവധിയാണ്. രാഷ്ട്രീയ പ്രാധാന്യമുള്ളവ സംഭവങ്ങളില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുകയും ദുഃഖം രേഖപ്പെടുത്തുകയും ചെയ്യും. അല്ലാത്തവയെ അവഗണിക്കും.

ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് ഗവേഷക വിദ്യാര്‍ത്ഥിയായ രോഹിത് വെമുലയുടെ ആത്മഹത്യയില്‍ ഏറെ വൈകി, ഏറെ വിമര്‍ശനം കേട്ടശേഷമാണ് അതേ കുറിച്ച് എന്തെങ്കിലും പറയാന്‍ തയ്യാറായത്. രോഹിത് സംഘപരിവാറിന്റെ വിമര്‍ശകനായിരുന്നു. ആര്‍ എസ് എസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയുടെ ശത്രുവുമായിരുന്നു. 

മൊഹ്‌സിന്‍ ഷെയ്ഖ്, മുഹമ്മദ് അഖ്‌ലാഖ്, മസ്ലൂം അന്‍സാരി, ഇംതിയാസ് ഖാന്‍ തുടങ്ങിയവരുടെ കൊലപാതകങ്ങളും ഈ പട്ടികിയിലുണ്ട്. അവരുടെ മതമോ, ജാതിയോ, പേരുകളോ മോദിയ്ക്കും സംഘപരിവാറിനും ഒരു വിഷയമല്ല. മോദി അധികാരമേറ്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 2014 ജൂണ്‍ രണ്ടിനാണ് പൂനെയില്‍ മൊഹ്‌സീന്‍ മര്‍ദ്ദനമേറ്റ് കൊല്ലപ്പെടുന്നത്. ആദ്യ വിക്കറ്റ് വീണുവെന്ന് ആഘോഷിക്കുകയും ചെയ്തു. ഗോമാതാവിനെ രക്ഷിക്കൂ, ബീഫ് ഭക്ഷിക്കുന്നവരെ വെറുക്കൂവെന്ന പ്രചാരണത്തെ തുടര്‍ന്നാണ് ദാദ്രിയില്‍ അഖ്‌ലാഖിനെ തല്ലിക്കൊല്ലുന്നത്. ഇതില്‍ കേന്ദ്ര സര്‍ക്കാരിന്റെ പങ്കെന്താണ് എന്ന ചോദ്യമായിരുന്നു മോദി ഉയര്‍ത്തിയത്. എല്ലാ കാര്യങ്ങളിലും പ്രധാനമന്ത്രി അഭിപ്രായം പറയുന്നതു എന്തിനാണ് എന്നാണ് അന്നു ബി ജെ പി നേതാക്കള്‍ ചോദിച്ചത്.  

ജാര്‍ഖണ്ഡില്‍ മസ്ലൂമിനേയും ഇംതിയാസിനേയും മര്‍ദ്ദിച്ച് കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയത് ഏതൊരു സംസ്‌കാരമുള്ള രാജ്യത്തേയും തലകുനിപ്പിക്കുന്നതാണ്.

2008 നവംബര്‍ 26-ന് മുംബൈ ആക്രമണത്തിനിടെ ഹേമന്ത് കാര്‍ക്കറെ കൊല്ലപ്പെട്ടപ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി ഗാന്ധി നഗറില്‍ നിന്നും മുംബയിലേക്ക് താമസം വിനായെത്തി. കാര്‍ക്കറെയുടെ വീട്ടിലെത്തിയ മോദിയെ കാണാന്‍ വിധവ കവിത കാര്‍ക്കറെ വിസ്സമ്മതിച്ചു. പിന്നീട് കാണാന്‍ സമ്മതിച്ചുവെങ്കിലും മോദിയുടെ സാന്നിദ്ധ്യം അവരെ അസ്വസ്ഥയാക്കിയിരുന്നു. ഒരു കോടി രൂപ ആക്രമണത്തില്‍ കൊല്ലപ്പെട്ട കാര്‍ക്കറേയുടേയും മറ്റു പൊലീസുകാരുടേയും കുടുംബങ്ങള്‍ക്ക് മോദി പ്രഖ്യാപിച്ചുവെങ്കിലും കവിത അത് സ്വീകരിക്കാന്‍ തയ്യാറായില്ല.

മാലേഗാവ് സ്‌ഫോടനത്തെ കുറിച്ച് അന്വേഷിച്ചിരുന്ന കാര്‍ക്കറെ കാവി ഭീകരതയുടെ വേരുകളിലേക്ക് എത്തിയത് കാരണം മോദിയും എല്‍കെ അദ്വാനിയും മറ്റു ബിജെപി നേതാക്കളും ശിവസേനയും കാര്‍ക്കറെയുടെ ചോരയ്ക്കായി കൊതിച്ചിരുന്നുവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്വന്തം താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് നടത്തുന്ന അനുശോചനങ്ങള്‍ പൊതുസമൂഹം മനസിലാക്കുന്നുണ്ട് എന്ന കാര്യം നരേന്ദ്ര മൊദി തിരിച്ചറിയുന്നത് ഇനി എങ്കിലും നന്നായിരിക്കും.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍