UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലക്‌നൗവില്‍ മോദി തുടക്കമിട്ടു കഴിഞ്ഞു; യുപി ഇനി പോരാട്ടത്തിന്റെ നാളുകളിലേക്ക്

Avatar

അഴിമുഖം പ്രതിനിധി

ദസ്‌റ ആഘോഷത്തില്‍ പങ്കെടുത്തുകൊണ്ട് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനായി ഡല്‍ഹിയിലെ രാംലീല മൈതാനം വിട്ടു ലക്‌നൗവിലെ മൈതാനം തിരഞ്ഞെടുത്ത ആദ്യ ഇന്ത്യന്‍ പ്രധാന മന്ത്രിയായി നരേന്ദ്ര മോദി. ഒന്നും കാണാതെയല്ല മോദി അത് ചെയ്തത്. സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം ഉണ്ടായ പ്രതിച്ഛായ കൃത്യമായി വിനിയോഗിച്ചാല്‍ ഒരു പക്ഷെ പതിനാലു വര്‍ഷത്തിന് ശേഷം ബിജെപിക്ക് ഉത്തര്‍ പ്രദേശ് തിരിച്ചു പിടിക്കാനുള്ള അവസരം ഒരുങ്ങും. ഇതു കൃത്യമായി വിനിയോഗിക്കാന്‍ തന്നെയാണു ബിജെപി ഒരുങ്ങുന്നത്. ഉറിയില്‍ സൈനികര്‍ക്കു നേരിട്ട ദുരന്തത്തിന് തിരിച്ചടി നല്‍കിയ മോദിക്കും കൂട്ടര്‍ക്കും വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്.

തീവ്രവാദികള്‍ക്ക് താവളമൊരുക്കി കൊടുക്കുന്നവരെ വെറുതെ വിടാന്‍ സാധിക്കുകയില്ല. ബുദ്ധന്‍ കാണിച്ചു തന്ന വഴിയില്‍ ഇന്ത്യ യുദ്ധത്തില്‍ നിന്ന് സമാധാനത്തിലേക്ക് നടന്നു കയറിയവരാണ്. തീവ്രവാദത്തെ തുടച്ചു നീക്കാതെ മാനവരാശിയെ സംരക്ഷിക്കാന്‍ സാധിക്കില്ല. എല്ലാവരും ജാഗ്രത പാലിച്ചാല്‍ തീവ്രവാദത്തെ നമുക്ക് തടയാന്‍ സാധിക്കും.

മുംബൈ ഭീകരാക്രമനത്തിനു ശേഷമാണ് ലോകത്തിന് ഇതിന്റെ ആഴം ബോധ്യപ്പെടുന്നത്. 1998-99 കാലഘട്ടത്തില്‍ ഇതിനെ കുറിച്ച് ഞാന്‍ യു. എസ്. വിദേശകാര്യ സെക്രട്ടറിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു എന്നാല്‍ അതിനെ അവര്‍ വെറും ക്രമസമാധാന പ്രശ്‌നമാണെന്നു പറഞ്ഞു നിസാരവത്കരിച്ചു. എന്നാല്‍ മുംബൈ ഭീകരാക്രമണത്തിനു ശേഷം തീവ്രവാദികളുടെ വളര്‍ച്ചയെ കുറിച്ച് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു; മോദി തന്റെ ലക്നൌ പ്രസംഗത്തില്‍ തീവ്രവാദത്തെ കുറിച്ചു പറഞ്ഞ കാര്യങ്ങളാണ്.

ആദ്യമായി തീവ്രവാദത്തിനെതിരെ യുദ്ധം ചെയ്തത് രാമായണത്തിലെ ജടായു ആണെന്നും തന്റെ പ്രസംഗത്തില്‍ മോദി പറഞ്ഞു. സീതയെ തട്ടിക്കൊണ്ട് പോവാന്‍ ശ്രമിച്ച രാവണനെതിരേ ആയിരുന്നു ജടായു യുദ്ധം ചെയ്തത്. തീവ്രവാദത്തിനെതിരേ പോരാടുന്ന ജടായു ആയി മാറാന്‍ അദ്ദേഹം 125 കോടി ഇന്ത്യക്കാരോടും ആഹ്വാനം ചെയ്തു.

വര്‍ഷങ്ങളായി നാം സീതയുടെ അഭിമാനത്തിന് കളങ്കം സൃഷ്ടിക്കാന്‍ ശ്രമിച്ച രാവണന്റെ രൂപം കത്തിക്കുന്നു. എന്നിട്ടും അതിന്റെ പ്രസക്തി ഉള്‍ക്കൊള്ളാതെ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും തമ്മില്‍ വേര്‍തിരിച്ചു കാണുന്നു. ദാരിദ്രവും ജാതീയതയും നിരക്ഷരതയുമെല്ലാം അത്തരത്തില്‍ തുടച്ചു മാറ്റപ്പെടേണ്ടവയാണ്‘; മോദി പറഞ്ഞു.

പാകിസ്ഥാന്‍ എന്ന് ഒരിക്കല്‍ പോലും പേരെടുത്തു പറഞ്ഞില്ലെങ്കിലും നമ്മുടെ ഒരു അയല്‍രാജ്യം ഭീകരപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്നാണു മോദി പറഞ്ഞത്. പലതും പറയാതെ പറയുന്നതായിരുന്നു മോദിയുടെ പ്രസംഗം.

സര്‍ജിക്കല്‍ സ്‌ട്രൈക്കിനു പന്ത്രണ്ടു നാള്‍ക്കപ്പുറം നടന്ന മോദിയുടെ പ്രസംഗം രാഷ്ട്രീയ ലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കിയിരുന്നത്. ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഇന്ത്യ യുദ്ധവുമായി മുന്നോട്ടു പോവും എന്ന സൂചനകളും മോദിയുടെ വാക്കുകളില്‍ പ്രതിഫലിച്ചു.

സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ രാഷ്ട്രീയ ലാഭത്തിനായി വിനിയോഗിക്കുകയാണെന്ന പ്രതിപക്ഷ ആരോപങ്ങള്‍ക്കും സൈനികരുടെ ത്യാഗത്തെ കുറച്ച് കാണുകയാണെന്ന ബിജെപി ആരോപണത്തിനും ഇടയിലാണ് മോദിയുടെ തീവ്രവാദ വിരുദ്ധ പ്രസംഗം.

‘ജയ് ശ്രീ റാം’ പറഞ്ഞു ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്ത മോദിയുടെ പ്രസംഗത്തെ ആരവത്തോടെയാണ് ജനക്കൂട്ടം ഏറ്റുവാങ്ങിയത്.

മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഒരു കരുത്തുറ്റ രാഷ്ട്രമാണെന്നു ലോകത്തെ അറിയിക്കാന്‍ സാധിച്ചെന്നു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഉറിയുടെ പ്രതിക്രിയ നടത്തിയ മോദിക്കും കൂട്ടര്‍ക്കും വന്‍ സ്വീകാര്യത ആയിരുന്നു ലക്‌നൗവില്‍ ലഭിച്ചത്. ഇത് തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതിഫലിക്കുമോ എന്നുള്ളത് കാത്തിരുന്ന് കാണാം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍