UPDATES

മോദി പഠിച്ച കാലത്തെ ഒരു വിദ്യാര്‍ഥിയുടേയും രേഖകള്‍ കൈവശമില്ലെന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റി

വിദ്യാഭ്യാസ രേഖകള്‍ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ട ആചാര്യലുവിനെ വിവരാവകാശ കമ്മീഷനില്‍ മാനവവിഭവശേഷി വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.എ പാസായെന്ന് പറയപ്പെടുന്ന 1978-ലെ രേഖകളൊന്നും തങ്ങളുടെ പക്കലില്ലെന്ന് ഡല്‍ഹി സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം. ഇതോടെ മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവാദം വീണ്ടും തലപൊക്കിയിരിക്കുകയാണ്. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബി.എയും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് എം.എയും പാസായെന്നാണ് മോദി വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ഇതു രണ്ടും വ്യാജമാണെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം.

ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഇത്തരം രേഖകള്‍ സൂക്ഷിക്കാറില്ലെന്നാണ് സര്‍വകലാശാല വ്യക്തമാക്കിയിരിക്കുന്നത്. പ്രമുഖ ന്യൂസ് ഏജന്‍സിയായ എഐഎന്‍എസിന്റെ ലേഖകന്‍ വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടതിനാണ് സര്‍വകലാശാല മറുപടി നല്‍കിയിരിക്കുന്നത്. ഒപ്പം മറ്റ് രണ്ട് അപേക്ഷകളിലും സമാനമായ മറുപടിയാണ് സര്‍വകലാശാല നല്‍കിയിരിക്കുന്നത്.

Also Read: മോദിക്കൊപ്പം പഠിച്ചവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ ഉത്തരവിട്ട ഉദ്യോഗസ്ഥനില്‍ നിന്നു വകുപ്പെടുത്തു മാറ്റി

Also Read: മോദിക്കൊപ്പം പഠിച്ചവരുടെ വിവരങ്ങള്‍ നല്‍കണമെന്ന് വിവരാവകാശ കമ്മീഷന്‍; വിദ്യാഭ്യാസ യോഗ്യതാ വിവാദം വീണ്ടും

നേരത്തെ കേന്ദ്ര വിവരാവകാശ കമ്മീഷനംഗം ശ്രീധര്‍ ആചാര്യലു, മോദി പാസായെന്ന് അവകാശപ്പെടുന്ന സമയത്തെ വിദ്യാഭ്യാസ രേഖകള്‍ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെടുന്നവര്‍ക്ക് നല്‍കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ രേഖകള്‍ ലഭിച്ചില്ല എന്നു മാത്രമല്ല, ആചാര്യലുവിനെ വിവരാവകാശ കമ്മീഷനില്‍ മാനവവിഭവശേഷി വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു. കേന്ദ്ര ടെക്സ്ടൈല്‍സ് മന്ത്രി സ്മൃതി ഇറാനിയുടെ സ്കൂള്‍ വിദ്യാഭ്യാസ രേകഹകളും ഇതുപോലെ പുറത്തു വിടണമെന്ന് ആചാര്യലു നിര്‍ദേശിച്ചിരുന്നു.  തന്റെ വിദ്യാഭ്യാസ രേഖകള്‍ പുറത്തുവിടരുതെന്ന് സ്മൃതി ഇറാനി ആവശ്യപ്പെട്ടിരുന്നു എന്ന ഡല്‍ഹി സര്‍കലാശാലയുടെ വെളിപ്പെടുത്തലും ഇതിനിടെ വിവാദമായിരുന്നു. മോദിയുടെ സമയത്ത് പഠിച്ചവരുടെ രേഖകള്‍ പുറത്തുവിടാനുള്ള ആചാര്യലുവിന്റെ ഉത്തരവ് പിന്നീട് ഡ‍ല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു.

വിദ്യാര്‍ഥികള്‍ പാസായതടക്കമുള്ള രേഖകള്‍ വ്യക്തിപരമായ വിവരങ്ങളല്ലെന്നും അത് പൊതുസമൂഹത്തിന് അറിയാന്‍ അവകാശമുണ്ടെന്നും ആചാര്യലു തന്റെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡല്‍ഹി സര്‍വകലാശാല നല്‍കിയിരിക്കുന്ന മറുപടിയില്‍ ഇക്കാര്യവും നിഷേധിച്ചിരിക്കുകയാണ്. വിവരാവകാശ നിയമത്തിലെ 8 (1) (ഗ) അനുസരിച്ച് വിവരം പുറത്തുവിടേണ്ടതില്ലാത്ത വകുപ്പിലാണ് വ്യക്തിഗത വിവരങ്ങള്‍ അടങ്ങുന്നത് എന്നാണ് സര്‍വകലാശാല പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍