UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ ബലൂചിസ്ഥാന്‍ ചൂതാട്ടം

Avatar

ടീം അഴിമുഖം

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാന്റെ അത്ര വലിപ്പം വരും ബലൂചിസ്ഥാന്‍ പ്രവിശ്യ. പാക്കിസ്ഥാന്റെ ആകെ ഭൂവിസ്തൃതിയുടെ 40 ശതമാനം. അതേ സമയം, രാജസ്ഥാന്‍ ഇന്ത്യന്‍ ഭൂവിസ്തൃതിയുടെ 10 ശതമാനം മാത്രമേ വരൂ. ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളും പ്രാധാന്യവുമുള്ള മേഖലയാണ് ബലൂചിസ്ഥാന്‍. മിഡില്‍ ഈസ്റ്റ്, സൗത്ത്‌വെസ്റ്റ് ഏഷ്യ, സെന്‍ട്രല്‍ ഏഷ്യ, സൗത്തേഷ്യ എന്നിവിടങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം. അന്താരാഷ്ട്ര വാണീജ്യ ഭൂപടത്തില്‍ ഏറ്റവുമധികം പ്രാധാന്യമുള്ള Strait of Hormuz കിടക്കുന്ന ഇവിടെയാണ് സെന്‍ട്രല്‍ ഏഷ്യയിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ തുറമുഖങ്ങള്‍ സ്ഥിതി ചെയ്യുന്നതും.

 

ഇപ്പോള്‍ ഒറ്റപ്പെട്ടു കിടക്കുന്ന ഈ മേഖലയ്ക്ക് ആഗോള രാഷ്ട്രീയത്തില്‍ ഇത്രയധികം പ്രാധാന്യം വരുന്നതും ഭൂമിശാസ്ത്രപരമായ അതിന്റെ കിടപ്പുകൊണ്ടു തന്നെയാണ്. സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂചിസ്ഥാന്‍ വിഷയം അപ്രതീക്ഷിതമായി ഉയര്‍ത്തിയതും അതുകൊണ്ടു തന്നെ ഏറെ പ്രാധാന്യമുള്ള കാര്യമാണ്, പ്രത്യേകിച്ച് ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം ഏറ്റവും മോശമായിരിക്കുന്ന അവസ്ഥയില്‍.

 

ബലൂചിസ്ഥാന്‍ മേഖല ഇപ്പോള്‍ തന്നെ ഏറെ പ്രശ്‌നഭരിതമാണ്. അഫ്ഗാന്‍ സര്‍ക്കാരിനെതിരെ പൊരുതുന്ന അഫ്ഗാന്‍ താലിബാന്‍ താവളമടിച്ചിരിക്കുന്നത് ഇവിടെയാണ്. ഇറാനും പാക്കിസ്ഥാനുമായുള്ള നിരന്തര കലഹത്തിന്റെ കേന്ദ്രവും ഇവിടെത്തന്നെ. ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ പൊരുതുന്ന സുന്നി വിമത ഗ്രൂപ്പുകളുടെ താവളവുമാണ് ഇവിടം. അറേബ്യന്‍ കടലുമായി ചൈനയെ ബന്ധിപ്പിക്കുന്ന പാക്കിസ്ഥാനിലൂടെയുള്ള ഇകണോമിക് കോറിഡോറും സ്ഥിതി ചെയ്യുന്നത് ബലൂചിസ്ഥാനിലെ മക്രാന്‍ തീരത്താണ്. ഇവിടുത്തെ ഗ്വാഡര്‍ തുറമുഖം ചൈനീസ് നാവിക സേനയുടെ താവളമാക്കാന്‍ പാക്കിസ്ഥാന്‍ അനുമതിയും നല്‍കിയിട്ടുണ്ട്.

 

ഇക്കാരണങ്ങള്‍ ഒക്കെക്കൊണ്ടു തന്നെ ബലൂചിസ്ഥാന്‍ അത്രയേറെ പ്രാധാന്യമുള്ള ഒരു മേഖലയാണെന്ന് പറയാം. പക്ഷേ ബലൂചിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ജിയോ-പൊളിറ്റിക്കല്‍ തന്ത്രങ്ങള്‍ കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ എത്രത്തോളം പ്രധാനമാണ് എന്നതാണ് പരിശോധിക്കേണ്ടത്. എന്നിരുന്നാലും ഇത്തവണ മോദിയുടേത് ആക്രമണോത്സുകമായ നടപടി തന്നെയായിരുന്നു.

 

നിലവിലുള്ള പാക്കിസ്ഥാന്‍ നയത്തില്‍ നിന്ന് പൊടുന്നനെ വ്യതിചലിച്ചുകൊണ്ടാണ് ബലൂചിസ്ഥാനിലെ സ്വാതന്ത്ര്യ പോരാട്ടത്തെ മോദി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയത്. അതായത്, പാക്കിസ്ഥാനുമായുള്ള ശത്രുതയുടെ വ്യാപനത്തോത് വീണ്ടും വര്‍ധിപ്പിക്കുകയും ഇന്ത്യയുടെ വിദേശകാര്യ നയം കൂടുതല്‍  പരുഷമാകാന്‍ പോകുന്നു എന്നതിന്റെ സൂചന കൂടിയാണിത്, അതിലേറെ അപകടകരവും.

 

“ഇന്ന് ഇവിടെ ചെങ്കോട്ടയില്‍ നില്‍ക്കുമ്പോള്‍ ചില മനുഷ്യരോട് എനിക്ക് നന്ദി പറയേണ്ടതുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ ബലൂചിസ്ഥാന്‍, ഗില്‍ഗിത്, പാക് അധീന കാശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ എന്നോട് നന്ദി പറഞ്ഞു. അവര്‍ക്കുള്ള കൃതജ്ഞത അറിയിച്ചു. അവര്‍ ഒരുപാട് അകലെ താമസിക്കുന്നവരാണ്, അവരെ ഒരിക്കലും കണ്ടിട്ടില്ല. ആ ജനങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ നന്ദി അറിയിക്കുമ്പോള്‍ അത് 125 കോടി ജനങ്ങള്‍ക്കുമുള്ള ആദരാവാണ്”- പ്രധാനമന്ത്രി പറഞ്ഞു.

 

 

ജമ്മു-കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ തന്നെ മോദി ഇക്കാര്യം പറഞ്ഞിരുന്നു. ബലൂചിസ്ഥാന്‍, ഗില്‍ഗിത്, പാക് അധീന കാശ്മീര്‍ എന്നിവിടങ്ങളില്‍ പാക്കിസ്ഥാന്‍ നടത്തുന്ന അതിക്രമങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിനു മുമ്പാകെ കൊണ്ടുവരുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇതിനു പിന്നാലെ പാക്കിസ്ഥാന് അകത്തും പുറത്തുമുള്ള ബലൂച് ഗ്രൂപ്പുകളില്‍ നിന്നും കാശ്മീരികളില്‍ നിന്നും സോഷ്യല്‍ മീഡിയ വഴി പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങള്‍ ലഭിച്ചതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

 

മോദിയുടെ നയതന്ത്ര രീതികള്‍ ഏതു രീതിയിലാണ് എന്നതിന്റെ തെളിവായി കൂടിയാണ് പുതിയ പ്രസ്താവനയെ കാണേണ്ടത്. തന്റെ മുന്‍ഗാമികളെപ്പോലെയല്ല, റിസ്‌ക് എടുക്കാനും അതുവഴി വിലപേശല്‍ കൂട്ടാനും അതില്‍ നിന്ന് കൂടുതല്‍ മെച്ചമുണ്ടാക്കാനും മോദിക്കറിയാം.

 

പാക്കിസ്ഥാനുമായുള്ള ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ ഒരു ചൂതാട്ടത്തിന് ഒരുങ്ങുകയാണ് ഇപ്പോഴത്തെ പ്രസ്താവനയിലൂടെ, പ്രത്യേകിച്ച് ബലൂചിസ്ഥാനെ കുറിച്ചുള്ളത്, എന്നു വേണം മനസിലാക്കാന്‍. അതിര്‍ത്തിക്കറുപ്പുറത്ത് നിന്ന് ഇന്ത്യന്‍ മണ്ണില്‍ പാക്കിസ്ഥാന്‍ ഭീകരവാദത്തിന് വളം വച്ചുകൊടുക്കുന്നു എന്ന ആരോപണം കൂടുതല്‍ ശക്തമായി ഉയര്‍ത്താന്‍ തന്നെയാണ് ബലൂചിസ്ഥാന്‍ വിഷയം മോദി ഇപ്പോള്‍ പ്രസ്താവിച്ചത് എന്നു വ്യക്തം, അതുവഴി പാക്കിസ്ഥാന്റെ വാദങ്ങളുടെ മുനയൊടിക്കാനും.

 

ബലൂചിസ്ഥാനിലും പാക് അധീന കാശ്മീരിലും പാക് സൈന്യം നടത്തുന്ന അതിക്രമങ്ങളെ കുറിച്ച് സര്‍വകക്ഷി യോഗത്തില്‍ സംസാരിച്ചപ്പോള്‍ തന്നെ വ്യക്തമായിരുന്നു എന്‍.ഡി.എ സര്‍ക്കാരിന്റെ പാക് നയം കൂടുതല്‍ കടുക്കുകയാണെന്നും ഇത് മുന്നോട്ടു കൊണ്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്നും.

 

1980-കളുടെ ഒടുവില്‍ ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ബന്ധത്തില്‍ കാശ്മീരും ഭീകരവാദവും മുഖ്യ വിഷയങ്ങളായി ഇടം പിടിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ സ്വാതന്ത്ര്യദിനത്തില്‍ നടത്തുന്ന പ്രസംഗങ്ങള്‍ കൃത്യമായി തന്നെ ജനങ്ങള്‍ക്കുള്ള സന്ദേശങ്ങളാണ്, പ്രത്യേകിച്ച് അതിര്‍ത്തിക്കപ്പുറത്തേക്ക്. അത് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും അതിന് മാറ്റമുണ്ടായിട്ടില്ല.

 

മോദിയുടെ പിന്‍ഗാമികളായിരുന്ന പി.വി നരസിംഹ റാവുവും അടല്‍ ബിഹാരി വാജ്‌പേയിയും ഡോ. മന്‍മോഹന്‍ സിംഗുമൊക്കെ ഊന്നിപ്പറഞ്ഞിരുന്നു ഒരു കാര്യം ജമ്മു-കാശ്മീര്‍ മുഴുവനായി ഇന്ത്യയുടേതാണ്. പാക്കിസ്ഥാനുമായി ഏതെങ്കിലും വിധത്തില്‍ ചര്‍ച്ചകള്‍ നടക്കണമെങ്കില്‍ പാക് അധീന കാശ്മീരില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്‍വാങ്ങണമെന്നും അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ്. അതേ സമയം, മറ്റ് അവസരങ്ങളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ അയയുകയും മേഖലയില്‍ സമാധാനവും സഹകരണവും ഉറപ്പാക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പാക്കിസ്ഥാനെ ക്ഷണിക്കുകയും ചെയ്യാറുണ്ട്.

 

ഭീകരവാദികളെ വാഴ്ത്തുന്ന പാക്കിസ്ഥാന്റെ നടപടിയെ വിമര്‍ശിച്ചതിനൊപ്പം 2014-ല്‍ പെഷവാറിലുണ്ടായ ഭീകരാക്രമണത്തോട് ഇന്ത്യക്കുള്ള സഹാനുഭൂതിയും മോദി പ്രസംഗത്തില്‍ പ്രകടിപ്പിച്ചു. ഭീകരവാദത്തിനെതിരെ സംയുക്തമായി തന്നെ പൊരുതണമെന്നും അതിനായി പ്രാദേശിക സഹകരണം വര്‍ധിപ്പിക്കണമെന്നും മോദി ചൂണ്ടിക്കാട്ടിയിരുന്നു.

 

 

അതേ സമയം, പാക് അധീന കാശ്മീരിലേയും ബലൂചിസ്ഥാനിലേയും പ്രശ്‌നങ്ങളെ കുറിച്ചുള്ള പ്രസ്താവനയിലെ വ്യത്യാസവും ശ്രദ്ധിക്കേണ്ടതാണ്. ജമ്മു-കാശ്മീര്‍ മേഖല മൊത്തത്തില്‍ തര്‍ക്ക പ്രദേശമാണെന്നും തങ്ങളുടെ ഭാഗത്തുള്ള കാശ്മീരാണ് ‘മോചിക്കപ്പെട്ടി’ട്ടുള്ളതെന്നുമാണ് പാക്കിസ്ഥാന്റെ നിലപാട്. ജമ്മു-കാശ്മീരിലെ ജനങ്ങള്‍ക്ക് സ്വയംനിര്‍ണയത്തിനുള്ള അവകാശമുണ്ടെന്നും അവര്‍ പറയുന്നു. എന്നാല്‍ പാക് അധീന കാശ്മീരിലെ ജനങ്ങളോടുള്ള മോദിയുടെ പ്രസ്താവന ഇന്ത്യന്‍ നിലപാടിന്റെ തുടര്‍ച്ച തന്നെയാണ്. മുഴുവന്‍ കാശ്മീരിലേയും ജനങ്ങള്‍ തങ്ങളുടെ പൗരന്മാരാണ്, പാക്കിസ്ഥാന്റേത് അല്ല എന്നാണ് ഇന്ത്യന്‍ നിലപാട്. പാക് അധീന കാശ്മീരിലുള്ള ഗ്രൂപ്പുകളുമായി ഇടപെടുക എന്നത് ഇന്ത്യക്കു മുന്നില്‍ എന്നുമുള്ള വഴി തന്നെയായിരുന്നു, പക്ഷേ ആ രീതിയിലുള്ള ഇടപെടലുകള്‍ ഇന്ത്യ സ്വീകരിച്ചിരുന്നില്ല.

 

പക്ഷേ ബലൂചിസ്ഥാന്‍ പ്രശ്‌നം ഇതില്‍ നിന്ന് വ്യത്യസ്തമാണ്. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ പ്രസ്താവന നടത്തുമ്പോള്‍ പല കാരണങ്ങള്‍ കൊണ്ടും ഇതില്‍ ചില പ്രാധാന്യങ്ങളുണ്ട്. ബംഗ്ലാദേശുമായുള്ളത് ഒഴിച്ചാല്‍ പാക്കിസ്ഥാനും മറ്റ് രാജ്യങ്ങളുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളിലോ അല്ലെങ്കില്‍ ആഭ്യന്തര കാര്യങ്ങളോ ഇന്ത്യ ഇടപെടാറുണ്ടായിരുന്നില്ല. പാക്കിസ്ഥാനേയും അഫ്ഗാനിസ്ഥനേയും വേര്‍തിരിക്കുന്ന ഡുറന്റ് ലൈന്‍ സംബന്ധിച്ച അഫ്ഗാന്റെ വാദത്തില്‍ ഇന്ത്യ ഇതുവരെ പക്ഷം പിടിച്ചിട്ടില്ല. അതിനൊപ്പം സിന്ധിലും ബലൂചിസ്ഥാനിലുമുള്ള വിഘടനവാദ പ്രസ്ഥാനങ്ങളെയും ഇന്ത്യ പിന്തുണച്ചിട്ടില്ല.

 

കിഴക്കന്‍ പാക്കിസ്ഥാന്റെ വിഭജനത്തിനു ശേഷം സ്വരാജ്യത്തിനായി ഇന്ത്യ തങ്ങളെ പിന്തുണയ്ക്കുമെന്നായിരുന്നു ഈ പ്രവിശ്യകളിലെ നാഷണലിസ്റ്റ് ഗ്രൂപ്പുകളുടെ പ്രതീക്ഷ. എന്നാല്‍ അവരെ നിരാശപ്പെടുത്തുന്നതായിരുന്നു ഇന്ത്യയുടെ പ്രതികരണം. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്. പ്രധാനമന്ത്രിയുടെ പ്രസ്താവന ഇന്ത്യയുടെ വിദേശകാര്യ നയങ്ങളില്‍ നിന്നുള്ള മാറ്റമായാണ് ഇന്ത്യയില്‍ വീക്ഷിക്കപ്പെടുന്നതെങ്കില്‍ പാക്കിസ്ഥാന്‍ അതിനെ കാണുന്നത് തങ്ങളുടെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഇന്ത്യ കുഴപ്പങ്ങളുണ്ടാക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ്.

 

ഇന്ത്യ ബലൂചിസ്ഥാനിലെ ഭീകരവാദ പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നു എന്ന് കഴിഞ്ഞ ഒരു ദശകമായി പാക്കിസ്ഥാന്‍ ആരോപിക്കുന്നുണ്ട്. പ്രധാനമന്ത്രിമാരായിരുന്ന മന്‍മോഹന്‍ സിംഗും യൂസഫ് റാസാ ഗിലാനിയും തമ്മില്‍ 2009-ല്‍ ഷരം-എല്‍-ഷെയ്ക്കില്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ ബലൂചിസ്ഥാനും ഉള്‍പ്പെട്ടിരുന്നു. ഇത് ഇന്ത്യയില്‍ ഏറെ തര്‍ക്കങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്തു. അന്ന് ഇതിനെതിരെ ശക്തമായി രംഗത്തു വന്നവരായിരുന്നു ബി.ജെ.പി. ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് പാക്കിസ്ഥാന്‍ സ്ഥിരമായി കുറ്റപ്പെടുത്താറുള്ളത് ഇന്ത്യയേയും ചാരസംഘടനയായ ‘റോ’യേയുമാണ്. ഈയടുത്ത് നൂറോളം പേര്‍ കൊല്ലപ്പെട്ട ക്വറ്റയിലെ ആശുപത്രിക്കു നേര്‍ക്കുണ്ടായ ആക്രമണത്തിനും പാക്കിസ്ഥാന്‍ ഇന്ത്യയെ കുറ്റപ്പെടുത്തിയിരുന്നു. ബലൂചിസ്ഥാനെ അസ്ഥിരപ്പെടുത്താന്‍ അഫ്ഗാനും ഇറാനുമായി ചേര്‍ന്ന് ഇന്ത്യ ശ്രമിക്കുകയാണെന്ന ആരോപണവും പാക്കിസ്ഥാനുണ്ട്. ഇതില്‍ ഏറ്റവും പുതിയത് ബലൂചിസ്ഥാന്‍ മേഖലയിലെ ചൈനീസ് സ്വാധീനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യയും അമേരിക്കയും ചേര്‍ന്ന് ഇവിടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍