UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ വിദ്യാഭ്യാസ യോഗ്യത; ഇനിയും ആളുകളെക്കൊണ്ട് നുണയന്‍ എന്നു വിളിപ്പിക്കരുത്

Avatar

ടീം അഴിമുഖം

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒട്ടുമിക്ക വിഷയങ്ങളോടും മൌനം പുലര്‍ത്തുന്ന ആളാണ്‌. വര്‍ഷങ്ങളായി തുടരുന്നതുപോലെ ഇനിയും അദ്ദേഹത്തിന് അതേ രീതിയില്‍ മുന്നോട്ട് പോകുന്നതിനും ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ല. പക്ഷേ, അദ്ദേഹം വ്യക്തിപരമായി പ്രതികരിക്കേണ്ട ഒരു സുപ്രധാന കാര്യമുണ്ട്. പ്രതികരിക്കുക മാത്രമല്ല പ്രവര്‍ത്തിക്കേണ്ടിയുമിരിക്കുന്നു. അത് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റിയുള്ള ചര്‍ച്ചകളെക്കുറിച്ചാണ്. 

കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതകള്‍ അറിയിക്കണം എന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ ഒരു അഭിഭാഷകനായ മുഹമ്മദ്‌ ഇര്‍ഷാദ് ഡല്‍ഹി സര്‍വകലാശാലയില്‍ സമര്‍പ്പിച്ച വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷ, സ്വകാര്യതയുടെ കാരണം പറഞ്ഞ് തള്ളിക്കളയുകയായിരുന്നു.

“ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്തം സര്‍വകലാശാലയ്ക്കുണ്ട്. സര്‍വകലാശാലയും വിദ്യാര്‍ത്ഥിയും തമ്മിലുള്ള വിശ്വാസത്തില്‍ അധിഷ്ഠിതമായ ബന്ധം കാത്തുസൂക്ഷിക്കേണ്ടത് ഡല്‍ഹി സര്‍വകലാശാലയെ സംബന്ധിച്ച് പ്രധാനമാണ്”- വിവരാവകാശ അപേക്ഷയ്ക്കുള്ള സര്‍വകലാശാലയുടെ മറുപടിയിലെ ചില വരികളാണിത്.

ഇതൊരു മുടന്തന്‍ ന്യായമാണ്. രാഷ്ട്രീയത്തിന്‍റെ നിറം നല്കിയതോടുകൂടി ഒരു വിഭാഗം ഇന്ത്യക്കാരില്‍ ഇതൊരു ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മോദി വ്യക്തിപരമായി താല്പര്യമെടുത്ത് പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടത് വളരെ അനിവാര്യമാണ്. ബിജെപി നേതൃത്വം അദ്ദേഹത്തിന്റെ ഡിഗ്രി, എം എ സര്‍ട്ടിഫിക്കറ്റുകള്‍ പരസ്യപ്പെടുത്തിയിട്ടുണ്ട് എന്നത് സത്യം തന്നെ. എന്നിരുന്നാലും പരസ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളില്‍ പോലും സംശയങ്ങള്‍ പിന്നെയും ബാക്കിയാണ്.

ഒരു രാജ്യം ഭരിക്കുന്നതിന് ഡിഗ്രി യോഗ്യത വേണമെന്ന് ആരും വാദിക്കുന്നില്ല. അതൊരു പക്ഷേ ആവശ്യവുമല്ല. നിരക്ഷരര്‍ക്ക് പോലും ഉന്നത സ്ഥാനത്തേക്ക് എത്താവുന്നതും അങ്ങനെ തുടരാവുന്നതുമാണ്. അത് സ്ത്രീയായാലും പുരുഷനായാലും ശരി. മോദിക്ക് ഡിഗ്രി വേണമെന്നും ആരും എവിടെയും ആവശ്യപ്പെട്ടിട്ടുമില്ല.

സംശയം എന്തെന്നാല്‍ മോദി വര്‍ഷങ്ങളായി സമര്‍പ്പിച്ചുവരുന്ന ഇലക്ഷന്‍ സത്യവാങ്ങ്മൂലങ്ങളില്‍ അസത്യങ്ങള്‍ പറഞ്ഞോ എന്നാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സുപ്രധാന സ്ഥാനം വഹിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ വക്താക്കള്‍ പറയുന്നത് നരേന്ദ്ര മോദി കള്ളം പറഞ്ഞു എന്ന് തന്നെയാണ്. ഇത് വളരെ ഗൗരവമുള്ള ആരോപണമാണ്. 

തെറ്റായ സത്യവാങ്ങ്മൂലം നല്‍കുന്നത് ക്രിമിനല്‍ കുറ്റമാണ്. അത് സത്യമാണെങ്കില്‍ കള്ള ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയതിനും കുറ്റം ചെയ്യുന്നതിന് ഗൂഡാലോചന നടത്തിയതിനും പാര്‍ട്ടിയുടെ പ്രസിഡന്‍റ് അമിത് ഷായും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും കൂട്ടുപ്രതികളാകുകയും ചെയ്യും. അവര്‍ അത് ചെയ്തു എന്ന് പറയാവുന്ന അവസ്ഥയില്‍ അല്ലെങ്കിലും പ്രസ്തുത സര്‍ട്ടിഫിക്കറ്റുകള്‍ സാധുവാണെന്ന് തെളിയും വരെ അവരും സംശയത്തിന്‍റെ മുനയിലായിരിക്കും.

എന്തായാലും മോദി വിഷയത്തെ അഭിമുഖീകരിക്കേണ്ടതും ഇക്കാര്യത്തില്‍ ഒരു തീര്‍പ്പുണ്ടാക്കേണ്ടതും അനിവാര്യമായിത്തീര്‍ന്നിരിക്കുകയാണ്.അല്ലെങ്കില്‍ അരവിന്ദ് കേജ്രിവാളും മറ്റ് ആര്‍ടിഐ പ്രവര്‍ത്തകരും എല്ലാം ചേര്‍ന്ന് നിരന്തരം സംശയങ്ങളും ആരോപണങ്ങളും ഉന്നയിച്ചുകൊണ്ടേയിരിക്കും. രാജ്യത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ പ്രധാനമന്ത്രിയെ നിരന്തരം ആളുകള്‍ നുണയനെന്ന് വിളിക്കുന്നത് അത്ര നല്ല കാര്യമല്ല.

ഡല്‍ഹി സര്‍വകലാശാല വിവരാവകാശ അപേക്ഷ നിരസിച്ചതിന് ശേഷം ‘നിഗൂഢത വര്‍ധിച്ചു’ എന്നാണ് കേജ്രിവാള്‍ പ്രതികരിച്ചത്. ആം ആദ്മി പാര്‍ട്ടിയുടെ വക്താവിന്‍റെ വാക്കുകള്‍ അനുസരിച്ചാണെങ്കില്‍ ഡല്‍ഹി സര്‍വകലാശാലയ്ക്ക് പ്രസ്തുത ആര്‍ടിഐ നിരസിക്കാനുള്ള യാതൊരു അവകാശവും ഇല്ല. അങ്ങനെയൊരു ആര്‍ടിഐ ഫയല്‍ ചെയ്യപ്പെട്ടാല്‍ സര്‍വകലാശാല ചെയ്യേണ്ടത് നരേന്ദ്ര മോദിയോട് ഇതിനെപ്പറ്റിയുള്ള അഭിപ്രായം ആരായുകയും വിവരങ്ങള്‍ പുറത്തുവിടുന്നതിന് അദ്ദേഹത്തിന്റെ അനുവാദം വാങ്ങുക എന്നതുമാണ്.

“ഡല്‍ഹി യൂണിവേഴ്സിറ്റിക്ക് ഇത് സ്വകാര്യതയെപ്പറ്റിയുള്ള വിവരമാണ് എന്നു തോന്നിയാല്‍. ആര്‍ടിഐ നിയമപ്രകാരം സര്‍വകലാശാല പ്രധാനമന്ത്രിക്ക് കത്തെഴുതുക എന്നതാണ്. അല്ലാതെ അപേക്ഷ നിരസിക്കാനുള്ള അവകാശം സര്‍വകലാശാലക്കില്ല”- കേജ്രിവാള്‍ ട്വീറ്റ് ചെയ്തു. വിവാദങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായും ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലിയും പറഞ്ഞ കാര്യം കേജ്രിവാള്‍ ഓര്‍മിപ്പിച്ചു. ആ സര്‍ട്ടിഫിക്കറ്റുകള്‍ യഥാര്‍ഥവും അത് സര്‍വകലാശാലയില്‍ നിന്നും ആര്‍ക്കും പരിശോധിക്കാവുന്നതുമാണ് എന്നുമായിരുന്നു അന്നവര്‍ പ്രതികരിച്ചിരുന്നത്.

മോദി ഒരുപടികൂടി കടന്ന് പ്രവര്‍ത്തിക്കണമെന്നാണ് പൊതുവിലുള്ള അഭിപ്രായം. ഡല്‍ഹി, ഗുജറാത്ത് സര്‍വകലാശാലകളുടെ അനുമതിക്ക് കാത്തുനില്‍ക്കാതെ പകരം മോദി തന്നെ തന്‍റെ യോഗ്യതകളും അവയുടെ തെളിവുകളും വെളിപ്പെടുത്താന്‍ സമ്മതിച്ചുകൊണ്ട് സര്‍വകലാശാലകള്‍ക്ക് കത്തെഴുതണം എന്നുള്ള അഭിപ്രായത്തിനാണ് മുന്‍തൂക്കം. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍