UPDATES

വാര്‍ത്തകള്‍

സ്‌ഫോടന കേസ് പ്രതി പ്രഗ്യ സിംഗ് ഠാക്കൂറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ ന്യായീകരിച്ച് മോദി; ജസ്റ്റിസ് ലോയയുടെ മരണം സ്വാഭാവികം

കോണ്‍ഗ്രസ് വ്യക്തമായ പദ്ധതിയോടെ സംഝോത എക്‌സ്പ്രസ് സ്‌ഫോടനവും ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണവുമായെല്ലാം ബന്ധപ്പെട്ട് കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണ് എന്നും മോദി ആരോപിച്ചു.

മാലേഗാവ് സ്‌ഫോടന കേസ് പ്രതി പ്രഗ്യ സിംഗ് ഠാക്കൂറിനെ ഭോപ്പാലില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദു തീവ്രവാദികള്‍ എന്നൊരു വിഭാഗമില്ലെന്നും കോണ്‍ഗ്രസ് ഇത്തരത്തില്‍ ലേബല്‍ ചെയ്യുന്നത് അവരുടെ തന്നെ കുഴി തോണ്ടുമെന്നും മോദി അഭിപ്രായപ്പെട്ടു. പ്രഗ്യ സിംഗിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ കോണ്‍ഗ്രസിന് പ്രതീകാത്മകമായ മറുപടിയാണ് ബിജെപി നല്‍കിയത്. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറയുന്നത്.

കോണ്‍ഗ്രസ് വ്യക്തമായ പദ്ധതിയോടെ സംഝോത എക്‌സ്പ്രസ് സ്‌ഫോടനവും ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണവുമായെല്ലാം ബന്ധപ്പെട്ട് കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണ് എന്നും മോദി ആരോപിച്ചു. സ്വന്തം പേരില്‍ കേസുള്ള, ജാമ്യത്തിലുള്ള സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും റായ് ബറേലിയിലും അമേഠിയിലും എങ്ങനെയാണ് മത്സരിക്കുന്നത് എന്നും മോദി ചോദിച്ചു.

സന്യാസിനിയായ ഒരു സ്ത്രീയെ ഇങ്ങനെ അധിക്ഷേപിക്കുകയാണ്. കോണ്‍ഗ്രസ് തിരക്കഥയെഴുതി വ്യാജ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വിദഗ്ധരാണ്. ഏറ്റുമുട്ടലുകളെ ഇവര്‍ വ്യാജ ഏറ്റുമുട്ടലുകളായി ചിത്രീകരിക്കും. ജസ്റ്റിസ് ലോയയുടെ സ്വാഭാവിക മരണം ഇവര്‍ കൊലപാതകമാക്കി ചിത്രീകരിക്കും. വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ച് നുണ പ്രചരിപ്പിക്കും. 1984ല്‍ ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ മകന്‍ രാജീവ് ഗാന്ധി പറഞ്ഞത് വന്‍മരം വീഴുമ്പോള്‍ ഭൂമി കുലുങ്ങും എന്നാണ്. ആയിരക്കണക്കിന് സിഖുകാരെയാണ് ഡല്‍ഹിയില്‍ കൂട്ടക്കൊല ചെയ്തത്. ഇത് ഭീകരവാദമായിരുന്നില്ലേ. മാധ്യമങ്ങള്‍ ഒന്നൊന്നും മിണ്ടിയില്ല. കൂട്ടക്കൊലയ്ക്ക് മേല്‍നോട്ടം വഹിച്ചതായി ആരോപണം നേരിടുന്ന കമല്‍നാഥിനെ ഇവര്‍ മുഖ്യമന്ത്രിയാക്കി – മോദി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍