UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തില്‍ നിലനില്‍ക്കുന്നത് രാഷ്ട്രീയ തൊട്ടുകൂടായ്മ; നരേന്ദ്ര മോദി

അഴിമുഖം പ്രതിനിധി

കേരള രാഷ്ട്രീയത്തില്‍ ഇപ്പോഴും തൊട്ടുകൂടായ്മ നിലനില്‍ക്കുന്നുവെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃശൂര്‍ തേക്കിന്‍കാട്‌ മൈതാനിയില്‍ ബി.ജെ.പി സംഘടിപ്പിച്ച പൊതുയോഗത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ശ്രീനാരായണഗുരു അടക്കം അനേകം നവോത്ഥാനനായകര്‍ തൊട്ടുകൂടായ്മക്കെതിരെ സമരം ചെയ്തു ജീവന്‍ വെടിഞ്ഞയിടത്താണ് ഈ അവസ്ഥ എന്നും മോദി കൂട്ടിച്ചേര്‍ത്തു.

അനീതിക്കെതിരെയും അഴിമതിക്കെതിരെയും ശബ്ദിക്കുന്നവരെ ശാരീരികമായി അടിച്ചമര്‍ത്തുന്ന   അവസ്ഥയും കേരളത്തിലുണ്ടെന്നും, ഇന്ത്യയില്‍ തന്നെ കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കാണ് ഏറ്റവും കൂടുതല്‍  വെല്ലുവിളി നേരിടേണ്ടിവരുന്നത്. ഇത്തരത്തില്‍ അരനൂറ്റാണ്ടിനിടയില്‍ മരണപ്പെട്ടത് 200ല്‍ അധികം  പ്രവര്‍ത്തകര്‍ ആണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിലൊന്നും സമാനമായ സാഹചര്യങ്ങള്‍ ഇല്ലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രധാനമന്ത്രിയായ ശേഷം കേരളത്തില്‍ എത്താന്‍ വൈകിയതില്‍ ക്ഷമ ചോദിച്ചുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. ശബരിമല സന്ദര്‍ശനത്തോടെ കേരളത്തില്‍ തുടങ്ങണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ തീര്‍ഥാടകരുടെ സന്ദര്‍ശനത്തിന് തടസ്സമുണ്ടാകാതെ ദര്‍ശനം വേണമെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണ് അത് മാറ്റിവെച്ചത്. കേരളത്തിലെ ജനം ബി.ജെ.പിയെ അംഗീകരിച്ചു തുടങ്ങി. കേരളത്തില്‍ ബി.ജെ.പി എത്ര വോട്ടിന് തോറ്റു എന്നതായിരുന്നു ഇതുവരെയുള്ള ചര്‍ച്ച. ജനങ്ങള്‍ മുഴുവന്‍ മാറിചിന്തിക്കുന്നതിന്റെ സൂചനകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ടതെന്നും മോദി പറഞ്ഞു.

തുടര്‍ന്ന് വിവിധ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിക്കുകയുണ്ടായി.

കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ തനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞെന്നും അവരെ സഹായിക്കാനായി റബറിനെ മേക്കിങ് ഇന്ത്യ പദ്ധതിയുടെ ഭാഗമാക്കും എന്നും പ്രധാനമന്ത്രി വാഗ്ദാനം നല്‍കുകയുണ്ടായി. മത്സ്യബന്ധനതൊഴിലാളികള്‍ക്ക് പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കും, സ്റ്റാര്‍ട്ടപ്പ് പദ്ധതികളില്‍ വനിതകള്‍ക്കും ദളിതര്‍ക്കും പ്രാമുഖ്യം നല്‍കും എന്നും മോദി ഉറപ്പുനല്‍കി. എല്ലാവര്‍ക്കും എല്ലാ സൗകര്യങ്ങളും ഉള്ള വീടുള്ള ഇന്ത്യയാണ് തന്‍റെ സ്വപ്നം എന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. ചെറുകിട വ്യവസായങ്ങളുടെ ഉന്നമനം, പാവപ്പെട്ടവര്‍ക്ക് വിദ്യഭ്യാസ വായ്പകള്‍ എന്നിവയും ലഭ്യമാക്കുന്നതും തന്‍റെ പദ്ധതികളിലുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ആദ്യം നടപ്പിലാക്കിയത് കേരളത്തിലാണ്, ഭീകകരുടെ കൈയില്‍ അകപ്പെട്ട മലയാളി നഴ്‌സുമാരെ രക്ഷിക്കാന്‍ കഴിഞ്ഞു, 2100 കോടി രൂപ പ്രധാനമന്ത്രി മുദ്രയോജനയിലൂടെ കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കി എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രവര്‍ത്തകരുടെ ധൈര്യം കണ്ടുപഠിക്കണമെന്ന് മറ്റ് സംസ്ഥാനങ്ങളോട് പറയാറുണ്ട്. കേരളത്തിലെ യുവാക്കള്‍ ബുദ്ധിമാന്മാരാണ്. ഇംഗ്ലീഷില്‍ പ്രാവീണ്യമുണ്ട്. അവര്‍ക്കു വേണ്ടിയാണ് സ്റ്റാര്‍ട്ട് അപ്, സ്റ്റാന്‍ഡ് അപ് പദ്ധതികള്‍. യുവാക്കള്‍ വിദേശരാജ്യങ്ങളിലേക്ക് പോകാതിരിക്കാനാണ് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി. മറുനാട്ടില്‍ ജോലി തേടുന്നത് ഒഴിവാക്കാന്‍ ഇതുകൊണ്ട് സാധിക്കുമെന്നും രാജ്യത്ത് നിക്ഷേപം വര്‍ധിക്കുകയും രാജ്യത്ത് വ്യവാസായിക വളര്‍ച്ച ഉണ്ടാവുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം കേരളത്തില്‍ ഇരുമുന്നണികള്‍ക്കും മോദിയോട് അസഹിഷ്ണുതയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്  വി.മുരളീധരന്‍ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് പോകാന്‍ ഉമ്മന്‍ ചാണ്ടിക്ക് സമയം കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍