UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ ക്യൂ എല്ലാ ക്യൂകളും അവസാനിപ്പിക്കാനുള്ള അന്തിമ ക്യൂ- മോദി

Avatar

അഴിമുഖം പ്രതിനിധി

 

നോട്ട് നിരോധനത്തെ ന്യായീകരിച്ചു കൊണ്ട് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികാര നിര്‍ഭരമായ പ്രസംഗം. താന്‍ അഴിമതിക്കെതിരെ പൊരുതുന്നത് ഈ രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടിയാണെന്നും സാധാരണക്കാരാണ് തന്റെ ഹൈക്കമാന്‍ഡെന്നും യു.പിയിലെ മൊറാദാബാദില്‍ നടന്ന പരിവര്‍ത്തന്‍ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ബി.ജെ.പി പരിവര്‍ത്തന്‍ റാലി സംഘടിപ്പിച്ചിരിക്കുന്നത്.

 

അഴിമതി ഒരിക്കലും തനിയെ ഇല്ലാതാക്കില്ല. നമ്മള്‍ അതിനെതിരെ പൊരുതേണ്ടതുണ്ട്. ഒരാള്‍ അഴിമതിക്കെതിരെ പൊരുതുകയാണെങ്കില്‍ അയാള്‍ എന്തെങ്കിലും തെറ്റു ചെയ്യുന്നു എന്നാണോ? ഈ രാജ്യത്തെ ചിലര്‍ തന്നെ അതിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നു എന്നതില്‍ തനിക്ക് അത്ഭുതമുണ്ടെന്നും മോദി പറഞ്ഞു. നോട്ട് നിരോധനം നിലവില്‍ വന്നശേഷം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് പാര്‍ലമെന്റില്‍ മറുപടി പറയണന്നെ് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും മോദി അതിന് തയാറായിട്ടില്ല. പകരം പാര്‍ട്ടി വേദികളാണ് തന്റെ നടപടിയെ ന്യായീകരിക്കുന്നതിന് മോദി ഉപയോഗിക്കുന്നത്.

 

ഈ യുദ്ധം താന്‍ ജനങ്ങള്‍ക്കു വേണ്ടിയാണ് നടത്തുന്നതെന്ന് പറഞ്ഞ മോദി തന്നെ എതിര്‍ക്കുന്നവര്‍ ഇക്കാര്യത്തില്‍ എന്താണ് ചെയ്തതെന്നും ചോദിച്ചു. ഞാനൊരു ഫക്കീറാണ്. എന്റെ ചെറിയ സമ്പാദ്യങ്ങളുമായി ഞാന്‍ കടന്നു പോകും. അദ്ദേഹം പറഞ്ഞു.

 

കള്ളപ്പണം പൂഴ്ത്തിവച്ചിട്ടുള്ളവര്‍ ഇപ്പോള്‍ പാവപ്പെട്ടവരുടെ വീടിനു മുമ്പില്‍ ക്യൂ നില്‍ക്കുകയാണ്, അവരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്. അത്തരത്തില്‍ അഭിമാനമില്ലാത്ത മനുഷ്യര്‍ക്ക് ബാങ്കുകളിലേക്ക് പോകാന്‍ കഴിയില്ല. അതുകൊണ്ടാണ് അവര്‍ പാവപ്പെട്ടവരുടെ വീടുകള്‍ക്കു മുമ്പില്‍ ക്യൂ നില്‍ക്കുകയും അവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത്.

 

പാവപ്പെട്ട ആരുടെയെങ്കിലും അക്കൗണ്ടുകളില്‍ അത്തരം പണം നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അതില്‍ തൊടരുത്. അവര്‍ ആ പണം ആവശ്യപ്പെടുകയാണെങ്കില്‍ അതിനുള്ള തെളിവ് ചോദിക്കണം, ഇത്തരത്തില്‍ ജന്‍ ധന്‍ യോജന അക്കൗണ്ടുകളില്‍ പണം കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളവരെ ശിക്ഷിക്കാന്‍ താന്‍ വഴികള്‍ കണ്ടുപിടിക്കുന്നുണ്ടെന്നും മോദി പ്രസ്താവിച്ചു. സാധാരണ ജനങ്ങളുടെ അധ്വാനവും പരിശ്രമങ്ങളും പാഴായിപ്പോകാന്‍ താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

നോട്ട് നിരോധനത്തനിനു ശേഷം ഇത്രയധികം കഷ്ടപ്പെടേണ്ടി വന്ന കര്‍ഷകരെ താന്‍ സല്യൂട്ട് ചെയ്യുന്നുവെന്ന് പറഞ്ഞ മോദി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം വിളവെടുപ്പ് കൂടിയിട്ടുണ്ടെന്നും അവകാശപ്പെട്ടു.

 

ഈ 21-ആം നൂറ്റാണ്ടില്‍ തന്റെ രാജ്യം ഡിജിറ്റല്‍ ഇന്ത്യയാകാന്‍ റെഡിയാകണമെന്നും മോദി ആവശ്യപ്പെട്ടു. ഇപ്പോള്‍ ജനങ്ങളുടെ ബാങ്ക് അവരുടെ മൊബൈല്‍ ഫോണിലാണ്. ഇപ്പോള്‍ 40 കോടി സ്മാര്‍ട്ട് ഫോണുകള്‍ ഉള്ള ജനങ്ങള്‍ ഇവിടെയുണ്ട്. അത്രയെങ്കിലും പേരുടെ പണമിടപാടുകള്‍ ഓണ്‍ലൈന്‍ വഴിയാകുമെന്നും അഴിമതിക്ക് അവസാനമാകുമെന്നും മോദി പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍