UPDATES

വായന/സംസ്കാരം

ഷെല്‍വി; അക്ഷരങ്ങള്‍ക്ക് വേണ്ടി ജീവന്‍ വെടിഞ്ഞവന്‍

ജീവിതത്തിന്‍റെ നൈമിഷികതയും മരണമെന്ന യാഥാര്‍ഥ്യവും പ്രണയ രഹിതമായ ജീവിതത്തിന്‍റെ നിരര്‍ഥകതയും ബോധ്യപ്പെടുത്തുന്നുണ്ട് ഷെല്‍വിയുടെ കവിതകള്‍

കേരളത്തിന്‍റെ സാംസ്‌കാരിക മണ്ഡലത്തില്‍ സ്വന്തം പേര് കൊത്തിവെച്ച് അകാലത്തില്‍ ജീവിതത്തിന്‍റെ പടികള്‍ ചവിട്ടി സ്വയം ഇറങ്ങിപ്പോയ പ്രതിഭകളുടെ കൂട്ടത്തിലാണ് ഷെല്‍വിയുടെയും സ്ഥാനം. കവിയും ചിത്രകാരനും സംഗീതജ്ഞനും ഒക്കെയായിരുന്ന ഷെല്‍വി പുസ്തക പ്രകാശനരംഗത്തേക്ക് കടക്കുന്നത് പുസ്തകങ്ങളോടും അക്ഷരങ്ങളോടുമുള്ള പ്രണയം കൊണ്ട് മാത്രമാണ്. ഒടുവില്‍ അക്ഷരങ്ങള്‍ക്ക് വേണ്ടി തന്നെ ഷെല്‍വിക്ക് സ്വയം ബലികൊടുക്കേണ്ടിയും വന്നു.

കേരളത്തിലെ പുസ്തക പ്രസിദ്ധീകരണ ശാലകളുടെ കൂട്ടത്തില്‍ ഷെല്‍വിയുടെ മള്‍ബറിയും ഇടം പിടിച്ചത് പെട്ടെന്നായിരുന്നു. മള്‍ബറിയുടെ ജീവാത്മാവും പരമാത്മാവും എല്ലാം ഷെല്‍വി തന്നെയായിരുന്നു. വ്യത്യസ്തവും ആകര്‍ഷകവുമായ നിരവധി പുസ്തകങ്ങള്‍ മള്‍ബറിയില്‍നിന്ന് പുറത്തിറങ്ങിയതോടെ പുസ്തക പ്രേമികള്‍ക്കിടയില്‍ മള്‍ബറി വളരെ വേഗം അംഗീകരിക്കപ്പെട്ടു. എന്നാല്‍ കടബാധ്യതകളില്‍ പെട്ടുലഞ്ഞപ്പോള്‍ പിടിച്ച് നില്‍ക്കാനാവാതെ ഷെല്‍വി ജീവിതത്തിന്‍റെ പടിയിറങ്ങിപ്പോവുകയായിരുന്നു.

ഷെല്‍വി ഓര്‍മയായിട്ടു പതിമൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. മലയാള കവിതാ സാഹിത്യത്തിലും പുസ്തക പ്രസാധന രംഗത്തും ചെറുതല്ലാത്ത സംഭാവനകള്‍ നല്കിയ ഷെല്‍വിയും മള്‍ബറിയും മറവിയുടെ ഓരത്തേക്ക് മാറിപ്പോയിരിക്കുന്നു. ഷെല്‍വിയുടെ ഭാര്യ ഡെയ്സി പറയുന്നതു പോലെ വാക്കുകളെയും എഴുത്തിനെയും വായനയെയും മാറ്റിപ്പണിതവന്‍ എന്ന അര്‍ഥത്തില്‍ ഷെല്‍വി സ്വാതന്ത്ര്യം തന്നെയായിരുന്നു. അക്ഷരങ്ങള്‍ക്കായി സ്വജീവന്‍ ബലികൊടുത്തവന്‍ എന്നാണ് ഷെല്‍വി ഓര്‍മ്മിക്കപ്പെടേണ്ടത്.

അക്ഷരങ്ങളെ ഇത്രയേറെ സ്നേഹിച്ച, കവിതകളും നിറങ്ങളും നിറഞ്ഞ മനസ്സുള്ള ഷെല്‍വി വളരെ കുറച്ചു മാത്രമേ എഴുതിയിട്ടുള്ളൂ. ആള്‍ക്കൂട്ടത്തിലും ഏകാകിയായി അലഞ്ഞ മനസ്സായിരുന്നതുകൊണ്ടാവാം എഴുതിയതൊന്നും പ്രസിദ്ധീകരണത്തിന് അയക്കാനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നില്ല ഷെല്‍വിക്ക്. മള്‍ബറിയില്‍ പത്തുവര്‍ഷത്തിലേറെ പ്രസാധകനായി ജോലിചെയ്തതിന് ശേഷമാണ് ഷെല്‍വി നൊസ്റ്റാള്‍ജിയ, അലൌകികം എന്നീ കവിതാ സമാഹാരങ്ങള്‍ പുറത്തിറക്കുന്നത്. ആനുകാലികങ്ങളില്‍ കുറച്ചു കവിതകള്‍ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ടെങ്കിലും കവിതകള്‍ പ്രസിദ്ധീകരണത്തിന് അയക്കാന്‍ മടിയും ലജ്ജയും ഭയവുമായിരുന്നുവെന്ന് ഷെല്‍വി തന്നെ ഒരു പുസ്തകത്തിന്‍റെ ആമുഖത്തില്‍ പറയുന്നുണ്ട്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘ഷെല്‍വിയുടെ കവിതകള്‍’ എന്ന പുസ്തകം നോസ്റ്റാള്‍ജിയ(1994), അലൌകികം(1998) എന്നീ സമാഹാരത്തിലെ കവിതകളും അപ്രകാശിത രചനകളും ഓര്‍മ്മക്കുറിപ്പുകളും അടങ്ങുന്ന ഷെല്‍വിയുടെ സമ്പൂര്‍ണ്ണ കൃതികളുടെ സമാഹാരമാണ്.

ആരും വഴികാട്ടിയായി ഉണ്ടായിരുന്നില്ല ഷെല്‍വിക്ക്. സ്വയം വെട്ടിയ കവിതയുടെയും വര്‍ണ്ണങ്ങളുടെയും വഴിയിലൂടെ ഏകാകിയായാണ് ഷെല്‍വി സഞ്ചരിച്ചിരുന്നത്. “സാഹിതീയസംസ്കാരം തീരെ സ്പര്‍ശിച്ചിട്ടില്ലാത്ത, കേരളത്തിലെ ഏറ്റവും പുരാതനമായ ഒരു നസ്രാണി കുടുംബത്തിലാണ് എന്റെ ജനനം. ആരും ഒരു വഴികാട്ടിയായി എനിക്കവിടെ ഉണ്ടായിട്ടില്ല. പക്ഷേ പുസ്തകങ്ങളുടെ മണം മൂന്നാം വയസ്സിലെ എനിക്കിഷ്ടമായിരുന്നു എന്നു തോന്നുന്നു.” ഒരു സമാഹാരത്തിന്റെ ആമുഖത്തില്‍ ഷെല്‍വി ഇങ്ങനെ പറയുന്നുണ്ട്.

മലയാള കവിതയെ ഭാവുകത്വത്തിന്‍റെ പുതു വഴിയിലൂടെ നടത്തുകയായിരുന്നു എണ്ണം പറഞ്ഞ കവിതകളിലൂടെ ഷെല്‍വി. ജീവിതത്തിന്‍റെ നിരര്‍ഥകതയും മരണമെന്ന യാഥാര്‍ഥ്യവും ചില കവിതകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. പ്രപഞ്ച സത്യങ്ങള്‍ ഉദ്ബോധിപ്പിക്കുന്ന ഒരു തത്വ ചിന്തകനാകുന്നു ചിലപ്പോള്‍ കവി. ആസ്വാദകരുടെ ഉള്ളിലേക്ക് തുളച്ച് കയറുന്ന തീക്ഷ്ണ ബിംബങ്ങള്‍ കൊണ്ട് ഉള്ളൂലയ്ക്കുന്നു ചിലപ്പോഴത്. ചില കവിതകള്‍ തീവ്രപ്രണയത്തിന്റെ അഗ്നിയും വിഷാദം നിറഞ്ഞ ആത്മഗീതവുമാകുന്നു. ആള്‍ക്കൂട്ടത്തിലെ ആരവങ്ങളായും ഏകാകിയുടെ തീക്ഷ്ണ വ്യഥകളും പങ്ക് വെക്കുന്നു.

മണ്ണിന്‍റെ മുറിവുകളിലിരുന്നു കരയുന്ന തവളകള്‍, ചരിത്രങ്ങളില്‍ നിന്നും വര്‍ത്തമാനങ്ങളില്‍ നിന്നും പറിഞ്ഞു പോരുന്ന ഓര്‍മ്മയുടെ വേര്, ദൈവത്തെപ്പോലെ മിണ്ടാതായ ഭ്രാന്തുവന്ന സല്‍സ്വഭാവി, യാത്രികരുടെ പാദങ്ങള്‍ അവരറിയാതെ കുടിച്ചു തീര്‍ക്കുന്ന നഗരം, വിശുദ്ധ മറിയത്തെ പോലെ വ്യാകുല മിഴികളുമായി കടല്‍ക്കരയിലെ രാത്രി, മുറിവുകളുടെ മഴയെ അതിജീവിക്കുന്ന വാഴയില, നീണ്ട വനയാത്രയ്ക്ക് പോകുന്ന മുറി, രതിയുടെ ഘടികാരത്തിലെ ഒറ്റസൂചി, മെഴുകുടലുള്ള പക്ഷി, സഖാക്കളുറങ്ങാത്ത കാട്, ശത്രുക്കളെത്താത്ത ശാന്തിയുടെ വനാന്തരം, കടലുകാണും മുമ്പെ വരണ്ടുണങ്ങിയ നദി, ഒരു പെണ്ണിന്‍റെ ഹൃദയത്തില്‍ പെയ്ത ആദിമ മഴ, പന്തുരുളാത്ത മൈതാനങ്ങളുടെ ഏകാന്തത, വെയില്‍ വാറ്റിയെടുത്ത നിലാവിന്‍റെ ലഹരി, സര്‍പ്പമായി പുളഞ്ഞു കൊത്തുന്ന വേദന, അക്വേറിയത്തില്‍ ചെറുമീനുകളായി കണ്ടുകിട്ടുന്ന കാണാതായ മുദ്രമോതിരങ്ങള്‍, കക്കത്തോടുകളായി നനഞ്ഞു പൊടിയുന്ന കിനാവുകള്‍, പുലര്‍ക്കാലത്ത് തരുക്കളില്‍ പൊടിമഞ്ഞായി തങ്ങി നില്‍ക്കുന്ന പ്രണയം തുടങ്ങിയ മനോഹരമായ ബിംബങ്ങള്‍ ഷെല്‍വിയുടെ കവിതകളില്‍ കാണാം.

‘ഇലപൊഴിയും കാലം’ എന്ന കവിതയില്‍
ഒരു വാക്ക് പോലും ഉരിയാടാതെ
മറുപടിയില്ലാതെ
മൌനത്തിലാണ്ടുപോകുന്നു
ഈ ഇലപൊഴിയും കാലത്തെ-
സ്നേഹ ബന്ധങ്ങളൊക്കെയും 

എന്നു പറയുന്ന കവി ജീവിതത്തില്‍ നേരിടേണ്ടിവരുന്ന അവജ്ഞകളെയും ഒറ്റപ്പെടലുകളെയും സ്നേഹനിരാസങ്ങളെയും കുറിച്ചാണ് പറയുന്നത്.

ചിലപ്പോള്‍ ഷെല്‍വിയുടെ കവിതകള്‍ പ്രണയവും വിരഹവും കാത്തിരിപ്പും പ്രതീക്ഷയും ദൂതുമാകുന്നു. .
ലില്ലി അവളൊരു ചെടിയും പൂവുമല്ല
ലോകത്തൊന്നിനുമേ അവളാകാനാവില്ല,
അവള്‍ സസ്യങ്ങളുടെ കാവല്‍ മാലാഖ
ഇന്നും പച്ചയായ ആകാശത്തിലെ പറവ
എന്‍റെ അന്നനാളത്തിലെ നീരുറവ
ഞാന്‍ വലിച്ചെടുക്കുന്ന ഈ ശ്വാസം
നിന്‍റെ ഉഛ്വാസം’

(അപ്രത്യക്ഷം)

അവന്റെ ചുരുട്ടിയ മുഷ്ടിക്കുള്ളിലെന്‍
ചതഞ്ഞ പ്രണയത്തിന്‍ ചരമ സന്ദേശം
പ്രേതങ്ങള്‍ മഞ്ഞപ്പുഞ്ചിരി ചാര്‍ത്തി
നിലാവിന്‍ വഴികള്‍ താണ്ടിയെത്തുന്നു
പ്രാണനില്‍
പച്ചകുത്തുന്നു പേക്കിനാക്കള്‍’

(ഇലപൊഴിയും കാലം)

നീ ഏതു വഴിയാണ് വരുന്നത്
കടലിലേക്ക് തുറന്നിട്ട ഈ ജനാലയില്‍
പൊട്ടുകണക്കെ ഒരു കപ്പലെനിക്ക് കാണാം
അതാ, അതും മറയുന്നു.
മുറിക്കുളിലിപ്പോള്‍ കാറ്റിന്‍റെ സംഗീത മേള
കടല്‍ത്തീരം വിജനം.
ഇരവിഴുങ്ങിയ പെരുമ്പാമ്പ് പോലെ
നിലാവും നിശ്ശബ്ദം’
ഏതോ രാജ്യവും നോക്കി
വാതിലിലൊരു മുട്ടും പ്രതീക്ഷിച്ച്
ഞാനിപ്പോഴും കിടക്കുകയാണ്. 

(ആത്മക്കുറിപ്പുകള്‍)

പട്ടം ഞാന്‍ പറത്തിയില്ല
എങ്കിലും, ഓരോ വിനാഴികകളും
എന്‍റെ പട്ടം അവളുടെ ആകാശങ്ങളിലേക്ക്
പറന്നു ചെന്നിട്ടുണ്ട്
നൂലുമുറിയുമ്പോള്‍-
നിന്‍റെ മുഖം, ആ പഴയ മുള്‍ക്കാടുകളില്‍
ഉടക്കിക്കിടക്കുന്നതും
ഞാന്‍ അറിഞ്ഞിട്ടുണ്ട്.

(പട്ടം പറത്തുമ്പോള്‍)

മറവിക്കും മൌനത്തിനുമിടയിലൂടെ
ഒരിക്കല്‍ ഞാനോടിവരും-
നിന്‍റെ സുഗന്ധങ്ങള്‍ ശ്വസിക്കാന്‍
നിന്‍റെ രുചികള്‍ നുണയുവാന്‍ നിന്നിലേക്ക്
പ്രണയത്തിന്‍റെ ബലിശയ്യയിലേക്ക്
എന്നെ നീ സ്വീകരിക്കുക
എന്‍റെ രക്തക്കുഴലുകള്‍ തുറക്കുക
എന്‍റെ ശ്വാസകോശത്തില്‍ നിന്നും
ഏകാന്തമായ കൊടുങ്കാറ്റുകളെ പുറത്തുവിടുക

(സയനോര)

തീവ്രമായ പ്രണയവും ഏകാന്തയും ഈ കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ചിലപ്പോള്‍ കവിയുടെ പ്രണയിനി മൃത്യു തന്നെയോ എന്നു സംശയിച്ചു പോകും. വരുമെന്ന പ്രതീക്ഷയോടെ കവി കാത്തിരിക്കുന്നത് പ്രണയിനിയെയോ മരണത്തെയോ ആകാം. ആള്‍ക്കൂട്ടത്തില്‍ ഒറ്റയായിപ്പോകുന്ന മനുഷ്യന്‍റെ നിസ്സഹായതയും ജീവിതത്തിന്‍റെ പരുക്കന്‍ യാഥാര്‍ത്യങ്ങളില്‍ നിന്നു ഒളിച്ചോടാനുള്ള അഭിനിവേശവും ചില കവിതകളില്‍ കാണാം.

എങ്കിലും എന്‍റെ റോസ് മേരീ
നിനക്കു ഞാനയച്ച കത്തുകള്‍
തിരിച്ചയക്കപ്പെടുകയാണ്
ഒരമ്പും ആവനാഴിയിലേക്ക്
തിരിച്ചയക്കപ്പെടുകയില്ല; എങ്കിലും

(കടല്‍ കത്രീഡ്രല്‍, ഞാന്‍ നിനക്കയച്ച കത്തുകള്‍)
തിരസ്ക്കരിക്കപ്പെടുന്ന പ്രണയത്തേകുറിച്ചോര്‍ത്തുള്ള വ്യഥകള്‍ ഈ വരികളില്‍ കാണാം.

‘നിര്‍ജ്ജീവം’ എന്ന കവിതയില്‍ ഒരു വിരല്‍ത്തുമ്പില്‍ ലോകം ചുരുങ്ങുന്ന കമ്പ്യൂട്ടര്‍ കാലത്തെ കുറിച്ച് ദീര്‍ഘ ദര്‍ശനം ചെയ്യുന്നുണ്ട് കവി. യന്ത്രവത്കൃതമാകുന്ന ലോകത്ത് മനുഷ്യ ബന്ധങ്ങളിലെ ആര്‍ദ്രത നഷ്ടമാകുന്നുണ്ട് പലപ്പോഴും.
ധ്യാനവും മൌനവും കമ്പ്യൂട്ടര്‍ പഠിപ്പിക്കുന്നു
അറുപത്തിനാല് കലകളും പ്രദര്‍ശിപ്പിക്കുന്നു
മോഹിപ്പിക്കുന്നു, കോരിയെടുത്ത് തരിപ്പിക്കുന്നു
ഒരു മാന്ത്രികതയില്‍ മുക്കി കുളിപ്പിക്കുന്നു
ഒടുവില്‍ കുളിപ്പിച്ച് കിടത്തുന്നു
(നിര്‍ജ്ജീവം)

സൈഗാളും പങ്കജ് മല്ലിക്കും മെഹമൂദും ഇളയരാജയും പ്രഭുദേവയും നടരാജനും ബഷീറും ബ്രെയിലും എഴുത്തച്ഛനും കുഞ്ചന്‍ നമ്പ്യാരും ആശാനും വൈലോപ്പിള്ളിയും ഇടശ്ശേരിയും അയ്യപ്പപ്പണിക്കരും സെന്‍ ഗുരുവും ദസ്തയെവ്സ്കിയും ടാഗോറും തോറോവും എം എഫ് ഹുസൈനും സ്നാപകയോഹന്നാനും യേശുവും മറിയവും വാസ്കോഡ ഗാമയും മാവോയും വാന്‍ഗോഗുമൊക്കെ ഷെല്‍വിയുടെ കവിതകളില്‍ നിന്നിറങ്ങിവന്നു വായനക്കാരോട് സംവദിക്കുന്നു. കാലവും ദേശവും അതിരുകളും മാഞ്ഞു പോകുന്നു. സംഗീതവും സാഹിത്യവും തത്ത്വചിന്തയും കമ്മ്യൂണിസവും ചരിത്രവും പെയിന്‍റിംഗുമെല്ലാം കൂടിക്കലര്‍ന്ന് ഒരു കൊളാഷ് പോലെയാകുന്നുണ്ട് കവിതകള്‍.

നിയതമായ ഒരു ചട്ടക്കൂടില്‍ ഒതുങ്ങി നിന്നുകൊണ്ടല്ല ഷെല്‍വി എഴുതിയത്. അന്തര്‍മുഖനായ കവിക്ക് സ്വയം അടയാളപ്പെടുത്തലാകുന്നു കവിത. ജീവിതത്തിന്‍റെ നൈമിഷികതയും മരണമെന്ന യാഥാര്‍ഥ്യവും പ്രണയ രഹിതമായ ജീവിതത്തിന്‍റെ നിരര്‍ഥകതയും ബോധ്യപ്പെടുത്തുന്നുണ്ട് ഈ കവിതകള്‍. മിക്ക കവിതകളിലും വരികള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന മരണത്തോടുള്ള ആഭിമുഖ്യം കാണാം.
ഈ ഭൂമി നിന്‍റെയല്ല
ഈ വീടും നിനക്ക് സ്വന്തമല്ല
ഇന്ദ്രിയങ്ങളുടെ അനാഥഖേദങ്ങളെ
ഗസലുകൊണ്ട് കുളിര്‍പ്പിക്കുന്ന
അല്പനേരങ്ങള്‍…അല്പനേരങ്ങള്‍…അതുമാത്രം

(നട്ടുച്ചയിലെ ഗസല്‍ മരങ്ങള്‍)
ഇങ്ങനെ നൈമിഷികമായ ജീവിതത്തെ കുറിച്ച് കവി നിരന്തരം ഓര്‍മ്മിപ്പിക്കുന്നു.

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് ലേഖിക)

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍