UPDATES

വായന/സംസ്കാരം

പോയട്രി ഇന്‍സ്റ്റലേഷന്‍: വ്യവസ്ഥിതിയുടെ ഒരു ‘മൃഗീയ’ പോസ്റ്റ്‌മോര്‍ട്ടം

Avatar

ജെ. ബിന്ദുരാജ്

അധികാരത്തില്‍ നിന്നാണ് വ്യവസ്ഥിതിയുടെ പിറവി. വ്യവസ്ഥിതി അതിനു തോന്നിയപടിയാണ് പ്രവര്‍ത്തിക്കുക. അധികാരമുള്ളവനൊക്കെ അവനു തോന്നിയരീതിയില്‍ വ്യവസ്ഥിതിയെ സൃഷ്ടിക്കാം, അവന്റെ ആവശ്യങ്ങള്‍ക്കുതകുംവിധം അതിനെ മാറ്റിമറിക്കാം, ഭൂരിപക്ഷ ജനതയുടെ മേല്‍ കുതിര കയറാം. തങ്ങള്‍ക്ക് അധികാരത്തില്‍ തുടരാനും ചൂഷണം നടത്തുവാനും വ്യവസ്ഥിതിയെ മുന്‍നിര്‍ത്തി അധികാരത്തിലിരിക്കുന്നവര്‍ നിയമങ്ങളുണ്ടാക്കും. വ്യവസ്ഥിതിക്കും അധികാരത്തിനും കീഴ്‌പ്പെട്ട് അവര്‍ പറയുന്ന കാര്യങ്ങള്‍ മാത്രം പ്രവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ടവരാണ് ജനത. അവര്‍ക്ക് സംസാരിക്കാനുള്ള വിഷയം വ്യവസ്ഥിതി അനുവദിക്കുന്നതിനപ്പുറം പോകരുത്, അതിനപ്പുറം സംസാരിച്ചാല്‍ അവര്‍ രാജ്യേദ്രോഹികളോ അസാന്മാര്‍ഗികവാദികളോ സാമൂഹ്യവിരുദ്ധരോ ആയി മുദ്ര കുത്തപ്പെടും. സദാചാര കാവല്‍പോരാളികള്‍ അവരെ ഉന്മൂലനം ചെയ്യാന്‍ വെമ്പല്‍ കൊള്ളും. പറയാന്‍ വെമ്പല്‍ കൊള്ളുന്ന വാക്കുകള്‍ക്ക് അവര്‍ വിലങ്ങിടും, കേള്‍ക്കാന്‍ കൊതിക്കുന്ന ചെവികള്‍ ഈയം കൊണ്ടടയ്ക്കും. കത്രികക്കമ്മിറ്റികളും കൈകൂപ്പല്‍ തേടുന്ന നേതാക്കളും ലിംഗവിവേചനത്തിന്റെ ധാരാളിത്തവുമൊക്കെ നമ്മെ ഒറ്റപ്പെടലിന്റെ വ്യഥയില്‍ പൊള്ളിക്കുന്ന നെരിപ്പോടുകളാക്കി മാറ്റുന്നു. വിനോദ് കൃഷ്ണയും സംഘവും കൊച്ചി ദര്‍ബാര്‍ ഹാളില്‍ ഒരുക്കിയ പോയട്രി ഇന്‍സ്റ്റലേഷന്റെ രണ്ടാം സീസണ്‍ ഈ സത്യങ്ങളെയാണ് കവിതയിലൂടെ വലിച്ചുകീറി പുറത്തിട്ട് ‘മൃഗീയമായ’ പോസ്റ്റ്‌മോര്‍ട്ടത്തിനു വിധേയമാക്കുന്നത്.

ദര്‍ബാര്‍ ഹാളിലെ മുറി മരിച്ചു ജീവിക്കുന്നവനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന ശില്‍പകവിതാ സംയോഗമായി മാറി. ഉള്ളുപൊള്ളിക്കുന്ന നാല് കവിതകള്‍ക്ക് ശില്‍പങ്ങളുടെ തീ കൂടിയാകുമ്പോള്‍ ഹാളിനകം ചുട്ടുപൊള്ളാന്‍ തുടങ്ങുന്നു. വിരക്തിയുടെ വേവുന്ന മനസ്സുമായി അവ കാണാനെത്തുന്നവര്‍ക്ക് ആത്മനിരാസത്തിന്റെ വേറിട്ട ലോകമാണത് സമ്മാനിക്കുന്നത്. അവിടെ യുദ്ധ കാഹളങ്ങളുടെ പെരുമ്പറകളില്ല, സമാധാനമെന്ന പ്രഹേളികയുടെ വൈചിത്ര്യങ്ങള്‍ മാത്രമേയുള്ളു. ധര്‍മ്മശാലയില്‍ കഴിയുന്ന ടിബറ്റന്‍ കവി തെസിം സുന്‍ഡേവിന് ധരംശാലയിലെ മഴത്തുള്ളികള്‍ പോലും ബോക്‌സിങ് കൈയുറകള്‍ പോലെയാണ് അനുഭവപ്പെടുന്നത്. മുകളില്‍ നിന്നു മഴത്തുള്ളികള്‍ പോലെ പ്രവഹിക്കുന്ന ബോക്‌സിങ് കൈയുറകളാലുള്ള ഇടികള്‍ക്കിടയിലാണ് സമാധാനത്തിന്റേയും പ്രശാന്തിയുടേയും പ്രതീകമായ ബുദ്ധന്റെ ഇടം. ബുദ്ധന് എന്താണ് തിബറ്റന്‍ ദേശീയതയില്‍ കാര്യമെന്നു ചോദിച്ചേക്കാം. ധര്‍മ്മശാലയിലെ ശാന്തത അവിടത്തെ അഭയാര്‍ത്ഥികളുടെ മനസ്സിലെ നിശബ്ദ സ്‌ഫോടനങ്ങളാണെന്ന് തെളിയിക്കുന്നുണ്ട് തെന്‍സിന്റെ ധരംശാലയില്‍ പെയ്യുമ്പോള്‍ എന്ന കവിത. തിബറ്റിന്റെ സ്വാതന്ത്ര്യം എങ്ങനെയാണ് ജനതയുടെ സ്വാതന്ത്ര്യമാകുന്നതെന്ന ചോദ്യം മനസ്സില്‍ ഉണ്ടായേക്കാം അതിനുള്ള മറുപടി പറയേണ്ടതും നാം ആദ്യം പറഞ്ഞ അധികാരവും വ്യവസ്ഥിതിയും തന്നെയാണ്. വ്യവസ്ഥിതിക്കെതിരെ നിലകൊള്ളാന്‍ അവനെ പ്രേരിപ്പിക്കുന്നത് വാസ്തവത്തില്‍ മാനവികതയില്‍ നിന്നും അകന്ന് ദേശീയതയുടെ ചട്ടക്കൂടുകളിലേക്ക് മനസ്സ് പാകപ്പെട്ടു പോയതിനാലാണ്. ടാഗോറും ടോള്‍സ്‌റ്റോയിയുമൊന്നും പറയേണ്ട ഇടമല്ലല്ലോ അത്.

കനലിടുന്ന ഇസ്തിരിപ്പെട്ടിയാകുന്ന സാധാരണക്കാരന്റെ ജഡം അടക്കം ചെയ്യപ്പെട്ട ശവപ്പെട്ടി കൊണ്ട് ഈ നാടിനെ, ഈ ഭൂമിയെ ഇസ്തിരിയിടണമെന്നാഗ്രഹിക്കുന്ന അജീഷ് ദാസനെന്ന കവിയുടെ കവിത നിറഞ്ഞുനില്‍ക്കുകയാണ് ഒരു മുറിയില്‍. അധികാരകേന്ദ്രങ്ങളെ വണങ്ങി നില്‍ക്കാന്‍ വിധിക്കപ്പെടുകയും മുറിവേല്‍ക്കുമ്പോളും അവയ്‌ക്കെതിരെയൊന്നും പ്രതികരിക്കാതെ വണങ്ങി നില്‍ക്കാന്‍ വിധിക്കപ്പെടുകയും ചെയ്യുന്ന ജനതയുടെ വേദന ഉറഞ്ഞുകൂടിയിരിക്കുന്നുണ്ട് അതില്‍. ഇന്‍സ്റ്റലേഷന്‍ കവിതയുടെ നേര്‍ക്കാഴ്ചയൊരുക്കുന്നു അവിടെ. ഇസ്തിരിപ്പെട്ടിയാകുന്ന ശവപ്പെട്ടിയില്‍ ഉറങ്ങുന്നുണ്ട് ജഡം!

അതേപോലെ ദേശീയതയുടേയും രാജ്യസ്‌നേഹത്തിന്റേയും പ്രകടനാത്മകതയ്‌ക്കെതിരെയുള്ള ചാട്ടുളിയായി മാറുകയാണ് റഫീക്ക് അഹമ്മദിന്റെ ദേശഭക്തിയെപ്പറ്റി ചില വരികള്‍ എന്ന കവിതയും. അതിര്‍ത്തിയിലെ പക്ഷികളുടെ പറക്കല്‍ ഒരു വകതിരിവില്ലായ്മയാണെന്നും അപ്പുറത്തേക്കും ഇപ്പുറത്തേക്കുമുള്ള പറക്കലുകള്‍ അവരുടെ പൗരത്വം പോലും മാറ്റുമെന്നും പറയുക വഴി രാജ്യാതിര്‍ത്തികള്‍ വരച്ച്, ദേശഭക്തി വിപണനം ചെയ്ത് ജീവിക്കുന്നവരെ പാടെ പരിഹസിക്കുന്നു കവി. തോക്കിന്റെ ബയണറ്റുകള്‍ ഒരുക്കിയ ശരശയ്യയില്‍ കിടക്കുന്ന സൈനികന്റെ ജഡത്തിന്റെ തല കൊത്തിപ്പറിക്കുന്ന കഴുകനാണ് ഇന്‍സ്റ്റലേഷന്‍. രാജ്യദ്രോഹമെന്നു പോലും മുദ്ര കുത്തി കവിയെ കഴുവേറ്റാന്‍ മുതിരുന്നവര്‍ക്കിടയിലേക്കാണ് കവിതയുടെ വെടിമുഴക്കമായി റഫീക്ക് അഹമ്മദ് നിലകൊള്ളുന്നത്.

സിനി മാത്യുവിന്റെ ചതുരംഗപ്പലകയിലെ ആരവങ്ങള്‍ ലിംഗാധിപത്യത്തിലെ അധികാരവ്യവസ്ഥയെയാണ് മറ നീക്കുന്നത്. സ്ത്രീയുടെ സ്വത്വം പുരുഷന് അടിയറവ് വച്ചതാണ് ഏത് അധികാരവ്യവസ്ഥയുമെന്നും അധീശത്വത്തിന്റെ ഈ യുദ്ധഭൂമിയില്‍ വിധേയയായി ജീവിക്കേണ്ടവള്‍ മാത്രമാണ് സ്ത്രീ വര്‍ഗമെന്നും കവിത പറയുമ്പോള്‍ പുരുഷ ലിംഗത്തിന്റെ സ്ഥാനത്ത് അധികാരത്തിന്റെ താക്കോലും സ്ത്രീ ലിംഗത്തിന്റെ സ്ഥാനത്ത് അടിമപ്പെട്ടവളുടെ താഴും ഇന്‍സ്റ്റലേഷനില്‍ ഒരുക്കിക്കൊണ്ട് വിനോദ് കൃഷ്ണയും കൂട്ടരും അത്ഭുതപ്പെടുത്തുന്നു കാണികളെ, കേള്‍വിക്കാരെ! 

ജോയ് മാത്യുവാണ് തെന്‍സിന്റെ കവിത ആലപിച്ചിരിക്കുന്നതെങ്കില്‍ മറ്റ് കവിതകളൊക്കെ തന്നെയും കവികള്‍ തന്നെ പാടുന്നു. ഇന്‍സ്റ്റലേഷന്‍ ഡയറക്ടറായ വിനോദ് കൃഷ്ണയ്‌ക്കൊപ്പം പ്രശസ്ത സൗണ്ട് ഡിസൈനറായ രംഗനാഥ് രവി ശബ്ദശില്‍പമൊരുക്കിയപ്പോള്‍ ഷാരോണ്‍ ഫിലിപ്പ് കല കൈകാര്യം ചെയ്തു. വിനയന്‍, ധന്യാ കെ വിളയില്‍, ഷഹ്ന, സമിറുദ്ദീന്‍, രവീന്ദ്രനാഥ് തുടങ്ങിയവരൊക്കെയായിരുന്നു മുഖ്യ അണിയറക്കാര്‍. ജൂണ്‍ 15ന് നാലു മണിക്ക് പോയട്രി ഇന്‍സ്റ്റലേഷന് ദര്‍ബാര്‍ ഹാളില്‍ കൊടിയിറങ്ങുമ്പോള്‍ കാഴ്ചക്കാരുടെ മനസ്സില്‍ പുതിയ കലാപചിന്തകളുടെ കൊടിയുയരുകയാണെന്നതാണ് വാസ്തവം. മൗനവാല്‍മീകത്തില്‍ നിന്നും ബ്രൂട്ടല്‍ പോയട്രിയുടെ കരുത്തിലേക്കുള്ള കവിതയുടെ ഈ പ്രവാഹത്തിന് ശില്‍പങ്ങളുടെ അകമ്പടി ഒരു പടപ്പുറപ്പാടു പോലെയാണ് തോന്നുന്നത്.

(ഇന്ത്യാ ടുഡേ മുൻ അസിസ്റ്റന്റ് എഡിറ്ററും സ്മാർട്ട് ഡ്രൈവ് ഓട്ടോമൊബൈൽ മാസികയുടെ എഡിറ്ററുമാണ് ലേഖകൻ) 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍