UPDATES

ന്യൂസ് അപ്ഡേറ്റ്സ്

​കെട്ടകാലത്തെ കുടയുന്നു ഈ കവിതാവിന്യാസങ്ങൾ

Avatar

പി.സനിൽകുമാർ

‘ചീത്തകാലങ്ങളിൽ കവിതയുണ്ടാകുമോ” എന്ന് ചോദിച്ച ബെർതോൾട് ബ്രെഹ് ത് തന്നെ അതിന് പറഞ്ഞ മറുപടി പ്രശസ്തമാണ്. ‘ഉവ്വ്, ചീത്ത കാലങ്ങളെക്കുറിച്ചുള്ള കവിത”

ജീവിതത്തിന്റെ അടിവേരുകൾ ഇളകുമ്പോൾ ഏത് കനപ്പെട്ട ചോദ്യവും ചോദിക്കാൻ പാവപ്പെട്ടവർ പ്രാപ്തരാവുന്നതു പോലെയാണ് ചീത്തകാലങ്ങളെ കുറിച്ചുള്ള കവിതകളും. ഇത് കെട്ട കാലമത്രേ. എല്ലാ ചെറുവെളിച്ചങ്ങളും കെട്ടുപോയ കാലം. അപ്പോഴും വൃത്തവും വൃത്തിയും നിറഞ്ഞ കവിതകളും ത്രസിപ്പിക്കുന്ന സാഹിത്യവും മാത്രമെഴുതി പിഴച്ചുപോകുന്നവർ, വഴിപിഴപ്പിക്കുന്നത് ഒരു സമൂഹത്തെയാണ്.  പ്രതിപക്ഷത്തിരിക്കേണ്ട കലാകാരന് \ കലാകാരിക്ക് എത്ര നല്ല അച്ഛാ ദിനുകളെയും നൂലിഴ കീറാതെ മുന്നോട്ട് പോകാനാവില്ല. കണ്ണഞ്ചിപ്പിക്കുന്ന നിറക്കൂട്ടിന് പിന്നിലെ ഇരുട്ടിനെ പുറത്തെടുത്ത് കാട്ടേണ്ടയാളാണ് കലാകാരൻ.

അരുതായ്മകളുടെ ഇന്നിന് വേണ്ടത് ‘അവിശുദ്ധ സാഹിത്യ”മാണ്.  കൊള്ളരുതായ്മകളെ വലിച്ചുകീറിയൊട്ടിക്കുന്ന ഉള്ള് പൊള്ളിക്കുന്ന സൃഷ്ടികൾ. ‘അവിശുദ്ധ കവിത’യെക്കുറിച്ച് പാബ്‌ളോ നെരൂദ പറയുന്നതിങ്ങനെ; ‘അമ്ളം കൊണ്ടെന്ന പോലെ കൈപ്പെരുമാറ്റം കൊണ്ട് തേയ്മാനം വന്ന, വിയർപ്പും പുകയും നിറഞ്ഞ, ലില്ലിപ്പൂവും മൂത്രവും മണക്കുന്ന, നിയമമനുസരിച്ചും അല്ലാതെയും നാം ചെയ്യുന്ന കാര്യങ്ങളുടെ വൈവിധ്യം ചാർത്തുന്ന കവിത”. ആ കവിത വെറുതെയിരുന്ന് കേൾക്കാനോ വായിക്കാനോ ഉള്ളതല്ല. പൊള്ളാനും കൊള്ളാനും കൂടിയുള്ളതാണ്. കവിതയ്ക്കൊരു ശരീരമുണ്ട്. അനേകം ചില്ലകളുള്ള മരമാണതിന്റെ ശരീരം.

അരാഷ്ട്രീയതയും നിഷ്‌കളങ്കതയും നടിക്കാൻ ഇന്ന് കവിക്ക് പ്രയാസമാണ്. ജനാധിപത്യത്തിനും സാംസ്‌കാരിക സംവാദത്തിനും സക്രിയമായ മതേതരത്വത്തിനും വേണ്ടി, മതമൗലിക വാദങ്ങൾക്കും വംശമഹിമാവാദങ്ങൾക്കും പുരുഷാധികാരത്തിനും ഗോത്രജനതയുടെ മേലുള്ള ഇതരവിഭാഗങ്ങളുടെ അധിനിവേശത്തിനും പൊതുസമ്പത്തിനും പൊതുജ്ഞാനത്തിനും മേലുള്ള കുത്തകാവകാശങ്ങൾക്കും ആഗോളീകരണം കൊണ്ടുവരുന്ന ഏകഭാഷാധീശത്വത്തിനും സ്വത്വനഷ്ടത്തിനും സ്മൃതിലോപത്തിനുമെതിരെ ശബ്ദിക്കണം കവിത. സത്യസന്ധനാ(യാ)യ ഒരു കവിക്കും ഇന്ന് നീതിയുടെ പക്ഷം, ഇരയുടെ പക്ഷം, പിടിക്കാതിരിക്കാനാവില്ലെന്ന സച്ചിദാനന്ദന്റെ ഈ നിരീക്ഷണങ്ങളോട് അടുത്തുനിൽക്കുന്നു അജീഷ് ദാസന്റെ ‘ദേശീയമൃഗ”വും എസ്.കലേഷിന്റെ ‘ശബ്ദമഹാസമുദ്ര”വും.

വായിക്കാനും കേൾക്കാനും മാത്രം സാധിച്ചിരുന്ന കവിതയിൽ നിന്ന് പുതിയൊരു കല പിറക്കുകയാണ്. പുതുമഴയിൽ പൊട്ടിയ ഈ നാമ്പിന് ആയിരം നാവ്,​ പതിനായിരം കണ്ണ്. വാക്കുകളായും വരികളായും അച്ചടിമഷി പുരണ്ട കവിതയെ ശബ്ദകലയിലേക്കും ശിൽപ്പകലയിലേക്കും പറിച്ചുനടുകയാണ് ഒരുകൂട്ടം ചെറുപ്പക്കാർ. പോയട്രി ഇൻസ്റ്റലേഷൻ എന്ന ഈ പുത്തൻ കലാവിന്യാസം കവിതാസ്വാദനത്തെ പുതിയ മേച്ചിൽ പുറങ്ങളിൽ മേയാൻ വിടുന്നു. 
കൊച്ചി ദർബാർ ഹാളിൽ ഒരുക്കിയിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ (ലോകത്തിലെ തന്നെയും) പോയട്രി ഇൻസ്റ്റലേഷൻ വ്യവസ്ഥാപിത കവിതയുടെ കുടഞ്ഞെറിയലാണ്. കാലം ആവശ്യപ്പെട്ട കവിതകളുടെ ശബ്ദശിൽപ്പ രൂപവിന്യാസങ്ങൾ. ഇനി കവിത വായിക്കാം,​ കേൾക്കാം,​ കാണാം,​ തൊടാം !

അജീഷ് ദാസന്റെ ദേശീയമൃഗം, എസ്.കലേഷിന്റെ ശബ്ദമഹാസമുദ്രം എന്നീ കവിതകളാണ്  പോയട്രി ഇൻസ്റ്റലേഷനായി അവതരിപ്പിക്കപ്പെട്ടത്. നർത്തകിയും ആക്ടിവിസ്റ്റുമായ മല്ലിക സാരാഭായ് ഉദ്ഘാടനം ചെയ്ത പോയട്രി ഇൻസ്റ്റലേഷന്റെ സൗന്ദര്യവും രാഷ്ട്രീയവും കണ്ടെത്തുകയാണ് ഇവിടെ.

കുതിരയെന്ന ദേശീയമൃഗം 

സർട്ടിഫിക്കറ്റൊന്നും ഇല്ലാത്തതിനാൽ പെൻഷന് അപേക്ഷിക്കാതിരുന്ന, സ്വാതന്ത്ര്യ സമരസേനാനികൾ പൂർവികരായിട്ടുള്ള കുതിര സ്വയം പ്രഖ്യാപിക്കുന്നു, ഞാൻ ദേശീയമൃഗമാണെന്ന്. ആന, കഴുത, ജിറാഫ്, മയിൽ, പന്നി, സിംഹം എല്ലാവരും കുതിരയ്ക്ക്‌ ചുറ്റും കൂടി. എന്റെ മുത്തച്ഛൻ ഗാന്ധിയെ തൊട്ടിട്ടുണ്ട്, അച്ഛൻ ഗാന്ധിയെ കണ്ടിട്ടുണ്ട്. മാന്യമൃഗങ്ങളേ നിങ്ങളീ ഉപ്പുസത്യാഗ്രഹം എന്ന് കേട്ടിട്ടില്ലേ. എന്റെ മുത്തച്ഛൻ എന്റെ അച്ഛനോടും അച്ഛൻ എന്നോടും വിവരിച്ച സംഭവകഥയാണിത്. വരിവരിയായി നിന്ന് ഇന്ത്യക്കാർ ചുമ്മാതെ ബ്രിട്ടീഷുകാരുടെ മുട്ടൻവടി കൊണ്ട് അടിയേറ്റ് പിടഞ്ഞുവീഴുന്ന കാലം. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ എല്ലാവരും ചോരയൊലിപ്പിച്ച് കിടക്കുന്നത് കണ്ട് എന്റെ മുത്തച്ഛൻ കുതിരക്ക് സഹിക്കാനായില്ല. പുള്ളിക്കാരന്റെ മുതുകത്ത് ഗമയോടെ ഇരുന്ന് മർദ്ദനത്തിന് നേതൃത്വം നൽകുന്ന സായിപ്പിനെ കുടഞ്ഞ് താഴെയിടുകയും പിൻകാലുകൊണ്ട് മോന്തക്കിട്ട് തൊഴിക്കുകയും ചെയ്തത്രേ. ഇതുകണ്ട് സമരക്കാർ ഗാന്ധി കീ ജയ്, കുതിര കീ ജയ്, ഭാരത് മാതാ കീ ജയ് എന്ന് ആവേശത്തോടെ വിളിച്ചെഴുന്നേറ്റത്രേ. എന്തൊരു വീമ്പു പറച്ചിലെന്ന് കൂട്ടുമൃഗങ്ങൾ പരസ്പരം പറയുമ്പോൾ താനൊരു സമരഭൂമിയിലാണെന്നോർത്ത് കുതിര രോമാഞ്ചം കൊണ്ടു. അജീഷ് ദാസന്റെ ദേശീയമൃഗം എന്ന കവിത ഇങ്ങനെയാണ് കുളമ്പടിച്ച് പോകുന്നത്.

കുതിച്ചുപായുന്നതും രണ്ടായി പിളർന്നതുമായ ഒരു കുതിരയാണ് ഇൻസ്റ്റലേഷനിലെ ശിൽപ്പം. ജീവനുള്ള കുതിരയുടെ അതേ വലിപ്പം. കവിയുടെ ശബ്ദത്തിലുള്ള കവിതാലാപനം. പശ്ചാത്തലത്തിൽ കുളമ്പൊടിയൊച്ചകൾ, ഗാന്ധി സൂക്തങ്ങൾ, സ്വാതന്ത്ര്യസമരം,​ ബ്രിട്ടീഷ് പട്ടാളക്കാരുടെ മർദ്ദനം.. എന്നിവ കേൾക്കാം. ദേശീയതയുടെ പേരിലുള്ള വമ്പു പറച്ചിലിനെതിരായ കാവ്യപരിഹാസമാണ് ദേശീയമൃഗം. അച്ഛൻ ആനപ്പുറത്ത് കയറിയിരുന്നേൽ എനിക്കും തഴമ്പുണ്ടായേനെ എന്ന് വീമ്പടിക്കുന്ന നവമനുഷ്യർക്കുള്ള കൊട്ട്. പാരമ്പര്യത്തേയും സംസ്കൃതിയേയും നിക്ഷിപ്ത താത്പര്യത്തിന് ഉപയോഗിക്കുന്നതിന് എതിരെയുള്ള താക്കീത്. ഹിന്ദുവല്ലാത്തവർ, യോഗ ചെയ്യാത്തവർ പാകിസ്ഥാനിലേക്ക് പോയ്ക്കോളൂ എന്ന് തീട്ടൂരമിറക്കുന്ന വർഗീയവിഡ്ഢികൾക്ക് കവി നൽകുന്നൂ ഒരു കുന്തി കുതിരച്ചാണകം. ദേശീയതയും രാജ്യസ്നേഹവും പറഞ്ഞാൽ ഇനം തിരിയുകയും മനുഷ്യത്വം ഇല്ലാതാകുകയും അയൽരാജ്യങ്ങളെ നിതാന്ത ശത്രുക്കളായി കാണുകയും ചെയ്യുന്നവരുടെ കാലം. ആ കുതിര കുളമ്പടിച്ച് വരുന്നത് നമ്മുടെ ഹൃദയങ്ങളിലേക്കാണ്. കടിഞ്ഞാൺ പിടിച്ചില്ലെങ്കിൽ സർവ മനുഷ്യരേയും പിൻകാലിന് തൊഴിച്ച് ആ ദേശീയമൃഗം കുതിച്ച് പോകും. ഇന്നേ തിരിച്ചറിഞ്ഞില്ലെങ്കിൽ പിന്നീടാർക്കും പിടിച്ചുകെട്ടാനാകാത്തത്ര വലിപ്പത്തിൽ വളരും. പിന്നെ ജനാധിപത്യമെന്ന വ്യാജേന ഏകാധിപത്യത്തിന്റെ തേരോട്ടമാകും.

ശബ്ദമഹാസമുദ്രത്തിൽ പെട്ടൊരാൾ

സ്വന്തം ശബ്ദത്തെ വെറുത്തൊരു മനുഷ്യൻ നിശബ്ദനാകുമ്പോൾ നിരവധി ചെറുശബ്ദങ്ങൾ അയാൾക്കുള്ളിലേക്ക് നിറയുകയാണ്. അയയിൽ ഉണക്കാനിട്ട ഷർട്ടിൽ വെയിൽ വീഴുമ്പോൾ നൂലുകളോട് ബട്ടണുകൾ പറയുകയാണ് തുന്നൽക്കാരിയുടെ ചുളിയൻ വിരലുകളെ കുറിച്ചും അവ കടന്നുപോയ കടുപ്പനേകാന്തകളെ കുറിച്ചും. ഇരിപ്പിടങ്ങളില്ലാതായ കിളികൾ ടവറുകളിൽ നിന്ന് ടവറുകളിലേക്ക് പായുമ്പോൾ ചെവികളിലേക്ക് പായുന്ന സിഗ്നലുകൾ പിളർക്കൊക്കിൽ കൊത്തിമുറിക്കുന്ന ശബ്ദം. രാത്രിയുടെ ജനാലകളിൽ നിന്നുള്ള മരിച്ചവരുടെ അടക്കംപറച്ചിലുകൾ. ദേശാടനക്കിളികൾ തൂവലുകളിൽ കടൽകടത്തുന്ന മഴ-മഞ്ഞ് വിത്തുകളെ വെയിൽച്ചീളുകൾ കീറിവിതയ്ക്കുന്ന ശബ്ദം സൂര്യനിൽ നിന്ന്. ആർത്തവ ദിനങ്ങളിലെ പെണ്ണുങ്ങൾ തോലുരുകിയ തുടകൾക്കിടയ്ക്ക് വീടിനെ ഇറിക്കിപ്പിടിച്ച് നടന്നുവന്ന് രക്തംപുരണ്ട പിടപ്പ് ഇളക്കിയെടുക്കുന്ന ശബ്ദം ഇരുളൻമുറികളിൽ നിന്ന്.. നിശബ്ദനാകുമ്പോൾ മാത്രം കേൾക്കാനാകുന്ന ഇത്തരം ചെറുശബ്ദങ്ങളുടെ മഹാസമുദ്രത്തിൽ അയാൾക്ക് നിലതെറ്റുന്നു. ആ ചെറുശബ്ദങ്ങളുടെ മഹാസമുദ്രത്തിലെ അനേകം രഹസ്യരന്ധ്രങ്ങളിൽ മുളച്ചുവന്ന ഉപ്പുചുഴികളിൽ അയാൾ ആണ്ടുപോകുമോ? പത്തേമാരികളെ കാത്തുകിടക്കുന്ന ആ ചുഴികളെ കാണിച്ചാണ് കലേഷിന്റെ ശബ്ദമഹാസമുദ്രം അവസാനിക്കുന്നത്.

ചുറ്റും കോളാമ്പികൾ കെട്ടിവച്ച മൈക്ക് പൊട്ടിച്ച് പൊന്തിവരുന്ന മനുഷ്യനാണ് ഇൻസ്റ്രലേഷനിലെ കവിതാശിൽപ്പം. കേൾക്കാതെ പോയതും കേൾക്കേണ്ടതുമായ ശബ്ദങ്ങളുടെ സാഗരമാകുന്നു ഈ കവിത. ശബ്ദം ഒരധികാരമാണ്. പട്ടാള പരിശീലന ക്യാമ്പുകളിൽ ഉച്ചത്തിൽ ശബ്ദിക്കുന്നയാളെ ലീഡറാക്കുന്നത് കണ്ടിട്ടില്ലേ. വലിയവരുടെ വലിയ ഒച്ചകളിൽ ചതഞ്ഞരയുന്ന ചെറുശബ്ദങ്ങളെ കേൾക്കണമെങ്കിൽ നല്ല ശ്രദ്ധ വേണം. ചുറ്റും കോളാമ്പികൾ മാത്രമാണ്. കേൾക്കാൻ മാത്രം വിധിക്കപ്പെട്ടവർ. നമ്മോട് പറയുന്നവരോട് നമുക്കും പറയാനുണ്ടെന്ന് അറിയിക്കാൻ എന്താണ് വഴി. എന്തും പറയാനുള്ള ഒരു മൈക്കും പറഞ്ഞതെല്ലാം കാതടിപ്പിക്കുന്ന ഒച്ചയിൽ കേൾപ്പിക്കാനുള്ള കോളാമ്പിയും ഉണ്ടെങ്കിൽ ആരെയും ഭരിക്കാമെന്നാണ് പുതിയ കാലത്തെയും നാട്ടുനടപ്പ്. അധികാരികളുടെ വാക്ധോരണികൾ കേട്ട് മതിയായി. ഇനി ഞങ്ങളെ കേൾക്കൂവെന്ന് തെരുവുകളും ചെറുകൂട്ടങ്ങളും വിളിച്ചുപറയുന്നു. അവരിൽ നിൽപ്പ് സമരക്കാരുണ്ട്, ഇരിപ്പ് സമരക്കാരുണ്ട്, ഫാസിസത്തിനെതിരായ ചുംബന സമരക്കാരുണ്ട്, എഫ്ടിഐഐ വിദ്യാർത്ഥികളുണ്ട്, അരിപ്പക്കാരും മൂലമ്പിള്ളിക്കാരുമുണ്ട്. ആറുവരി നിരത്തുകളിലൂടെ പാഞ്ഞുപോകുന്നവരെ വരൂ,​ തെരുവിലെ രക്തം കാണൂവെന്ന് ഉദ്ഘോഷിക്കുന്നു ഈ കവിതാവിന്യാസം. 


രാഷ്ട്രീയ പ്രതിരോധം

കവിതയുടെ കലാപരത കണ്ടെത്തുകയല്ല, കവിതയിലൂടെ കലാപം സൃഷ്ടിക്കുകയാണ് ഇൻസ്റ്റലേഷനിലൂടെ ചെയ്തിരിക്കുന്നതെന്ന് പോയട്രി ഇൻസ്റ്റലേഷന്റെ ആശയവും ആവിഷ്കാരവും നിർവഹിച്ച വിനോദ് കൃഷ്ണ പറഞ്ഞു. അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ‘മയ്യൻകാലം” സിനിമയ്ക്ക് ശേഷം അടുത്ത സിനിമയെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു. അത് നടക്കാതെ വന്ന സമയത്താണ് ദേശീയമൃഗവും ശബ്ദമഹാസമുദ്രവും വായിച്ചത്. വാക്കുകളിൽ നിന്നും വാനിലേക്കുയരുന്ന ബിംബങ്ങളുടെ അക്ഷയഖനികളായി തോന്നി ഈ കവിതകൾ. സാഹിത്യഭംഗിയേക്കാൾ ഫാസിസത്തിനെതിരായ രാഷ്ട്രീയ പ്രതിരോധത്തിന്റെ വിത്തുകളാണ് കവിതയിൽ കൂടുതലെന്ന് തുടർവായനകളിൽ മനസിലായി. അങ്ങനെയാണ് ഇൻസ്റ്റലേഷനെ കുറിച്ച് ആലോചിക്കുന്നത്. രണ്ട് കവിതകളും അതിന്റെ ശബ്ദശില്പ രൂപങ്ങളും ചേർന്ന് സൃഷ്ടിക്കുന്ന കലയുടെ ഒറ്റ ലോകം സൃഷ്ടിക്കാനായി കൊച്ചിയിൽ യുവാക്കൾ ഒത്തുചേർന്നു.

ആഴ്ചകൾക്കുള്ളിൽ തന്നെ ആശയാവിഷ്കാരത്തിന് ശ്രമം തുടങ്ങി. ഇൻസ്റ്റലേഷനായുള്ള ശബ്ദങ്ങൾ തേടി നടന്നപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഒരു സത്യമറിഞ്ഞത്. രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ഒറ്റ രാഷ്ട്രീയ പ്രസംഗങ്ങൾ പോലും കിട്ടാനില്ല. ഗൂഗിളിലും യുട്യൂബിലും തിരഞ്ഞിട്ട് കിട്ടില്ലെന്നായപ്പോൾ ദേശീയ ആർക്കൈവ്സിലും ആകാശവാണിയിലും ദൂരദർശനിലും അന്വേഷിച്ചു. ഗാന്ധിയുടെ ശബ്ദമുണ്ട്, രാഷ്ട്രീയ പ്രസംഗങ്ങളില്ലെന്നായിരുന്നു മറുപടി. ഗാന്ധിജി നടത്തിയ മതപ്രസംഗങ്ങളും ഭജനയും മാത്രമേ ഔദ്യോഗിക കേന്ദ്രങ്ങളിലുള്ളൂ. എന്നാൽ, ഗോഡ്സെയുടെ പ്രസംഗങ്ങൾ കിട്ടാനുമുണ്ട്. പിന്നീട്, ആറ്റൻബറോയുടെ ഗാന്ധി സിനിമയിലെ ഓഡിയോയാണ് കലാവിന്യാസത്തിന് ഉപയോഗിച്ചത്.

ഫാസിസം ശബ്ദമായും നിശബ്ദമായും പിന്നിലൂടെയും മുന്നിലൂടെയും പലവഴിയിൽ പലതരത്തിൽ വരുന്നതിന്റെ സൂചനയാണിത്. ഇത്തരം പ്രതിലോമതകൾക്കെതിരെ അജയ്യമായ കവിത കൊണ്ടുള്ള പ്രതിഷേധമാണ് ഇൻസ്റ്റലേഷൻ. അടിയന്തരാവസ്ഥയുടെ നാൽപ്പതാണ്ട് പൂർത്തിയായ കാലത്താണല്ലോ നമ്മൾ. വീണ്ടുമൊരു നിശബ്ദ അടിയന്തരാവസ്ഥയ്ക്ക് അണിയറയിൽ ഒരുക്കങ്ങൾ നടക്കുന്നുമുണ്ട്. പ്രതിരോധം ഇന്നല്ലെങ്കിൽ പിന്നെയില്ലെന്ന് എല്ലാവരെയും ഓർമ്മിപ്പിക്കാനുള്ള ശ്രമം. തെരുവുസമരങ്ങളെ പോലെ, ചിലപ്പോൾ അതിനേക്കാൾ മുകളിൽ ഫലമുണ്ടാക്കാനുള്ള കഴിവുണ്ട് കലയ്ക്കും കവിതയ്ക്കും. കലാകാഴ്ചയുടെ ഓർമ്മകൾ ദീർഘകാലം ജനങ്ങളുടെ മനസിലുണ്ടാകും. അത് സ്വപ്നത്തിലും ഉണർവിലും വന്ന് വേട്ടയാടുമ്പോൾ മിണ്ടാതിരിക്കാനാവില്ല.

സ്വതന്ത്രമായ മൂന്ന് കലകളുടെ സമ്മിശ്രണത്തിലൂടെ പുതിയൊരു കവിതയുടെ പിറവിയാണ് ഇൻസ്റ്റലേഷൻ കൊണ്ട് ഉദ്ദേശിച്ചത്. ലിംക ബുക്ക് ഒഫ് റെക്കോഡ് അധികൃതർ വിശദവിവരങ്ങൾ തേടിയിട്ടുണ്ട്. അവർ അംഗീകരിച്ചാൽ ലോകത്തിലെ തന്നെ ആദ്യ കവിതാപ്രതിഷ്ഠാപന കല നടത്തിയെന്നതിലും കേരളത്തിന് അഭിമാനിക്കാമെന്നും വിനോദ് പറഞ്ഞു.

ബോളിവുഡ് സൗണ്ട് ഡിസൈനറും മലയാളിയുമായ രംഗനാഥ് രവി ശബ്ദമിശ്രണവും ഗബ്രിയേൽ ജോർജ് കലാ സംവിധാനവും നിർവഹിച്ചു. അഡ്വ.പി.രവീന്ദ്രനാഥാണ് പ്രൊജക്ട് ഡിസൈനർ. 27 വരെ രാവിലെ 10 മുതൽ ഏഴു വരെയാണ് പ്രദർശനം. ഉടലുണ്ടാവുന്നതിലല്ല,​ കാതലുള്ള ഉള്ള് ഉണ്ടാകുന്നതിലാണ് കാര്യം. വലിപ്പമല്ല,​ പ്രവൃത്തിയാണ് ചരിത്രം ഓർക്കുകയെന്ന് സൗമ്യമായി വിളിച്ചുപറയുന്നു ഈ പോയട്രി ഇൻസ്റ്റലേഷൻ.​

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച പി സനില്‍കുമാറിന്‍റെ മറ്റ് ലേഖനങ്ങള്‍

ദ്രാവിഡോന്മാദം കാവു തീണ്ടുമ്പോൾ
ഉമ്മകളുടെ പൂമരക്കാട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍