UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി പാര്‍ലമെന്റില്‍ പറയാതെ വിട്ട 6 കാര്യങ്ങള്‍

Avatar

ടീം അഴിമുഖം

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞുകൊണ്ട് വ്യാഴാഴ്ച്ച ലോകസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ മറുപടി പ്രസംഗം ഉപമയും ഉത്പ്രേക്ഷയും പ്രതിപക്ഷത്തിനുള്ള കൊള്ളിവാക്കുകളും നിറഞ്ഞതായിരുന്നു.

ചതുരനായ തെരഞ്ഞെടുപ്പ് പ്രചാരകനായ മോദി പ്രതിപക്ഷ കക്ഷികളുടെ ദൌര്‍ബല്യങ്ങളെ ആക്രമിച്ചു. അദ്ദേഹം പഴയ പ്രധാനമന്ത്രിമാരായ നെഹ്രു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരെയൊക്കെ ഉദ്ധരിച്ചാണ് പ്രതിപക്ഷത്തോട് സംസാരിച്ചത്.

പക്ഷേ മുഴച്ചുനില്‍ക്കുന്നത് മോദി പറഞ്ഞതല്ല, പറയാത്തതാണ്.

ഇതൊക്കെക്കൂടി മോദി പറഞ്ഞിരുന്നെങ്കില്‍ എന്നു  ഞങ്ങള്‍ ആഗ്രഹിക്കുകയാണ് :

കള്ളപ്പണം

സര്‍ക്കാരിനെതിരെ കള്ളപ്പണ വിഷയത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ ‘ഫെയര്‍ ആന്‍ഡ് ലവ്ലി’ പരിഹാസത്തിന് പ്രധാനമന്ത്രിക്ക് മറുപടി പറയാമായിരുന്നു. എന്നാല്‍ ഈ അത്ര ശരിയല്ലാത്ത ഈ ആരോപണത്തെ തകര്‍ക്കാന്‍ വിശാലമനസ്കത കൊണ്ടായിരിക്കും അദ്ദേഹം ശ്രമിച്ചതേയില്ല. ലക്ഷക്കണക്കിനു കോടി രൂപയുടെ കള്ളപ്പണം- ഇന്ത്യക്കാര്‍ക്കവകാശപ്പെട്ട- രാജ്യത്തു തിരികെക്കൊണ്ടുവരാന്‍, അങ്ങനെ 2014-ലെ തെരഞ്ഞെടുപ്പുകാലത്ത് അദ്ദേഹം വാഗ്ദാനം നല്കിയപ്പോലെ നമ്മുടെ ഓരോരുത്തരുടെയും ബാങ്ക് എക്കൌണ്ടുകളില്‍ 15 ലക്ഷം രൂപ ഉറപ്പുവരുത്തുന്നതിനായി തന്റെ സര്‍ക്കാര്‍ എടുത്ത നടപടികളെക്കുറിച്ച് അദ്ദേഹം നിശബ്ദനായിരുന്നു. ഇതിന് എന്തെങ്കിലും നടപടി അദ്ദേഹത്തിന്റെ സര്‍ക്കാര്‍ എടുത്തുകാണും. പക്ഷേ അത്ര ഘോഷിക്കണ്ട എന്നു എന്തുകൊണ്ടോ അദ്ദേഹം തീരുമാനിച്ചു.

ജെ എന്‍ യുവും രാജ്യദ്രോഹവും

ജെ എന്‍ യുവിലെ ദേശദ്രോഹവും ദേശവിരുദ്ധ മുദ്രാവാക്യങ്ങളും സംബന്ധിച്ച കേസിനെക്കുറിച്ചും പ്രധാനമന്ത്രി മൌനം പാലിച്ചു; ഒരു വ്യാജ ട്വീറ്റിന്റെ പേരില്‍ ഹാഫിസ് സയിദിന്റെ പങ്ക് അതിലുണ്ടെന്നതിന് ആഭ്യന്തര മന്ത്രിയും ഡല്‍ഹി പോലീസും പറഞ്ഞ ആ കേസ്. വാസ്തവത്തില്‍ ആ മുദ്രാവാക്യങ്ങള്‍ വിളിച്ചവരെ (ചില കാശ്മീരി വിദ്യാര്‍ത്ഥികള്‍) ഇതുവരെ പിടികൂടാത്തതുകൊണ്ടാകാം അദ്ദേഹം ആ വിഷയം പരാമര്‍ശിക്കാഞ്ഞത്. മറ്റാരെങ്കിലും മുദ്രാവാക്യം മുഴക്കിയതിന് കനയ്യ കുമാറും ഉമര്‍ ഖാലിദും ഉത്തരവാദികളാകുന്നതെങ്ങനെ? ഒരിക്കല്‍ക്കൂടി ആ വിഷയത്തില്‍ നിശബ്ദനാകാനാണ് മോദി തീരുമാനിച്ചത്. ഇത്തരം ചെറിയ കാര്യങ്ങളൊക്കെ ഡല്‍ഹി പോലീസിലെ അതിബുദ്ധിമാന്മാരായ ഉദ്യോഗസ്ഥരും പിന്നെ ടെലിവിഷന്‍ സ്റ്റുഡിയോകളില്‍ സംബിത് പാത്രയും കൈകാര്യം ചെയ്തോളുമെന്നു പ്രധാനമന്ത്രി കരുതിക്കാണും.

രോഹിത് വെമുല

രോഹിത് വെമുലയുടെ ആത്മഹത്യയെക്കുറിച്ച് സംസാരിക്കാതിരിക്കാനുള്ള അനുതാപവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു. എന്തായാലും ഈ സമ്മേളനത്തില്‍ HRD മന്ത്രി സ്മൃതി ഇറാനി നടത്തിയ അതിനാടകീയപ്രകടനത്തെ മറികടക്കല്‍ ഏതാണ്ട് അസാധ്യമായിരുന്നു. സ്മൃതി ഇറാനി കള്ളം പറയുകയാണെന്ന് രോഹിതിന്റെ അമ്മ ആരോപിച്ചെങ്കിലും ആ മുറിവ് പിന്നേയും തുറക്കേണ്ട കാര്യമില്ല എന്നാണ് ബുദ്ധി. ലഖ്നൌവില്‍ വെച്ചു ‘അമ്മക്ക് മകനെ നഷ്ടപ്പെടുന്ന വേദന’യെക്കുറിച്ച് അദ്ദേഹം പറഞ്ഞുകഴിഞ്ഞു. അത്രയും മതി. ഭാരതാംബയ്ക്ക് മക്കളെ നഷ്ടപ്പെടാനെ കഴിയില്ല.

പാകിസ്ഥാനും പഠാന്‍കോട്ടും

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ ആക്ഷേപിച്ചത് പാകിസ്ഥാനുമായി ചായകുടി ചര്‍ച്ച നടത്തി എന്നാണ്. അതിന് മറുപടി പറയാതിരിക്കാനുള്ള കൌശലവും മോദി കാണിച്ചു. നമ്മുടെ വ്യോമതാവളത്തില്‍ ഭീകരവാദ ആക്രമണം നടന്നപ്പോള്‍ അവരുമായുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവെച്ച് പാഠം പഠിപ്പിച്ച നമുക്ക് ഒരു കൃത്യമായ പാകിസ്ഥാന്‍ നയം ഇല്ലെങ്കിലെന്താണ്? പഠാന്‍കോട് ആക്രമണത്തിന് പിന്നിലെ സൂത്രധാരന്മാരെക്കുറിച്ച് അന്വേഷിക്കുമെന്ന് പാകിസ്ഥാനെക്കൊണ്ടു പറയിച്ചില്ലെ? മസൂദ് അസറിനെ പിടികൂടി, കരുതല്‍ തടങ്കലില്‍ വെക്കാനോ, കാണാതായ ആളെപ്പോലെ പറഞ്ഞയക്കാനുമൊക്കെ പാകിസ്ഥാനെ നിര്‍ബന്ധിച്ചില്ലെ? പാകിസ്ഥാനോടുള്ള ഈ ആഴ്ച്ചയിലെ രഹസ്യ നയത്തെക്കുറിച്ച് പാര്‍ലമെന്റില്‍ വെളിപ്പെടുത്തുന്നത് യുക്തിയല്ല. രാജ്യരഹസ്യം ഗുപ്തമായിരിക്കട്ടെ.

ഹരിയാന

കുറച്ചുദിവസങ്ങള്‍ മുമ്പുവരെ ഹരിയാന കത്തുകയായിരുന്നു. പ്രധാനമന്ത്രി അതിനെ അവഗണിച്ചു എന്നു ആരോപണമുയര്‍ന്നു. എന്നാല്‍ അത് ശരിയല്ല എന്നു സര്‍ക്കാരിലെ അടുത്ത വൃത്തങ്ങള്‍ പറയുന്നു. പ്രധാനമന്ത്രി എം എല്‍ ഘട്ടറിന്റെ സംസ്ഥാന സര്‍ക്കാര്‍ വഴി വിവരങ്ങള്‍ അപ്പപ്പോള്‍ അറിയുന്നുണ്ടായിരുന്നു. ജാട്ട് സമരം ഹരിയാനയിലേക്കുള്ള വഴികള്‍ അടക്കുന്നുണ്ടോ എന്നും കേന്ദ്രം നോക്കുകയായിരുന്നു. എന്തായാലും കുറേ ദിവസം ഹരിയാന ആകെ കലങ്ങിമറിഞ്ഞു. പിന്നീട് പതുക്കെ ഭരണം തിരികെയെത്തിത്തുടങ്ങി. അതിനെക്കുറിച്ചിപ്പൊള്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ എന്തുപറയാന്‍!

പ്രോവിഡന്‍റ് ഫണ്ട്

ജീവനക്കാരുടെ പി എഫില്‍ നിന്നുള്ള പിന്‍വലിക്കലുകള്‍ക്ക് നികുതിയേര്‍പ്പെടുത്തിയതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു. സര്‍ക്കാര്‍ പ്രതികരിച്ചില്ല എന്നു പറഞ്ഞുകൂടാ; തങ്ങള്‍ക്കാവുന്ന രീതിയില്‍ അവര്‍ സകലരെയും ആശയക്കുഴപ്പത്തിലാക്കി. ഈ പി എഫിന് മുഴുവന്‍ നികുതി ഈടാക്കണം എന്ന അഭിപ്രായമുള്ളവര്‍ക്ക് ധനമന്ത്രാലയത്തിലെ ഒരു പ്രതിനിധിയെ കേള്‍ക്കാന്‍ പോകാം, നേരെ തിരിച്ചാണെങ്കിലും മന്ത്രാലയം വക നിങ്ങളുടെ വാദം പറയാന്‍ ആളുണ്ട്. ഇത്തരം അവസരത്തിലൊക്കെ പ്രധാനമന്ത്രിയെപ്പോലൊരാള്‍ അഭിപ്രായം പറയുന്നത് സമയോചിതമാകില്ല. അതിലും വിദ്വാന്‍ മൌനം വെടിഞ്ഞില്ല.

പ്രതിപക്ഷവുമായുള്ള പാര്‍ലമെന്റിലെ പോരില്‍ വിജയി പ്രധാനമന്ത്രി തന്നെ. രാജ്യത്തെ ഇപ്പോഴുള്ള എല്ലാ കുഴപ്പങ്ങള്‍ക്കും മാത്രമല്ല തന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ പേരിലും മുന്‍സര്‍ക്കാരുകളെ കുറ്റപ്പെടുത്താന്‍ അദ്ദേഹത്തിനായി.  മറ്റൊന്നും പറഞ്ഞില്ലെങ്കിലെന്ത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍