UPDATES

വായന/സംസ്കാരം

പോക്കുവെയില്‍ മണ്ണിലെഴുതിയത്; ഒ എന്‍ വിയുടെ ഓര്‍മ്മകളുടെ വായന

ഈ ആഴ്ചയിലെ പുസ്തകം
പോക്കുവെയില്‍ മണ്ണിലെഴുതിയത് (ഓര്‍മ്മകള്‍)
ഒ എന്‍ വി
ചിന്ത പബ്ലിഷേഴ്സ്

പോക്കുവെയില്‍ മണ്ണിലെഴുതിയത് വിണ്ണിന്റെ ഹൃദയസ്പന്ദനങ്ങളാണ്. വിലോലഭാവങ്ങളുടെയും വികാര വായ്പുകളുടെയും ഉള്ളെഴുത്തുകള്‍. കുണ്ഡലിനീശക്തി താമരവിരിയുംപോലെയുള്ള അനുഭവം. ഒ എന്‍ വിയുടെ ബാല്യ-കൗമാര-യൗവ്വന സ്മൃതികളുടെ സഹസ്രദളപത്മം സൗന്ദര്യലഹരിയായി സംവദിക്കുന്ന അസുലഭമുഹൂര്‍ത്തം. അതാണ് അദ്ദേഹം ഏറ്റവും ഒടുവിലെഴുതി പ്രസിദ്ധപ്പെടുത്തിയ പോക്കുവെയില്‍ മണ്ണിലെഴുതിയത് എന്ന പുസ്തകത്തിന്റെ വിളംബരം.

ഇരുപത്തേഴ് ലേഖനങ്ങളുടെ (ഓര്‍മ്മകളുടെ) സമാഹാരമാണ് പോക്കുവെയില്‍ മണ്ണിലെഴുതിയത് എന്ന കൃതി. അനുഭവങ്ങളുടെ തീക്ഷണതയും സംഗീതത്തിന്റെ ഈണവും ജീവിതത്തിന്റെ ചടുലതാളവും ഈ കൃതിയുടെ സവിശേഷതയാണ്. ഒ എന്‍ വി തന്റെ പുസ്തകത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു:

”ഇതൊരാത്മകഥയല്ല. അങ്ങനെയൊന്നെഴുതാന്‍ വേണ്ടവലിപ്പവുമെനിക്കില്ല. കാലത്തേവന്ന്, ഇരുണ്ട കരിയിലകളടിച്ചുവാരി, കുഞ്ഞുപൂക്കളെ വിളിച്ചുണര്‍ത്തി, ഇലകള്‍ക്ക് ‘ഇങ്കുകുറുക്കി’ കൊടുത്ത് ഈറന്‍ വിരികളെല്ലാമുണക്കി, ക്ഷീണിച്ചുപോടിയിറങ്ങുന്ന പോക്കുവെയില്‍ മണ്ണിലെഴുതിപ്പോകുന്ന സ്‌നേഹക്കുറിപ്പുകള്‍ മാത്രം”.

ഹൃദയത്തില്‍ നിന്ന് അറിയാതെ ഒഴുകി ഇറങ്ങുന്ന കാവ്യമധുരമായ ഈ വരികള്‍ കവിയുടെ ജീവിതത്തിന്റെ കയ്യൊപ്പാണ്; ജീവിതദര്‍ശനത്തിന്റെ കരകാണാക്കടലാണ്.

മലയാളഭാഷയുടെയും കവിതയുടെയും അഭിമാനമായ കവി എന്ന ഉത്തുംഗശൃംഗത്തില്‍ വിരാജിക്കുന്ന ഒ എന്‍ വിയുടെ വളര്‍ച്ച അത്ഭുതാവഹമായിരുന്നു. കുട്ടിക്കാലത്ത് മനസിലുണ്ടായ ഒരു നീറ്റലിന്റെ നീറിപ്പിടിത്തത്തില്‍ നിന്നാണ് നാം ഇന്നറിയുന്ന മലയാളത്തിന്റെ ഒ എന്‍ വി നടന്നുകയറിയത്. അതിന്റെ സാക്ഷ്യപത്രമാണ് ‘പുന്നെല്ലുമണക്കുന്ന ഗ്രാമം’ എന്ന അദ്ധ്യായം. അദ്ദേഹം ആ അദ്ധ്യായത്തില്‍ ഇങ്ങനെ എഴുതുന്നു:

”അമ്മയുടെ വലിയമ്മയുടെയും മറ്റും പെണ്‍മക്കളെ വിവാഹം കഴിച്ചിരുന്നത് ചില നാട്ടുപ്രമാണിമാരും കോണ്‍ട്രാക്ടര്‍മാരും മറ്റുമായിരുന്നു. അവര്‍ക്കൊക്കെ അച്ഛനോട് കടുത്ത അസൂസയായിരുന്നു. അച്ഛന്‍ മരിച്ച് സഞ്ചയനമൊക്കെ കഴിഞ്ഞൊരു ദിവസം അമ്മയുടെ തറവാട്ടുമുറ്റത്ത് അവര്‍ ഒത്തുകൂടി. എന്റെ സഹോദരീ ഭര്‍ത്താവാണ് കണക്കുകളൊക്കെ ഹാജരാക്കിയത്. നോക്കുമ്പോള്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ പ്രീമിയം നീണ്ടകാലം അടച്ചിട്ടില്ല. ബാദ്ധ്യതകളാണ് ആസ്തിയെക്കാള്‍ കൂടുതല്‍. അച്ഛനോട് ഭയങ്കര ശത്രുതയും അസൂസയും അതുവരെ പുറത്തുകാട്ടാന്‍ ധൈര്യപ്പെടാതിരുന്ന ഒരു മുതിര്‍ന്ന ബന്ധു ”ഫൂ! ഇതാണോ വലിയ ഒ എന്‍ കൃഷ്ണക്കുറുപ്പ്!” എന്ന് പറഞ്ഞ് വായില്‍ക്കിടന്ന മുറുക്കാന്‍ മുറ്റത്തേയ്ക്ക് നീട്ടിയൊരു തുപ്പുതുപ്പി. സത്യത്തില്‍ അതെന്റെ നെഞ്ചത്തുവീണപോലെ തോന്നി. മനസ് വല്ലാതെ നീറി. ആ നീട്ടിത്തുപ്പിയതിന്റെ സീല്‍ക്കാരം ഇന്നുമെന്റെ മനസിലുണ്ട്, ഒരു നീറ്റലോടുകൂടിത്തന്നെ. വ്യസനമൊതുക്കിപ്പിടിച്ച് അമ്മ വാതില്‍പ്പിറകില്‍ നിന്നു. അച്ഛനെ പരസ്യമായി പുച്ഛിച്ച ആ പ്രമാണിയോട് എന്റെ മനസിലെ കുട്ടി പറഞ്ഞു: ”തന്നെക്കാളും തന്റെ മക്കളെക്കാളും മറ്റാരെക്കാളും അറിയപ്പെടുന്നവനായിട്ട്, നല്ലവനായിട്ട്, ആളുകള്‍ ഇഷ്ടപ്പെടുന്നവനായിട്ട് ഞാനിവിടെ വളരും”. അതൊരു വല്ലാത്ത വീറും വീര്യവും പകര്‍ന്നു തന്നു. സത്യത്തില്‍ ആ നീറ്റലാണ്, ആ തോന്നലാണ് എന്നെ മുന്നോട്ട് ഉന്തി ഇവിടംവരെ എത്തിച്ചത്”.

ഒ എന്‍ വിയുടെ ഈ ഓര്‍മ്മ, അനുഭവം അദ്ദേഹത്തിന്റെ പില്‍ക്കാല ജീവിതത്തെയും കവിതയെയും ഉന്നതിയിലേയ്ക്ക് നയിക്കാന്‍ നിമിത്തമായി. യഥാര്‍ത്ഥത്തില്‍ ഈ പുസ്തകത്തിന്റെ ഹൃദയത്തുടിപ്പ്, ‘പുന്നെല്ലു മണക്കുന്ന ഗ്രാമം’ എന്ന അദ്ധ്യായത്തിലാണ്. അതില്‍ നിന്നാണ് ഒ എന്‍ വി എന്ന കവി പ്രശസ്തിയുടെ പടവുകള്‍ ചവുട്ടിക്കയറിയത്.

ഗൊയ്‌ഥേയുടെയും ബിഥോവന്റെയും നാട്ടിലെത്തിയ കവി, അവിടെവച്ചുണ്ടായ അനുഭവങ്ങളുടെ ആര്‍ദ്രമായ ഓര്‍മ്മകള്‍ വായനക്കാരുമായി പങ്കിടുന്നു. കാളിദാസന്റെ ശാകുന്തളത്തിന്റെ ഭാഷാന്തരം വായച്ചിട്ട് ”വസന്താരംഭത്തിലെ പൂക്കളും വസന്താപചയത്തിലെ കനികളും ഒന്നിച്ചുകാണണമെങ്കില്‍ – ഭൂമിയും സ്വര്‍ഗ്ഗവും ഒന്നിച്ചൊരിടത്ത് കാണണമെങ്കില്‍ – ശാകുന്തളത്തിലേയ്ക്ക് ചെല്ലുക” എന്ന് പ്രതികരിച്ച ജര്‍മ്മന്‍ മഹാകവി ഗൊയ്‌ഥേയെക്കുറിച്ച് പറയുമ്പോള്‍ ഒ എന്‍ വി അഭിമാന വിജൃംഭിതനാകുന്നു. വിശ്വസംഗീതത്തിന് ജര്‍മ്മനി നല്‍കിയ സംഭാവനയായ ബിഥോവന്റെ ഭവനം സന്ദര്‍ശിച്ച ഓര്‍മ്മയും കവി കുറിച്ചിടുന്നുണ്ട്.

”എട്ടാമത്തെ വയസ്സില്‍ ശ്രോതാക്കളെ വിസ്മയിപ്പിച്ച ഒരു സംഗീതപരിപാടിയില്‍ ബിഥോവന്‍ ഉപയോഗിച്ചിരുന്ന ‘വയോള’ ഒരു ചില്ലുകൂട്ടിലിരുന്ന് പാട്ടുനിര്‍ത്തിയ പക്ഷിയെപ്പോലെ സന്ദര്‍ശകരെ ഉറ്റുനോക്കുന്നു. ബിഥോവന്റെ വിരല്‍സ്പര്‍ശത്താല്‍ പുളകിതമായ ‘പിയാനോ’ ഒരു വിധവയുടെ നിശബ്ദ ദുഃഖംപോലെ മറ്റൊരിടത്ത്”.

‘കഷായം മണക്കുന്ന ബാല്യത്തില്‍’ തുടങ്ങി ‘ജീവിതമേ! നന്ദി’ യില്‍ അവസാനിക്കുന്ന ഈ പുസ്തകം തീര്‍ച്ചയായും മലയാളത്തിന് മുതല്‍ക്കൂട്ടുതന്നെ. ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും ഇഴകള്‍ ചേര്‍ന്നു കിടക്കുന്ന ചിത്രപടംപോലെ ഈ പുസ്തകം നമ്മളെ വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കും.

കവിതക്കളരിയിലെ ആദ്യാനുഭവങ്ങളും, ചരിത്രമുറങ്ങുന്ന കൊല്ലം നഗരവും കലാലയ ജീവിതവും കെ പി എ സിയും മാതൃഭാഷയെക്കുറിച്ചുള്ള വിചിന്തനവുമെല്ലാം കൂടിക്കലര്‍ന്ന അക്ഷരജ്യോതിസാണ് ഈ പുസ്തകം.

1952 ല്‍ ചവറ തട്ടാശ്ശേരിയില്‍ കെ പി എ സി ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം അവതരിപ്പിച്ച ചിത്രം വരച്ചിടുന്ന ഒ എന്‍ വി, നാടകം കണ്ട് ജി ദേവരാജനോടൊപ്പം നടന്നുപോകുമ്പോള്‍ നിലാവിന് തെളിച്ചമേറുന്നതായി തോന്നി. ആ രാത്രിയുടെ ഓര്‍മ്മയില്‍ പിന്നീടെഴുതിയ ‘എന്റെ ധവളനിശകള്‍ വീണ്ടും തരൂ’ എന്ന കവിതയെക്കുറിച്ചും ഒ എന്‍ വി ഓര്‍മ്മിക്കുന്നു.

എറണാകുളം മഹാരാജാസ് കോളേജില്‍വച്ച് ജീവിതപങ്കാളിയെ വിവാഹം കഴിച്ചതും, ‘ഭൂമിയുടെ അറ്റത്തു നിന്നാണല്ലോടോ തന്റെ സ്വയംവരം’ എന്ന മുണ്ടശ്ശേരി മാസ്റ്ററുടെ കമന്റും ഇന്നലെയെന്നപോലെ ഒ എന്‍ വി വരച്ചിടുന്നു.

ഒടുവിലത്തെ ലേഖനമായ ‘ജീവിതമേ നന്ദി’ യില്‍ ഒ എന്‍ വിയുടെ ഹൃദയം സ്പന്ദിക്കുന്നുണ്ട്.

”ജീവിതം എനിക്കുതന്നതിനും തരാത്തതിനുമെല്ലാം നന്ദിപറഞ്ഞുകൊണ്ട് സുമാര്‍ 45 വര്‍ഷം മുമ്പ് ഞാനൊരു കവിത എഴുതിയിട്ടുണ്ട്. ഒരു കൊച്ചുഗ്രാമത്തിന്റെ മടിത്തട്ടില്‍ നിന്ന് പറന്ന് പറന്ന് ലോകത്തിന്റെ പലകോണുകളിലും ചെന്നെത്താനും ‘ലോകാനുരാഗ’ മാണേറ്റവും വലിയ മതമെന്ന് മനസ്സിലാക്കാനും എന്റെ ചിറകുകള്‍ക്ക് കരുത്തുതന്ന ആരുടെയൊക്കെയോ കാരുണ്യത്തിന് നന്ദി പറയാതെ വയ്യ! അതോടൊപ്പം എതിര്‍ദിശയില്‍ വീശി ഈ ചിറകുകള്‍ തളര്‍ത്താന്‍ ശ്രമിച്ചവര്‍ക്കും സ്‌നേഹത്തോടെ തന്നെ നന്ദിപറയാന്‍. ഞാനാഗ്രഹിക്കുന്നു”. – എന്നെഴുതി ഒ എന്‍ വി തന്റെ നിലപാടുതറ സുദൃഢമാക്കുന്നു.

കേരള സര്‍വ്വകലാശാലയുടെ ഓണററി ഡി ലിറ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് ചെയ്തപ്രസംഗം, എഴുത്തച്ഛന്‍ പുരസ്‌ക്കാരം സ്വീകരിച്ചുകൊണ്ട് ചെയ്ത പ്രഭാഷണം, ജ്ഞാനപീഠ പുരസ്‌ക്കാരം സ്വീകരിച്ചുകൊണ്ട് ചെയ്ത പ്രഭാഷണം, ഒ എന്‍ വിയുടെ ജീവചരിത്രരേഖ എന്ന പുസ്തകത്തിന്റെ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.

”ഒരു ദിവസം ഭൂമിയെന്ന ഈ വാടകവീട് ഒഴിഞ്ഞുപോകുമ്പോള്‍ എന്റെ ഏറ്റവും ചൈതന്യവത്തായ ഒരംശം. ഞാന്‍ ഇവിടെ ഉപേക്ഷിച്ചുപോകുന്നു. അതാണെന്റെ കവിത. അതിനെ സ്‌നേഹിക്കുന്നവര്‍ക്ക് ആദരിക്കുന്നവര്‍ക്കെല്ലാം ഒരിക്കല്‍ക്കൂടി എന്റെ നന്ദി! നമസ്‌ക്കാരം!!

ജ്ഞാപീഠ പുരസ്‌ക്കാരം സ്വീകരിച്ചുകൊണ്ട് ഒ എന്‍ വി ചെയ്ത പ്രഭാഷണത്തിലെ അവസാന വാചകങ്ങളാണിവ.

കവിതയെ സ്‌നേഹിച്ച തലമുറ, സ്‌നേഹിക്കുന്ന തലമുറ, സ്‌നേഹിക്കാന്‍ കാത്തുനില്‍ക്കുന്ന തലമുറ – കാലം അതിന്റെ ജൈത്രയാത്ര തുടരുകയാണ്. കവിതയിലൂടെ, മനുഷ്യനിലൂടെ ജീവിതത്തിലൂടെ….. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഡോ. ടി കെ സന്തോഷ് കുമാര്‍

ഡോ. ടി കെ സന്തോഷ് കുമാര്‍

എഴുത്തുകാരനും ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകനും മാധ്യമ അദ്ധ്യാപകനുമാണ് ഡോ. ടി കെ സന്തോഷ് കുമാര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍