UPDATES

വിദേശം

ജനപ്രിയര്‍ അധികാരത്തിലെത്തിയാല്‍ എന്ത് സംഭവിക്കും; പോളണ്ട് എന്ന ജാലകം

പുതിയ ഇരുണ്ടയുഗത്തിന്റെ പിറവിയോ?

ആന്തണി ഫയോല 

പോളണ്ടിലെ രാഷ്ട്രീയത്തിലെ തിന്മകള്‍ നീക്കം ചെയ്യുമെന്നും മുന്‍ ഭരണത്തിന്റെ പാരമ്പര്യം ഇല്ലാതാക്കുമെന്നും അവകാശപ്പെട്ടാണ് Law and Justice Party അധികാരത്തിലെത്തിയത്. ഒരു വര്‍ഷത്തിന് ശേഷം അവര്‍ പ്രഖ്യാപിക്കുന്നത് വീട് വൃത്തിയാക്കിയെന്നും ദൈവവും ദൈവരാജ്യവും പോളണ്ടിലേക്ക് മടങ്ങിയെത്തിയെന്നുമാണ്.

എതിരാളികള്‍ എന്നാലിതിനെ ഒരു പുതിയ ഇരുണ്ടയുഗത്തിന്റെ പിറവിയായാണ് കാണുന്നത്. ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൌസിലേക്ക് കയറുന്നത് പടിഞ്ഞാറന്‍ സമൂഹത്തിലെ ജനപ്രിയതയുടെ ശക്തിയുടെ ശകുനമായും നിരീക്ഷകര്‍ കാണുന്നുണ്ട്. കേവലം ഒരു വര്‍ഷംകൊണ്ട് ദേശീയവാദികള്‍ പോളണ്ടിനെ ജനാധിപത്യം ഒലിച്ചുപോകുന്ന, ഭരണകൂടം പ്രചരിപ്പിക്കുന്ന ഗൂഢാലോചന സിദ്ധാന്തങ്ങളിലും ശ്രദ്ധ തിരിക്കുന്ന പ്രചാരണങ്ങളിലും കുരുങ്ങിയ ഒരു സമൂഹമായി മാറ്റിയെന്ന് വിമര്‍ശകര്‍ ആക്ഷേപിക്കുന്നു.

ലോ ആന്‍ഡ് ജസ്റ്റിസിന്റെ നാട്ടില്‍ ബൌദ്ധികത വിരുദ്ധതയാണ് രാജാവ്. പരിണാമ സിദ്ധാന്തത്തിന് വലിയ പ്രാധാന്യമൊന്നും കൊടുക്കാത്ത, കാലാവസ്ഥാ മാറ്റത്തെ കണക്കാക്കാത്ത, ‘ദേശാഭിമാന’ ചരിത്ര പാഠങ്ങള്‍ക്ക് കൂടുതല്‍ സമയം കൊടുക്കുന്ന പുതിയ വിദ്യാഭ്യാസ ബില്ലില്‍ നിര്‍ദ്ദേശിച്ച പാഠ്യപദ്ധതി പോളിഷ് ശാസ്ത്രജ്ഞരെ അമ്പരപ്പിച്ചിരിക്കുകയാണ്. ഒരു ഫെയ്സ്ബുക് വര്‍ത്തമാനത്തില്‍ തുല്യാവകാശങ്ങള്‍ക്കുള്ള ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്, കറുത്തവര്‍ക്കും, സ്വവര്‍ഗാനുരാഗികള്‍ക്കും സേവനം നല്കാന്‍ പോളിഷ് ഹോട്ടലുകളെ നിര്‍ബന്ധിക്കാനാകില്ല എന്നാണ്. അയാളുടെ പിന്‍ഗാമിയായി വന്നയാള്‍, പരമ്പരാഗത സ്ത്രീ/പുരുഷ  ചുമതലകളെക്കുറിച്ചുള്ള ധാരണകള്‍ക്ക് എതിരെ വാദിക്കുന്നതിനാല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരായ ഒരു അന്താരാഷ്ട്ര ഉടമ്പടിയെ നിരാകരിച്ചു.

പാര്‍ലമെന്റിലേക്കുള്ള മാധ്യമ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ വരുത്തിയെങ്കിലും ഒരു ബജറ്റ് ബില്‍ നിയമവിരുദ്ധമായി അംഗീകരിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന വാര്‍ത്തകളെ തുടര്‍ന്ന് വാര്‍സായില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു.

മത യാഥാസ്ഥിതികരുടെ മാത്രം കയ്യടി വാങ്ങിയ ഒരു നീക്കത്തില്‍ പുതിയ സര്‍ക്കാര്‍ ടെസ്ട്യൂബ് ഗര്‍ഭധാരണ ചികിത്സക്കുള്ള സര്‍ക്കാര്‍ സഹായം നിര്‍ത്തിവെച്ചു. വിദ്യാലയങ്ങളിലെ പുതിയ ലൈംഗിക വിദ്യാഭ്യാസ പാഠങ്ങള്‍ ഉണ്ടാക്കാന്‍, ഗര്‍ഭനിരോധന വിരോധിയായ, ഗര്‍ഭനിരോധന ഉറകള്‍  സ്ത്രീകളില്‍ അര്‍ബുദം ഉണ്ടാക്കുമെന്ന വാദക്കാരനായ ഒരാളെയാണ് കണ്ടെത്തിയത്. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ തടയാനുള്ള ഒരു നിയമത്തിന്റെ പണിപ്പുരയിലാണ് സര്‍ക്കാരെന്നും വിമര്‍ശകര്‍ പറയുന്നു.

എന്നിട്ടും ഉദാരവാദികളെ ഞെട്ടിക്കാനുള്ള വക ബാക്കിയുണ്ടായിരുന്നു: അധികാരത്തിലേറി ഒരു വര്‍ഷം കഴിയുമ്പോള്‍ ലോ ആന്‍ഡ് ജസ്റ്റിസ് പാര്‍ടിയാണ് പോളണ്ടിലെ ഏറ്റവും ജനപ്രിയ കക്ഷി. അഭിപ്രായ സര്‍വേകളില്‍ 36% പേരാണ് അനുകൂലിച്ചത്-അധികാരത്തില്‍ നിന്നും പുറത്തായ സിവിക് പ്ലാറ്റ്ഫോം പാര്‍ട്ടിയേക്കാള്‍ ഏതാണ്ടിരട്ടി.

poland1

“ജനങ്ങള്‍ ഞങ്ങളെ അനുകൂലിക്കുന്നു,” സേനറ്റിലെ ഡെപ്യൂട്ടി സ്പീക്കര്‍ ആഡം ബിലെന്‍ പറഞ്ഞു.

അമേരിക്കക്കാര്‍ക്ക് ഇളവുകള്‍ നല്‍കുന്ന ഒരു നികുതി സംവിധാനമാണ് ട്രംപ് വാഗ്ദാനം ചെയ്യുന്നത്. പോളണ്ടില്‍ മറ്റ് പല രീതിയിലൂടെയും പണം കീശയിലിട്ടുകൊടുക്കുന്നുണ്ട്. പക്ഷേ സാമൂഹ്യ യാഥാസ്ഥിതികത്വവും ദേശീയതയും ജനപ്രിയ സാമ്പത്തിക വാദവും മിശ്രണം ചെയ്താണത് നടത്തുന്നത്. കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പുതിയ സര്‍ക്കാര്‍ പണം ഇഷ്ടം പോലെ നല്കി. രാജ്യത്തെ വിരമിക്കല്‍ പ്രായവും അവര്‍ വെട്ടിക്കുറച്ചു- സ്ത്രീകള്‍ക്ക് 60-ഉം പുരുഷന്‍മാര്‍ക്ക് 65-ഉം.

എതിരാളികള്‍ ഇതിനെ പിന്തുണ ‘വാങ്ങലായി’ വിശേഷിപ്പിക്കുന്നു. ഇത് പോളണ്ടിന്റെ കടം കൂട്ടും. കൂടാതെ ലോ ആന്‍ഡ് ജസ്റ്റിസ് പാര്‍ടിയെ ദീര്‍ഘകാലത്തേക്ക് അധികാരത്തില്‍ ഇരുത്താനുള്ള ശ്രമവുമാണെന്ന് അവര്‍ പറയുന്നു.

പക്ഷേ പല പോളണ്ടുകാര്‍ക്കും ദേശീയത അത്ര നല്ല ഏര്‍പ്പാടായി തോന്നുന്നില്ല.

“നിങ്ങള്‍ക്ക് എന്തും ചെയ്യാനും പറയാനും കഴിയുന്ന ആളുകള്‍ അതൊന്നും കാര്യമാക്കാതേയുമിരിക്കുന്ന ഒരു സത്യാനന്തര അന്തരീക്ഷത്തിലാണ് നമ്മള്‍ ജീവിക്കുന്നതു,” വാര്‍സായിലെ Institute of Public Affairs-ലെ ജസേക് കുചാര്‍സിക് പറഞ്ഞു.

ഇപ്പോളവര്‍ ശരിക്കും വിശ്വാസികളാണ്
വാര്‍സാ പട്ടണത്തിന്റെ പുറത്തേക്ക് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ ക്രൂപ്പിയ വോള്‍ക എന്ന പൊടിപിടിച്ച പാതയിലാണ് ലോ ആന്‍ഡ് ജസ്റ്റിസിന്റെ രാജ്യത്തേക്കുള്ള വഴി. അവിടെയെത്തിപ്പെട്ടാല്‍ പാവേല്‍ മരിയ വെയ്കോവ്സ്കീമാരെ കാണാം.

ഹൈസ്കൂളിലെ പ്രേമഭാജനങ്ങള്‍ 1992-ല്‍ വിവാഹിതരായി. രണ്ടര പതിറ്റാണ്ട്; 10 മക്കള്‍, അവര്‍ കടുത്ത കത്തോലിക്കാരാണ്-സാമ്പത്തികമായി ഇപ്പൊഴും ബുദ്ധിമുട്ടിലാണ്.

കുട്ടികളെ നോക്കാനേല്‍പ്പിക്കുന്നത് വരുമാനത്തെക്കാള്‍ കൂടിയപ്പോള്‍ ഓട്ടിസം ബാധിച്ച കുട്ടികളുടെ തെറാപ്പിസ്റ്റ് ആയിരുന്ന മരിയ ആ ജോലി വിട്ടു. ഒരു കരകൌശലത്തൊഴിലാളിയായ പവേല്‍ ചുമരുകള്‍ക്കും മേല്‍ത്തട്ടുകള്‍ക്കും രൂപങ്ങള്‍ ഉണ്ടാക്കുന്നു. അവരുടെ മാതാപിതാക്കള്‍ നാട്ടിന്‍പുറത്തു അവര്‍ക്ക് 6 മുറികളുള്ള വീട് നല്കി. അതുകൊണ്ടു വായ്പയില്ലാതെ വീടായി. പക്ഷേ രണ്ടു മാസമായി അയാള്‍ക്ക് ജോലിയില്ല.

ഇതിന് മുമ്പ് പണത്തിന് മുട്ടുള്ള സമയങ്ങളില്‍ ഗ്യാസ് ലാഭിക്കാന്‍ അവര്‍ തങ്ങളുടെ വാന്‍ ഓട്ടം നിര്‍ത്തും. കുട്ടികള്‍ സ്കൂളിലേക്ക് നടന്നുപോകും. പക്ഷേ ലോ ആന്‍ഡ് ജസ്റ്റിസിന്റെ കാലത്ത് അതിന്റെയൊന്നും ആവശ്യമില്ല. കുടുംബങ്ങള്‍ക്കായുള്ള പുതിയ സര്‍ക്കാരിന്റെ പദ്ധതിയാണ് വെയ്കോവ്സ്കീമാരുടെ ജീവവായു. അതവര്‍ക്ക് പ്രതിമാസം ഏതാണ്ട് 1,000 ഡോളര്‍ വരുന്ന തുക നല്‍കുന്നു.

“ഇപ്പോള്‍, അതാണ് ഞങ്ങളുടെ മുഴുവന്‍ വരുമാനവും,”പവേല്‍ പറഞ്ഞു.”ചിലയാളുകള്‍ കുട്ടികള്‍ക്കുള്ള ആനുകൂല്യ പദ്ധതിയെ സര്‍ക്കാര്‍ സൌജന്യമാണെന്ന് പറഞ്ഞു എതിര്‍ക്കുന്നുണ്ട്. അങ്ങനെയല്ല. അത് പരമ്പരാഗത കുടുംബങ്ങള്‍ക്കുള്ള പിന്തുണയാണ്.”

“കൂട്ടത്തില്‍ കുറവ് ദ്രോഹം” എന്ന മട്ടിലാണ് പവേല്‍ കഴിഞ്ഞ വര്‍ഷം ലോ ആന്‍ഡ് ജസ്റ്റിസ് കക്ഷിക്ക് വോട്ട് ചെയ്തത്. പക്ഷേ ഇപ്പോഴയാള്‍ ഒരു യഥാര്‍ത്ഥ വിശ്വാസിയാണ്.

“യു.എസില്‍ ഇതേ പോലെയാണ്, കൂട്ടത്തില്‍ കുറഞ്ഞ ദ്രോഹത്തെ തെരഞ്ഞെടുക്കുക,” അയാള്‍ പറഞ്ഞു. “ഒരു വര്‍ഷം മുമ്പ് എനിക്കുറപ്പുണ്ടായിരുന്നില്ല, പക്ഷേ ഇപ്പോള്‍ എത്ര ശരിയായിരുന്നു ഞങ്ങള്‍ എന്നു എനിക്കു കാണാം.”

പുതിയ സര്‍ക്കാരിനെ പിന്തുണയ്ക്കുക എന്നാല്‍ അത് മുന്നോട്ടുവെക്കുന്ന അപകടകരമായ ലോകവീക്ഷണത്തെ അംഗീകരിക്കുക എന്നതുകൂടിയാണ്. “നിങ്ങള്‍ക്ക് ഒരു പോളണ്ടുകാരനെ മാത്രമേ വിശ്വസിക്കാവൂ-അപ്പോള്‍ പോലും, ചിലരെ മാത്രം.”

ഇതിനുമുമ്പ് ഇത്രയും ഫലപ്രദമായി ഭരണകക്ഷിയുടെ നിലപാടുകള്‍ വ്യാപിച്ചിട്ടില്ല. പോളണ്ടിലെ ദേശീയ പ്രക്ഷേപണ കേന്ദ്രം ഭരണകക്ഷിയോട് ചായ്വ് കാണിക്കാറുണ്ട്. പക്ഷേ ഇപ്പോഴത്തെ വിജയത്തിനു ശേഷം ലോ ആന്‍ഡ് ജസ്റ്റിസ്, മാധ്യമസ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അനിതരസാധാരണമായ അടിച്ചമര്‍ത്തല്‍ നടപടികള്‍ തുടങ്ങി. എതിരാളികള്‍ ആക്ഷേപിക്കും പോലെ അവരതിനെ ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പടച്ചുവിടുന്ന ഒരു പ്രചാരണ യന്ത്രമാക്കി മാറ്റി. കുട്ടികള്‍ക്കുള്ള പ്രതിരോധകുത്തിവെപ്പുകളുടെ ആരോഗ്യപ്രശ്നങ്ങള്‍ എന്ന പേരില്‍ ഈയിടെ അവരൊരു വാര്‍ത്ത നല്കി.

2010-ല്‍ അന്നത്തെ പ്രസിഡണ്ട് ലേക് കാസിന്‍സ്കിയും ഭാര്യയും മറ്റ് 94 പേരും കൊല്ലപ്പെട്ട വിമാനാപകടത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന വാര്‍ത്തകള്‍ യാഥാസ്ഥിതിക കത്തോലിക്ക റേഡിയോയിലും ടെലിവിഷനിലും ധാരാളമാണ്. കൈപ്പിഴവായിരുന്നു അതെന്നാണ് അന്ന് പറഞ്ഞിരുന്നത്. പക്ഷേ മരിച്ച പ്രസിഡന്റിന്റെ സഹോദരനും ലോ ആന്‍ഡ് ജസ്റ്റിസ് കക്ഷിയുടെ ശക്തനായ നേതാവുമായ ജാര്‍സ്ലോ കാസിന്‍സ്കി അതൊരു പുകമറയായിരുന്നു എന്നു ഉറച്ച് വിശ്വസിക്കുന്നു. അങ്ങനെയായിരുന്നോ? “ഞങ്ങള്‍ ആ സാധ്യത പരിഗണിക്കുന്നുണ്ട്,” പവേല്‍ ഒരു സമ്മതത്തോടെ പറഞ്ഞു.

പാരീസ് കാലാവസ്ഥ ഉടമ്പടിയെ സംശയത്തോടെ നോക്കിക്കാണുന്ന സര്‍ക്കാര്‍ പോളണ്ടിലെ കാറ്റ്, സൌരോര്‍ജ പദ്ധതികള്‍ക്കുള്ള സഹായവും പിന്‍വലിച്ചു. അതേ സമയം കല്‍ക്കരിക്കായി കാശേറെ മുടക്കുന്നു. “ആര്‍ക്കറിയാം എന്താണ് വാസ്തവത്തില്‍ ആഗോള താപനം ഉണ്ടാക്കുന്നതെന്ന്?” പവേല്‍ പറഞ്ഞു. “പോളണ്ടിന് കല്‍ക്കരി വ്യവസായം ആവശ്യമാണ്.”

poland

ഉദാര മൂല്യങ്ങളുടെ വ്യാപനത്തിലാണ് മരിയക്ക് എപ്പോഴും ആശങ്ക. ലോ ആന്‍ഡ് ജസ്റ്റിസ് കക്ഷി അത് മുളയിലേ നുള്ളിയത് ശരിയായെന്നും അവര്‍ പറയുന്നു. ഉദാഹരണത്തിന്, സ്വവര്‍ഗാനുരാഗികളായ ദമ്പതികള്‍ക്ക് നിയമപരമായ അവകാശം നല്‍കുന്നതിനെക്കുറിച്ച് പോളണ്ടില്‍ ഇപ്പോള്‍ സംസാരമില്ല. ഈ വര്‍ഷം ആദ്യം സ്വവര്‍ഗാനുരാഗികളുടെ ഒരു കാര്യാലയം വാര്‍സായില്‍ അടിച്ചുതകര്‍ത്തിരുന്നു. അക്രമികളെ പൊലീസ് ഇതുവരെയും പിടികൂടിയിട്ടില്ല.

“സ്വവര്‍ഗാനുരാഗം മുമ്പ് ഒതുക്കത്തിലായിരുന്നു, പിന്നീട് അവരതിനെ സാധാരണ ഒന്നാക്കാന്‍ നോക്കി,” അവര്‍ പറഞ്ഞു. “അങ്ങനെ സംഭവിക്കുന്നത് നിങ്ങള്‍ക്കിപ്പോള്‍ കാണാനാകില്ല.”

പോളണ്ടിലെ ജനാധിപത്യത്തെ ചെത്തിക്കളയുമ്പോള്‍ പുതിയ സര്‍ക്കാര്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണെന്ന് അവര്‍ക്ക് തോന്നുന്നുണ്ടോ?

“ഇല്ല,” മരിയ പറഞ്ഞു. “അവര്‍ വീട് വൃത്തിയാക്കുകയാണ് എന്നാണ് എനിക്ക് തോന്നുന്നത്.”

എവിടേക്കാണ് ഇതെല്ലാം പോകുന്നത്?
വാര്‍സായിലെ ഒരു കനത്ത വൈകുന്നേരം. ഒരു മ്യൂസിയം ഗവേഷകയായ മോണിക്ക മിസോലെബ്സ്ക മറ്റ് ആയിരക്കണക്കിന് പോളണ്ടുകാര്‍ക്കൊപ്പം പുതിയ സര്‍ക്കാരിനെതിരെ പ്രതിഷേധപ്രകടനം നടത്തി. ഇത് തെരുവുകളിലെ പ്രതിപക്ഷമാണ്-പോളണ്ടില്‍ സംഭവിക്കുന്നതുകണ്ട് ഭയപ്പെത്തുന്ന ആളുകള്‍.

ഇപ്പോള്‍ത്തന്നെ ഭരണഘടന കോടതിയുടെ അധികാരം കുറയ്ക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തുകഴിഞ്ഞു. തയ്യാറാകുന്ന ഒരു കരട് നിയമത്തില്‍ ഭാവിയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്കുള്ള അനുമതി സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരായിരിക്കും നല്കുക.

“ഒരുപക്ഷേ ഇതവസാനത്തെ തവണയായിരിക്കും ഞങ്ങള്‍ക്ക് പ്രകടനം നടത്താന്‍ സാധിക്കുന്നത്,” അവള്‍ പറഞ്ഞു. “പോളണ്ടില്‍ എന്താണ് സംഭവിക്കുന്നത് എന്നു ഞങ്ങളില്‍ മിക്കവര്‍ക്കും ശരിക്കും മനസിലാകുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.”

13 വയസുള്ള ഒരു പെണ്‍കുട്ടിയുടെ അമ്മയായ മിസോലെബ്സ്ക സ്ത്രീകളുടെ പ്രത്യുത്പാദന അവകാശങ്ങളുടെ മേലുള്ള ആക്രമണം എന്നു കരുതുന്ന നയങ്ങളില്‍ ആശങ്കാകുലയാണ്. വമ്പിച്ച പ്രതിഷേധങ്ങള്‍ തെരുവുകളില്‍ നടന്നപ്പോഴാണ് ഗര്‍ഭച്ഛിദ്രം ഏതാണ്ട് പൂര്‍ണമായും നിരോധിക്കുന്ന നിയമം- സ്ത്രീകളും ഡോക്ടര്‍മാരും നാലു വര്‍ഷം തടവില്‍പ്പോകും- ഒക്ടോബറില്‍ പരാജയപ്പെട്ടത്. പക്ഷേ അതിനിയും തിരിച്ചുവന്നേക്കാം എന്നവര്‍ ഭയപ്പെടുന്നു.”സ്ത്രീകള്‍ അമ്മമാരും, വീട്ടമ്മമാരും ആകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ആക്ഷേ എന്റെ മകള്‍ ഒരു എഴുത്തുകാരി അല്ലെങ്കില്‍ മാധ്യമപ്രവര്‍ത്തക ആകാന്‍ ആഗ്രഹിക്കുന്നു,” അവര്‍ പറഞ്ഞു. “പക്ഷേ അവള്‍ക്കിവിടെ എന്തു സാധ്യതയാണുള്ളത്? ഈ സാഹചര്യങ്ങളില്‍?”

പരിണാമ സിദ്ധാന്തത്തിന്റെ പ്രാധാന്യം കുറച്ചുകൊണ്ടുള്ള പുതിയ പാഠ്യ പദ്ധതിയിലും അവര്‍ക്ക് ആശങ്കയുണ്ട്. പോളിഷ് ചരിത്രത്തെക്കാള്‍ കുറച്ചു സമയമേ ശാസ്ത്രത്തിന് ലഭിക്കൂ.

“ഇത് 2016-ആണ്. എന്നിട്ടും നമ്മള്‍ പരിണാമം പഠിപ്പിക്കണോ വേണ്ടയോ എന്നു ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ് എന്നെനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല,” തല കുലുക്കിക്കൊണ്ട് മിസോലെബ്സ്ക പറഞ്ഞു. “ഇതെല്ലാം എവിടേക്കാണ് പോകുന്നത്? എനിക്ക് ഭയം തോന്നുന്നു.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍