UPDATES

പാക് ജയം ആഘോഷിച്ചത് രാജ്യദ്രോഹക്കുറ്റം; 19 പേര്‍ അറസ്റ്റില്‍, കാസര്‍ഗോഡ് 20 പേര്‍ക്കെതിരേ കേസ്

പാക് അനുകൂലവും ഇന്ത്യ വിരുദ്ധവുമായ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്ന് ആരോപണം

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്താന്റെ വിജയം ആഘോഷിച്ചതിന്റെ പേരില്‍ 19 പേരെ അറസ്റ്റ് ചെയ്യുകയും 16 പേര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്തു. മധ്യപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തവര്‍ക്കെതിരേയാണ് രാജ്യദ്രാഹക്കുറ്റം ചുമത്തിയിരിക്കുന്നത്. ഇതേ സംഭവത്തില്‍ അന്യായമായി സംഘം ചേര്‍ന്നു എന്ന കുറ്റം ആരോപിച്ച് കാസര്‍ഗോഡ് 20 പേര്‍ക്കെതിരേ കേസ് എടുത്തിട്ടുണ്ട്. ബദിയടുക്കയില്‍ നിന്നാണ് പാക് ജയം ആഘോഷിച്ചവരെ പിടികൂടിയത്.

പാകിസ്താന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതില്‍ ആഹ്ലാദംപ്രകടനം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തു എന്ന പരാതിയെ തുടര്‍ന്നാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്. ഞായറാഴ്ച്ച രാത്രി പതിനൊന്നുമണിയോടെ കുമ്പഡാജെ ചക്കുടലിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മഷൂദ്, റസാഖ് ചക്കുള, സിറാജ് എന്നിവര്‍ക്കും കണ്ടാലറിയുന്ന മറ്റുള്ളവര്‍ക്കുമെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 143,147(അന്യായമായ സംഘം ചേരല്‍), 286,153(ജനങ്ങളെ ഭയപ്പെടുത്തും ഭീതം പടക്കം പൊട്ടിക്കല്‍),1 49(സംഘം ചേര്‍ന്ന് കുഴപ്പം സൃഷ്ടിക്കല്‍) എന്നീവകുപ്പുകളാണ് യുവാക്കള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ബിജെപി കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജേഷ് ഷെട്ടി നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. മത്സരം കഴിഞ്ഞതിന് ശേഷം യുവാക്കള്‍ ‘പാകിസ്താന്‍ സിന്ദാബാദ്, ഇന്ത്യ മൂര്‍ദാബാദ്’ എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നും പടക്കം പൊട്ടിച്ചെന്നും ബിജെപി നേതാവ് പരാതിയില്‍ ആരോപിച്ചു. പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിനും പ്രത്യേകം കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി മാര്‍പ്പനടുക്കയില്‍ പ്രകടനം നടത്തി.

മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയിലെ മൊഹദ് സ്വദേശികളായ 15 പേരെയാണ് പാക് ജയം ആഘോഷിച്ചതെന്ന പേരില്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെല്ലാം എതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി. കര്‍ണാടകയില്‍ ഹാവേരി, കുടക് എന്നിവിടങ്ങളില്‍ നിന്നായി നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ഒരാള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി.

പാക് ജയം ആഘോഷിച്ചവര്‍ ഇന്ത്യ വിരുദ്ധവും പാക് അനുകൂലവുമായ മുദ്രാവാക്യങ്ങള്‍ വിളിച്ചു എന്നാണ് പരാതി. ഇതിന്‍രെ പുറത്താണ് ഇന്ത്യന്‍ ശിക്ഷ നിയമം 124 എ വകുപ്പ് പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. പറയുകയോ, എഴുതുകയോ ചെയ്യുന്ന വാക്കുകളാലോ, ചിഹ്നങ്ങളാലോ, ദൃശ്യവത്കരണംകൊണ്ടോ രാജ്യത്തിനെതിരേ വെറുപ്പോ വിദ്വേഷമോ വളര്‍ത്തുന്നത് രാജ്യഗ്രോഹമാണ്. പരാമാവധി ശിക്ഷ ജീവപര്യന്തം തടവും പിഴയുമാണ്. പിഴയടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം കൂടി തടവ് അനുഭവിക്കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍