UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലുക്ക് നോക്കി കലിപ്പാകുന്ന കേരള പോലീസ്

Avatar

മൗലികാവകാശങ്ങള്‍ തടസ്സം കൂടാതെ നടപ്പാക്കണം എന്ന് വ്യക്തമായി പരാമര്‍ശിച്ചിട്ടുള്ള ഒരു ഭരണഘടന നിലവിലുള്ള നമ്മുടെ രാജ്യത്ത് പലപ്പോഴും നടക്കുന്നത് നഗ്നമായ നീതി നിഷേധങ്ങളും നിയമ ലംഘനങ്ങളും. നിയമനിര്‍വഹണം നടത്തേണ്ട നിയമപാലകര്‍ തന്നെ പൌരന്‍മാര്‍ക്ക് മൌലികാവകാശങ്ങള്‍ നിഷേധിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നു. ആഭ്യന്തര മന്ത്രിയുടെ മൂക്കിന് താഴെ തിരുവനന്തപുരം നഗരത്തില്‍ കഴിഞ്ഞ ദിവസം കണ്ടത് നിയമ നിര്‍വ്വഹണമെന്ന പേരില്‍ നടന്ന അഴിഞ്ഞാട്ടമായിരുന്നു. കാഞ്ഞിരംകുളം സ്വദേശിയും യുണിവേഴ്സിറ്റി സെനറ്റ് കാമ്പസിലെ എംഫില്‍ പെര്‍ഫോമിംഗ് ആര്‍ട്ട്സ്  വിദ്യാര്‍ഥിയുമായ സുനിക്ക് തലസ്ഥാനത്ത് താന്‍ ഇരയായ പോലീസ് പീഡനത്തിന്റെ അനുഭവം വിവരിക്കുന്നു. (തയ്യാറാക്കിയത് ഉണ്ണികൃഷ്ണന്‍.വി)

മെയ് മാസം മൂന്നാം തീയതി തിരുവനന്തപുരം പബ്ലിക് ലൈബ്രറിയില്‍ പോയിട്ട് തിരിച്ചു വരുന്ന വഴി റോഡില്‍ വച്ച് എന്റെ കൂടെ എംഎയ്ക്ക് പഠിച്ച ഒരു സുഹൃത്തിനോട് സംസാരിച്ചു നില്‍ക്കുകയായിരുന്നു. അതിനിടയിലാണ് കന്‍റോണ്‍മെന്‍റ് എസ്ഐ വന്ന്‍ ഒരു പ്രകോപനവുമില്ലാതെ എന്റെ കൈക്ക് പിടിച്ച് ജീപ്പില്‍ കയറ്റിയത്. ഞാന്‍ അപ്പോഴും ചോദിക്കുന്നുണ്ടായിരുന്നു എന്താണ് കാര്യം, എന്നെ എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന്. പോലീസുകാര്‍ മറുപടി നല്കിയില്ല. ആകെ പറഞ്ഞത് സ്റ്റേഷനില്‍ കൊണ്ടുപോയിട്ട് ഇപ്പൊ വിടാം എന്നു മാത്രം.

എന്നെയും കൊണ്ടു ജീപ്പില്‍ പോകുന്നതിനിടെ പാളയം മാര്‍ക്കറ്റിനു മുന്‍പില്‍ നിന്ന് ഒരു അന്യ സംസ്ഥാന തൊഴിലാളിയെയും അവര്‍ പിടിച്ചു. അയാള്‍ തിരിഞ്ഞു നില്‍ക്കുകയായിരുന്നു. അവനെ പിടിച്ചിട്ടു ഹിന്ദിക്കാരനാണെന്നറിഞ്ഞപ്പോ ആദ്യം വിടാന്‍ എസ്ഐ പറഞ്ഞെങ്കിലും പിന്നീട് അയാളെയും കസ്റ്റഡിയിലെടുത്തു. അടുത്ത അങ്കം പാളയം സാഫല്യം കോംപ്ലക്സിന്റെ മുന്നിലായിരുന്നു. അവിടത്തെ മതിലിനു മുകളില്‍ ഒരു പയ്യന്‍ ഇരിക്കുന്നു. അവന്റെ അടുത്ത് ഒരു പെണ്‍കുട്ടിയും. ആ പയ്യനെയും പിടികൂടി. കാരണം ഒന്നും പറഞ്ഞത്‌ പോലുമില്ല. പിന്നെ ഞങ്ങളെ മൂന്നു പേരെയും കൂടി കന്‍റോണ്‍മെന്റ് സ്റ്റേഷനില്‍ കൊണ്ടു പോയി.

അപ്പോഴേക്കും എന്റെ സഹപാഠികള്‍ സ്റ്റേഷനില്‍ എത്തിയിരുന്നു. അവരുടെ ചോദ്യത്തിനു റൈറ്റര്‍ കൊടുത്ത മറുപടി ഇതു മുകളില്‍ നിന്നുള്ള ഉത്തരവാണ് എന്നാണ്. വീണ്ടും വീണ്ടും ചോദിച്ച അവര്‍ക്ക് കിട്ടിയ മറുപടി രസകരവും അതേസമയം വിചിത്രവുമായിരുന്നു. എന്നെ അറസ്റ്റു ചെയ്തത് എന്റെ ലുക്ക് കണ്ടിട്ടാണത്രെ!

പിന്നീട് എന്നെക്കൊണ്ട് അവര്‍ ഒരു പേപ്പറില്‍ ഒപ്പിടിപ്പിച്ചു. എനിക്ക് തീസ്സിസ് ഒക്കെ ചെയ്യാനായി പലയിടത്തും പോകേണ്ടതുണ്ടായിരുന്നു. ഞാനെന്തു ചെയ്യണം എന്നു ചോദിച്ചപ്പോള്‍ വിളിക്കുമ്പോള്‍ ഹാജരാകണം എന്നാണ് പോലീസ് പറഞ്ഞത്.

ഈ സംഭവത്തെ അങ്ങനെ വെറുതെ വിടാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നില്ല. അതുകൊണ്ട് അന്നു തന്നെ ഞങ്ങള്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി. കമ്മീഷണര്‍ വളരെ മാന്യമായാണ് ഞങ്ങളോട് പെരുമാറിയത്. അദ്ദേഹം ഞങ്ങളോട് കാര്യങ്ങള്‍ വിശദമായി അന്വേഷിക്കുകയും അതിന്മേല്‍ തീരുമാനമെടുക്കാം എന്നുറപ്പ് തരികയും ചെയ്തു. എംഫില്‍ വിദ്യാര്‍ത്ഥി ആണെന്നറിഞ്ഞപ്പോ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇനി വിളിക്കുമ്പോള്‍ ചെല്ലണം എന്നാണ് പറഞ്ഞിട്ടുള്ളത് എന്ന് സൂചിപ്പിച്ചപ്പോള്‍, അതിന്റെ ആവശ്യമില്ല ഉദ്യോഗസ്ഥരെ താക്കീതു ചെയ്തോളാം എന്നും കമ്മീഷണര്‍ ഉറപ്പ് തന്നു. 

 

എന്റെ ഈ ദുരനുഭവം വെളിവാക്കുന്നത് ചില മോശം പ്രവണതകളെയാണ്. മുടിയും താടിയും വളര്‍ത്തിയാല്‍ അത് സംശയത്തിനു വഴികൊടുക്കുന്നതെങ്ങനെയാണ്? മുടിയും താടിയും വളര്‍ത്തിയത് വെളുത്ത നിറമുള്ള ഒരാളാണെങ്കില്‍ പ്രശ്നമില്ലേ? അത് കറുത്ത നിറമുള്ളവന്‍ ആണെങ്കിലേ കുഴപ്പമുള്ളോ? അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങള്‍ അല്ലേ, പോലീസിന് അതിലെന്താണ് കാര്യം?

ഞാന്‍ മാനവീയം വീഥി എന്ന സാംസ്കാരിക സംഘടനയുടെ പ്രവര്‍ത്തകനാണ്. തിരുവനന്തപുരം ആര്‍ട്സ് കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. കൂടാതെ മറ്റു പലര്‍ക്കും. പക്ഷേ നാണക്കേടും പേടിയും കൊണ്ട് ആരും പുറത്തു പറയാറില്ല. ഇനി ഈ അവസ്ഥ മറ്റാര്‍ക്കും വരാന്‍ പാടില്ല.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍