UPDATES

കേരളം

പ്രബുദ്ധ മലയാളിയോടുതന്നെ; ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ‘മറ്റേ പരിപാടി’ക്കാരോ തല്ലുകൊള്ളേണ്ടവരോ അല്ല

ലോകത്തെല്ലായിടത്തും ട്രാന്‍സ്‌ജെന്‍ഡേഴ്സിന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ പ്രകടനങ്ങളും പ്രതിവാദങ്ങളും നടക്കുമ്പോഴും ഇക്കാര്യത്തില്‍ മാതൃകാപരമായ സമീപനം കൈക്കൊണ്ട നാടാണ് കേരളം

കൊച്ചിയില്‍ ജോലി ചെയ്തിരുന്ന കാലം, നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു താമസസ്ഥലമായ ഗാന്ധിനഗറിലേക്ക് (പഴയ കമ്മട്ടിപ്പാടം) പോകുന്നത് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തുകൂടി റെയില്‍വേ പാളം മുറിച്ചു കടന്നാണ്. പോകുന്ന വഴിയില്‍ എവിടെയെങ്കിലും, സ്റ്റാന്‍ഡിലേക്ക് കയറുന്നിടത്തോ, സൗത്ത് സ്‌റ്റേഷനിലേക്കുള്ള ഷോര്‍ട് കട്ട് റോഡിന്റെ തിരിവിലോ പൊലീസ് കാണും, ഷാഡോക്കാരോ യൂണിഫോമിലോ ഉള്ളവര്‍. ആരാണെന്നും എവിടെ പോകുന്നെന്നുമുള്ള ചോദ്യം ചെയ്യലുകള്‍ക്കുശേഷം തരാറുള്ള ഉപദേശമുണ്ട്, വഴിയിലെവിടെയെങ്കിലും മറ്റവരും കാണും, മുന്നില്‍ വന്നാല്‍ ഒരെണ്ണം കൊടുത്തേക്കൂ, പോയ്‌ക്കോളൂം…

കഴിഞ്ഞ ദിവസം എറണാകുളത്ത് മൂന്നാംലിംഗക്കാര്‍ക്കെതിരെ നടന്ന പൊലീസ് അതിക്രമങ്ങളും അതിനെതിരെയുണ്ടായ പ്രതിഷേധങ്ങളും അറിഞ്ഞപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്നേ തന്നെ കേട്ടിരുന്ന പൊലീസിന്റെ ഉപദേശം ഓര്‍മയില്‍ വന്നതാണ്. തല്ലി തന്നെയാണ് ഇവരെ നേരേയാക്കേണ്ടതെന്ന പൊലീസിന്റെയും പൊതുസമൂഹത്തിന്റെയും വിശ്വാസം പുതിയതല്ല, പണ്ടേ ഉറച്ചുപോയ ഒന്നാണ്.

ലിംഗം ഒരു മനുഷ്യനെ വേര്‍തിരിക്കുന്ന സമൂഹത്തില്‍ ആണിനും പെണ്ണിനും താഴെ മൂന്നാമതൊരു വര്‍ഗം, അവര്‍ക്ക്‌ അവകാശങ്ങളില്ല, സ്വാതന്ത്ര്യങ്ങളില്ല, പകലുകള്‍ പണ്ടേ നഷ്ടപ്പെട്ടു പോയ അവര്‍ക്കിപ്പോള്‍ രാത്രികളും അന്യമായിരിക്കുന്നു.

ലോകത്തിനു മാതൃകയായി ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി പ്രഖ്യാപിച്ച സ്ഥലമാണ് കേരളം. അതേ കേരളത്തിലാണ് ഇന്നും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വേട്ടയാടപ്പെടുന്നത്, അവരുടെ വേദനകളും വാക്കുകളും ബധിരകര്‍ണങ്ങള്‍ക്കു മുന്നിലെന്നവണ്ണം വ്യര്‍ത്ഥമാക്കപ്പെടുന്നത്.

ജൂലൈ ഒന്നാം തീയതി എറണാകുളം നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ മുമ്പാകെ ഏതാനും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പരാതിയുമായെത്തിയിരുന്നു. ഇതര സംസ്ഥാനക്കാരായ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഗുണ്ടകളും ചേര്‍ന്ന് റയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നില്‍ക്കുകയായിരുന്ന ഇവരെ മര്‍ദ്ദിച്ചുവെന്നായിരുന്നു പരാതി. ഇരുമ്പുകട്ടയും വടികളുമെല്ലാം ഉപയോഗിച്ചായിരുന്നു ആക്രമണം. എന്നാല്‍ പരാതിക്കാരെ പ്രതികളാക്കി കേസ് ചാര്‍ജ് ചെയ്യുകയാണ് പൊലീസ് ചെയ്തത്. ഐ പി സി 394, 395 എന്നീ സെഷന്‍സ് വകുപ്പുകള്‍ ചുമത്തി പിടിച്ചുപറിക്കും കൂട്ടം ചേര്‍ന്നുള്ള ആക്രമണത്തിനുമാണ് ഇവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്. അന്നു പാതിരാത്രിക്കു തന്നെ ഇവരെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുകയും തുടര്‍ന്ന് റിമാന്‍ഡിലാക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ പൊലീസ് നടത്തിയ കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഈ കേസ്. ആരാണോ ആക്രമിക്കപ്പെട്ടത്, ആരാണോ പരാതിയുമായി എത്തിയത് അവരാണ് പ്രതികളായത്. യഥാര്‍ത്ഥ പ്രതിസ്ഥാനത്ത് നില്‍ക്കുന്നവരാകട്ടെ പൊലീസിന്റെ യാതൊരു അന്വേഷണത്തിനും വിധേയരാകാതെ ഇപ്പോഴും ഇരുട്ടില്‍ തങ്ങള്‍ തുടര്‍ന്നുവന്ന പ്രവൃത്തികള്‍ തുടരുന്നു; അഡ്വ. മായ കൃഷ്ണന്‍ പറയുന്നു.

അസമില്‍ നിന്നും മറ്റുവന്ന ഹിജഡ വിഭാഗത്തില്‍പ്പെട്ടവര്‍ നമ്മുടെ നഗരങ്ങളിലുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദൈവികമായൊരു ആചാരം പോലെയാണ് ഹിജഡകള്‍ ഭിക്ഷതേടുന്നത്. തങ്ങളെ ചുറ്റിവളയുന്നവര്‍ക്ക് മനസോടെ തന്നെ പണം നല്‍കുന്നതും കുഞ്ഞുങ്ങളെ ഹിജഡകളുടെ അനുഗ്രഹത്തിനായി സമര്‍പ്പിക്കുന്നതുമൊക്കെ ഉത്തരേന്ത്യയില്‍ സര്‍വസാധാരണമാണ്. എന്നാല്‍ കേരളത്തില്‍ അത്തരമൊന്നു പരിചിതമല്ല. ഇവിടെയാണ് ഇതരസംസ്ഥാനത്തില്‍ നിന്നും ഹിജഡകള്‍ തങ്ങള്‍ക്ക് പണം തരാത്തവരെ ആക്രമിക്കുകയും പിടിച്ചുപറിക്കുകയും ചെയ്തു പോരുന്നത്. ട്രെയിനുകളിലും റെയില്‍വേസ്‌റ്റേഷനുകളിലും ഇവരുടെ അക്രമം പലപ്പോഴും പരിധിവിടാറുണ്ട്; സാമൂഹ്യപവര്‍ത്തകനും സഹയാത്രിക എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ശരത് ചേലൂര്‍  ചൂണ്ടിക്കാണിക്കുന്നു

ഇത്തരക്കാരുടെ പ്രവൃത്തികള്‍ പലപ്പോഴും ബുദ്ധിമുട്ടിലാക്കുന്നത് മലയാളികളായ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയാണ്. തെറ്റിദ്ധാരണയുടെ പുറത്ത് അവരാണ് ശിക്ഷകള്‍ ഏറ്റുവാങ്ങേണ്ടി വരുന്നത്. ഈ സ്ഥിതി ദുസ്സഹമായ അവസ്ഥയിലാണ് പെരുമ്പാവൂര്‍ എസ് ഐക്ക് മുമ്പാകെ മലയാളികളായ ട്രാന്‍സ്‌ജൈന്‍ഡേഴ്‌സ് പരാതി നല്‍കുന്നത്; ശരത് തുടര്‍ന്നു.

പെരുമ്പാവൂരില്‍ കഴിഞ്ഞ എട്ടുവര്‍ഷത്തോളമായി ഇതരസംസ്ഥാനത്തു നിന്നുള്ള ഹിജഡ വര്‍ഗത്തില്‍പ്പെട്ടവര്‍ താമസിച്ചു വരുന്നുണ്ടെന്നാണു പറയുന്നത്. ഇക്കൂട്ടരാണ് നഗരങ്ങളില്‍ നിര്‍ബന്ധിത പണപ്പിരിവും ആക്രമണവും നടത്തുന്നത്. പരാതി കിട്ടിയ പൊലീസാകട്ടെ ഇത്തരമൊരു വര്‍ഗം പെരുമ്പാവൂര്‍ താമസിക്കുന്നുണ്ടെന്നോ അവര്‍ ഏതെങ്കിലും തരത്തിലുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടോ എന്ന കാര്യത്തില്‍ തങ്ങള്‍ക്ക് അറിവില്ലെന്നാണു പരാതിക്കാരെ അറിയിച്ചത്. ഇതിനുശേഷം പരാതിക്കാരുടെ സംഘം പെരുമ്പാവൂരില്‍ താമസമുണ്ടെന്നു പറയുന്ന ഇതരസംസ്ഥാന ഹിജഡകളില്‍ ചിലരുടെ താമസ്ഥലം തേടി പോയെങ്കിലും ഇവരെ കണ്ടയുടനെ മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ഉപദ്രവിക്കാന്‍ വന്നവരാണെന്ന തെറ്റിദ്ധാരണയില്‍ ആയിരിക്കാം അവര്‍ ഓടിയത്, എന്നാല്‍ കാര്യങ്ങളുടെ ഗൗരവം പറഞ്ഞു മനസിലാക്കുകയായിരുന്നു യഥാര്‍ത്ഥ ലക്ഷ്യം. ഈ സംഭവത്തിനു പിന്നാലെയാണ് റെയില്‍വേസ്റ്റേഷന്‍ പരിസരത്തുവച്ച് മലയാളി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആക്രമിക്കപ്പെടുന്നത്. ജൂലൈ ഒന്നാം തീയതിയായിരുന്നു ഈ സംഭവം നടന്നത്.

മാധ്യമങ്ങളിലോ സോഷ്യല്‍ മീഡിയയിലോ ഈ സംഭവം ചര്‍ച്ചയായില്ല. ഇതും മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയില്‍ പെടുന്നതായിട്ടും ആരും അവര്‍ക്കുവേണ്ടി വാദിക്കാനോ സംസാരിക്കാനോ തയ്യാറായില്ല. എന്തുകൊണ്ട്? ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്നാല്‍ മറ്റേപരിപാടിക്കാരാണെന്നും അവര്‍ തല്ലുകൊള്ളേണ്ടവരാണെന്നും ഉറച്ചുപോയ പൊതുബോധത്തിന്റെ നിസ്സംഗതയാണ്; അഡ്വ. മായ തുടര്‍ന്നു.

2016 ജൂലൈ രണ്ട്, എറണാകുളം വളഞ്ഞമ്പലത്തിനു സമീപം രാത്രി പൂര്‍ണ എന്ന ട്രാന്‍സെക്ഷ്വല്‍ (ഓപ്പറേഷന്‍ വഴി ലിംഗമാറ്റം നടത്തിയ വ്യക്തി) ബെംഗളൂരുവില്‍ നിന്നും വരുന്ന മമ്മിയെ (ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കിടയില്‍ നിന്നും ട്രാന്‍സ് സെക്ഷ്വലാകുന്നവരെ വിളിക്കുന്നത് മമ്മി എന്ന പേരിലാണ്) കാത്ത് നില്‍ക്കുകയായിരുന്നു. പതിനൊന്നര മണിയോടടുത്ത് പൂര്‍ണയുടെ സമീപം ഒരു പൊലീസ് വാന്‍ വന്നു നിന്നു. അതില്‍ നിന്നും പുറത്തിറങ്ങിയ പൊലീസുകാര്‍ തന്നെ അസഭ്യവാക്കുകളോടെ അറസ്റ്റ് വാറണ്ട് ഉണ്ടെന്നു പറയുകയും ഒപ്പമുണ്ടായിരുന്ന മറ്റൊരു പൊലീസുകാരന്‍ കവിളത്ത് തല്ലുകയും ചെയ്തു. എന്തുകാരണത്താലാണ് തന്നെ തല്ലുന്നതെന്നും താനൊരു സ്ത്രീയല്ലേയെന്നും ചോദിച്ചപ്പോള്‍ മറുപടി അടിവയറ്റില്‍ കാലുകൊണ്ടുള്ള ചവിട്ടായിരുന്നുവെന്നു പൂര്‍ണ പറയുന്നു. താന്‍ കഴിഞ്ഞ മാസം ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞയാളാണെന്നും ഉപദ്രവിക്കരുതെന്നും പറഞ്ഞപ്പോള്‍ പത്തോളം പൊലീസുകാര്‍ ഒരുമിച്ചു ചേര്‍ന്ന് ലാത്തികൊണ്ടും കൈകാലുകള്‍ കൊണ്ടും മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും കൂടാതെ നീ ആണാണോ പെണ്ണാണോ എന്നു പറയെടാ എന്നു പറഞ്ഞുകൊണ്ട് തന്റെ പാന്റ് വലിച്ചു താഴ്ത്തുകയും ചെയ്തുവെന്നും പൂര്‍ണ പറയുന്നു.

പൂര്‍ണയെ തല്ലുന്നതുകണ്ട് സമീപത്ത് നില്‍ക്കുകയായിരുന്ന ആയിഷ എന്ന ട്രാന്‍സ്‌ജെന്‍ഡറിനെയും പൊലീസ് സംഘം മര്‍ദ്ദിക്കുകകയായിരുന്നു. എഴുന്നേല്‍ക്കാന്‍ പറ്റാത്തവിധം മര്‍ദ്ദനമേറ്റ തങ്ങളെ ആശുപത്രിയില്‍ എത്തിക്കണമെന്ന ആവശ്യംപോലും പൊലീസുകാര്‍ കേട്ടില്ലെന്നും തുടര്‍ന്നും മര്‍ദ്ദിക്കുകയായിരുന്നുവെന്നും പൂര്‍ണയും ആയിഷയും പരാതിയില്‍ പറയുന്നു. സെന്‍ട്രല്‍ സ്‌റ്റേഷനില്‍ നിന്നും പൊലീസ് എത്തുന്നതുവരെ മറ്റു പൊലീസുകാരുടെ ഉപദ്രവം തുടര്‍ന്നുകൊണ്ടിരുന്നെന്നും ഇവര്‍ വ്യക്തമാക്കുന്നു. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇരുവരുടെയും പരിക്കുകള്‍ ഡോക്ടര്‍മാര്‍ തന്നെ സ്ഥിരീകരിച്ചിട്ടുള്ളതാണ്.

ലോകത്തെല്ലായിടത്തും ട്രാന്‍സ്‌ജെന്‍ഡേഴ്സിന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ പ്രകടനങ്ങളും പ്രതിവാദങ്ങളും നടക്കുമ്പോഴും ഇക്കാര്യത്തില്‍ മാതൃകാപരമായ സമീപനം കൈക്കൊണ്ട നാടാണ് കേരളം. ഇവിടെ ഒരു ട്രാന്‍സ്‌ജെന്‍ഡജര്‍ പോളിസി ഉണ്ടായി. എന്നാല്‍ അതേ നാട്ടില്‍ തന്നെയാണ് മേല്‍പ്പറഞ്ഞ ക്രൂരതകള്‍ നടന്നതും. പൗരന്മാരുടെ ജീവനും അവകാശങ്ങള്‍ക്കും പരിപൂര്‍ണ്ണ സംരക്ഷണം നല്‍കാന്‍ ഉത്തരവാദിത്വമുള്ള കേരള പോലീസ് യാതൊരു പ്രകോപനവും കൂടാതെ മനുഷ്യരെ തെരുവില്‍ തല്ലിച്ചതക്കുന്നതും അസഭ്യം പറയുന്നതും ഗുരുതരമായ കൃത്യവിലോപവും അധികാര ദുര്‍വിനിയോഗവുമല്ലേയെന്നാണ് ട്രാന്‍സ്ജന്‍ഡേഴ്‌സ് കമ്യൂണിറ്റി ചോദിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സംരക്ഷിക്കാനാണ് പൊലീസിനോട് പറയുന്നത്. ഉത്തരവാദിത്വപ്പെട്ട ചുമതലകളിലിരുന്നുകൊണ്ട് ഞങ്ങളെ സംരക്ഷിക്കേണ്ട പോലീസ് ഞങ്ങളെ ആക്രമിക്കുകയും വഴിയിലുപേക്ഷിച്ചു പോവുകയുമായിരുന്നു പൂര്‍ണയും ആയിഷയും പറയുന്നു.

പൊലീസ് അതിക്രമത്തിനെതിരെ കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് കൂട്ടായ്മ നടന്നപ്പോള്‍ പോലും ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളടക്കം പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായ അതിക്രമങ്ങളെ മൂടിവയ്ക്കുകയോ മയപ്പെടുത്തി പറയുകയോ ആണ് ചെയ്തത്. പിന്തുണ നല്‍കുന്നു എന്ന തോന്നല്‍ ഉളവാക്കിക്കൊണ്ടു തന്നെ കുറ്റങ്ങളെല്ലാം ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്‍റെ ഭാഗത്ത് എന്ന നിലയില്‍ ഭംഗിയായി അവതരിപ്പിക്കാനും മടികാണിച്ചിട്ടില്ല. ആ മാധ്യമങ്ങള്‍ സമൂഹത്തിന്റെ നേര്‍മുഖങ്ങളാണ്.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പരസ്പരം നടത്തിയ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് ചിലരെ പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് പല വാര്‍ത്തകളിലും കാണുന്നത്. യഥാര്‍ത്ഥ്യം അതാണോ? കേസ് എടുത്തതും റിമാന്‍ഡിലാക്കിയതും പ്രതികളെയോ പരാതിക്കാരെയോ? ഇതിനൊന്നും ശരിയായ ഉത്തരം തേടാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചിട്ടില്ല. ഇതര സംസ്ഥാനക്കാരായ അക്രമികളെ ഒരാളെ പോലും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. കൊലപാതകമോ മോഷണമോ നടക്കുമ്പോള്‍ പൊലീസ് ആദ്യം തന്നെ പ്രതിയെന്നുറപ്പിക്കുന്നത് ഇതരസംസ്ഥാനക്കാരെയാണ്. നിരപരാധികളാണ് പലപ്പോഴും കുടുങ്ങുന്നത്. ഏതു സമൂഹത്തിലും ഏതുഭാഷക്കാരിലും ഉള്ളതുപോലെ ഇതരസംസ്ഥാനത്തു നിന്നും ജോലി തേടി എത്തുന്നവരിലും കുറ്റവാസനയുള്ളവരും കുറ്റവാളികളും ഉണ്ട്. ഇവിടെയിപ്പോള്‍ മലയാളിക്ക് അത്ര പരിചയമല്ലാത്ത ഹിജഡ ഭിക്ഷാടനവും അവരുടെ ആക്രമണവും വര്‍ദ്ധിച്ചു വരുമ്പോഴും പൊലീസ് അതിലേക്ക് അന്വേഷണം നടത്തുന്നില്ല. പലരും രാത്രികാലങ്ങളില്‍ ഇവരാല്‍ ആക്രമിക്കപ്പെടാറുണ്ട്. നാളെ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടാല്‍? കൊലയാളിയുടെ സ്ഥാനത്ത് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്നു വ്യക്തമാക്കപ്പെട്ടാല്‍ ഇപ്പോള്‍ ജിഷക്കൊലക്കേസിന്റെ പിറകെ ഇതരസംസ്ഥാനക്കാര്‍ എല്ലാവരും കുറ്റവാളികളാണെന്നു മുദ്രകുത്തപ്പെടുന്നതുപോലെ നാളെ ട്രാന്‍സ്‌ജെന്‍ഡേസ് കമ്യൂണിറ്റിയില്‍പ്പെട്ട എല്ലാവരും തന്നെ സമൂഹത്തിന്റെ ക്രൂരമായ വേട്ടയാടലിനു വിധേയരാകേണ്ടി വരും.

കൊച്ചിയില്‍ ട്രാന്‍സ്സെക്ഷ്വല്‍സ് പൊലീസിനാല്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ ഭാഷ്യം വേറെയാണ്. അവര്‍ സാമൂഹ്യവിരുദ്ധമായ കാര്യങ്ങള്‍ക്കായി നില്‍ക്കുമ്പോള്‍ ചോദ്യം ചെയ്ത പൊലീസിനെ അങ്ങോട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് ഭാഷ്യം. എന്നാല്‍ അതിലേറെ ഭയപ്പെടുത്തുന്നതാണ് കൊച്ചി അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്ന മുന്നറിയിപ്പ്. രാത്രി പതിനൊന്നു മണി കഴിഞ്ഞു കാണുന്ന ആരെയും ചലഞ്ച് ചെയ്യാന്‍ തങ്ങള്‍ തയ്യാറാകുമെന്നാണ് അദ്ദേഹം പറയുന്നത്. അസമയത്ത് ഒരാളെ കണ്ടാല്‍ അതാരാണന്നും ഉദ്ദേശമെന്തെന്നും ചോദിച്ചറിയാന്‍ പൊലീസിന് അവകാശമുണ്ട്. പക്ഷേ ചോദ്യങ്ങള്‍ മാന്യവും സമീപനം അന്തസ്സോടെയുമാകണം. കുഴപ്പമുണ്ടെന്നു കണ്ടാല്‍ പിടികൂടി കൊണ്ടുപോവുകയും ചെയ്യാം. അതല്ലാതെ രാത്രിയില്‍ ആരെ കണ്ടാലും അവരെ തെറിപറഞ്ഞും തല്ലിയും ചോദ്യം ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്യുന്നത് അനീതിയാണ്, അക്രമമാണ്;  ശരത് ചേലൂര്‍ ഓര്‍മിപ്പിക്കുന്നു.

ഇതിനെക്കാള്‍ ക്രൂരമാണ് ട്രാന്‍സ് എന്നാല്‍ ലൈംഗികത്തൊഴിലാളികളാണെന്ന പൊലീസിന്റെ മുന്‍വിധി. ആണും പെണ്ണും ലൈംഗികവൃത്തി ചെയ്യുന്നതുപോലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനിടയിലും സെക്‌സ് വര്‍ക്കര്‍മാരുണ്ട്. എന്നാല്‍ എല്ലാ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും അതല്ല തൊഴിലാക്കിയിരിക്കുന്നത്. എല്ലാ ആണുങ്ങളും പെണ്ണുങ്ങളും ലൈംഗിക തൊഴിലാളികളാണെന്നു നാം പറയാറില്ല, എന്നതുപോലെ എല്ലാ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ലൈംഗിക തൊഴിലാളികളാണെന്ന ധാരണ മാറ്റുകയും വേണം; അഡ്വ. മായ വ്യക്തമാക്കുന്നു.

എന്തുകൊണ്ട് ട്രാന്‍സില്‍ പലരും ഇരുട്ടിന്റെ മറവില്‍ ശരീരം വില്‍ക്കാന്‍ തയ്യാറാകുന്നു? അവര്‍ക്ക് ജീവിക്കാന്‍ മറ്റൊരു വഴി കാണാത്തതുകൊണ്ട്. ആരാണ് അവര്‍ക്കൊരു ജോലി കൊടുക്കുന്നത്? എല്ലായിടത്തു നിന്നും പരിഹാസവും അപമാനവും. ശാരീരികവും ലൈംഗികവുമായ ഉപദ്രവങ്ങള്‍. വിദ്യാഭ്യാസം ചെയ്യാന്‍ വഴിയില്ല. പലരും പഠിത്തം പാതിവഴിയില്‍ ഉപേക്ഷിക്കുന്നു. അധ്യാപകരില്‍ നിന്നുപോലും അവഹേളനം. സ്വന്തം വീട്ടില്‍ നിന്നുപോലും അടിച്ചിറക്കപ്പെടുന്നു. സമൂഹവും കുടുംബവും ആട്ടിയോടിക്കുന്നവര്‍ക്ക് ജീവിക്കാന്‍ മോഹം തോന്നിയാല്‍ അവര്‍ക്ക് അതിനുള്ള ഒരു തൊഴിലായി ലൈംഗികവൃത്തി തെരഞ്ഞെടുക്കേണ്ടി വരും. ഇവിടെ ആരാണ് തെറ്റുകാര്‍. ജീവിക്കാനായി ഇത്തരം പ്രവര്‍ത്തികള്‍ക്ക് നിര്‍ബന്ധിതരാകുന്നവരോ? അവരെ അതിലേക്ക് തള്ളിവിടുന്ന ഭരണാധികാരികളും സമൂഹവുമോ? ശരത് ചോദിക്കുന്നു.

ഏതായാലും കൊച്ചിയിലെ സംഭവത്തിനു പിന്നാലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു മെട്രോ റെയിലില്‍ ജോലി നല്‍കാന്‍ കെ എംആര്‍എല്‍ തീരുമാനിച്ചതായി വാര്‍ത്തകളുണ്ട്. വളരെ നല്ലനീക്കം എന്നു പറയുമ്പോഴും അത്രകണ്ട് ആശ്വാസമില്ല. കാരണം, സമൂഹം എങ്ങനെ അവരെ സ്വീകരിക്കുമെന്ന് അറിയില്ല. കഴിഞ്ഞ ദിവസം തല്ലുകൊണ്ട് ആശുപത്രിയില്‍ കഴിഞ്ഞവരോട് ചില സ്ത്രീകള്‍ തന്നെ പറഞ്ഞ അസഭ്യവാക്കുകള്‍ ആ ഭയം വര്‍ദ്ധിപ്പിക്കുന്നു. കൊച്ചിയിലെ സമ്പന്നര്‍ താമസിക്കുന്ന കോളനികളുടെ പരിസരത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ സാമിപ്യം വലിയ ഉപദ്രവമാണെന്നു പ്രദേശവാസികള്‍ പൊലീസിനോട് പരാതി പറയുന്നുണ്ട്. കുട്ടികളുമായി പോകുമ്പോള്‍ വഴിയില്‍ ഏതെങ്കിലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ കണ്ടാല്‍ കുട്ടികള്‍ക്ക് അതാരാണെന്ന് സംശയം ഉണ്ടാവുകയും കാര്യം പറഞ്ഞുകൊടുക്കാനാകാതെ തങ്ങള്‍ വിഷമിക്കുകയാണെന്നുമാണ് അവരുടെ പരാതി. ഈ പരാതി വഴിമാറി ട്രാന്‍സ്‌ജെന്‍ഡര്‍ എന്നാല്‍ പിടിച്ചുപറിക്കാരും അക്രമികളും ലൈംഗിക തൊഴിലാളികളുമാണെന്നുമുള്ള തരത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ച് പൊലീസ് അവരുടെ നയമായ തല്ലി ശരിയാക്കാല്‍ നടപ്പാക്കുകയുമാണ്. ഒരു കുട്ടി തനിക്കു മുന്നില്‍ കാണുന്ന ട്രാന്‍സ്‌ജെന്‍ഡിറെ നോക്കി അതാരാണെന്നു ചോദിച്ചാല്‍, മനുഷ്യരുടെ ജെന്‍ഡറിനെ പറ്റി മനസിലാകുന്ന ഭാഷയില്‍ പറഞ്ഞുകൊടുക്കയല്ലേ വേണ്ടത്. ലിംഗവ്യത്യാസം എന്നത് അശ്ലീലമെന്ന് കരുതി മറച്ചുവയ്ക്കുന്ന കാര്യങ്ങളാണ് വളര്‍ന്നുവരുന്ന തലമുറയെക്കൂടി ട്രാന്‍സെജന്‍ഡര്‍ എന്നാല്‍ കല്ലെറിഞ്ഞോടിക്കേണ്ട, കളിയാക്കി തലകുനിപ്പിക്കേണ്ട ഒരു വര്‍ഗമാണെന്ന ബോധത്തിലേക്ക് തള്ളിവിടുന്നത്.

ഒന്നുറപ്പാണ്, സമൂഹത്തിന്റെയും പൊലീസിന്റെയും ഭരണത്തിലിരിക്കുന്നവരുടെയും മനോഗതി മാറാതെ ഇവിടെ ഒരു പോളിസി നടപ്പിലാക്കിയാലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു സ്വസ്ഥമായി ജീവിക്കാന്‍ സാധിക്കില്ല. അവര്‍ ആക്രമിക്കപ്പെട്ടുകൊണ്ടേയിരിക്കും. അവര്‍ക്കും നല്ലജീവിതം കിട്ടണമെന്നാണ് ആഗ്രഹമെങ്കില്‍ സഹതാപത്തോടെയല്ല, നമ്മളില്‍ ഒരാള്‍ക്ക് നല്‍കുന്ന കരുതലോടെ അവര്‍ക്കു നേരെ കൈനീട്ടണം.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍