UPDATES

ദീപയെ വലിച്ചിഴച്ച പോലീസേ, ലക്ഷ്മി നായര്‍ക്ക് സുഖം തന്നെയല്ലേ…?

ബഹ്‌റ പൊലീസ് ഈ രീതിയിലാണു നീതി നടപ്പാക്കുന്നതെങ്കില്‍ തുല്യനീതി എന്ന ആപ്തവാക്യം പൊലീസ് സേന ഉപേക്ഷിക്കണം.

എംജി സര്‍വകലാശാലയിലെ ദളിത്‌ ഗവേഷക വിദ്യാര്‍ത്ഥി ദീപയെ പൊലീസ് കോട്ടയം എസ്പി ഓഫിസില്‍ വച്ച് അറസ്റ്റ് ചെയ്ത രീതി എല്ലാവരും കണ്ടതാണ്. ദീപ ചെയ്ത അപരാധം എന്തായിരുന്നു? പ്ലക്കാര്‍ഡുമായി എസ്പി ഓഫിസിനു മുന്നില്‍ സമരം ചെയ്തു. പ്ലക്കാര്‍ഡ് പിടിച്ച് എസ്പി ഓഫിസില്‍ പ്രതിഷേധിക്കാനുള്ള അവകാശം ഇല്ലെന്നാണു പൊലീസ് പറയുന്നത്. പക്ഷേ ദീപ പിന്മാറിയില്ല. ഒടുവില്‍ പൊലീസ് ബലം പ്രയോഗിച്ചു. ദീപ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജിലാണ്. പൊലീസുകാരെ ഉപദ്രവിച്ചു, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നീ കുറ്റങ്ങളും ദീപയുടെ മേലുണ്ട്.

ദീപ എന്തിനായിരുന്നു എസ്പി ഓഫിസില്‍ പ്ലക്കാര്‍ഡുമായി വന്നത്? ഗവേഷക അധ്യാപകനായ ഡോ. നന്ദകുമാര്‍ കളരിക്കല്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ച് ഒരുവര്‍ഷം മുമ്പാണു ദീപ പൊലീസില്‍ പരാതി നല്‍കുന്നത്. ഈ പരാതിയിന്‍മേലുള്ള അന്വേഷണം പൊലീസ് അട്ടിമറിച്ചെന്നാരോപിച്ചാണു ദീപ എസ്പി ഓഫിസില്‍ തന്റെ പ്രതിഷേധവുമായി എത്തിയത്. പക്ഷേ പരാതി പറയാനെത്തിയവള്‍ കുറ്റവാളിയായി മാറി.

Also Read: ജാതി അധിക്ഷേപം: പരാതി പറയാനെത്തിയപ്പോള്‍ അറസ്റ്റിലായ ദീപ ആശുപത്രിയില്‍; റിമാന്‍ഡ് ചെയ്തു

എന്തിനാണു പൊലീസ് എന്നതാണ് ദീപയുടെ അവസ്ഥ കാണുമ്പോള്‍ തോന്നുന്നത്. അല്ലെങ്കില്‍ ആര്‍ക്കൊപ്പമാണ് പൊലീസ്? ജനങ്ങളുടെ പരാതികള്‍ കേള്‍ക്കാനും പ്രതിഷേധത്തിനു പരിഹാരം ഉണ്ടാക്കാനുമുള്ള ഉത്തരവാദിത്വം പൊലീസിനുണ്ട്. അതുവിശ്വസിച്ചു പൊലീസിനെ തേടി വരുന്നവര്‍ മെഡിക്കല്‍ കോളേജുകളില്‍ അല്ല, എത്തേണ്ടത്. പൊലീസിനെ ഭയന്നിരിക്കുന്നവര്‍ അല്ല, തങ്ങളുടെ പ്രതിഷേധം പൊലീസ് സ്റ്റേഷനുകളില്‍ വന്നു പ്രകടിപ്പിക്കാന്‍ ധൈര്യമുള്ള തലമുറയാണ് ഇന്നുള്ളത്. ദീപ അവരുടെ പ്രതിനിധിയാണ്. അവകാശത്തിന്റെയും അനുവാദത്തിന്റെയും പേരുപറഞ്ഞു പൊലീസ് ഈ പ്രതിഷേധങ്ങളെ തല്ലിയൊതുക്കാനല്ല ശ്രമിക്കേണ്ടത്. ഒരു പെണ്‍കുട്ടിക്ക് പ്ലക്കാര്‍ഡുമായി എസ്പി ഓഫിസില്‍ എത്തി പ്രതിഷേധിക്കേണ്ടി വന്നതില്‍ അതിന് ഉത്തരവാദികള്‍ പൊലീസ് തന്നെയാണ്.

ഇനി ഇതേ പൊലീസ് ലക്ഷ്മി നായരോട് കാണിച്ച സമീപനങ്ങള്‍ ശ്രദ്ധിക്കൂ. ലോ അക്കാദമിയില്‍ ദളിത് വിദ്യാര്‍ത്ഥികളെ ജാതീയമായി അധിക്ഷേപിച്ചതും കാമ്പസിനുള്ളിലെ ഹോട്ടലില്‍ ഭക്ഷണം വിളമ്പിക്കുകയും മേശ തുടപ്പിക്കുകയും ചെയ്തതും അടക്കം നിരവധി പരാതികളാണ് അവര്‍ക്കെതിരേ ഉണ്ടായത്. പട്ടികജാതിക്കാരനെന്നും ഈഴവനെന്നും മേത്തനെന്നും വിളിച്ചാണ് വിദ്യാര്‍ത്ഥികളെ ലക്ഷ്മി നായര്‍ ആക്ഷേപിച്ചിരുന്നത്. ലക്ഷ്മി നായരുടെ ജാതിപീഡനത്തിന് ഇരയായ ഒരു ദളിത് വിദ്യാര്‍ത്ഥി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജാതിയാക്ഷേപത്തിന് അവര്‍ക്കെതിരേ ജാമ്യമില്ല വകുപ്പില്‍ കേസ് എടുത്തു. വിദ്യാര്‍ത്ഥികളുടെ മാസങ്ങള്‍ നീണ്ട സമരത്തിനൊടുവില്‍ ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും പൊലീസ് അവര്‍ക്കെതിരേ എന്ത് നടപടിയെടുത്തു? നീതിയും നിയമവും എങ്ങനെയാണു ലക്ഷ്മി നായരുടെ കാര്യത്തില്‍ ഇടപെട്ടത്. സര്‍വതന്ത്രസ്വതന്ത്രയായി അവര്‍ ജീവിക്കുന്നു. വിദേശത്തു പോകുന്നു.

ഒരുവശത്ത് നീതി തേടിയെത്തിയ ദീപ കുറ്റവാളിയാക്കി മാറ്റപ്പെടുന്നു, മറുവശത്ത്, കുറ്റക്കാരിയായിട്ടും നിയമങ്ങളെയും നീതിപാലകരെയും ഭയക്കാതെ ലക്ഷ്മി നായര്‍ മുന്നോട്ടുപോകുന്നു. ഈ നാട്ടില്‍ പൊലീസ് രണ്ടുതരം നീതി നടപ്പാക്കുന്നതിന്റെ ഉദാഹരണമാണ് ദീപയും ലക്ഷ്മി നായരും. ഒരു ദളിത് പെണ്‍കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോയാലോ, അറസ്റ്റ് ചെയ്തു ജയിലില്‍ ഇട്ടാലോ ആരും എതിര്‍പ്പുമായി വരില്ലെന്ന ധൈര്യമുണ്ട് പൊലീസിന്? എന്നാല്‍ ലക്ഷ്മി നായരെന്ന, അധികാരസ്ഥാനങ്ങളുമായി ബന്ധമുള്ള, സവര്‍ണയായ ഒരു സ്ത്രീയെ തൊടാന്‍ അവര്‍ മടിക്കും. ജിഷ എന്ന ദളിത് പെണ്‍കുട്ടി അതിക്രൂരമായി കൊല്ലപ്പെട്ടപ്പോള്‍ പൊലീസ് ആദ്യം എടുത്ത സമീപനം എന്തായിരുന്നുവെന്നും കണ്ടതാണ്. വാളയാറില്‍ രണ്ടു കൊച്ചു പെണ്‍കുട്ടികള്‍ മരണപ്പെട്ടപ്പോഴും പൊലീസ് എങ്ങനെയാണ് ഇടപെട്ടതെന്നും കണ്ടതാണ്. കേരളത്തില്‍ ബഹ്‌റ പൊലീസ് ഈ രീതിയിലാണു നീതി നടപ്പാക്കുന്നതെങ്കില്‍ തുല്യനീതി എന്ന ആപ്തവാക്യം പൊലീസ് സേന ഉപേക്ഷിക്കണം. ലക്ഷ്മി നായരെ പോലുള്ളവരെ സംരക്ഷിക്കുകയും ദീപയെ പോലുള്ളവരെ വലിച്ചിഴയ്ക്കുകും ചെയ്യുന്നിടത്ത് എവിടെയാണു തുല്യനീതി.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍