UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാക് വിജയം ആഘോഷിച്ചെന്നപേരില്‍ ചുമത്തിയ രാജ്യദ്രോഹക്കുറ്റം പിന്‍വലിച്ചു

മധ്യപ്രദേശില്‍ നിന്നും അറസ്റ്റ് ചെയ്ത 15 പേര്‍ക്കെതിരെയായിരുന്നു രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നത്

ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താന്റെ വിജയം ആഘോഷിച്ചെന്ന പേരില്‍ മധ്യപ്രദേശില്‍ നിന്നും അറസ്റ്റ് ചെയ്ത 15 പേരുടെയും മേല്‍ ചുമത്തിയിരുന്ന രാജ്യദ്രോഹക്കുറ്റം പൊലീസ് പിന്‍വലിച്ചു. പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നും സ്‌ഫോടകവസ്തുക്കള്‍ പൊട്ടിച്ചെന്നും ആരോപിച്ചായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ ബുര്‍ഹന്‍പൂര്‍ ജില്ലയിലെ മൊഹദ് ഗ്രാമത്തില്‍ നിന്നും ഞായറാഴ്ച രാത്രിയാണ് 15 മുസ്ലിം യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം വരുന്ന ഐപിസി സെക്ഷന്‍ 124-എ ആയിരുന്നു ചുമത്തിയിരുന്നത്.

അറസ്റ്റിലായവരില്‍ ബന്ധുക്കള്‍ രാഷ്ട്രപതിക്കും ദേശീയ/സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും ദേശീയ/സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും നിവേദനം നല്‍കിയതിനു പിന്നാലെയാണ് പൊലീസ് നിലപാട് മാറ്റിയത്. രാജ്യദ്രോഹക്കുറ്റം പ്രതികള്‍ക്കെതിരേ സ്ഥാപിക്കാന്‍ കഴിയില്ലെന്നും അറസ്റ്റിലായവര്‍ ആരും ക്രിമനല്‍ പശ്ചാത്തലമുള്ളവര്‍ അല്ലെന്നും പൊലീസ് പറയുന്നു. തങ്ങള്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ സാമുദായിക ഐക്യം തകര്‍ക്കാനുള്ള ശ്രമം എന്ന നിലയില്‍ സെക്ഷന്‍ 153 എ വകുപ്പാണ് ഇപ്പോള്‍ യുവാക്കള്‍ക്കെതിരേ ചുമത്തിയിരിക്കുന്നതെന്നും പൊലീസ് പറയുന്നു.

പൊലീസ് മനഃപൂര്‍വം ഉണ്ടാക്കിയ കേസ് ആണിതെന്നും ബിജെപിക്ക് വോട്ട് ചെയ്യാത്തതിന്റെ പേരില്‍ മുസ്ലിങ്ങള്‍ക്കെതിരേ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് അറസ്റ്റ് എന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

കോടതിയുടെ അനുമതിയോടെ അറസ്റ്റിലായവരെ കാണാന്‍ എത്തിയ ബന്ധുക്കളെ സംഘപരിവാര്‍ അനുഭാവികളായ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ വളയുകയും ഇവര്‍ക്കു ചുറ്റും നിന്നും ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്നു മുദ്രാവാക്യം മുഴക്കുകയും ചെയ്തത് സംഘര്‍ഷ സാധ്യത ഉണ്ടാക്കിയിരുന്നു. തങ്ങള്‍ എപ്പോഴും ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്നു തന്നെയാണു വിളിക്കുന്നതെന്നും ഈ രാജ്യത്തെ തങ്ങള്‍ സ്‌നേഹിക്കുന്നുവെന്നുമായിരുന്നു 62 കാരനായ ഗുല്‍സര്‍ കാസം ഈ സംഭവത്തിനുശേഷം ദി ഇന്ത്യന്‍ എക്‌സ്പ്രസിനോടു പ്രതികരിച്ചത്. കാസമിന്റെ 23കാരന്‍ മകനും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍