UPDATES

പൊലീസിനെ പണി പഠിപ്പിക്കാന്‍ ഡിവൈഎസ്പി; പഠിച്ചില്ലെങ്കില്‍ ഇമ്പോസിഷന്‍

നാട്ടുകാരുടെ മൂക്കിടിച്ചു പരത്തലല്ല പോലീസ് പണി; ജനാധിപത്യ മര്യാദയില്ലാതെ പെരുമാറുന്ന ഡിവൈഎസ്പിക്കെതിരെ പോലീസ് അസോസിയേഷന്‍

സ്വന്തം കര്‍ത്തവ്യങ്ങള്‍ ബോധ്യപ്പെടാന്‍ പോലീസുകാര്‍ക്ക് ഡിവൈഎസ്പിയുടെ വക ഇമ്പോസിഷന്‍. ചേര്‍ത്തല ഡിവൈഎസ്പിയാണ് സിവില്‍ പൊലീസ് ഓഫിസര്‍മാരെ സ്വന്തം കര്‍ത്തവ്യങ്ങളും ചുമതലകളും പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. പോലീസ് മാന്വലില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ചുമതലകള്‍ പഠിച്ച് കേള്‍പ്പിക്കണമെന്ന നിര്‍ദ്ദേശം ഡിവൈഎസ്പി വൈആര്‍ റസ്റ്റം എല്ലാ സ്റ്റേഷനുകളിലേക്കും കൈമാറി. വരുന്ന വെള്ളിയാഴ്ച പരേഡിന് ശേഷം ഇത് പഠിച്ചു കേള്‍പ്പിക്കാത്തവരെക്കൊണ്ട് മൂന്ന് തവണ ഇമ്പോസിഷന്‍ എഴുതിപ്പിക്കാനാണ് ഡിവൈഎസ്പിയുടെ തീരുമാനം. എന്നാല്‍ ഈ തീരുമാനം പോലീസുകാരുടെ അമര്‍ഷത്തിനും പോലീസ് അസോസിയേഷന്റെ കടുത്ത എതിര്‍പ്പിനും വഴിവച്ചിരിക്കുകയാണ്.

സ്വന്തം ചുമതലകളെക്കുറിച്ച് അറിയാതെ നാട്ടുകാരെ ഭയപ്പെടുത്തുന്നതാണ് പോലീസ് ഉദ്യോഗം എന്ന് കരുതുന്നവരെ ഉദ്ദേശിച്ചാണ് തന്റെ നീക്കമെന്ന് ഡിവൈഎസ്പി അഴിമുഖത്തോടു പറഞ്ഞു. പോലീസ് അതിക്രമങ്ങളെക്കുറിച്ച് പരാതി ഉയരുന്ന സാഹചര്യത്തില്‍ പോലീസുകാര്‍ തന്റെ ചുമതലകളെക്കുറിച്ച് അറിയാതെ പോവുന്നത് കുറ്റകരമായ കാര്യമാണ്. ഇത് പഠിക്കാത്തവര്‍ പോലീസ് ജോലി ചെയ്യാന്‍ അര്‍ഹരല്ലെന്നാണ് റസ്റ്റത്തിന്റെ നിലപാട്. പോലീസ് മാന്വലില്‍ പറഞ്ഞിരിക്കുന്ന ചുമതലകളെക്കുറിച്ച് പലരോടും ചോദിച്ചെങ്കിലും ആരില്‍ നിന്നും തൃപ്തികരമായ ഉത്തരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും ഡിവൈഎസ്പി പറയുന്നു.

പോലീസ് മാന്വലിന്റെ പകര്‍പ്പ് എല്ലാ കോണ്‍സ്റ്റബിള്‍മാര്‍ക്കും കൈമാറിയിരിക്കുകയാണ്. വെള്ളിയാഴ്ചയ്ക്കുള്ളില്‍ ഇത് മന:പാഠമാക്കി അതത് സ്റ്റേഷന്‍ എസ്ഐമാരെ പറഞ്ഞ് കേള്‍പ്പിക്കുന്നവര്‍ക്ക് ഇമ്പോസിഷന്‍ എഴുത്തില്‍ നിന്ന് രക്ഷപെടാം. പലരും കേസ് എന്‍ട്രി, പാറാവ്, ഓഫീസില്‍ കുത്തിയിരിപ്പ്, വീട്ടില്‍ പോക്ക് എന്നിവയില്‍ മാത്രമായി ജോലി പരിമിതപ്പെടുത്തുകയാണെന്നു പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് തന്നെ പലപ്പോഴും വിമര്‍ശനമുണ്ടായിരുന്നു. ഈ പതിവ് അവസാനിപ്പിച്ച് പോലീസുകാരെ കര്‍മനിരതരാക്കാന്‍ പുതിയ തീരുമാനം കൊണ്ട് സാധിക്കുമെന്നാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

തന്റെ തീരുമാനത്തെക്കുറിച്ച്  വൈആര്‍ റസ്റ്റം പറയുന്നതിങ്ങനെ: ‘ഒരു ഡ്രൈവറായി ജോലിയെടുക്കണമെങ്കില്‍ ഡ്രൈവിങ് പഠിക്കണ്ടേ, വര്‍ക്ക്‌ഷോപ്പില്‍ ജോലിയ്ക്ക് പോകണമെങ്കില്‍ ആ പണി പഠിക്കണ്ടേ? പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ ജോലിയെന്താണെന്ന് പോലീസ് മാന്വല്‍ 222ല്‍ പറയുന്നുണ്ട്. ഹെഡ്‌കോണ്‍സ്റ്റബിളിന്റെ പണിയെന്താണെന്ന് 227ല്‍ പറയുന്നുണ്ട്. ഞാനിത് ചോദിച്ചപ്പോള്‍ ഇവര്‍ക്കാര്‍ക്കും അത് അറിയില്ല. സ്വന്തം പണിയറിയില്ല. ഞാനാദ്യം എല്ലാവര്‍ക്കും മാന്വലിന്റെ പകര്‍പ്പ് എടുത്തുകൊടുത്തു. ആദ്യം പോയി നിങ്ങള്‍ നിങ്ങളുടെ പണി പഠിയ്ക്ക്, എന്നിട്ട് നാട്ടുകാരെ പഠിപ്പിയ്ക്കാം എന്ന് പറഞ്ഞു. പോലീസ് ബീറ്റ് പോകണം, പ്രതികളെ പിടിയ്ക്കാന്‍ പോകണം, കേസന്വേഷിക്കണം-ഇതൊന്നും ഇവര്‍ ചെയ്യുന്നില്ല. ഇതൊന്നും ഇവരുടെ ജോലിയല്ലെന്നാണു പലരുടേയും വിചാരം. മാന്വലില്‍ പറഞ്ഞിരിക്കുന്ന പോലീസ് ജോലികളെക്കുറിച്ച് പഠിച്ചിട്ട് വെള്ളിയാഴ്ച രാവിലെ ഓരോരുത്തരും അവരവരുടെ ജോലിയെന്താണെന്ന് എഴുതി തരണം എന്നു നിര്‍ദ്ദേശിച്ചു. സ്വന്തം ജോലി എഴുതിത്തരാന്‍ നിങ്ങള്‍ക്കറിയില്ലെങ്കില്‍ മൂന്ന് പ്രാവശ്യം എനിക്ക് അതിന്റെ കോപ്പി എഴുതിത്തരേണ്ടി വരുമെന്നും പറഞ്ഞു. സ്വന്തം പണിയറിയാത്തവര്‍ എങ്ങനെയാണ് പോലീസിന്റെ പണിചെയ്യുക? ‘മാന്വല്‍ ഇംഗ്ലീഷിലാണ് എഴുതിയിരിക്കുന്നത്. ഞങ്ങള്‍ക്ക് ഇംഗ്ലീഷ് അറിഞ്ഞുകൂടെ’ന്നാണ് അപ്പോള്‍ അവര്‍ പറയുന്നത്. ഇംഗ്ലീഷറിയാതെ എസ്എസ്എല്‍സി ജയിക്കില്ലല്ലോ. മറ്റുചിലര്‍ പറയുന്നു ‘ഭരണ ഭാഷ മലയാളമാണ്. ഞങ്ങളെ മലയാളത്തില്‍ പഠിപ്പിക്കണമെന്ന്’. ഇത്രയും വര്‍ഷം ജോലിയെടുത്തിട്ട് സ്വന്തം ജോലി എന്താണെന്ന് ഇംഗ്ലീഷില്‍ എഴുതാനറിയില്ലെങ്കില്‍ പിന്നെ എന്തിനാണ് ജോലി ചെയ്യുന്നത്.

നാട്ടുകാരെ അടിക്കുക, മൂക്കിടിച്ച് പൊട്ടിക്കുക, പാവങ്ങളുടെ മെക്കിട്ടുകേറുക ഇതൊക്കെയാണ് അവരുടെ പണിയെന്നാണ് കരുതിയിരിക്കുന്നത്. കേസന്വേഷിച്ച് നടപടിയെടുക്കുക, പാവങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അവരെ സഹായിക്കുക ഇതൊക്കെയാണ് പോലീസിന്റെ പണി. പണി പഠിയ്ക്കാന്‍ പറഞ്ഞപ്പോള്‍ ഇത് പഠിച്ചാല്‍ പിന്നെ ചെയ്യേണ്ടി വരുമല്ലോ എന്നാണ് ചിലര്‍ക്ക് ബുദ്ധിമുട്ട്. പിന്നെ അത് അറിയില്ല എന്ന് പറയാന്‍ പറ്റില്ലല്ലോ. പണി പഠിക്കാന്‍ പറയുമ്പോള്‍ എനിക്കെതിരെ തിരിയുന്നതെന്തിനാണ്? ഒരു വര്‍ഷത്തെ പരിശീലനം കഴിഞ്ഞാണ് കോണ്‍സ്റ്റബിള്‍മാരാവുന്നത്. അതിനൊപ്പം കേസെഴുതാന്‍ പഠിയ്ക്കുന്ന പരീക്ഷയും പാസാവും. എന്നിട്ട് പലര്‍ക്കും കേസെഴുതാന്‍ പോലുമറിയില്ല. ശമ്പളം വാങ്ങാന്‍ മാത്രം ഒരു കുഴപ്പവുമില്ല. നാല്‍പ്പതിനായിരത്തില്‍ കുറഞ്ഞ ശമ്പളം വാങ്ങുന്നവരാരുമില്ല ഇക്കൂട്ടത്തില്‍. ശമ്പളവും വാങ്ങി അസോസിയേഷനെന്നും പറഞ്ഞ് രാഷ്ട്രീയം പറഞ്ഞ് നടക്കുകയാണ്. പോലീസ് സ്‌റ്റേഷന്‍ രാഷ്ട്രീയം പറയാനുള്ളതാണോ?’

വര്‍ഷങ്ങളായി തങ്ങള്‍ ചെയ്യുന്ന ജോലി എഴുതിപ്പഠിപ്പിക്കേണ്ട ആവശ്യമെന്താണെന്നാണ് ചില പോലീസുകാര്‍ ചോദിക്കുന്നത്. ഡിവൈഎസ്പിയുടെ തീരുമാനം പോലീസുകാരില്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ജോലിക്കാര്യത്തിലുള്ള അറിവില്ലായ്മ ഉണ്ടെന്നത് വാസ്തവമാണെങ്കിലും ബീറ്റിനും നൈറ്റ് പട്രോളിങ്ങിനും മറ്റും പോകാത്തത് കോണ്‍സ്റ്റബിള്‍മാരുടെ കുറവുകൊണ്ടാണെന്നാണ് പോലീസുകാരില്‍ ഒരു പക്ഷത്തിന്റെ വാദം. മിക്ക പോലീസ് സ്‌റ്റേഷനുകളിലും ആള്‍ക്ഷാമം അനുഭവിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു.

പ്രിന്‍സിപ്പിള്‍ എസ്ഐ റാങ്ക് മുതല്‍ താഴേയ്ക്കുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ഡിവൈഎസ്പിയുടെ നിര്‍ദ്ദേശം ബാധകമാവുക. എന്നാല്‍ പോലീസുകാരോട് ജനാധിപത്യ മര്യാദയില്ലാതെ പെരുമാറുന്ന ഡിവൈഎസ്പിക്കെതിരെ നടപടിയെടുക്കണമെന്നാണ് അസോസിയേഷനില്‍ ഉള്‍പ്പെട്ട ചിലരുടെ ആവശ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍