UPDATES

ട്രെന്‍ഡിങ്ങ്

പോലീസിന്റെ പുതിയ തിയറി: മാവോയിസ്റ്റ് ദേവരാജിന്റെ സഹോദരനെ കോളറിന് പിടിച്ചത് വര്‍ഗീയ സംഘര്‍ഷം ഒഴിവാക്കാന്‍

മനുഷ്യാവകാശ കമ്മീഷന് നല്‍കിയ വിശദീകരണത്തിലാണ് പൊലീസിന്റെ വിചിത്രമായ വാദം.

നിലമ്പൂര്‍ കാട്ടില്‍ പൊലീസ് വെടി വച്ച് കൊന്ന മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ അനുയായികള്‍ മുസ്ലീം തീവ്രവാദികളാണെന്നും ഹിന്ദു-മുസ്ലീം സംഘര്‍ഷമുണ്ടാവുന്നത് ഒഴിവാക്കാനാണ് ദേവരാജന്റെ സഹോദരനെ നിയന്ത്രിക്കാന്‍ ശ്രമിച്ചതെന്നുമുള്ള പൊലീസ് റിപ്പോര്‍ട്ട് വിവാദമാകുന്നു. ദേവരാജിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ സഹോദരന്‍ ശ്രീധറിനെ കോഴിക്കോട് സ്‌പെഷല്‍ ബ്രാഞ്ച് എസിപി പ്രേമദാസന്‍ കോളറിന് കുത്തിപ്പിടിച്ച് വിരല്‍ ചൂണ്ടി ഭീഷണിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ഇതിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു. മനുഷ്യാവകാശ കമ്മീഷന് നല്‍കിയ വിശദീകരണത്തിലാണ് പൊലീസിന്റെ വിചിത്രമായ വാദം.

പൊട്ടമ്മല്‍, മുതലക്കുളം തുടങ്ങിയ ഇടങ്ങളില്‍ ദേവരാജിന്റെ മൃതദേഹം പ്രദര്‍ശിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ഇടതുപക്ഷ തീവ്രവാദ ഗ്രൂപ്പുകളും അവരെ പിന്തുണയ്ക്കുന്ന മുസ്ലീം മതമൗലികവാദ സംഘടനകളായ എസ്ഡിപിഐ, വെല്‍ഫര്‍ പാര്‍ട്ടി എന്നിവയും ആര്‍എംപി പ്രവര്‍ത്തകരും ശ്രമിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നാട്ടുകാരും ബിജെപിയും ഹിന്ദുസംഘടനകളും ഇതിനെ എതിര്‍ക്കാന്‍ ശ്രമിച്ചു. തങ്ങള്‍ മൃതദേഹം പ്രദര്‍ശിപ്പിക്കുന്നതിനെ എതിര്‍ക്കുമെന്ന് ഹിന്ദു സംഘടനകള്‍ പൊലീസിനെ അറിയിച്ചിരുന്നു. മുതലക്കുളം ക്ഷേത്രക്കമ്മിറ്റിയും ഇക്കാര്യം അറിയിച്ചു. ഈ സാഹചര്യത്തില്‍ ഒരു സംഘര്‍ഷം ഒഴിവാക്കാന്‍ വേണ്ടിയാണ് മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നതിനെ പൊലീസ് തടഞ്ഞത്. പൊലീസ് ഇപ്രകാരം ഇടപെട്ടില്ലായിരുന്നെങ്കില്‍ അതൊരു വര്‍ഗീയ സംഘര്‍ഷമായി വളരുമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെടുന്നു.

ദേവരാജിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കണമെന്ന നിലപാടെടുത്തവരില്‍ കൂടുതല്‍ മുസ്ലീം സംഘടനകളില്‍ പെട്ടവരും എതിര്‍ത്തവരില്‍ കൂടുതലും ഹിന്ദു സംഘടനകളില്‍ പെട്ടവരുമാണെന്നും പൊലീസ് എടുത്ത് പറയുന്നുണ്ട്. അതേസമയം പ്രേമദാസന്‍ എന്തിന് ശ്രീധറിന് കോളറിന് കുത്തിപ്പിടിച്ച് അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്തു എന്നതിന് യാതൊരു വിശദീകരണവും പൊലീസ് നല്‍കുന്നില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍