UPDATES

വൃദ്ധമാതാവിനെ മര്‍ദ്ദിച്ച സംഭവം; മകള്‍ക്കെതിരേ കേസ്

അഴിമുഖം പ്രതിനിധി

കണ്ണൂര്‍ പയ്യന്നൂരില്‍ പ്രായമായ അമ്മയെ മകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മകളെയും ഭര്‍ത്താവിനെയും പൊലീസ് കസ്റ്റഡയില്‍ എടുത്തു. ഇന്നലെ വൈകുന്നേരം ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും വാര്‍ത്തയും പുറത്തുവിട്ടത്. ഇതിനെ തുടര്‍ന്നു വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

മറവി രോഗവും ശാരീരികാവശതകളും മൂലം കഷ്ടപ്പെടുന്ന കാര്‍ത്ത്യായിനിയമ്മ എന്ന എഴുപത്തിയഞ്ചുകാരിക്കാണു സ്വന്തം മകള്‍ ചന്ദ്രമതിയില്‍ നിന്നും ക്രൂരത ഏല്‍ക്കേണ്ട വന്നത്. വീടിനുള്ളില്‍ മൂത്രമൊഴിച്ചു എന്ന കാരണം കൊണ്ടാണ് അമ്മയെന്നു നോല്‍ക്കാതെ മകള്‍ ഇങ്ങനെയൊരു ക്രൂരത ചെയ്യാന്‍ തയ്യാറായത്. കൈകള്‍ കൊണ്ടും ചൂലുകൊണ്ടുമായിരുന്നു മര്‍ദ്ദനം. ഭിത്തിയില്‍ ചാരിനില്‍ക്കുന്ന കാര്‍ത്ത്യായനിയമ്മയെ മകള്‍ ആദ്യം ശകാരിക്കുന്നതും പിന്നീട് മര്‍ദ്ദിക്കുന്നതുമാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ കാണുന്നത്. മര്‍ദ്ദനമേറ്റ് ഈ അമ്മ കരയുന്നതും വ്യക്തമാണ്. അമ്മയെ മകള്‍ പുറത്തേക്ക് തള്ളിമാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം.

മൂന്നു മക്കളുള്ള കാര്‍ത്ത്യായനിയമ്മ ചന്ദ്രമതിക്കൊപ്പമാണ് താമസം. എന്നാല്‍ അമ്മയുടെ സ്വത്തെല്ലാം തട്ടിയെടുത്തശേഷം ചന്ദ്രമതി അമ്മയെ മര്‍ദ്ദിക്കുന്നത് സ്ഥിരമാണെന്നും മറ്റു മക്കളായ തങ്ങളെ അമ്മയെ കാണാന്‍ അനുവദിക്കാറില്ലെന്നും വേണുഗോപാല്‍ എന്ന മകന്‍ പറയുന്നു. ചന്ദ്രമതിക്കെതിരേ ഇയാള്‍ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് ചന്ദ്രമതിക്കെതിരേ കേസ് എടുത്തിരിക്കുന്നത്. അതേസമയം ആണ്‍മക്കളാണ് അമ്മയെ നോക്കേണ്ടതെന്നും താന്‍ ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നും കേസ് വന്നാലും കുഴപ്പമില്ലെന്നായിരുന്നു ചന്ദ്രമതി ഇതേ കുറിച്ച് അന്വേഷിക്കാന്‍ വന്ന പൊലീസസുകാരോടു പറഞ്ഞത്.

കാര്‍ത്ത്യായനിയമ്മയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍