UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭം: പോലീസ് വെടിവയ്പ്പില്‍ മൂന്ന് മരണമെന്ന് സമരക്കാര്‍

വെടിവയ്പ്പില്‍ പ്രക്ഷോഭകാരികളില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്

പശ്ചിമബംഗാളില്‍ ഗൂര്‍ഖാ ലാന്‍ഡിന് വേണ്ടിയുള്ള പ്രക്ഷോഭം ഡാര്‍ജ്‌ലിംഗിനെ വീണ്ടും സംഘര്‍ഷഭരിതമാക്കുന്നു. പോലീസ് വെടിവയ്പ്പാണ് പ്രക്ഷോഭത്തിന് കാരണമായതെന്നും സൈന്യത്തെ തിരികെ വിളിക്കണമെന്നും ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭകാരികള്‍ ആവശ്യപ്പെട്ടു. വെടിവയ്പ്പില്‍ പ്രക്ഷോഭകാരികളില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

എന്നാല്‍ വേറെ രണ്ട് പേര്‍ കൂടി വെടിവയ്പ്പില്‍ കൊല്ലപ്പെട്ടുവെന്ന് ഗൂര്‍ഖ ജന്മുക്തി മോര്‍ച്ച ആരോപിച്ചു. ഇതിന് ഔദ്യോഗിക സ്ഥിരീകരണങ്ങളില്ല. ഗൂര്‍ഖലാന്‍ഡ് ആവശ്യപ്പെടുന്ന കുന്നുകള്‍ ഒരുമാസത്തോളമായി അടച്ചിട്ടിരിക്കുകയാണ്. അതേസമയം നോര്‍ത്ത് 24 പര്‍ഗനാസിലെ വര്‍ഗ്ഗീയ കലാപത്തിന്റെ മറവില്‍ കുന്നുകളെ അവഗണിക്കുകയാണ് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളെന്ന് മോര്‍ച്ച നേതാക്കള്‍ ആരോപിക്കുന്നു. ബാസിര്‍ഹട്ടില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ഡാര്‍ജിലിംഗില്‍ സന്ദര്‍ശനം നടത്തിയില്ല. തങ്ങള്‍ ഈ രാജ്യത്തിന്റെ ഭാഗം തന്നെയാണോയെന്നാണ് ഇപ്പോള്‍ തോന്നുന്ന സംശയമെന്ന് മോര്‍ച്ച അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി ബിനോയ് തമാംഗ് അറിയിച്ചു.

സാദര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് കഴിഞ്ഞദിവസം കലാപമുണ്ടായത്. ഡാര്‍ജിലിംഗ് പട്ടണത്തില്‍ നിന്നും 16 കിലോമീറ്റര്‍ അകലെ സോനഡയില്‍ പ്രക്ഷോഭകാരികള്‍ റയില്‍വേ സ്‌റ്റേഷന് തീവച്ചു. പോലീസ് ബാരക്കുകളും പോലീസ് ക്യാന്റീനും ട്രാഫിക് ഔട്ട്‌പോസ്റ്റുകളും നശിപ്പിച്ചു. ഡാര്‍ജിലിംഗ് പട്ടണത്തില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസിന്റെ ഓഫീസും ഫുഡ് സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓഫീസുമാണ് പ്രക്ഷോഭകാരികള്‍ ആക്രമിച്ചത്. കലിംപോംഗിലുണ്ടായ ആക്രമണത്തില്‍ ലപ്ച റൂറല്‍ ഡെവലപ്പ്‌മെന്റ് ഓഫീസ് ഭാഗികമായി കത്തിനശിച്ചു.

സൊനാഡയിലുണ്ടായ പോലീസ് വെടിവയ്പ്പിലാണ് ഒരാള്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണമുള്ളത്. താഷി ഭൂട്ടിയ എന്ന 31കാരനാണ് കൊല്ലപ്പെട്ടത്. അതേസമയം ഇന്നലെ ഉച്ചയോടെ ഡാര്‍ജിലിംഗിലെ സാദര്‍ പോലീസ് പോലീസ് സ്‌റ്റേഷന് നൂറ് മീറ്റര്‍ അകലെ സൂരജ് സുന്ദസ്(35) എന്നയാളും സിംഗമരിയില്‍ സമിര്‍ സുബ്ബ(38) എന്നയാളും പോലീസിന്റെ വെടിയേറ്റ് മരിച്ചതായാണ് മോര്‍ച്ച നേതൃത്വം പറയുന്നത്. സുഖമില്ലാതെ കിടക്കുന്ന മൂത്ത സഹോദരന് മരുന്ന് വാങ്ങാന്‍ പോകുമ്പോഴാണ് ഭൂട്ടിയയ്ക്ക് വെടിയേറ്റത്.

യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് വെടിവയ്പ്പുണ്ടായതെന്ന് സമരക്കാര്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞദിവസം രാത്രി 11 മണിയോടെ പോലീസ് പട്രോളിന് നേരെ കല്ലേറുണ്ടായതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്നാണ് പോലീസിന്റെ വാദം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍