UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റോബര്‍ട്ട് വദ്രയ്ക്ക് രാജസ്ഥാന്‍ പൊലീസിന്റെ ക്ലീന്‍ ചിറ്റ്

അഴിമുഖം പ്രതിനിധി

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി ഭൂമി കൈയേറ്റം നടത്തിയിട്ടില്ലെന്നും കമ്പനി ഗൂഢാലോചനയുടേയും ചതിയുടേയും ഇരയാണെന്നും രാജസ്ഥാന്‍ പൊലീസ്.

വ്യാജ രേഖകള്‍ ചമച്ച് വദ്രയുടെ കമ്പനിക്ക് 69.55 ഹെക്ടര്‍ ഭൂമി വിറ്റ സംഭവത്തില്‍ രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ 2014-ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലാണ് ഇപ്പോള്‍ വദ്രയെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോര്‍ട്ട്. വദ്ര രാജസ്ഥാനിലും ഹരിയാനയിലും ഭൂമി തട്ടിയെടുത്തുവെന്ന് ബിജെപി ഏറെക്കാലമായി ആരോപിച്ചു വരികയായിരുന്നു.

തട്ടിപ്പിന്റെ ഇരയാണ് വദ്രയെന്നും അദ്ദേഹം ചതിക്കപ്പെട്ടുവെന്നും പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് രാമാവതാര്‍ സോണി പറയുന്നു. വദ്ര സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്തുവെന്ന ആരോപണം ഉയര്‍ത്തി കൊണ്ടു വന്ന ബിക്കാനീറിലെ എംപിയായ അര്‍ജുന്‍ രാം മേഹ്വാളായിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണത്തിന്റെ ഫലം എന്താണെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. 2010-ല്‍ സ്‌കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി വാങ്ങിയ ഭൂമി 2012-ല്‍ അല്ലെജെനി ഫിന്‍ലീസ് പ്രൈവറ്റ് ലിമിറ്റഡിന് വിറ്റിരുന്നു.

സര്‍ക്കാര്‍ ഭൂമി വ്യാജ രേഖയുണ്ടാക്കി വിറ്റതിന് പൊലീസ് ഒമ്പത് പേര്‍ക്കെതിരെ കേസ് എടുക്കുകയും ആറുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 18 കേസുകളാണ് സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്ത സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റിലായ നാലുപേര്‍ വദ്രയുടെ കമ്പനിക്ക് ഭൂമി വിറ്റവരാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍