UPDATES

സെന്‍കുമാര്‍ സ്ഥലം മാറ്റിയ പോലീസ് ആസ്ഥാനത്തെ ജീവനക്കാരി ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി

മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് തന്റെ സ്ഥലം മാറ്റമെന്നാണ് ജീവനക്കാരിയുടെ ആരോപണം

ഡിജിപി ടി പി സെന്‍കുമാറിന്റെ സ്ഥലംമാറ്റ നടപടിക്കെതിരെ പരാതിയുമായി പോലീസ് ആസ്ഥാനത്തെ ജീവനക്കാരി ചീഫ് സെക്രട്ടറിയെ സമീപിച്ചു. പോലീസ് ആസ്ഥാനത്തെ അതീവ രഹസ്യ വിഭാഗമായ ടി ബ്രാഞ്ച് മേധാവി സ്ഥാനത്തു നിന്നും സെന്‍കുമാര്‍ ഇന്നലെ നീക്കം ചെയ്ത ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയാണ് പരാതി നല്‍കിയിരിക്കുന്നത്.

മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് തന്റെ സ്ഥലം മാറ്റമെന്നാണ് ജീവനക്കാരിയുടെ ആരോപണം. സുപ്രിംകോടതിയില്‍ നിന്നും അനുകൂല വിധി നേടി സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തിയ ശേഷം സെന്‍കുമാര്‍ കൈക്കൊണ്ട ആദ്യ നടപടികളിലൊന്നാണ് ബീനയുടെ സ്ഥലംമാറ്റം. ഇതോടൊപ്പം മുന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ ചില വിവാദ ഉത്തരവുകളും സെന്‍കുമാര്‍ റദ്ദാക്കിയിരുന്നു. ഇത് പോലീസ് ആസ്ഥാനത്തെ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

താരതമ്യേന അപ്രധാനമായ യു ബ്രാഞ്ചിലേക്കാണ് കുമാരി ബീനയെ സ്ഥലം മാറ്റിയിരിക്കുന്നത്. എന്‍ ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് സി എസ് സജീവ് ചന്ദ്രനെ ബീനയ്ക്ക് പകരം നിയമിച്ച് ഉത്തരവിറക്കിയെങ്കിലും അദ്ദേഹം ചുമതലയേല്‍ക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പേരൂര്‍ക്കട എസ്എപിയിലെ ജൂനിയര്‍ സൂപ്രണ്ട് സുരേഷ്‌കൃഷ്ണയെ നിയമിച്ചു. രണ്ട് മണിക്കൂറിനിടെയാണ് ഈ മൂന്ന് ഉത്തരവുകളും ഇറങ്ങിയത്.

സെന്‍കുമാര്‍ സേനയ്ക്ക് പുറത്തു നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാനചലനത്തിന് തന്നെ കാരണമായ പുറ്റിംഗല്‍ കേസ്, ജിഷ വധക്കേസ് എന്നിവയുടെ ചില രേഖകള്‍ ആരോ വിവരാവകാശ പ്രകാരം ചോദിച്ചിരുന്നു. എന്നാല്‍ അതീവ രഹസ്യ വിഭാഗമായതിനാല്‍ അത് നല്‍കാനാകില്ലെന്നായിരുന്നു ടി ബ്രാഞ്ചില്‍ നിന്നുള്ള മറുപടി. ഇതാണ് കുമാരി ബീനയുടെ സ്ഥലംമാറ്റത്തിന് കാരണമെന്ന് പോലീസ് ആസ്ഥാനത്തെ ജീവനക്കാര്‍ക്കിടയില്‍ സംസാരമുണ്ട്.

ഡിജിപി, എഡിജിപി, ഐജി എന്നിവരുള്‍പ്പെട്ട സമിതി തീരുമാനിക്കേണ്ട നിയമനമാണ് ഡിജിപി സ്വന്തം നിലയ്ക്ക് തീരുമാനിച്ചതെന്നാണ് കുമാരി ബീനയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഡിജിപി ഒപ്പുവയ്ക്കുന്ന ഉത്തരവ് എഐജിയാണ് പ്രഖ്യാപിക്കുന്നത്. എന്നാല്‍ സെന്‍കുമാറിന്റെ ഉത്തരവ് പുറത്തിറങ്ങിയ ശേഷമാണ് എഐജി, ഡിഐജി, ഐജി, എഡിജിപി എന്നിവര്‍ കാണുന്നത്. തന്നെ നിരീക്ഷിക്കാന്‍ അടുത്തിടെ ഈ സ്ഥാനങ്ങളില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റം മറികടക്കാനായിരുന്നു ഡിജിപിയുടെ ശ്രമം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍