പഴയ മള്ളൂര്‍ വക്കീലന്റെയത്ര മിടുക്കു കാണിക്കാന്‍ ആളൂരിനാകില്ലെങ്കിലും സുനി ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കാതിരിക്കാനൊക്കെയുള്ള വഴി കാണാന്‍ വക്കീലിന് കഴിയും
പൊലിസീന് കഴിവുണ്ടെങ്കില്‍ സ്രാവുകളെ കുടുക്കട്ടെ, അല്ലെങ്കില്‍ വഴുതിപോകട്ടെ. പക്ഷേ കൈയില്‍ ഉള്ള പ്രതിക്കും കൂട്ടാളികള്‍ക്കും പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിയാതെ പോകരുത്. ആ പെണ്‍കുട്ടി(നടി) നേരിട്ട അപമാനവും ഉപദ്രവും അത്രമേല്‍ ഭീകരമാണ്. അതിനയാളെ ആരെങ്കിലും നിയോഗിച്ചതാണെങ്കില്‍ അതില്‍ ആണും പെണ്ണും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരോടു നിയമം ഒരുതരിപോലും കരുണ കാണിക്കരുത്. ഒരു ചലച്ചിത്ര നടിയുടെ കാര്യമായിട്ടല്ലേ മാധ്യമങ്ങളടക്കം ഇത്ര ആവേശം കാണിക്കുന്നതെന്നു ചോദിക്കുന്നവരെ കുറ്റപ്പെടുത്താതെ തന്നെ പറയട്ടെ, ഒരു സ്ത്രീ എന്ന നിലയില്‍ ആ നടി അനുഭവിച്ചത് അത്രമേല്‍ കൊടിയ ക്രൂരതയാണ്.
കിട്ടിയ രേഖകളിലെ അതേ വിവരങ്ങള്‍ എഴുതുന്നതില്‍ അനീതിയുണ്ട്. നിയമവ്യവസ്ഥയോടും ആ പെണ്‍കുട്ടിയോടും. പക്ഷേ ഏതൊരു മനുഷ്യനും ആലോചിക്കാന്‍ പോലും കഴിയാത്ത വിധത്തിലാണ് ആ വിവരങ്ങള്‍. ക്വട്ടേഷന്‍ കിട്ടിയതാണെങ്കിലും സ്വബുദ്ധിക്കു ചെയ്തതാണെങ്കിലും താനൊരു കൊടും ക്രിമനല്‍ ആണെന്നു വ്യക്തമാക്കിയാണ് പള്‍സര്‍ സുനി ആ പെണ്‍കുട്ടിയോട് അതിക്രമം കാണിച്ചത്.
കിട്ടുന്ന പണത്തിനു കൂറുകാണിക്കാനോ അതോ സ്വന്തം താത്പര്യത്തിനായോ ചെയ്ത പ്രവര്‍ത്തിക്കിടയില്‍ അയാളില്‍ യാതൊരു അനുകമ്പയും ഉണ്ടായിട്ടില്ല. സുനിക്കു ക്വട്ടേഷന്‍ നല്‍കിയവരുണ്ടെങ്കില്‍, അവരില്‍ സ്ത്രീകളുണ്ടെങ്കില്‍; ഒരു തരത്തിലും കരുണയര്‍ഹിക്കാത്തവര്‍ അവരായിരിക്കും; ഒരു പെണ്ണിന്റെ അവസ്ഥ മറ്റൊരു പെണ്ണിന് മനസിലാകുമെങ്കില്‍. സുനി പകര്‍ത്തിയ വീഡിയോ ഒരു തവണയെങ്കിലും കണ്ടുനോക്കിയിട്ടുണ്ടെങ്കില്‍ എത്ര ക്രിമിനല്‍ മാനസികനിലയുള്ള സ്ത്രീയാണെങ്കിലും ഉള്ളാലെയെങ്കിലും നടുങ്ങും. ശാരീരികാവസ്ഥ മനസിലാക്കിയുള്ള വിട്ടുവീഴ്ചയെങ്കിലും ആ പെണ്‍കുട്ടിയോട് കാണിക്കാമായിരുന്നു. മൃഗങ്ങള്‍ അതിന്റെ വിശപ്പു മാറിയാല്‍ വേട്ടയാടി പിടിച്ച ഇരയുടെ ശരീരം ബാക്കി ഉപേക്ഷിക്കും, മനുഷ്യന്‍ അതുപോലും ചെയ്യില്ലെന്നു വ്യക്തമാകുന്നതാണ് കൊച്ചിയില്‍ നടന്നത്.
സ്രാവുകളെ പിടിക്കാന്‍ ഇനിയും വലക്കണ്ണികള്‍ക്കു മുറുക്കം കൂട്ടേതുണ്ട് പൊലീസിന്. എന്നാല്‍ ഇപ്പോള്‍ പിടിയിലുള്ളവന്‍ പഴുതുകള്‍ക്കിടയിലൂടെ ഊരിപ്പോകാതിരിക്കാന്‍ ശ്രമിക്കണം. ലക്ഷങ്ങള്‍ വിലയുള്ള ക്രിമിനല്‍ വക്കീല്‍ എത്തിക്കഴിഞ്ഞു. പഴയ മള്ളൂര്‍ വക്കീലന്റെയത്ര മിടുക്കു കാണിക്കാന്‍ ആളൂരിനാകില്ലെങ്കിലും സുനി ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കാതിരിക്കാനൊക്കെയുള്ള വഴി കാണാന്‍ പ്രസ്തുത വക്കീലിന് കഴിയും. നാലോ അഞ്ചോ വര്‍ഷത്തെ ജയില്‍വാസത്തിലേക്കു ശിക്ഷ ചുരുങ്ങിയാല്‍ അതുപോലും പൊലീസിന്റെ പരാജയമാണ്.
കേട്ടറിഞ്ഞ കാര്യങ്ങള്‍ ഞെട്ടിക്കുമ്പോഴും അതിനൊപ്പം അമ്പരപ്പിക്കുകയാണ് ആ പെണ്‍കുട്ടി. എത്ര കരുത്തയാണവള്‍. അത്രത്തോളം അനുഭവിച്ചവള്‍; പോരാടി നില്‍ക്കുകയാണ്. ശാരീരികമായി മാത്രമല്ലല്ലോ മാനസികമായും കൂടിയാണ് സുനിയെ പോലുള്ളവര്‍ ഒരു പെണ്‍കുട്ടികളെ തകര്‍ക്കുന്നത്. വേട്ടക്കാര്‍ രക്ഷപ്പെടുന്നതും ഇരയുടെ ഈ പൂര്‍ണ തകര്‍ച്ച മുതലെടുത്താണ്. ഇവിടെ പക്ഷേ സുനിക്ക് തെറ്റി, അല്ലെങ്കില്‍ സുനിയെ പണിയേല്‍പ്പിച്ചവര്‍ക്ക്. നിങ്ങള്‍ ധരിച്ചുവച്ചിരുന്നപോലെ ദുര്‍ബലയല്ല, പ്രതീക്ഷിക്കാത്തതിലും കരുത്തയുമാണ് ആ പെണ്‍കുട്ടി. അത്രമേല്‍ ക്രൂരമായി അവളെ ഉപദ്രവിക്കുമ്പോള്‍ സുനിയുടെ മുഖത്തെ ചിരിയും ഉള്ളിലെ ആത്മവിശ്വാസവും ദുര്‍ബലമായ ഒരു ശരീരത്തെ പ്രതിയായിരുന്നെങ്കില്‍, വേട്ടക്കാര്‍ അവളുടെ മനസിന്റെ ഉറപ്പും വ്യക്തിത്വത്തിലെ നിശ്ചദാര്‍ഢ്യവും മനസിലാക്കാതെ പോയി, അതിനുള്ള ബുദ്ധിയില്ലാതെ പോയി.
പ്രലോഭനങ്ങളുണ്ടായിക്കാണാം, പേടിപ്പിക്കലും ഉപദേശങ്ങളും വന്നു കാണാം; എന്നിട്ടും അവള്‍ കേസുമായി മുന്നോട്ടു പോകാന്‍, വൈകാരികത കാണിക്കാതെ പക്വമതിയായി കാര്യങ്ങളെ നേരിടാന്‍ തയ്യാറാകുന്നതു കാണുമ്പോള്‍ സുനിയുടെ അല്ലെങ്കില്‍ അയാളുടെ മേലെയുള്ളവരുടെ ബുദ്ധിമോശത്തെ കുറിച്ചാണ് ഓര്‍ത്തുപോകുന്നത്. തന്നെക്കാള്‍ ചെറിയവരെല്ലാം തന്നെക്കാള്‍ ദുര്‍ബലരാണെന്നു കരുതരുത്.
ഇനി വീണ്ടും പൊലീസിലേക്ക് പോകേണ്ടതുണ്ട്. ആ 13 മണിക്കൂര്‍ ചോദ്യം ചെയ്യല്‍ ചിലര്‍ക്കൊക്കെ ആളാകാന്‍ വേണ്ടി, അല്ലെങ്കില്‍ ആരുടെയൊക്കെയോ വായൊന്നടയ്ക്കാന്‍ മാത്രമായിരുന്നോ? ഇതേക്കുറിച്ച് ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ചിരിയോടെയാണ് സംസാരിച്ചത്. മൂന്നു ദിവസത്തോളം ഞങ്ങളും ചോദ്യം ചെയ്തിട്ടുണ്ട്. പൊലീസിന്റെ ചോദ്യം ചെയ്യലിനെ കുറിച്ച് (സിനിമ സ്‌റ്റൈല്‍ അല്ല) പൊതുജനത്തിനും മാധ്യമങ്ങള്‍ക്കും തെറ്റിദ്ധാരണകളുണ്ടാകാം. ഒരാളെ 13 മണിക്കൂര്‍ തിരിച്ചും മറിച്ചും ചോദ്യം ചെയ്യുകയായിരുന്നുവെന്നു കരുതരുതെന്ന് അദ്ദേഹം പറയുന്നു. ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസസ്ഥരുടെ സാന്നിധ്യത്തില്‍ അവിടെ ആകപ്പാടെ മൂന്നു നാലോ മണിക്കൂര്‍ ചോദ്യം ചെയ്യല്‍ നടന്നരിക്കാം. ബാക്കി സമയം ഉദ്യോഗസ്ഥരുടെ വിശകലനങ്ങളും ചര്‍ച്ചകളുമായിരിക്കും. അപ്പോഴും ആ സ്ഥലത്ത് വേണ്ടിയിരുന്ന ചിലരുടെ അസാന്നിധ്യവും ശ്രദ്ധിക്കണം. മുന്‍ ഡിജിപിക്ക് പരാതി കിട്ടിയിട്ടുണ്ടെങ്കില്‍ അത് ചില അസ്വസ്ഥര്‍ക്കിടയില്‍ നിന്നാകാം. മാരത്തോണ്‍ ചോദ്യം ചെയ്യല്‍ കൊണ്ട് ഈ കേസില്‍ പൊലീസിന് എന്തെങ്കിലും ഉപകാരമുണ്ടായോ എന്നാണറിയേണ്ടത്. കുറ്റാരോപിതന്റെ നിരപരാധിത്വമോ അപരാധിത്വമോ മനസിലാക്കാന്‍ കഴിഞ്ഞോ? അതോ ഇനിയും ക്രോസ് ക്വസ്റ്റിയനിംഗ് വേണ്ടി വരുമോ? ചില സ്ത്രീകളിലേക്ക് സംശയം നീണ്ടസ്ഥിതിക്ക് അവരെ ചോദ്യം ചെയ്യുമോ? അഭിനയിക്കാന്‍ അറിയുന്നവരല്ലല്ലോ എല്ലാവരും.
പൊലീസ് ഇപ്പോള്‍ എവിടെവരെ എത്തിയെന്നത് വാര്‍ത്തമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ പത്രങ്ങളിലും വരുന്ന വാര്‍ത്തകളെവച്ച് കണക്കുകൂട്ടരുത്. ഒരു സ്രാവിനേയും സുനിയുടെ ഇപ്പോഴത്തെ മൊഴികള്‍വച്ച് പിടിക്കാന്‍ പറ്റില്ല. ഫോണ്‍ ചെയ്‌തോ എന്നു കണ്ടുപിടിക്കാന്‍ പറ്റുമായിരിക്കും, എന്തൊക്കെയാണു സംസാരിച്ചതെന്നു കണ്ടുപിടിക്കാന്‍ കഴിയില്ല. മൊഴികളിലെ വൈരുദ്ധ്യങ്ങള്‍വച്ച് ക്രോസ് ക്വസ്റ്റിയനിംഗിന് വീണ്ടും വിധേയരാക്കിയാല്‍ ഈ വൈരുദ്ധ്യങ്ങളില്‍ പിടിച്ചുകയറാന്‍ പൊലീസിന് കഴിഞ്ഞേക്കാം. പക്ഷേ ഇപ്പോള്‍ പുറത്തുവരുന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ പൊലീസിന് ആരെയും കുറ്റക്കാരനെന്നു പറയാനും കഴിയില്ല, അറസ്റ്റ് ചെയ്യാനും കഴിയില്ല. ഇപ്പോള്‍ നടത്തുന്ന മാധ്യമവിചാരണപോലും ഒരു തരത്തിലുള്ള ക്രൈമായി മാറും.
ആകെയിനി പറയാനുള്ളത് പൊലീസിനോടായി ഒരേയൊരു കാര്യമാണ്; ആ പെണ്‍കുട്ടി അനുഭവിച്ചതെന്തൊക്കെയാണെന്നു നിങ്ങള്‍ക്ക് മനസിലായിട്ടുണ്ട്. കുറ്റവാളികള്‍ രക്ഷപ്പെടരുത്…