പരാതി കിട്ടിയ ഉടനെ പൊലീസ് അന്വേഷിച്ചില്ലെന്ന് ബന്ധുക്കള്‍ക്ക് പരാതി.
എറണാകുളം നെട്ടൂരില്‍ അര്‍ജ്ജുനെ കൊലപ്പെടുത്തിയത് തലയോട്ടി തകര്‍ത്ത് എന്ന് നിഗമനം.വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെങ്കിലും മൃതദേഹത്തിന്റെ അവസ്ഥ കണക്കാക്കിയാണ് ഇത്തരമൊരു നിഗമനത്തില്‍ പൊലീസ് എത്തുന്നത്. എന്നാല്‍ ഇതൊരു പ്രാഥമിക നിഗമനം മാത്രമാണെന്നും പൊലീസ് പറയുന്നു.
തിരുനെട്ടൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കിലോമീറ്ററോളം മാറിയുള്ള ചതുപ്പ് നിലത്തില്‍ നിന്നായിരുന്നു കുഴിച്ചിട്ട നിലയില്‍ അര്‍ജുന്റെ മൃതദേഹം കണ്ടെത്തുന്നത്. ജൂലൈ രണ്ടാം തീയതിയാണ് നാലുപേര്‍ ചേര്‍ന്ന് അര്‍ജുനെ കൊലപ്പെടുത്തി മൃതദേഹം ഇവിടെ മറവ് ചെയ്യുന്നത്. ഒമ്പത് ദിവസങ്ങള്‍ക്കു ശേഷമാണ് പ്രതികളെ പിടികൂടുന്നതും മൃതദേഹം കണ്ടെത്തുന്നതും. ഏകദേശം പൂര്‍ണമായി അഴുകിയ നിലയിലായിരുന്നു അര്‍ജുന്റെ ശരീരം പുറത്തെടുക്കുന്നത്. തലയും കാലുമൊക്കെ വേര്‍പ്പെട്ട സ്ഥിതിയില്‍, ഒരു മനുഷ്യ ശരീരമാണെന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു മൃതദേഹമെന്നാണ് മരട് നഗരസഭ കൗണ്‍സിലര്‍ ജബ്ബാര്‍ പറയുന്നു. തലയോട്ടിയുടെ കുറച്ചു ഭാഗം മാത്രമെ ഉണ്ടായിരുന്നുള്ളൂ. തലയോട്ടി തകര്‍ത്ത് അര്‍ജുനെ കൊന്നശേഷം കുഴിച്ചിട്ടതാകാനുള്ള സാധ്യതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്നാണ് ജബ്ബാര്‍ പറയുന്നത്. പൊലീസിന്റെ പ്രാഥമിക നിഗമനത്തിനു പിന്നിലും തകര്‍ന്ന തലയോട്ടി തന്നെയായിരിക്കുമെന്നും കൗണ്‍സിലര്‍ പറയുന്നു.
അര്‍ജുനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പട്ടിക കഷ്ണങ്ങളും കല്ലും കൊണ്ടായിരുന്നു മര്‍ദ്ദിച്ചത്. കല്ലുകൊണ്ട് തലയ്ക്ക് ശക്തിയായി അടിച്ചുവെന്നും പറയുന്നു. പ്രതികളില്‍ ഒരാളായ നിബിന്റെ സഹോദരന്‍ എബിന്‍ അപകടത്തില്‍ മരിക്കുന്നതും തല തകര്‍ന്നായിരുന്നു. ഒരു വര്‍ഷം മുമ്പ് അര്‍ജുനും എബിനും കൂടി ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ലോറിക്കു പിന്നില്‍ ഇടിച്ചായിരുന്നു എബിന്റെ മരണം. സംഭവസ്ഥലത്ത് വച്ച് തന്നെ എബിന്‍ മരിച്ചിരുന്നു. അന്ന് അര്‍ജുന്റെ തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ദീര്‍ഘകാലത്തെ ചികിത്സയ്ക്ക് ശേഷമായിരുന്നു അര്‍ജുന്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. അന്നത്തെ അപകടത്തില്‍ അര്‍ജുന്‍ മനപൂര്‍വം തന്റെ സഹോദരനെ കൊലപ്പെടുത്തിയെന്നായിരുന്നു നിബിന്റെ ധാരണ. അതില്‍ നിന്നുണ്ടായ പകയാണ് എബിന്റെ ചരമ വാര്‍ഷികത്തില്‍ തന്നെ അര്‍ജുനെയും കൊല്ലാന്‍ തീരുമാനിച്ചതിനു പിന്നിലെന്നാണ് സംശയം.
ഒരു പക്ഷേ തന്റെ സഹോദരന്‍ തല തകര്‍ന്നു മരിച്ചതിന് സമാനമായി തന്നെ അര്‍ജുനെയും കൊലപ്പെടുത്തിയതുമാകാമെന്നും പൊലീസ് സംശയിക്കുന്നു. പൊട്ടിത്തകര്‍ന്ന നിലയില്‍ അര്‍ജുന്റെ തലയോട്ട് കണ്ടെത്തിയതും ഈയൊരു നിഗമനത്തിലേക്ക് പൊലീസിനെ നയിക്കുന്നു. അര്‍ജുന്‍ പറഞ്ഞിട്ടാണ് എബിന്‍ അപകട സമയത്ത് ബൈക്ക് ഓടിച്ചിരുന്നപ്പോള്‍ ഹെല്‍മെറ്റ് ധരിക്കാതിരുന്നതെന്നാണ് നിബിന്‍ വിശ്വസിച്ചിരുന്നത്. ഇതാണ് അര്‍ജുനാണ് എബിനെ കൊന്നതെന്ന് പറയാന്‍ നിബിന്‍ കാരണമാക്കിയിരുന്നതും. ഇക്കാര്യം പല തവണയായി നിബിന്‍ പലരോടും പറഞ്ഞിട്ടുമുണ്ട്. അര്‍ജുന്‍ ആശുപത്രിയിലായിരുന്ന സമയത്ത് അയാളുടെ വീട്ടുകാരോടും നിബിന്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. നിബിന് അര്‍ജുനോട് പകയുണ്ടായിരുന്നുവെന്ന് കരുതാനും അര്‍ജുനെ കാണാതായശേഷം സംശയം നിബിന്റെ നേരെ തിരിയാനും കാരണവും അതാണ്.
ജൂലൈ രണ്ട് രാത്രിയില്‍, അര്‍ജുന്റെ അയല്‍വാസി കൂടിയായ പതിനേഴുകാരനെ വിട്ടാണ് അര്‍ജ്ജുനെ പ്രതികള്‍ വിളിപ്പിച്ചത്. ജൂലൈ രണ്ടാം തീയതി രാത്രി തങ്ങളുടെ കൈവശം അര്‍ജുനെ കിട്ടിയശേഷം നിബിന്‍ ആവര്‍ത്തിച്ചു ചോദിച്ചിരുന്നതും തന്റെ സഹോദരനെ കൊന്നതല്ലേ എന്നായിരുന്നു. ഈ ചോദ്യം ചെയ്യലിനിടയില്‍ തന്നെ ഒന്നാം പ്രതി റോണിയുടെ നേതൃത്വത്തില്‍ വടിയും കല്ലുംകൊണ്ട് അര്‍ജ്ജുനെ മര്‍ദ്ദിച്ചുകൊണ്ടുമിരുന്നു.ഈ മര്‍ദ്ദനത്തിനിടയില്‍ തന്നെ കല്ലുകൊണ്ട് തലയോട്ടി തല്ലിത്തകര്‍ത്തായിരിക്കാം അര്‍ജുനെ കൊലപ്പെടുത്തിയിരിക്കുന്നതെന്ന് പൊലീസ് സംശയിക്കുന്നു. തുടര്‍ന്ന് മൃതദേഹം വലിച്ചിഴച്ച് ചതുപ്പില്‍ എത്തിച്ചു. അവിടെ വച്ച് ചതുപ്പിലേക്ക് ചവിട്ടി താഴ്ത്തി. അതിനുശേഷം സ്ലാബ് മതിലിന്റെ ബീമികള്‍ കൊണ്ടുവന്ന് മൃതദേഹം മൂടിയതിന്റെ പുറത്ത് വച്ചു. മറവ് ചെയ്ത ശരീരം പൊങ്ങി വരരുതെന്ന ഉദ്ദേശമായിരുന്നു അതിനു പിന്നില്‍.
ലാഭത്തില്ലലെന്ന കാരണത്താല്‍ റെയില്‍തിരുനെട്ടൂര്‍ സ്റ്റേഷന്‍ പൂട്ടിയതോടെ ഇവിടെ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറി. സ്റ്റേഷന്‍ നിലനിര്‍ത്തണമെന്ന് മരട് നഗരസഭ ആവശ്യപ്പെട്ടിരുന്നതാണെങ്കിലും റെയില്‍വേ തീരുമാനം മാറ്റിയില്ല. സ്റ്റേഷന്‍ പരിസരത്തെ ലൈറ്റുകള്‍ പോലും മാറ്റിയതോടെ കണ്ടല്‍ക്കാടുകളും ചതുപ്പുകളും നിറഞ്ഞ പ്രദേശം സാധാരണക്കാരെ പേടിപ്പെടുത്തുന്നൊരു ഇടമായി മാറി. ഉച്ച കഴിഞ്ഞാല്‍ തന്നെ സ്ത്രീകള്‍ അടക്കമുള്ളവര്‍ ഈ പ്രദേശത്തേക്ക് പോകാറില്ല. ആക്രമിക്കപ്പെടുമെന്ന ഭയമാണ് എല്ലാവര്‍ക്കും. ചീട്ടുകളിക്കാര്‍, മദ്യപര്‍, മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ എന്നിങ്ങനെ ഓരോരോ താവളങ്ങള്‍ ഇവിടെ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് നഗരസഭ കൗണ്‍സിലര്‍ ജബ്ബാര്‍ പറയുന്നത്. ലഹരി ഉപയോഗിക്കുന്നവരാണ് ഇവിടം പ്രധാന കേന്ദ്രമാക്കിയിരിക്കുന്നത്. ഉപയോഗം മാത്രമല്ല വില്‍പ്പനയുമുണ്ട്.
അര്‍ജുന്റെ കൊലയാളികളും മയക്കുമരുന്നിന് അടിമകളും വില്‍പ്പനക്കാരുമായിരുന്നു. കേരളത്തിനു പുറത്തു പോയി ഇവര്‍ ലഹരി വസ്തുക്കള്‍ കൊണ്ടുവരുമായിരുന്നു. വീര്യം കൂടിയ പല തരത്തിലുള്ള മയക്കു മരുന്നുകള്‍ ഇവര്‍ ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്തിരുന്നു. ഏഴിലും എട്ടിലും പഠിക്കുന്ന കുട്ടികള്‍ തൊട്ട് ലഹരി ഉപയോഗക്തളായി ഈ പ്രദേശങ്ങളില്‍ ഉണ്ടെന്നാണ് ജബ്ബാര്‍ പറയുന്നത്. മുന്‍ ചില സന്ദര്‍ഭങ്ങളില്‍ പൊലീസിന്റെ സഹായത്തോടെ ലഹരി മാഫിയകള്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ടെങ്കിലും അത് തുടരാന്‍ കഴിയാതെ പോയതാണ് ഈ പ്രദേശം കേന്ദ്രീകരിച്ച് ലഹരിയ്ക്ക് അടിമകളായ ക്രിമിനലുകള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നും ജബ്ബാര്‍ പറയുന്നു.
നെട്ടൂര്‍ പാലം, കോന്തുരുത്തിപ്പാലം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചൊക്കെ ലഹരി മരുന്ന് വില്‍പ്പനകള്‍ നടക്കുന്നുണ്ട്. പൊലീസുകാര്‍ക്ക് ഇവിടങ്ങളില്‍ എത്തപ്പെടാന്‍ പ്രയാസമാണ്. മാത്രമല്ല, പൊലീസ് എത്തുന്നുണ്ടെങ്കില്‍ ആ വിവരം മുന്‍കൂട്ടി അറിയാനും രക്ഷപ്പെടാനും കഴിയും.
അര്‍ജുനെ കൊലപ്പെടുത്തിയതും മറവും ചെയ്തതും അത്തരമൊരു സ്ഥലത്ത് തന്നെയാണ്. ബെംഗളൂരു കേന്ദ്രീകൃതമായൊരു കമ്പനി ഉടമസ്ഥതയിലുള്ള സ്ഥലമാണ് പത്തേക്കാര്‍ വരുന്ന ഈ ചതുപ്പ് പ്രദേശം. പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് വാങ്ങിയ ഈ സ്ഥലത്ത് സ്ലാബ് മതില്‍ കൊണ്ട് അതിര്‍ത്തി തിരിച്ചിട്ടുണ്ടെന്നല്ലാതെ, യാതൊരു നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇതുവരെ നടന്നിട്ടില്ല. തിരുനെട്ടൂര്‍ റെയില്‍വെ സ്റ്റേഷനും പൂട്ടിയതോടെ ഇവിടെ കഞ്ചാവ് സംഘങ്ങളുടെ പൂര്‍ണ അധീനതയില്‍ ആയി. എവിടെ വച്ച് ആര്‍ക്ക് എന്തു സംഭവിച്ചാലും പുറം ലോകം അറിയില്ല. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടവരല്ലാതെ ആരും തന്നെ ഇങ്ങോട്ട് എത്താറുമില്ല. പൊലീസും വരില്ല. ഈ പ്രദേശത്ത് എത്തിയാല്‍ ഉപയോഗിച്ച് ഉപേക്ഷിച്ച ലഹരി വ്സ്തുക്കള്‍ നിരവധി കാണാമെന്നാണ് ജബ്ബാര്‍ പറയുന്നത്. അര്‍ജുന്റെ കൊലയാളികളുടെ പ്രധാന കേന്ദ്രവും ഇവിടമായിരുന്നു.
അര്‍ജുനെ കാണാനില്ലെന്ന് ജൂലൈ മൂന്നാം തീയതി തന്നെ പിതാവ് വിദ്യന്‍ പനങ്ങാട് പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പൊലീസ് വേണ്ട രീതിയില്‍ അന്വേഷിച്ചിരുന്നില്ലെന്ന പരാതിയുണ്ട്. കൊലപാതകം നടന്നു കഴിഞ്ഞിരുന്നെങ്കിലും പൊലീസ് തുടക്കം മുതലെ കാര്യമായ അന്വേഷണത്തിന് തയ്യാറായിരുന്നുവെങ്കില്‍ പ്രതികളെ പിടികൂടാനും ഇത്രമാത്രം ജീര്‍ണതിയില്‍ എത്തുന്നതിനു മുന്നേ മൃതദേഹം കണ്ടെത്താനും കഴിയുമായിരുന്നുവെന്നാണ് കുടുംബവും നാട്ടുകാരും പറയുന്നത്. അഴുകുന്നതിനു മുന്നേ മൃതദേഹം കിട്ടിയിരുന്നുവെങ്കില്‍ അര്‍ജുനെ എങ്ങനെയാണ് പ്രതികള്‍ കൊലപ്പെടുത്തിയതെന്ന് കൃത്യമായി മനസിലാക്കാനും കഴിയുമായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. പൊലീസിന്റെ ഭാഗത്ത് നിന്നും തികഞ്ഞ അനാസ്ഥയാണുണ്ടായതെന്നാണ് ഇവരുടെ പരാതി.
എന്നാല്‍ പനങ്ങാട് പൊലീസ് പറയുന്നത്, യുവാവിനെ കാണാനില്ലെന്ന പരാതി കിട്ടിയപ്പോള്‍ തന്നെ എഫ് ഐ ആര്‍ ഇട്ട് അന്വേഷണം ആരംഭിച്ചിരുന്നുവെന്നാണ്. അര്‍ജുന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടങ്ങിയത്. ജൂലൈ മൂന്നാം തീയതി രാത്രി വരെ മൊബൈല്‍ ഓണ്‍ ആയിരുന്നു. സിഗ്‌നല്‍ പരിശോധിച്ച് ഫോണ്‍ എവിടെയുണ്ടെന്നു കണ്ടെത്താനായിരുന്നു ശ്രമം. പല സ്ഥലങ്ങളിലായിട്ടാണ് സിഗ്‌നല്‍ കാണിച്ചത്. അര്‍ജുന്‍ മരിച്ചിട്ടില്ലെന്നും ഏതോ യാത്രയിലാണെന്നു കരുതാന്‍ കാരണമായത് അതാണെന്നും പൊലീസ് പറയുന്നു. പ്രതികളായവരെ ആദ്യഘട്ടത്തില്‍ തന്നെ തങ്ങള്‍ ചോദ്യം ചെയ്തിരുന്നതാണെന്നും ഇവരെ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഈ കേസില്‍ അനാസ്ഥ കാണിച്ചുവെന്നു പറയുന്നതില്‍ അടിസ്ഥാനമില്ലെന്നാണ് പൊലീസ് പറയുന്നത്.