UPDATES

പൊലീസ് നിയമന തട്ടിപ്പില്‍ സിബിഐ അന്വേഷണം വേണമെന്ന് വി എസ്

അഴിമുഖം പ്രതിനിധി

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഓഫീസുമായി ബന്ധപ്പെട്ടു നടന്ന നിയമനതട്ടിപ്പിനെപ്പറ്റി സിബിഐ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ആഭ്യന്തരമന്ത്രിയുടെ ഓഫീസിന്റെയും, പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിന്റെയും, പിഎസ്‌സി ഓഫീസിന്റെയും സീലുകളടക്കം ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് ശരണ്യയെന്ന 24കാരി പലരില്‍ നിന്നും കോടികള്‍ തട്ടിയെടുത്തിരിക്കുന്നുവെന്നാണ് പൊലീസ്ഭാഷ്യം. ഇതങ്ങ് പച്ചയ്ക്ക് വിഴുങ്ങാന്‍ കേരളജനത തയ്യാറല്ല. കോടതിയില്‍ ഹാജരാക്കിയ യുവതി ഉച്ചത്തില്‍ വിളിച്ചുകൂവിയതുകൊണ്ടാണ് കോടതി രഹസ്യമൊഴി എടുക്കാന്‍ നിര്‍ബന്ധിതമായത്. ആഭ്യന്തരമന്ത്രിയുടെ ഓഫീസും, ആലപ്പുഴ ജില്ലയിലെ പ്രമുഖരായ ചില യൂത്ത് കോണ്‍ഗ്രസ് നേതാക്കളും അടക്കമുള്ളവര്‍ക്ക് തട്ടിപ്പില്‍ പങ്കുള്ളതായി യുവതി നല്‍കിയ ഈ മൊഴിയില്‍ നിന്നു വ്യക്തമാണ്. അന്വേഷണം കൃത്യമായി നടന്നാല്‍ ആഭ്യന്തരമന്ത്രിക്കടക്കം ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവില്ല. ഇത് ഒരു രണ്ടാം സോളാര്‍ തട്ടിപ്പാണ്. മുഖ്യമന്ത്രിയുടെ കാര്‍മികത്വത്തില്‍ നടന്ന സോളാര്‍ കുംഭകോണം പോലെതന്നെ ഗരുതരമായ തട്ടിപ്പാണിതെന്നും വി എസ് ആക്ഷേപം ഉന്നയിച്ചു.

ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രി നിരുത്തരവാദപരമായ പ്രതികരണമാണ് നടത്തിയിട്ടുള്ളത്. മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ചു വിവരങ്ങള്‍ പുറത്തുകൊണ്ടുവരട്ടെ എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇത്തരം ചപ്പടാച്ചികള്‍ മതിയാക്കി സിബിഐ അന്വേഷണത്തിന് തയ്യാറാകണം. ആഭ്യന്തരമന്ത്രിയുടെ കീഴിലുള്ള പൊലീസിന്റെ അന്വേഷണം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും വിഎസ് പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍