UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സരിതയുടെ ഗതിവരുത്തുമെന്ന് ക്വാറിക്കാരെ രാഹുല്‍ ആര്‍ നായര്‍ ഭീഷണിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്

Avatar

പി കെ ശ്യാം

പത്തനംതിട്ടയിലെ ക്വാറിയുടമകൾ ചോദിക്കുന്ന പണം നൽകിയില്ലെങ്കിൽ സോളാർ കേസിലെ പ്രതി സരിത എസ് നായരുടെ ഗതിവരുത്തുമെന്നാണ് എസ്.പി രാഹുൽ ആർ നായർ ഭീഷണിപ്പെടുത്തിയിരുന്നതെന്ന് വിജിലൻസിന് മൊഴി ലഭിച്ചു. സാങ്കേതിക പരിജ്ഞാനമുള്ള ജീവനക്കാരുടെ അഭാവം പറഞ്ഞ് ക്വാറികൾ അടച്ചുപൂട്ടുന്നത് രാഹുൽ പതിവാക്കിയിരുന്നെന്നും പണമെത്തിച്ചാൽ തുറന്നുകൊടുക്കാൻ നിർദ്ദേശിക്കുമായിരുന്നുവെന്നും ക്വാറിയുമടകൾ വിജിലൻസിന് നൽകിയ മൊഴിയിൽ പറയുന്നു. ഇരുപത് സാക്ഷികളുടെ മൊഴികൾ തലനാരിഴ കീറി പരിശോധിച്ച വിജിലൻസ് രാഹുൽ ആർ നായരെ ഒന്നാം പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. രാഹുലിന്റെ ഇടനിലക്കാരൻ അജിത് കുമാറാണ് രണ്ടാംപ്രതി. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു ഐ.പി.എസ് ഉദ്യോഗസ്ഥൻ കൈക്കൂലിക്കേസിൽ അകപ്പെട്ടത്. 

പത്തനംതിട്ട കോയിപ്പുറം ഷാനിയോ മെറ്റൽ ക്രഷർ യൂണിറ്റ് തുറക്കാൻ ഉടമ ജയേഷ് തോമസിൽ നിന്ന് ഇടനിലക്കാരൻ വഴി രാഹുൽ 17ലക്ഷം കൈപ്പറ്റിയെന്നാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നൽകിയ എഫ്.ഐ.ആറിൽ വിജിലൻസ് പറയുന്നത്. സംസ്ഥാന ഇന്റലിജൻസ് മേധാവി എ.ഹേമചന്ദ്രനാണ് കഴിഞ്ഞ ജൂണിൽ രാഹുലിന്റെ കോഴയിടപാടിനെക്കുറിച്ച് രേഖകൾ സഹിതം സർക്കാരിന് റിപ്പോർട്ട് നൽകിയത്. തുടർന്ന് പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് ഡയറക്ടർ വിൻസൺ എം പോൾ കോഴയിടപാട് സ്ഥിരീകരിച്ചു. ‌രാഹുലിനെ അടിയന്തിരമായി സസ്‌പെൻഡ് ചെയ്യാനും കേസ് രജിസ്റ്റർ ചെയ്യാനുമുള്ള ഡയറക്ടറുടെ ശുപാർശ അംഗീകരിച്ച് സർക്കാർ രാഹുൽ ആർ നായരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. 

കഴിഞ്ഞ മേയ് ഒന്നിന് കോയിപ്പുറം ഷാനിയോ മെറ്റൽക്രഷർ യൂണിറ്റ് എസ്.പിയുടെ നേതൃത്വത്തിൽ അടച്ചുപൂട്ടിയതിന് പിന്നാലെയാണ് കോഴയിടപാട് നടന്നത് എന്നാണ് വിജിലന്‍സിന് ലഭിച്ച മൊഴി. ക്വാറിയുടമയുടെ സഹോദരൻ എസ്.പി രാഹുലിനെ ചേംബറിൽ ചെന്നു കണ്ടപ്പോൾ 20 ലക്ഷംരൂപ ആവശ്യപ്പെട്ടുവെന്നും ഒരു മൊബൈൽ നമ്പർ നൽകിയശേഷം തുക എവിടെയാണ് എത്തിക്കേണ്ടതെന്നറിയാൻ അതിൽ ബന്ധപ്പെടാൻ എസ്.പി പറഞ്ഞുവെന്നും മൊഴിയിലുണ്ട്. ക്വാറി ഉടമ ആ നമ്പരിൽ വിളിച്ചപ്പോൾ അജിത് എന്നയാളാണ് കോൾ എടുത്തത്. ഇയാളുമായി 17 ലക്ഷം രൂപയ്ക്ക് ഇടപാടുറപ്പിച്ചു. തുക പണമായി കൊച്ചിയിലെത്തിക്കാൻ പറഞ്ഞു. കൊച്ചിയിലെ വൈ​റ്റ് ഫോർട്ട് ഹോട്ടലിനു മുന്നിൽ കാറിൽ കാത്തുനിന്ന അജിത്തിനു പണം കൈമാറി. പണം കിട്ടിയയുടൻ അജിത് എസ്.പിയെ വിളിക്കുകയും ഇതേസമയം തന്നെ രാഹുൽ കോയിപ്പുറം എസ്.ഐയെ വിളിച്ച് ക്രഷർ തുറക്കാൻ നിർദ്ദേശം നൽകിയതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ക്വാറിപൂട്ടിയതിന്റെ നാലാം ദിവസം അതായത് മേയ് അഞ്ചിന് ക്രഷർ തുറക്കുകയും ചെയ്‌തു.

റാന്നിയിൽ ഇതേഗ്രൂപ്പിന്റെ മറ്റൊരുക്വാറി ഷാഡോപൊലീസിനെ ഉപയോഗിച്ച് ദിവസങ്ങൾക്കുള്ളിൽ രാഹുൽ പൂട്ടിച്ചു. എക്‌സ്‌പ്ലോസീവ് ലൈസൻസുകൾ പരിശോധിക്കേണ്ടത് എസ്.ഐയുടെയും സി.ഐയുടെയും ചുമതലയാണ്. അപൂർവം കേസുകളിൽ ഡിവൈ.എസ്.പിമാരും ഇടപെടും. എന്നാൽ ലോക്കൽ പൊലീസിനെ മറികടന്നായിരുന്നു രാഹുൽ ക്വാറികൾ പൂട്ടിച്ചത്. എല്ലാമാസവും 10 ലക്ഷം രൂപ പടി നൽകണമെന്നും അല്ലെങ്കിൽ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ക്രഷറുകൾക്കു സുഗമമായി പ്രവർത്തിക്കാനാവില്ലെന്നും എസ്.പി. ഭീഷണിപെടുത്തിയെന്നാണ് ക്വാറിയുടമയുടെ മൊഴി. തനിക്ക് കോട്ടയം ജില്ലയിലേക്കു സ്ഥലംമാ​റ്റമുണ്ടാകുമെന്നും ‘പടി’ നൽകുന്നതു തുടർന്നാൽ അവിടെയും ക്വാറി ഉടമകളുടെ താൽപര്യം സംരക്ഷിക്കാമെന്നും രാഹുൽ ഉറപ്പുനൽകിയതായി വിജിലൻസ് ഡയറക്ടർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എല്ലാ മാസവും വൻതുക കോഴ നൽകാൻ കഴിയാത്തതിനാൽ ക്വാറിയുടമ മേലുദ്യോഗസ്ഥർക്കു പരാതി നൽകുകയായിരുന്നു.

രാഹുലും ക്വാറിക്കാരുമായുള്ള മൊബൈൽ സംഭാഷണങ്ങൾ പണമിടപാട് വ്യക്തമായി തെളിയിക്കുന്നതായി ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. പണം കിട്ടിയയുടൻ രാഹുൽ കൊച്ചിയിൽ ഫ്‌ളാ​റ്റ് വാങ്ങി. ഫ്‌ളാ​റ്റിന്റെ ഫർണിഷിംഗും ടൈലിംഗും രാഹുലിന്റെ ഇടനിലക്കാരനായ അജിത്താണു ചെയ്തത്. മ​റ്റു ക്വാറി ഉടമകളിൽനിന്നും കൈക്കൂലി കൈപ്പ​റ്റിയതായി അറിവായിട്ടുണ്ടെങ്കിലും പൂർണമായി തെളിയിക്കാനായിട്ടില്ലെന്നും വിൻസൺ എം പോളിന്റെ റിപ്പോർട്ടിലുണ്ട്. 

രാഹുൽ നേരത്തെ നോട്ടപ്പുള്ളി
കണ്ണൂരിൽ എസ്.പിയായിരിക്കേ വിവാദമുണ്ടാക്കിയ ഡി.വൈ.എസ്.പിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഡിവൈ.എസ്.പിയെ സ്ഥലംമാറ്റിയിരുന്നു. അന്ന് രാഹുലിന് വഴിവിട്ട ഇടപാടുകളുണ്ടെന്ന് ഇന്റലിജൻസ് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. പിന്നീട് ഈ ഡിവൈ.എസ്.പിയെ കണ്ണൂരിലെ കിഴക്കൻ മലയോര പട്ടണത്തിൽ ക്രമസമാധാന ചുമതലയിൽ കൊണ്ടുവന്നതും എസ്.പിയുടെ ശ്രമഫലമായാണ്. ഐ.പി.എസ് ഉദ്യോഗസ്ഥന്റെയും ഡിവൈ.എസ്.പിയുടേയും സാമ്പത്തിക ഇടപാടുകളിൽ സംശയമുണ്ടെന്നും കൂടുതൽ ശ്രദ്ധിക്കണമെന്നും ചൂണ്ടിക്കാട്ടിയുള്ള ഇന്റലിജൻസ് റിപ്പോർട്ട് സർക്കാരിൽ ഇപ്പോഴും ഭദ്രമാണ്. കണ്ണൂരിൽ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം രാഹുലിന് ജില്ലാ ചുമതല നൽകരുതെന്ന് മൂന്ന് ഉന്നത ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

അനധികൃത ക്വാറി ഉടമകളുമായി ഉയർന്ന പോലീസുദ്യോഗസ്ഥർ അടുത്ത ബന്ധം പുലർത്തുന്നതായി ഇന്റലിജൻസ് വിഭാഗം നേരത്തെതന്നെ സർക്കാരിനെ അറിയിച്ചിരുന്നു. നിയമം ലംഘിച്ച് സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചതിന്റെ പേരിൽ പ്രവർത്തനം നിർത്തിച്ച പാറമട തുറന്നുകൊടുക്കാൻ രാഹുൽ നായർ ശ്രമിച്ചതായും ആരോപണമുണ്ട്. ഈ കേസിൽ പിടിവീഴുമെന്നായപ്പോൾ മേലുദ്യോഗസ്ഥനുമേൽ പഴിചാരി രക്ഷപ്പെടാൻ ശ്രമിച്ചതായും ഇന്റലിജൻസിന് വിവരം ലഭിച്ചു. പത്തനംതിട്ട ജില്ലയിലെ വടശേരിക്കര, അടൂർ, കലഞ്ഞൂർ എന്നിവിടങ്ങളിലെ അനധികൃത പാറമടകൾ എസ്‌പിയും ജില്ലാ കളക്ടറും ചേർന്ന് കഴിഞ്ഞ മാസം പൂട്ടിച്ചിരുന്നു. എന്നാൽ തൊട്ടുപിന്നാലെ ഉന്നതതല ഇടപെടലിനെത്തുടർന്ന് പാറമടകൾ മിക്കതും തുറന്നിരുന്നു. ഇതിനിടെയാണ് എസ്.പി 17 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയിരിക്കുന്നത്.  ക്വാറിയുടമയുമായി കോഴയിടപാട് നടന്നതായി ഒരു ഉന്നത ഉദ്യോഗസ്ഥനാണ് പുറത്താക്കിയത്. ഒരു മാസം മുൻപുതന്നെ എ.ഡി.ജി.പി വിൻസൺ എം പോൾ സംഭവത്തെക്കുറിച്ച് അന്വേഷിച്ചിരുന്നു. ആഴ്‌ചകൾക്ക് മുൻപ് ഐ.പി.എസ് അസോസിയേഷൻ യോഗത്തിൽ യുവ ഐ.പി.എസുകാർ വഴിവിട്ട ബന്ധങ്ങളുണ്ടാക്കരുതെന്നും അതീവശ്രദ്ധ പുലർത്തണമെന്നും മുതിർന്ന ഉദ്യോഗസ്ഥർ രാഹുലിനെ ഉപദേശിച്ചിരുന്നു.

18 ക്വാറി പൂട്ടിച്ചെന്ന് ആരോപണം
17 ലക്ഷം കോഴ നൽകിയ ശേഷവും ഷാനിയോ മെറ്റൽ ക്രഷർ കമ്പനിയുടെ മറ്റൊരു ക്രഷർ യൂണിറ്റ് പൂട്ടിക്കാൻ എസ്.പി ശ്രമിച്ചു. പത്തനംതിട്ടയിലെ മറ്റൊരു ക്വാറിയിലേക്ക് ഷാഡോപൊലീസ് സംഘത്തെയാണ് എസ്.പി അയച്ചത്. ലൈസൻസ് പരിശോധനയ്ക്കായി എസ്.പിയെ നേരിൽ കാണാൻ ക്വാറിയുടമയ്ക്ക് നി‌ർദ്ദേശം നൽകി. ഇതോടെ ക്വാറിയുടമകൾ പരാതിയും തെളിവുകളുമായി തലസ്ഥാനത്തെ മുതിർന്ന പൊലീസുദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു. ഇതിനു പുറമേ കോഴഞ്ചേരി താലൂക്കിലെ തോട്ടപ്പുഴശേരി പൊന്മലയിലെ ക്വാറിയുമായി ബന്ധപ്പെട്ടും രാഹുലിനെതിരേ ആരോപണമുയർന്നു. ബ്ലാസ്റ്റ് മാനേജർ, ക്വാറി മാനേജർ എന്നിവരില്ലാത്തതിന്റെ പേരിൽ ക്വാറി പൂട്ടിയെങ്കിലും അഞ്ചുദിവസത്തിനു ശേഷം തുറക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസവും പൂട്ടിയ ക്വാറികൾക്കു മുന്നിൽ അമ്പതോളം പൊലീസുകാരെ രാഹുൽ വിന്യസിച്ചിരുന്നതായി കണ്ടെത്തി. മറ്റെല്ലാ ജോലികളും ഒഴിവാക്കി മുഴുവൻ സേനയേയും ക്രമസമാധാനപാലനത്തിന് വിന്യസിക്കേണ്ടിടത്താണ് പൂട്ടിയ ക്വാറികൾക്ക് മുന്നിൽ പൊലീസിനെ നിയോഗിച്ചത്. അതേസമയം അടുത്തിടെ പത്തനംതിട്ടയിലെ 18 ക്വാറികൾ പൂട്ടിച്ച രാഹുലിനെ കുടുക്കിയതാണെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നു.

ഇനി ക്രൈംബ്രാഞ്ചിന്റെ ഊഴം
കൈക്കൂലിക്കേസിൽ ആരോപണ വിധേയനായ എസ്.പി രാഹുൽ ആർ നായരുടെ മൊഴിയിൽ എ.ഡി.ജി.പി ആർ. ശ്രീലേഖ, ഐ.ജി മനോജ് എബ്രഹാം എന്നിവർ ഉൾപ്പെട്ടതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് മേധാവി എസ്.അനന്തകൃഷ്‌ണൻ അന്വേഷിക്കും. രാഹുൽ തങ്ങൾക്കെതിരേ അപകീർത്തികരമായ മൊഴി നൽകിയെന്ന് ഇരുവരും ഡി.ജി.പിക്ക് പരാതിനൽകിയിരുന്നു. ഇതേത്തുടർന്നാണ് ക്രൈംബ്രാഞ്ച് മേധാവി എസ്. അനന്തകൃഷ്‌ണനോട് ഇതേക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിർദ്ദേശിച്ചത്. എഡിജിപി ശ്രീലേഖയുടെയും തിരുവനന്തപുരം റേഞ്ച് ഐ ജി മനോജ് എബ്രഹാമിന്റെയും നിര്‍ദ്ദേശ പ്രകാരമാണ് താന്‍ പാറ ക്വാറികള്‍ തുറന്ന് കൊടുത്തതെന്ന് രാഹുല്‍ വിജിലന്‍സിന് മൊഴിനൽകിയിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍