UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലോ അക്കാദമിക്ക് മുന്നില്‍ സംഘര്‍ഷം; പോലീസ് ലാത്തിച്ചാര്‍ജ്ജ്‌

ബിജെപി പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലേറ് ആരംഭിച്ചതോടെ പോലീസ് ലാത്തിച്ചാര്‍ജ്ജും ജലപീരങ്കി ഉപയോഗിക്കാനും ആരംഭിച്ചു.

തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന റോഡ് ഉപരോധത്തില്‍ സംഘര്‍ഷം. അക്രമാസക്തരായ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദേശീയ നിര്‍വാഹണ സമിതി അംഗം വി മുരളീധരന്റെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചത്. അതേസമയം ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവയ്ക്കാതെ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് മുരളീധരന്‍. ഈ സാഹചര്യത്തില്‍ പ്രിന്‍സിപ്പല്‍ രാജിവച്ച് മുരളീധരന്റെ ജീവന്‍ രക്ഷിക്കണമെന്നായി ബിജെപി പ്രവര്‍ത്തകരുടെ ആവശ്യം. എന്നാല്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് ഇപ്പോഴും.

റോഡ് ഉപരോത്തെ തുടര്‍ന്ന് പേരൂര്‍ക്കടയില്‍ കനത്ത ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതേത്തുടര്‍ന്ന് പോലീസ് ബിജെപി നേതാക്കളുമായി രണ്ട് തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചതോടെയാണ് പ്രവര്‍ത്തകര്‍ അക്രമാസക്തരായത്. ബിജെപി പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലേറ് ആരംഭിച്ചതോടെ പോലീസ് ലാത്തിച്ചാര്‍ജ്ജും ജലപീരങ്കി ഉപയോഗിക്കാനും ആരംഭിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍