UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംസാരിക്കുന്ന ഈ ചിത്രത്തിന് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയേണ്ടതുണ്ട്

Avatar

രശ്മി നാരായണന്‍

വെടിയേറ്റു മരിച്ച കുപ്പുസാമിയുടെ മൃതദേഹം ദഹിപ്പിക്കാന്‍ വൈകുന്നുവെന്ന് ആരോപിച്ച് കോഴിക്കോട് എഎസ്പി പ്രേംദാസ്, നടരാജന്റെ സഹോദരന്റെ കോളറില്‍ കുത്തിപ്പിടിക്കുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുമ്പോള്‍, സംസാരിക്കുന്ന ഈ ചിത്രത്തിനും പോലീസ് നടപടിക്കും ഉത്തരം പറയാന്‍ ആഭ്യന്തരമന്ത്രി കൂടിയായ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ബാധ്യസ്ഥനാണ്. യൂണിഫോമില്‍ പോലുമല്ലാത്ത, ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പോലും ധിക്കാരപരമായി പെരുമാറാന്‍ ധൈര്യം കാണിക്കുന്നെങ്കില്‍ അത് വകുപ്പ് ഭരിക്കുന്ന മന്ത്രിയുടെ അറിവോടെയാണെന്നോ അല്ലെങ്കില്‍, മന്ത്രിയുടെ കഴിവുകേടാണെന്നോ പറയേണ്ടിവരും. അതല്ലെങ്കില്‍ മുഖ്യമന്ത്രി പറയട്ടെ പൊതുസമൂഹത്തോട് മറുപടി. ഈ ചിത്രം ഉയര്‍ത്തുന്നത് കയ്യേറ്റം എന്ന ചെറിയ വാക്കില്‍ ഒതുക്കേണ്ട ഒരു കാര്യത്തെ അല്ല. നിലമ്പൂരില്‍ നടന്ന വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട, രാജ്യത്ത് നിരോധിക്കപ്പെട്ട സിപിഐ(മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗം കുപ്പുരാജിന്റെ മൃതദേഹത്തോടുള്ള അനാദരവ് കൂടിയാണ്. ജീവനുള്ള വ്യക്തിയില്‍ ആയിരം കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടാലും മരണശേഷം അവനില്‍ രാജ്യത്തിന്റെ കുറ്റങ്ങള്‍ നിലനില്‍ക്കില്ല. അത് കേവലം നിശ്ചേതനമായ ശരീരം മാത്രമാണ്. ഈ രാജ്യത്തെ പൗരന്റെ ശരീരം. അതിന് അര്‍ഹിക്കുന്ന ആദരവ് നല്‍കാന്‍ സ്‌റ്റേറ്റ് ബാധ്യസ്ഥമാണ്. ഒരു മനുഷ്യന്‍ മരണപ്പെടുന്നതോടെ സ്വകാര്യതയ്ക്കുള്ള അവകാശം ഇല്ലാതാകുന്നില്ല എന്ന് രാജ്യത്തിന്റെ ഭരണഘടന തന്നെ പറയുന്നു. കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെക്കുന്നത് തടയാന്‍ എത്തിയത് കേരളത്തിലെ ഭരണമുന്നണിയോ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരോ അല്ല. അത് ബിജെപിയും യുവമോര്‍ച്ചയും ആയിരുന്നു. അവരെ തടയാനോ നീക്കം ചെയ്യാനോ പോലീസിന്റെ ഭാഗത്തുനിന്നും ശ്രമം ഉണ്ടായില്ല എന്നു മാത്രമല്ല, പൊതുദര്‍ശനം നടത്താന്‍ സാധിക്കില്ല എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരോടും മറ്റ് മുതിര്‍ന്ന ഇടത് തീവ്ര നേതാക്കളോടും പോലീസ് നേരിട്ട് പറയുകയും ചെയ്തു. ഇവിടേയും ആഭ്യന്തരമന്ത്രിയുടെ പ്രതികരണം ഒന്നും കണ്ടില്ല.

മാവോയിസ്റ്റുകള്‍ രാജ്യദ്രോഹികളാണോ? അവര്‍ ഇവിടുത്തെ പൗരന്മാര്‍ അല്ലേ? 

ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞിരിക്കുന്നത് മഹത്തായ ജനാധിപത്യ വ്യവസ്ഥിതി നിലനില്‍ക്കുന്നു എന്ന് അവകാശപ്പെടുന്ന നമ്മുടെ രാജ്യത്തെ നീതിന്യായ കോടതികള്‍ തന്നെയാണ്. ശ്യാം ബാലകൃഷ്ണനും സ്‌റ്റേറ്റും തമ്മില്‍ നടന്ന കേസിന്റെ കാര്യമെടുക്കാം(ശ്യാം ബാലകൃഷ്ണന്‍ v/s സ്‌റ്റേറ്റ് ഓഫ് ഇന്ത്യ).

മാവോയിസ്‌റ്റെന്നു സംശയിച്ച് പൊലീസ് പിടിച്ചുകൊണ്ടുപോവുകയും കസ്റ്റഡിയില്‍ വച്ചു മര്‍ദനത്തിന് ഇരയാക്കുകയും ചെയ്ത വയനാട് സ്വദേശി ശ്യാം ബാലകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് നടത്തിയ വിധിന്യായം ഇക്കാര്യത്തില്‍ ശ്രദ്ധേയമാണ്. ആ വിധിയെ നമുക്ക് ഇങ്ങനെ വായിക്കാം- ‘തീവ്ര ഇടതുപക്ഷ നിലപാടുകളുള്ള സാഹിത്യകാരന്മാരും ബുദ്ധിജീവികളും നമ്മുടെ സമൂഹത്തിലുണ്ട്. അനീതിയുടെ തേര്‍വാഴ്ചയും അസമത്വത്തിന്റെ കൊടിയേറ്റങ്ങളും കണ്ടു സഹികെട്ടാണ് അവര്‍ ആ വഴിക്കു നീങ്ങാന്‍ പ്രേരിതരായതെന്നു മറന്നുകൂടാ. രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ ലംഘിക്കുമ്പോള്‍ മാത്രമേ അത് നിയമവിരുദ്ധ പ്രവര്‍ത്തനമാകൂ’.

തലശ്ശേരി പുല്‍പ്പള്ളി സ്‌റ്റേഷന്‍ ആക്രമണക്കേസില്‍ ഹൈക്കോടതി വിധി(1973 നവംബര്‍ 1 )

ജസ്റ്റിസ് നാരായണപിള്ള നടത്തിയ പരാമര്‍ശങ്ങള്‍ ഇങ്ങനെയാണ്- “ശരീരത്തെ മാത്രമേ തടവിലാക്കാനാകൂ, ആശയങ്ങളെ ഇരുമ്പഴിക്ക് പിന്നില്‍ തളച്ചിടാനാവില്ല. പ്രോസിക്യൂഷന്‍ പറയുന്നത് അനുസരിച്ച് പോലും, തലശ്ശേരി പുല്‍പ്പള്ളി കേസിലെ പ്രതികളുടെ ഉദ്ദേശം പൊതുരാഷ്ട്രീയവും പൊതുസാമ്പത്തികവും ആയിരുന്നു. സ്വാര്‍ഥത ആയിരുന്നില്ല. അധികാരം പിടിച്ചെടുക്കുന്നതിനും കുന്നുകൂടിയ സമ്പത്ത് വിതരണം ചെയ്യുന്നതിനുമാണ് അവര്‍ പല കുറ്റകൃത്യങ്ങളും ചെയ്തത്. ഈ രാജ്യത്ത് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്-മാവോയിസ്റ്റ് കക്ഷിയുടെ ജന്മം ഒരു യാഥാര്‍ഥ്യമാണ്. മാവോ ചിന്തകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നു എന്നതുകൊണ്ട് മാത്രം അവരെ ഈ രാജ്യത്തെ മറ്റ് പൗരന്മാരെക്കാള്‍ രാജ്യസ്‌നേഹം കുറഞ്ഞവരാണ് എന്ന് കരുതരുത്.” 

ഈ രണ്ട് വിധിന്യായങ്ങള്‍ക്കു പുറമെ ബിനായക് സെന്‍ കേസിലും ഡോ. റനീഫ് കേസിലും അരൂപ് ഭൂയാണ്‍-ഇന്ദ്ര ദാസ് കേസിലുമൊക്കെ സുപ്രീം കോടതിയും വ്യക്തമാക്കുന്നത് നിരോധിക്കപ്പെട്ട ഏതെങ്കിലും സംഘടനയില്‍ അംഗമാകുന്നത് കൊണ്ടുമാത്രമോ അത്തരം ആശയങ്ങളില്‍ വിശ്വസിക്കുന്നത് കൊണ്ട് മാത്രമോ ഒരാള്‍ കുറ്റവാളി ആകില്ല എന്നാണ്. 

ഇത്തരത്തില്‍ രാജ്യത്തിന്റെ പൗരന്മാര്‍ ആയിരിക്കുന്ന വ്യക്തിയുടെ മൃതദേഹേത്തോടാണ് അനാദരവ് കാണിച്ചിരിക്കുന്നത്. തമിഴ്‌നാട്ടുകാരനായ കുപ്പു ദേവരാജിന്റെ ശരീരം അവിടേക്ക് എത്തിച്ചാല്‍ സ്മാരകം ഉയരും എന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ഭയം, ആ ശരീരത്തെ ഏറ്റുവാങ്ങാന്‍ കേരളം തന്നെ എന്ന് ബന്ധുക്കളെ നിര്‍ബന്ധിതമാക്കുകയായിരുന്നു. കാര്യങ്ങള്‍ ഇങ്ങിനെയായിരിക്കേ മനുഷ്യാവകാശ കമ്മീഷന്‍ പോലും ഇതുവരെ വ്യാജ ഏറ്റുമുട്ടലിനെ പറ്റിയോ, അതിനു പിന്നാലെയുണ്ടായ പോലീസ് അതിക്രമത്തെ സംബന്ധിച്ചോ യാതൊരു നടപടിയും കൈക്കൊള്ളുകയുണ്ടായില്ല എന്ന് മാത്രമല്ല, പ്രതികരണം പോലും നടത്തിയിട്ടില്ല എന്നത് ആശ്ചര്യകരമാണ്. ഇത്തരം വിഷയങ്ങളില്‍ ഇടപെടാനും അന്വേഷണം നടത്തി ഇരയ്ക്ക് മാന്യമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാനുമാണ് മനുഷ്യാവകാശ കമ്മിഷന്‍ രൂപീകരിച്ചിട്ടുള്ളത് തന്നെ.

പക്ഷേ, ഇതിനെല്ലാം ഉത്തരം പറയേണ്ടവരെല്ലാം തന്നെ നിശബ്ദതയിലാണ്…

(സ്വതന്ത്രമാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍