UPDATES

ട്രെന്‍ഡിങ്ങ്

പാര്‍ട്ടി – പോലീസ്; സിപിഎമ്മില്‍ പുതിയ പോര്‍മുഖം തുറക്കുന്നോ?

പിണറായി വിജയനെ സംബന്ധിച്ചിടത്തോളം ഭരണത്തെയും പാര്‍ട്ടിയെയും ഒന്നിച്ചു കൊണ്ടുപോവുക എന്ന ഇരട്ട ഉത്തരവാദിത്തമാണ് മുന്‍പിലുള്ളത്

ഏറെ നാളത്തെ നിശബ്ദതയ്ക്ക് ശേഷം വി എസ് അച്യുതാനന്ദന്‍ തന്റെ ഫോം കണ്ടെത്തി തിരിച്ചു വന്നതാണ് ഈ വാരത്തിലെ പ്രധാന രാഷ്ട്രീയ സംഭവം. എന്നാല്‍ അത് സാധാരണ സംഭവിക്കുന്നത് പോലെ വിഎസില്‍ തുടങ്ങി വിഎസില്‍ അവസാനിക്കുന്ന ഒന്നായി മാറിയില്ല എന്നതാണ് അതിന്റെ രാഷ്ട്രീയ പ്രാധാന്യം. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ ഉടനെ താന്‍ ജനങ്ങളുടെ കാവലാളായി ഉണ്ടാകും എന്ന ആലങ്കാരിക പ്രയോഗങ്ങള്‍ ട്രോളര്‍മാരുടെ ആക്ഷേപ ഹാസ്യ ഐറ്റമായി മാറിയെങ്കിലും തന്റെ വാര്‍ദ്ധക്യത്തിന്റെ യുവത്വം ചോര്‍ന്നിട്ടില്ല എന്നു തെളിയിക്കുന്നതായിരുന്നു പോലീസിനെതിരായ വിഎസിന്റെ പുതിയ ആഞ്ഞടിക്കല്‍. അതില്‍ പ്രത്യക്ഷത്തില്‍ ആഭ്യന്തര വകുപ്പ് കയ്യാളുന്ന പിണറായിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നില്ല എങ്കിലും ഭരണത്തിന്റെയും പാര്‍ട്ടിയുടെയും ഇടനാഴികളില്‍ വളര്‍ന്ന് വരുന്ന അസ്വസ്ഥതയെ വളരെ കൃത്യതയോടെ എഴുതി തയ്യാറാക്കിയ മാധ്യമ പ്രസ്താവനയില്‍ പ്രതിഫലിപ്പിക്കാന്‍ വിഎസിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് വി എസിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി, പൊളിറ്റ് ബ്യൂറോ എംഎ ബേബി ഏറ്റവുമൊടുവില്‍ ഒരു ചാനല്‍ പരിപാടിയില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയവര്‍ രംഗത്ത് വന്നത്. ആഭ്യന്തര വകുപ്പിനെ ന്യായീകരിക്കാന്‍ പ്രത്യക്ഷത്തില്‍  നേതാക്കളാരും വന്നില്ല എന്നതും (സിപിഎം സൈബര്‍ പോരാളികള്‍ ഒഴികെ) ശ്രദ്ധിക്കേണ്ടതാണ്.

കുടുംബത്തോടൊപ്പം ഫോര്‍ട്ട് കൊച്ചി കടപ്പുറത്ത് കാറ്റുകൊള്ളാനെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് മര്‍ദ്ദിച്ച സംഭവം പരാമര്‍ശിച്ചുകൊണ്ടാണ് വിഎസിന്റെ പ്രസ്താവന തുടങ്ങുന്നതെങ്കിലും ‘പോലീസ് സേനയുടെ മനോവീര്യം നിലനിര്‍ത്തേണ്ടത് പാവപ്പെട്ട ജനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ടാവരുത്.’ എന്ന കൃത്യമായ പ്രസ്താവനയിലൂടെ താന്‍ ആരെയാണ് ലക്ഷ്യമിടുന്നത് എന്ന്‍ വിഎസ് വ്യക്തമാക്കുന്നുണ്ട്. ‘ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധിയല്ല കേരളാ പോലീസ് എന്ന് പോലീസുകാരും തിരിച്ചറിയണം. ഇത് ഇടതുപക്ഷ ഭരണമാണ്. പോലീസ് സ്‌റ്റേഷനിലെ ഉരുട്ടിക്കൊലയുടെ കാലം കഴിഞ്ഞിരിക്കുന്നു. ദളിതരും ആദിവാസികളും എഴുത്തുകാരും കലാകാരന്മാരും സ്വതന്ത്രമായും നിര്‍ഭയമായും കഴിയുന്ന സംസ്ഥാനമാണ് കേരളം. കല്‍ബുര്‍ഗിയുടെയും പന്‍സാരയുടെയും ഗതി കേരളത്തിലെ എഴുത്തുകാര്‍ക്കുണ്ടാവില്ല എന്ന് ഉറപ്പുവരുത്താന്‍ നിയുക്തരാണ് കേരളത്തിലെ പോലീസ്.” തന്റെ പ്രസ്താവനയിലേക്ക് ദളിതരെയും ആദിവാസികളെയും കലാകാരന്മാരേയും എഴുത്തുകാരെയും കൊണ്ടുവന്നതിലൂടെ മുന്‍കാലങ്ങളില്‍ തനിക്ക് എവിടെ നിന്നൊക്കെയാണോ പിന്തുണ കിട്ടിയത് അവരോടൊപ്പം താനിപ്പോഴുമുണ്ടെന്ന സന്ദേശമാണ് വി എസ് നല്‍കിയത്. ഇതിന്റെ അനുരണനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്പോള്‍ തന്നെ ‘ഒരേയൊരു വിഎസ്’ എന്ന മുറവിളിയായി പ്രത്യക്ഷപ്പെടുകയും ചെയ്തു.

kamal5

എഴുത്തുകാരന്‍ കമല്‍ സി ചവറയ്ക്കെതിരെ ദേശീയ ഗാനത്തെ അധിക്ഷേപിച്ചു എന്നാരോപിച്ച് എടുത്ത രാജ്യദ്രോഹക്കേസ്, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായ നദീറിനെതിരെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി കേസെടുക്കാനുള്ള നീക്കം, നേരത്തെ രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് ദേശീയഗാന സമയത്ത് എഴുന്നേല്‍ക്കാതിരുന്ന ഫെസ്റ്റിവല്‍ പ്രതിനിധികളെ തിയറ്ററില്‍ കയറി പോലീസ് അറസ്റ്റ് ചെയ്തത്, മാവോയിസ്റ്റ് നേതാക്കളെ കൊലപ്പെടുത്തിയത് തുടങ്ങിയ വിവിധ സംഭവങ്ങള്‍ കേരളത്തിലെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരുടെ ഇടയില്‍ വലിയ പ്രതിഷേധം ഉണ്ടാക്കിയ സമയത്താണ് വിഎസിന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

വിഎസിന് പിന്നാലെ പോലീസ് നടപടികളെ തിരുത്തിക്കൊണ്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. പിണറായി മുഖ്യമന്ത്രി ആയതോടെ പാര്‍ട്ടി സെക്രട്ടറിയെ കണ്ടവരുണ്ടോ എന്ന് പല കോണുകളില്‍ നിന്നു ചോദ്യമുയര്‍ന്നു തുടങ്ങിയപ്പോള്‍ താന്‍ ഇവിടെ തന്നെയുണ്ട് എന്നു തെളിയിക്കാനുള്ള അവസരം കൂടിയായി കൊടിയേരിക്കിത്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ പാടില്ലെന്നും സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന പൊലീസ് ഓഫിസര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു. ഇന്ന് (ഡിസംബര്‍ 23) ദേശാഭിമാനിയുടെ എഡിറ്റ് പേജില്‍ എഴുതിയ ലേഖനത്തിലൂടെ തന്റെ നിലപാടിന് കൂടുതല്‍ വ്യക്തത വരുത്താനും കോടിയേരി ശ്രമിച്ചിട്ടുണ്ട്. ‘ജനഗണമനയുടെ പേരില്‍ കപട ദേശീയത’ എന്ന ലേഖനത്തില്‍ സംഘപരിവാറിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ടെങ്കിലും എല്‍ഡിഎഫ് സര്‍ക്കാരിന്റെ പോലീസ് നയം മോദി സര്‍ക്കാരിന്റെയോ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെയോ നയമല്ല എന്നു പറഞ്ഞു വെയ്ക്കാനാണ് കോടിയേരി ശ്രമിക്കുന്നത്.

അഴിഞ്ഞാട്ടം നടത്തുന്നത് കേരള പോലീസ് അവസാനിപ്പിക്കണം എന്ന ആവശ്യവുമായി പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും നേരത്തെ രംഗത്തെത്തിയിരുന്നു. നേരിട്ടു ഭരണത്തെ വിമര്‍ശിക്കുന്നതിനുള്ള പരിമിതിയില്‍ നിന്നുകൊണ്ട് ‘ചില പോലീസ് ഉദ്യോഗസ്ഥ’രെ വിമര്‍ശിക്കാനുള്ള ശ്രമമാണ് ബേബി നടത്തിയതെങ്കിലും ആഭ്യന്തര വകുപ്പിന്റെ പോക്കിലുള്ള അസംതൃപ്തിയാണ് അതില്‍ അടങ്ങിയിരിക്കുന്നത് എന്നു വ്യക്തമാണ്.

എന്നാല്‍ ഒരു പടി കൂടി കടന്നുപറഞ്ഞു വെച്ചിരിക്കുകയാണ് ഈ കഴിഞ്ഞ ദിവസം പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍. ‘തെറ്റുണ്ടെങ്കില്‍ തിരുത്തുന്നതാണ് പാര്‍ട്ടിയുടെ നയം, അത് പിണറായി വിജയന്റെ കൂടി നയമാണ്. അദ്ദേഹം മുഖ്യമന്ത്രിയായി പാര്‍ട്ടി കല്‍പ്പിച്ചിരിക്കുന്ന ജോലി ചെയ്യാനാണ് ഇരിക്കുന്നത്. അല്ലാതെ അദ്ദേഹം പറയുന്നത് മുഴുവന്‍ പാര്‍ട്ടി ഏറ്റെടുക്കലല്ല. പാര്‍ട്ടി പറയുന്നതനുസരിച്ചുള്ള നിലപാട് അനുസരിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. അതുകൊണ്ട് പാര്‍ട്ടിയുടെ നിലപാട് അദ്ദേഹം ഗവണ്‍മെന്റില്‍ നടപ്പാക്കും. അതില്‍ നിന്ന് വ്യതിചലിക്കുന്ന നിലപാട് ഉണ്ടായാല്‍ പാര്‍ട്ടി വേണ്ട നടപടി സ്വീകരിക്കും.’ മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലുന്നത് പാര്‍ട്ടിയുടെ നയമല്ല എന്നു കൂടി പറഞ്ഞു വെയ്ക്കുന്നതിലൂടെ മുന്നണിക്കകത്ത് സിപിഐ ഉയര്‍ത്തിയ വിമത ശബ്ദത്തിന് സിപിഎമ്മില്‍ നിന്നുള്ള പിന്തുണ കൂടിയായി അത് മാറി. സിപിഎമ്മിനുള്ളില്‍ അസംതൃപ്തി പുകയുന്നുണ്ട് എന്നതിന് തെളിവായി ഇതില്‍ കൂടുതല്‍ ഉദാഹരണങ്ങള്‍ ഒന്നും നിരത്തേണ്ടതുണ്ടെന്ന് തോന്നുന്നില്ല.

cpim2

നേരത്തെ പോലീസ് തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കുന്നു എന്ന വിമര്‍ശനം കണ്ണൂര്‍ പാര്‍ട്ടി തന്നെ ഉയര്‍ത്തിയിരുന്നു. പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച ജില്ല സെക്രട്ടറി പി ജയരാജനെ സംസ്ഥാന കമ്മിറ്റി താക്കീത് ചെയ്തിരുന്നു. പിണറായി വിജയന്റെ തട്ടകമായ കണ്ണൂരില്‍ നിന്നുപോലും ഉയരുന്ന എതിര്‍ ശബ്ദങ്ങള്‍ സൂചിപ്പിക്കുന്നത് മുന്‍ ഇടതു സര്‍ക്കാരുകളില്‍ നിന്നും വ്യത്യസ്തമായി ഭരണത്തിന്റെ നിര്‍ണ്ണായക കാര്യങ്ങളില്‍ സിപിഎമ്മിന് നിയന്ത്രണമില്ല എന്നു തന്നെയാണ്. പിണറായിക്ക് ചുറ്റുമുള്ള ചില വ്യക്തികള്‍ അനാവശ്യ സ്വാധീനങ്ങള്‍ ചെലുത്തുന്നുണ്ട് എന്ന കുശുകുപ്പുകള്‍ ഉണ്ടെങ്കിലും ഇതുവരെ ആളുകളുടെ പേരുകള്‍ പറഞ്ഞുകൊണ്ട് ഒരു പരസ്യ വിമര്‍ശനത്തിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ല. കളമശേരി ഏരിയാ സെക്രട്ടറിയുടെ അറസ്റ്റും വടക്കാഞ്ചേരി സംഭവവും ഇത്രയേറെ വിവാദമാക്കേണ്ടിയിരുന്നില്ല എന്ന തോന്നല്‍ ഇപ്പോഴും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. പിണറായിയുടെ പ്രതിച്ഛായാ നിര്‍മ്മാണത്തിന് വേണ്ടി നടത്തിയ കളികളാണ് എന്നു ചില കോണുകളില്‍ നിന്നുയര്‍ന്ന ആരോപണങ്ങള്‍ പാര്‍ട്ടി മുഖവിലയ്ക്കെടുത്തിട്ടില്ലെങ്കിലും സിപിഎമ്മിന് വലിയ ഡാമേജിംഗ് ആയി ആ സംഭവങ്ങള്‍ എന്നു വ്യക്തമാണ്. കോടിയേരി തന്നെ ഇക്കാര്യത്തില്‍ ദേശാഭിമാനി ലേഖനത്തിലൂടെ പാര്‍ട്ടിയുടെ വിശദീകരണം നല്‍കിയതും ഓര്‍ക്കുക.

അതേ സമയം പാര്‍ട്ടി സെല്‍ ഭരണമല്ല പിണറായിയുടെ പോലീസ് നടത്തുന്നത് എന്ന വിലയിരുത്തലും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. അത് ജനങ്ങളുടെ ഇടയില്‍ മതിപ്പുണ്ടാക്കും എന്നാണ് ഇവരുടെ വിലയിരുത്തല്‍. മുന്‍ ഭരണങ്ങളില്‍ നിന്നു വ്യത്യസ്തമായി പാര്‍ട്ടി ഓഫീസുകള്‍ക്ക് പണ്ടേ പോലെ പോലീസ് സ്റ്റേഷനുകളെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല എന്നത് ഒരു പരിധിവരെ സത്യമാണ്. സക്കീറിന്റെ അറസ്റ്റിലൂടെയൊക്കെ അത്തരമൊരു സന്ദേശം നല്‍കാനാണ് പിണറായി ശ്രമിച്ചത് എന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ  മധ്യവയസ്കന്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ രക്ഷിക്കാന്‍ പ്രാദേശിക സിപിഎം നേതാക്കള്‍ ശ്രമിച്ചിട്ടും നടന്നില്ല എന്നത് അത്തരമൊരു നയംമാറ്റത്തിന്റെ സൂചനായി കാണാം.

മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ചിടത്തോളം ഭരണത്തെയും പാര്‍ട്ടിയെയും ഒന്നിച്ചു കൊണ്ടുപോവുക എന്ന ഇരട്ട ഉത്തരവാദിത്തമാണ് മുന്‍പിലുള്ളത്. അതിലുണ്ടാകുന്ന ഏത് പിഴവുകളും എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും എന്നു മാത്രമല്ല പാര്‍ട്ടിക്കുള്ളില്‍ പുതിയ പോര്‍മുഖം തുറക്കുന്നതിന് അവസരം സൃഷ്ടിക്കുകയും ചെയ്യും. എല്ലാ കാര്യത്തിനും പണ്ടേ പോലെ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയുണ്ടാകും എന്നു കരുതാനും വയ്യ.  ഭരണരംഗത്തെ പാളിച്ചകള്‍ വിലയിരുത്താന്‍ എന്ന പേരില്‍ ഡിസംബര്‍ 26-നു വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഭരണത്തെ കുറച്ചുകൂടി നന്നായി മുന്നോട്ട് കൊണ്ടുപോകാന്‍ പിണറായിയെ സഹായിക്കുമെങ്കിലും ഭരണത്തിന് പുറത്തുള്ള പാര്‍ട്ടിയുമായുള്ള ഏകോപനം എങ്ങനെയായിരിക്കും എന്ന കാര്യത്തിലായിരിക്കും കൂടുതല്‍ വ്യക്തതയുണ്ടാകേണ്ടത്.

(അഴിമുഖം സീനിയര്‍ എഡിറ്ററാണ് ലേഖകന്‍)

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍