UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെഎന്‍യു വിവാദം: അഞ്ച് സംസ്ഥാനങ്ങളില്‍ ദല്‍ഹി പൊലീസ് റെയ്ഡ്

അഴിമുഖം പ്രതിനിധി

ജെഎന്‍യുവില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന് ആരോപിക്കപ്പെട്ട വിദ്യാര്‍ത്ഥികളെ പിടികൂടാന്‍ ഡല്‍ഹി പൊലീസ് ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തി.

വിവാദ പരിപാടിക്ക് നേതൃത്വം കൊടുത്തവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പുറത്തു നിന്നുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നുള്ളതിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഡല്‍ഹി പൊലീസ് തലവന്‍ ബി എസ് ബസ്സി പറഞ്ഞു.

സമാനമായ സംഭവം പശ്ചിമ ബംഗാളിലെ ജാദവ് പൂര്‍ സര്‍വകലാശാലയിലും ഉണ്ടായിരുന്നു. ഇന്നലെ സര്‍വകലാശാലയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയതിനെ കുറിച്ച് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ജെഎന്‍യു എസ് യു പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റു ചെയ്ത സംഭവത്തില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് ദേശദ്രോഹ കുറ്റം ചുമത്തിയതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പിന്നോട്ടു പോയിട്ടില്ല. ജീവപര്യന്തം തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പൊലീസ് കനയ്യയ്ക്കുമേല്‍ പൊലീസ് ചാര്‍ത്തിയിരിക്കുന്നത്.

ഇന്ന് ഉച്ചയ്ക്കുശേഷം കനയ്യയെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ കോടതി മുറിയില്‍ ഉണ്ടായിരിക്കേണ്ടവരുടെ എണ്ണം സുപ്രീംകോടതി നിയന്ത്രിച്ചു. പ്രോസിക്യൂഷന്റേയും പ്രതിയുടേയും അഭിഭാഷകരെ കൂടാതെ അഞ്ച് റിപ്പോര്‍ട്ടര്‍മാരേയും കനയ്യയെ പിന്തുണയ്ക്കുന്ന രണ്ടു പേരും മാത്രമേ വാദം കേള്‍ക്കാന്‍ കോടതിയില്‍ ഉണ്ടാകാവൂയെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. പിടിഐ, എഎന്‍ഐ, ഐഎഎന്‍എസ്, ഡിഡി ന്യൂസ്, റോയിറ്റേഴ്‌സ് എന്നിവയുടെ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പട്യാല ഹൗസ് കോടതി മുറിയില്‍ പ്രവേശിക്കാന്‍ സുപ്രീംകോടതിയുടെ അനുമതി ലഭിച്ചത്. രണ്ടു മണിക്കാണ് കേസ് പരിഗണിക്കുന്നത്.

കഴിഞ്ഞ ദിവസം കനയ്യയെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അഭിഭാഷകരുടെ വസ്ത്രം ധരിച്ച ബിജെപി, എബിവിപി അനുകൂലികള്‍ വിദ്യാര്‍ത്ഥികളേയും മാധ്യമ പ്രവര്‍ത്തകരേയും ആക്രമിച്ചിരുന്നു.

അതേസമയം സുപ്രീംകോടതിയില്‍ വന്ദേമാതരം മുഴക്കിയ അഭിഭാഷകനെ കോടതി ശാസിച്ചു. ഇതേ തുടര്‍ന്ന് അഭിഭാഷകന്‍ മാപ്പ് പറഞ്ഞു. പട്യാല ഹൗസ് കോടതിയില്‍ നടന്ന ആക്രമണത്തെ കുറിച്ചുള്ള ഹര്‍ജി പരിഗണിച്ചപ്പോഴാണ് അഭിഭാഷകനായ രാജീവ് യാദവ് വന്ദേമാതരം മുഴക്കിയത്.

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ജെഎന്‍യു കാമ്പസില്‍ പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികളെ സന്ദര്‍ശിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ പിന്‍മാറി. പകരം സിപിഐഎം പ്രതിനിധിയായി പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് കാമ്പസിലെത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍