UPDATES

പശുവിനെ കെട്ടിത്തൂക്കിയ ഇന്‍സ്റ്റലേഷനെതിരെ പ്രതിഷേധം

അഴിമുഖം പ്രതിനിധി

പശുവിനെ തൂക്കിലേറ്റിയ രീതിയിലുള്ള ഇന്‍സ്റ്റലേഷനെതിരെ ജയ്പൂരില്‍ പ്രതിഷേധം. ശനിയാഴ്ച ജയ്പൂര്‍ കലാപ്രദര്‍ശന വേദിയില്‍ നടന്ന സംഭവത്തിനു ശേഷം ഇത് നിര്‍മ്മിച്ച കലാകാരനെ പോലീസും പ്രതിഷേധപ്രവര്‍ത്തകരും തടഞ്ഞു വയ്ക്കുകയും ചെയ്തു. മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്യലിനു ശേഷമാണ് കലാകാരനെ പോലീസ് വിട്ടയച്ചത്. കൃത്രിമമായി നിര്‍മ്മിച്ച പശുവിന്‍റെ രൂപം ഹൈഡ്രജന്‍ ബലൂണില്‍ തൂക്കി അന്തരീക്ഷത്തില്‍ ഉയര്‍ത്തിയ രീതിയിലായിരുന്നു ഇന്‍സ്റ്റലേഷന്‍. കുന്നുകൂടി വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നും പശുക്കളെ സംരക്ഷിക്കണമെന്ന ആശയം പ്രചരിപ്പിക്കാന്‍ വേണ്ടിയാണ് താന്‍ ഇങ്ങനെയൊരു സൃഷ്ടിക്കു മുതിര്‍ന്നത് എന്ന്  ബറോഡ സ്വദേശിയായ സിദ്ധാര്‍ത്ഥ് കര്‍വാല്‍ എന്ന ശില്‍പ്പി പറഞ്ഞു. 100 അടി ഉയരത്തിലായിരുന്നു ഈ രൂപം സ്ഥാപിച്ചിരുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ സംഭവം അറിഞ്ഞെത്തിയ ചിലര്‍  ഇന്‍സ്റ്റലേഷനെതിരെ പ്രതിഷേധവുമായി എത്തുകയായിരുന്നു പരിപാടിയുടെ സംഘാടകര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധക്കാര്‍ എത്തിയത്. ബഹുമാനിക്കേണ്ട പശുവിനെ അപമാനിച്ചു എന്നും ആരോപണമുയര്‍ത്തിയായിരുന്നു പ്രതിഷേധം. സ്ഥലത്തെത്തിയ പോലീസ് അധികൃതരും പ്രതിഷേധക്കാര്‍ക്ക് അനുകൂലമായ നിലപാടെടുക്കുകയായിരുന്നു. ഒരു വിഭാഗം ആള്‍ക്കാരുടെ വികാരത്തെ ഹനിക്കുന്ന രീതിയിലുള്ളതായതിനാല്‍ ഇതിനെ കലാരൂപമായി കാണാന്‍ കഴിയില്ലെന്നും ഉടന്‍ തന്നെ ഇന്‍സ്റ്റലേഷന്‍ അഴിച്ചുമാറ്റണമെന്നായിരുന്നു സമീപത്തുള്ള ബജാജ് നഗര്‍ പോലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ മഹേന്ദ്രഗുപ്ത ആവശ്യപ്പെട്ടത്. തുടര്‍ന്ന് സംഘാടകര്‍ ഇന്‍സ്റ്റലേഷന്‍ അഴിച്ചു മാറ്റുകയായിരുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍