UPDATES

ട്രെന്‍ഡിങ്ങ്

സംവിധായകന്‍ ജയസൂര്യയെ നടുറോഡില്‍ പൊലീസ് മര്‍ദ്ദിച്ചതായി പരാതി

ജയസൂര്യയുടെ കാര്‍ അപകടത്തില്‍പ്പെട്ടപ്പോഴായിരുന്നു മര്‍ദ്ദനം

എസ് എല്‍ പുരം സദാനന്ദന്റെ മകനും ചലച്ചിത്ര സംവിധായകനുമായ എസ് എല്‍ പുരം ജയസൂര്യയ്ക്ക് നടുറോഡില്‍വച്ച് പൊലീസിന്റെ മര്‍ദ്ദനം. ചേര്‍ത്തല എരമല്ലൂര്‍ ട്രാഫിക് സിഗ്നലില്‍ വച്ചായിരുന്നു സംഭവം.

കുടുംബവുമൊത്തെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു പോകുന്ന വഴിയിലായിരുന്നു അരൂര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സുനില്‍ കുമാറില്‍ നിന്നും മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്.

സംഭവത്തെ കുറിച്ച് സംവിധായകന്‍ ജയസൂര്യ അഴിമുഖത്തോട് പറഞ്ഞ വിവരങ്ങള്‍;

അമ്മയും ഭാര്യയും രണ്ടു മക്കളും ബന്ധുക്കളുമൊത്ത്‌ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു പോകുന്ന വഴിയായിരുന്നു ഞങ്ങള്‍. ദേശീയ പാതയില്‍ ചേര്‍ത്തല എരമല്ലൂര്‍ ട്രാഫിക് സിഗ്നലില്‍ വണ്ടി നിര്‍ത്തിയിട്ടിരിക്കുന്ന സമയം. സിഗ്നല്‍ വീണ ഉടനെ വണ്ടിയെടുത്തപ്പോള്‍ വലതുവശത്തുണ്ടായിരുന്ന ഒരു ലോറി എന്റെ കാറിന്റെ സൈഡില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം തെറ്റിയ കാര്‍ ഇടതുവശത്തുകൂടി പോവുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയും ബൈക്കുകാരന്‍ മറിഞ്ഞു വീഴുകയും ചെയ്തു. ഉടന്‍ തന്നെ കാര്‍ നിര്‍ത്തി ഞാന്‍ പുറത്തിറങ്ങി. ഈ സമയം അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അരൂര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സുനില്‍കുമാര്‍ അപകടസ്ഥലത്തേക്കു വരികയും, വന്ന ഉടന്‍ എന്റെ കരണത്ത് അടിക്കുകയുമായിരുന്നു. എനിക്കു സംസാരിക്കാന്‍ പോലും അവസരം തരാതെ അയാള്‍ അസഭ്യം പറയുകയായിരുന്നു. എന്റെ കുടുംബത്തിന്റെയും കുട്ടികളുടെയും മുന്നില്‍വച്ചായിരുന്നു അയാള്‍ എന്നെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്. എന്നെ മര്‍ദ്ദിച്ചതിനുശേഷമാണ് എന്റെ വാഹനത്തില്‍ ലോറി ഇടിച്ചെന്ന കാര്യം പോലും അയാള്‍ അറിയുന്നത്. എന്താണു സംഭവിച്ചതെന്നു തിരക്കാന്‍ പോലും നില്‍ക്കാതെയായിരുന്നു എന്നെ മര്‍ദ്ദിച്ചത്. ഒരപകടം ഉണ്ടായാല്‍ പൊലീസ് ഈ രീതിയിലാണോ ഇടപെടേണ്ടത്? അവിടെ ഉണ്ടായിരുന്ന ചിലര്‍ ഇതിനിടയില്‍ പൊലീസുകാരന്റെ നടപടിയെ ചോദ്യം ചെയ്തു മുന്നോട്ടുവരികയും ചെയ്തു.

പിന്നീട് അരൂര്‍ സ്റ്റേഷനില്‍ നിന്നും എസ് ഐ എത്തി. അദ്ദേഹത്തോട് ഞാന്‍ കാര്യങ്ങള്‍ പറയുകയും എന്റെ ഐഡന്റിറ്റി വ്യക്തമാക്കുകയും ചെയ്തു. ചില ഫോര്‍മാലിറ്റികളുണ്ട്, സ്‌റ്റേഷന്‍വരെ വരണമെന്ന് അദ്ദേഹം പറഞ്ഞു. എന്റെ കാറില്‍ തന്നെ ഞാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തുകയും ചെയ്തു.  സ്റ്റേഷനില്‍ നിന്നും ഇറങ്ങിയശേഷം ഞാന്‍ ചേര്‍ത്തല ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സതേടിയെത്തുകയും ചെയ്തു. ഇപ്പോഴും ഞാന്‍ ആശുപത്രിയില്‍ ആണ്. ഈ വിവരങ്ങള്‍ പറയുന്ന സമയം വരെ പൊലീസ് മൊഴിയെടുക്കാന്‍ എത്തിയിട്ടില്ല; ജയസൂര്യ പറയുന്നു.

സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് ഇന്നലെ തന്നെ മൊഴിയെടുക്കാന്‍ ആശുപത്രിയില്‍ ചെന്നിരുന്നെന്നും എന്നാല്‍ ജയസൂര്യ സ്വന്തം ഇഷ്ടപ്രകാരം പോകുന്നുവെന്നു എഴുതി കൊടുത്തശേഷം വീട്ടിലേക്കു പോയിരുന്നുവെന്നും അരൂര്‍ പൊലീസ് അഴിമുഖത്തോട് പറഞ്ഞു. ഇന്ന് തന്നെ സംവിധായകനെ നേരില്‍ കണ്ട് മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

പൊലീസിന്റെ ഈ വാദം ജയസൂര്യ തള്ളിക്കളയുകയാണ്. ഇന്നലെ വൈകുന്നേരം ചേര്‍ത്തല ഡിവൈഎസ്പി ആശുപത്രിയില്‍ വന്നിരുന്നു. ആശുപത്രിയില്‍വച്ച് അദ്ദേഹം കുത്തിയതോടെ പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്തിരുന്നു. ഇതിനിടയില്‍ എന്നോട് നാളെ പൊലീസ് സ്റ്റേഷനില്‍ ചെന്നു മൊഴികൊടുക്കുമോയെന്നു ചോദിക്കുകയും ചെയ്തിരുന്നു. സറ്റേഷനിലേക്കു വിളിച്ചശേഷം ഇന്നു രാത്രി തന്നെ പൊലീസ് വരണം എന്നുണ്ടോ നാളെ വന്നാല്‍ മതിയോ എന്നു ചോിച്ചു. നാളെ മതിയെന്നു ഞാനും പറഞ്ഞു. ഇതിനുശേഷം സ്റ്റേഷനില്‍ നിന്നും എനിക്കു ഫോണ്‍ വന്നു. നാളെ രാവിലെ സ്‌റ്റേഷനിലേക്കു വരുമോ എന്നാണവര്‍ ചോദിച്ചത്. അങ്ങോട്ടു വരാന്‍ പറ്റില്ലെന്നും മൊഴി ആശുപത്രിയില്‍ വന്നെടുക്കണമെന്നും ഞാന്‍ പറഞ്ഞു. അപ്പോള്‍ ഡിവൈഎസ്പി സംസാരിച്ച കാര്യം ചോദിച്ചു. ആശുപത്രി വിട്ടു വരാന്‍ സാധിക്കില്ലെന്നും ഡോക്ടര്‍ അനുവദിക്കില്ലെന്നും ഞാന്‍ തിരിച്ചു പറഞ്ഞു. അങ്ങനെയെങ്കില്‍ നാളെ രാവിലെ എത്താമെന്നായി അവര്‍. ഇതിനുശേഷം ഒബസര്‍വേഷനിലായിരുന്ന ഞാന്‍ നാളെ രാവിലെ വരാമെന്ന നിബന്ധനയോടെഡോക്ടറുടെ അനുമതിയോടെ വീട്ടിലേക്കു പോവുകയും ചെയ്തു. ഇന്നു രാവിലെ തന്നെ തിരിച്ച് ആശുപത്രിയില്‍ എത്തിയെങ്കിലും മൊഴിയെടുക്കാന്‍ ഉച്ചവരെ പൊലീസ് എത്തിയിട്ടില്ല; ജയസൂര്യ പറയുന്നു. തികഞ്ഞ ധാര്‍ഷ്ഠ്യത്തോടെ പരസ്യമായി തന്നെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത പൊലീസുകാരനെതിരേ നിയമപരമായ നടപടി കൈക്കൊള്ളണമെന്നും അയാള്‍ക്കെതിരെ പരാതി നല്‍കുമെന്നും ജയസൂര്യ അഴിമുഖത്തോടു വ്യക്തമാക്കി.

ചേര്‍ത്തല പള്ളിപ്പുറത്ത് വീട്ടമ്മ ആത്മഹത്യ ചെയ്തുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ പൊലീസുകാരനാണ് ഇപ്പോള്‍ സംവിധായകനെ മര്‍ദ്ദിച്ച സുനില്‍കുമാര്‍ എന്നും വാര്‍ത്തകള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍