UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കലാഭവന്‍ മണിയുടെ മരണം: പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നു

പോലീസില്‍ വിശ്വാസമില്ലെന്നും അന്വേഷണത്തില്‍ പോലീസ് പരാജയമായിരുന്നെന്നും കലാഭവന്‍ മണിയുടെ സഹോദരന്‍

കലാഭവന്‍ മണി മരിച്ച് ഒരു വര്‍ഷത്തോടടുക്കുമ്പോള്‍ പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നു. അന്വേഷണത്തില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് പോലീസ് അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്.

പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ചതില്‍ കൂടുതല്‍ തെളിവുകളൊന്നും ശേഖരിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. അതേസമയം നിലവിലുള്ള തെളിവുകള്‍ മരണം അസ്വാഭാവികമാണെന്ന് തെളിയിക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട് കണ്ടെത്തിയ രേഖകള്‍ പരിശോധിച്ച ശേഷം പോലീസ് അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. കേസുമായി ബന്ധപ്പെട്ട് മണിയുടെ ആന്തരികാവയവങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. വിഷാംശം കണ്ടെത്തിയെങ്കിലും ഇതില്‍ ബാഹ്യ ഇടപെടലുണ്ടായതായി കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല.

ആറ് പേരെ പോലീസ് നുണപരിശോധനയ്ക്കും വിധേയരാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും കേസിനെ സഹായിച്ചില്ല. കേസ് സിബിഐ ഏറ്റെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംഭവത്തില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് സിബിഐയുടെ നിലപാട്.

അതേസമയം പോലീസില്‍ വിശ്വാസമില്ലെന്നും അന്വേഷണത്തില്‍ പോലീസ് പരാജയമായിരുന്നെന്നും കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നതിനെതിരെ കോടതിയെ സമീപിക്കുമെന്നും രാമകൃഷ്ണന്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍