UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ആത്മവീര്യം’ കൂടിയ കേരള പോലീസിന്റെ നാട്ടിലെ ഭയപ്പെടുത്തുന്ന ‘നിര്‍ഭയ’ കണക്കുകള്‍- ഭാഗം 4

Avatar

പി കെ ശ്യാം

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആരോപിക്കുന്നത് കേരളാ പോലീസിന്‍റെ ആത്മ വീര്യം കേടുത്താനുള്ള ഗൂഡാലോചന നടക്കുന്നുണ്ടെന്നാണ്. അതിന്റെ ഭാഗമായാണ് പോലീസിനെ പ്രതി സ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള നിരവധി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. ആഭ്യന്തര മന്ത്രിക്കിങ്ങനെ അല്ലാതെ മറ്റെന്ത് പറയാന്‍ കഴിയും. അതിനര്‍ഥം പോലീസിന്‍റെ വിക്രിയകളും കൈക്രിയകളും ജനങ്ങള്‍ മിണ്ടാതെ സഹിക്കണം എന്നാണോ? കേരള പോലീസ് പരമ്പര തുടരുന്നു…മുന്‍ ഭാഗങ്ങള്‍ ഇവിടെ വായിക്കാം- ആത്മവീര്യം കൂടിയ കേരള പോലീസ്- ഭാഗം 1  കേരള പൊലീസിന്‍റെ വാഹന പരിശോധന എന്ന ക്വാട്ട തികയ്ക്കല്‍- ഭാഗം 2 , കേരളാ പൊലീസിന്‍റെ ‘ആത്മവീര്യം’ കുഞ്ഞുങ്ങളുടെ മേലും – ഭാഗം 3

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരേയുള്ള ലൈംഗിക അതിക്രമങ്ങൾ തടയാൻ സർക്കാര്‍ രൂപംനൽകിയ നിർഭയ പദ്ധതി തുടക്കത്തിലേ ‘വഴിതെറ്റി’യിരിക്കുന്നു. സ്ത്രീകൾ അനുഭവിക്കുന്ന ഏതുതരം പീഡനങ്ങൾക്കും പരിഹാരമുണ്ടാക്കാൻ പൊലീസിന്റെ മേൽനോട്ടത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനായും ജില്ലാ കലക്ടർ വൈസ് ചെയർമാനായുമുള്ള ജില്ലാതല നിർഭയ സമിതികൾ രൂപീകരിച്ചെങ്കിലും ഇവയുടെ പ്രവർത്തനം കാര്യക്ഷമമല്ല. നിർഭയ പദ്ധതി നിലവിൽ വന്ന് എട്ടുമാസത്തിനകം സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ വൻവർദ്ധവാണ് കാണിക്കുന്നത്. സംസ്ഥാനത്ത് സ്ത്രീ സുരക്ഷ കടലാസിൽ മാത്രമാണെന്നാണ് ഇത് തെളിയിക്കുന്നത്. 

ഭയപ്പെടുത്തുന്ന കണക്കുകൾ
സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുക, സുരക്ഷിതമായും നിർഭയമായും യാത്ര ചെയ്യാനുള്ള അവസരം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കഴിഞ്ഞ ഫെബ്രുവരിയിൽ സോണിയ ഗാന്ധി നിർഭയ പദ്ധതി ഉദ്ഘാടനം ചെയ്തത്. 70 കോടി രൂപയാണ് പദ്ധതി നടപ്പാക്കാൻ സംസ്ഥാനത്തിന് അനുവദിച്ചത്. എന്നാൽ പദ്ധതി നടപ്പാക്കി ആറുമാസം കഴിയുമ്പോഴും പൊലീസിന് ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിൽ  സ്ത്രീകൾ തീരെ സുരക്ഷിതരല്ലെന്നാണ് വ്യക്തമാവുന്നത്. മാനഭംഗം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീധന പീഡനം തുടങ്ങിയവ ഓരോ വർഷവും വര്‍ധിച്ചുവരികയാണ്.

കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ സംസ്ഥാനത്താകെ 6228 കേസുകളാണുണ്ടായത്. കേസുകളിൽ 649 എണ്ണം മലപ്പുറം ജില്ലയിലാണ്. 40 സ്ത്രീകൾ ബലാൽസംഗത്തിനിരയാവുകയും 258 സ്ത്രീകൾ ഭർതൃപീഡനത്തിനിരയാവുകയും ചെയ്തു. കഴിഞ്ഞ അഞ്ചുമാസത്തിനിടെ 60 സ്ത്രീകളെ തട്ടിക്കൊണ്ടുപോയി. കൊല്ലത്ത് മാത്രം 14 പേരെയും തിരുവനന്തപുരത്തും പാലക്കാട്ടും ഒമ്പതു പേരെയുമാണ് തട്ടിക്കൊണ്ടുപോയത്. ഭർത്താവിൽനിന്ന് പീഡനമേറ്റ നിരവധി കേസുകളും ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊല്ലത്ത് 241 പേരാണ് ഭർതൃപീഡനത്തിനിരയായത്. 2014 മേയ് വരെ എട്ട് സ്ത്രീധന മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇതിൽ മൂന്നും പാലക്കാട് ജില്ലയിലാണ്. തിരുവനന്തപുരം, കൊല്ലം രണ്ട് വീതവും കോഴിക്കോട്ട് ഒന്നും സ്ത്രീധന മരണങ്ങളുണ്ടായി. പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്കുനേരെ 1873 അതിക്രമങ്ങളാണ് 2013ലുണ്ടായത്. 2014ൽ ആദ്യ അഞ്ചു മാസംകൊണ്ട് 954 കേസുകളുണ്ടായി.  16പെണ്‍കുട്ടികൾ കൊലചെയ്യപ്പെടുകയും 303 പേർ ബലാൽസംഗത്തിന് ഇരയാവുകയും ചെയ്തു. 49 പേരെയാണ് തട്ടിക്കൊണ്ടുപോയത്. 2013ൽമാത്രം 637 പെണ്‍കുട്ടികളെ ബലാൽസംഗം ചെയ്യുകയും 136 പേരെ തട്ടിക്കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം 11 ശിശുവിവാഹങ്ങൾക്കെതിരെ കേസെടുത്തപ്പോൾ ഈ വർഷം ആദ്യ അഞ്ചുമാസങ്ങളിൽ പത്ത് ശിശുവിവാഹങ്ങളുണ്ടായി. 

നിർഭയകേന്ദ്രങ്ങളിൽ കഥ ഇങ്ങനെ
ലൈംഗിക പീഡനങ്ങൾക്ക് വിധേയരാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ താമസ സൗകര്യം ഉറപ്പുവരുത്തുന്നതിനായി തുടങ്ങിയ നിർഭയ കെയർ ഹോമുകളുടെ അവസ്ഥയും പരിതാപകരമാണ്. നിർഭയ കേന്ദ്രങ്ങളിലെ അന്തേവാസികളായ പെൺകുട്ടികളുടെ സുരക്ഷയ്‌ക്കായി വനിതാ കമ്മിഷൻ സമർപ്പിച്ചതുൾപ്പെടെയുള്ള ശുപാർശകളിൽ  മാസങ്ങളായിട്ടും നടപടിയുണ്ടായില്ല. മൂന്നു മാസത്തിനിടയ്ക്ക് മൂന്നു പെൺകുട്ടികളാണ് തിരുവനന്തപുരത്തെ നിർഭയ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്. സെക്യൂരിറ്റി ജീവനക്കാരുടെ  കണ്ണുവെട്ടിച്ച്  മൊബൈലും പണവുമായി കുട്ടികൾ ഒളിച്ചോടിയെങ്കിലും  24 മണിക്കൂർ തികയും മുമ്പ് ഇവരെ പിടികൂടാനായി. എന്നാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലെടുക്കാതെ അധികൃതർ അലംഭാവം തുടരുകയാണ്. രണ്ട് പീഡനക്കേസിലെ ഇരകളായ രണ്ട് പെൺകുട്ടികളാണ് കഴിഞ്ഞ ആഗസ്റ്റ് നാലിന് പൂജപ്പുര നിർഭയ കേന്ദ്രത്തിൽ നിന്നു സ്കൂളിലേക്ക് പോകും വഴി രക്ഷപ്പെട്ടത്.  ദിവസങ്ങൾക്ക് ശേഷം ഇവരെ തമിഴ്നാട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്.  സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒളിച്ചോടിയ പെൺകുട്ടികളിലൊരാളെ അമ്മ വന്ന് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. 

നിർഭയ കേന്ദ്രങ്ങൾക്ക്  സ്ഥിരം കാവലായി വനിതാ പൊലീസിനെ ഏർപ്പെടുത്തുമെന്ന മന്ത്രി എം.കെ. മുനീറിന്റെ പ്രഖ്യാപനം ഇതുവരെ നടപ്പായിട്ടില്ല. നിലവിൽ 25 പേർക്ക് താമസിക്കാനിടമുള്ള പൂജപ്പുര നിർഭയയിൽ 36 അന്തേവാസികളാണുള്ളത്. എട്ടുമാസം മുമ്പ് ആരംഭിച്ച വെഞ്ഞാറമൂട് നിർഭയയിൽ 25 പേരും. നിരവധി കേസുകളിലെ ഇരകളും പ്രധാന സാക്ഷികളുമാണ് ഇവിടെ കഴിയുന്നതെന്നും ഇവരുടെ ജീവൻ സംരക്ഷിക്കാൻ പുരുഷ സെക്യൂരിറ്റിയെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടും സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. കുട്ടികളെ സുരക്ഷിതമായി സ്കൂളിലേക്ക് അയയ്ക്കാൻ നിർഭയയ്‌ക്ക് സ്വന്തമായി വാഹനം വേണമെന്ന ആവശ്യവും നിറവേറ്റപ്പെട്ടിട്ടില്ല. സ്വന്തം ഫണ്ടിൽ നിന്ന്  വാഹനം വാങ്ങിത്തരുമെന്ന എം.എൽ.എയുടെ വാക്കും ജലരേഖയായി. ഉയർന്ന മതിലുകളും കൂടുതൽ സൗകര്യവുമുള്ള കെട്ടിടം വാടകയ്ക്കെടുത്ത് പൂജപ്പുര നിർഭയ കേന്ദ്രം മാറ്റുമെന്ന പ്രഖ്യാപനവും പാഴായി.

നിർദ്ദേശങ്ങളെല്ലാം അവഗണിച്ചു
പൂജപ്പുരയിലെ നിർഭയകേന്ദ്രത്തിൽ കുട്ടികൾക്ക് മതിയായ ശ്രദ്ധ ലഭിക്കുന്നില്ലെന്നും അവർക്ക് കൂടുതൽ സ്ഥലസൗകര്യവും സുരക്ഷയും ഏർപ്പെടുത്തണമെന്നും വനിതാ കമ്മിഷൻ സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. നിർഭയയിലെ അന്തേവാസികളുടെ പേരിലുള്ള കേസുകൾ അനന്തമായി നീളുന്നത് ഒഴിവാക്കാൻ ഫാസ്​റ്റ് ട്രാക്ക് കോടതി സ്ഥാപിക്കണമെന്നതടക്കമുള്ള ശുപാർശയും കമ്മിഷൻ സർക്കാരിനു നൽകിയിരുന്നു. എന്നാൽ ഒരു മാസമായിട്ടും നടപടിയുണ്ടായില്ല.  പൊതുപരിപാടികളെ  മറയാക്കി  വെഞ്ഞാറമൂട്ടിലെ നിർഭയകേന്ദ്രത്തിൽ രാഷ്ട്രീയക്കാരടക്കമുള്ളവർ നുഴഞ്ഞുകയറിയത് വിവാദമായിരുന്നു. ജില്ലാപഞ്ചായത്തിന്റെയും പൊലീസിന്റെയും സഹായത്തോടെയാണിതെന്നും രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കേണ്ട സ്ഥാപനത്തിൽ കടന്നുകൂടി ഇരകളെ പാട്ടിലാക്കുകയാണ് ഇവരുടെ  ലക്ഷ്യമെന്നുമാണ് ആരോപണം.   അതിക്രമത്തിനിരയാവുന്ന സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ എല്ലാ ജില്ലകളിലും  ഷോർട്ട് സ്റ്റേയും റിഹാബിലിറ്റേഷൻ സെന്ററും സ്ഥാപിക്കാനുള്ള പദ്ധതിയും വെള്ളത്തിലായി.  അതിക്രമങ്ങള്‍ തടയാനായി വിദ്യാർഥിനികൾക്ക് കായിക പരിശീലനം അടക്കമുള്ള കർമപദ്ധതികളും ആസൂത്രണം ചെയ്തിരുന്നെങ്കിലും നടന്നില്ല. ജില്ലാതലങ്ങളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും കളക്ടർ ഉപാധ്യക്ഷനുമായായി മോണിട്ടറിംഗ് സമിതികൾ രൂപീകരിച്ചെങ്കിലും സംസ്ഥാനതലത്തിൽ സമിതിയില്ലാത്തതിനാൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാവുന്നില്ല,  ഒമ്പത് ഷെൽട്ടർ ഹോമുകൾക്ക് അനുമതിയായെങ്കിലും അഞ്ചെണ്ണമേ പ്രവർത്തിക്കുന്നുള്ളൂ. നിർഭയ സെല്ലിന്റെ സംസ്ഥാന കോ-ഓർഡിനേറ്റര്‍ സ്ഥാനം ഐ.എ.എസ്  ഉദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്നാണ് വനിതാസംഘടനകളുടെ ആവശ്യം. 

‘നിര്‍ഭയ’ പദ്ധതി പാളുന്നതിൽ പ്രതിഷേധിച്ച് ഉപദേശകസ്ഥാനത്തുനിന്ന് സാമൂഹിക പ്രവർത്തക ഡോ. സുനിതാ കൃഷ്ണൻ ഒഴിഞ്ഞിരുന്നു. പദ്ധതിയാരംഭിച്ച് വർഷങ്ങളായിട്ടും നിർഭയ സെൽ രൂപവത്കരിക്കാൻ സർക്കാർ തയ്യാറാകാത്തതും  സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർമാരുടെ നിയമനം സർക്കാർ തടഞ്ഞതുമാണ് സുനിതയെ പ്രകോപിപ്പിച്ചത്. നിർഭയ പദ്ധതിക്ക് 2011ൽ ഡെപ്യൂട്ടേഷനിൽ നിയോഗിച്ച കോ-ഓർഡിനേറ്ററും അക്കൗണ്ട്‌സ് ഓഫീസറുമാണ് ഇപ്പോഴുമുള്ളത്.

(നാളെ ഓപ്പറേഷന്‍ കുബേര കണക്കുകള്‍)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍