UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ആത്മവീര്യം’ കൂടിയ കേരള പൊലീസ് -ഭാഗം 1

Avatar

പി കെ ശ്യാം

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആരോപിക്കുന്നത് കേരളാ പോലീസിന്‍റെ ആത്മ വീര്യം കേടുത്താനുള്ള ഗൂഡാലോചന നടക്കുന്നുണ്ടെന്നാണ്. അതിന്റെ ഭാഗമായാണ് പോലീസിനെ പ്രതി സ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള നിരവധി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. ആഭ്യന്തര മന്ത്രിക്കിങ്ങനെ അല്ലാതെ മറ്റെന്ത് പറയാന്‍ കഴിയും. അതിനര്‍ഥം പോലീസിന്‍റെ വിക്രിയകളും കൈക്രിയകളും ജനങ്ങള്‍ മിണ്ടാതെ സഹിക്കണം എന്നാണോ? സമീപ കാലത്ത് കേരളം കണ്ട പോലീസ് പീഡനങ്ങളിലൂടെ…

അഞ്ചുവർഷം മുൻപാണ് 
കോഴിക്കോട് മാവൂർ റോഡിലെ അതിപ്രശസ്‌തമായ ഹോട്ടലിലെ സ്ത്രീകളുടെ ടോയ്‌ലറ്റിൽ ഒളികാമറ കണ്ടെത്തി. എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായ പെൺകുട്ടിയാണ് ടോയ്‌ലറ്റിലെ സീലിംഗിനിടയിൽ അതിവിദഗ്ദ്ധമായി ഒളിപ്പിച്ചു വച്ചിരുന്ന കാമറാ മൊബൈൽ കണ്ടെത്തിയത്. കാമറയുമായി പുറത്തിറങ്ങിയ അവൾ ഒപ്പമുണ്ടായിരുന്ന സഹോദരനോട് വിവരം പറഞ്ഞു, സംഭവമറിഞ്ഞ് നടക്കാവ് പൊലീസ് സ്ഥലത്തെത്തി. തുടക്കം മുതൽ ഹോട്ടൽ അധികൃതരുടെ ഭാഗം ചേർന്നായിരുന്നു പൊലീസിന്റെ പെരുമാറ്റം. നടക്കാവ് എസ്.ഐമാരായിരുന്ന കെ.കെ. ബിജു, ജി. സുനിൽ എന്നിവർ ടോയ്‌ലറ്റിൽ ഒളിപ്പിച്ചിരുന്ന മൊബൈൽ കാമറ പിടിച്ചുവാങ്ങാനാണ് ശ്രമിച്ചത്. പെൺകുട്ടിയുടെ സഹോദരൻ രാഹുൽ ഇത് എതിർത്തു. സിറ്റി പൊലീസ് കമ്മിഷണർക്ക് മാത്രമേ കാമറ കൈമാറൂ എന്ന് ഉറച്ച നിലപാടെടുത്ത രാഹുലിനെ പൊലീസ് ജീപ്പിൽ കയറ്റി നടക്കാവ് സ്റ്റേഷനിൽ കൊണ്ടുപോയി അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. രാഹുൽ നൽകിയ പരാതി സ്വീകരിക്കാൻ പോലും പൊലീസ് ആദ്യം തയ്യാറായതുമില്ല. സംഭവം വിവാദമായതിനെത്തുടർന്ന് രണ്ട് എസ്.ഐമാരുടേയും ശമ്പളത്തിൽ നിന്ന് അരലക്ഷം രൂപ രാഹുലിന് നഷ്‌ടപരിഹാരം നൽകാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു. എസ്.ഐമാരായിരുന്ന കെ.കെ. ബിജു, ജി. സുനിൽ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ ആഭ്യന്തരവകുപ്പ് അനുമതി നൽകിയിട്ടുമുണ്ട്. 

അഞ്ചുവർഷത്തിനു ശേഷം 
ലൊക്കേഷൻ കോഴിക്കോട്ടെ മാവൂർറോഡിൽ നിന്ന് കൊച്ചിയിലെ ചേരാനല്ലൂരിലേക്ക്. രാഹുലിന് പകരം  ചേരാനല്ലൂർ ഇടയക്കുന്നം കപ്പേളയ്ക്ക് സമീപം തുണ്ടിപ്പറമ്പിൽ രതീഷിന്റെ ഭാര്യ ലീബ(29) എന്ന വ്യത്യാസം മാത്രം. 

സംഭവം  ലീബ തന്നെ പറയയട്ടെ. ഇക്കഴിഞ്ഞ ആഗസ്ത് 23: 
”പതിവുപോലെ ഇടപ്പള്ളിയിലെ ഡോക്ടറുടെ വീട്ടിൽ വേലയ്‌ക്കെത്തിയതാണ്. നിന്നെക്കാണാൻ രണ്ടുപേർ വന്നിരിക്കുന്നുവെന്ന് പറഞ്ഞ്, എന്നെ ഡോക്ടറുടെ ഭാര്യ സ്വീകരണമുറിയിലേക്ക് കൊണ്ടുപോയി. 27ന് ഡോക്ടറുടെ മകളുടെ വിവാഹം ആയതിനാൽ വീട്ടിൽ പെയിന്റിങ് തൊഴിലാളികളും മറ്റുമുണ്ടായിരുന്നു. പൊലീസുകാരനെന്നു പറഞ്ഞ് യൂണിഫോമിലല്ലാതെ വന്ന പുരുഷനും സ്ത്രീയും ചോദ്യം ചെയ്യൽ തുടങ്ങി. വീട്ടിൽ നിന്നു മാലയും വളയും മോഷ്ടിച്ചത് നീയല്ലേയെന്ന് ചോദിച്ച് അയാൾ  മുടിക്ക് കുത്തിപ്പിടിച്ചു. ഒന്നുമറിയില്ലെന്ന് പറഞ്ഞെങ്കിലും അവർ മുഖത്തടിച്ചു. ശേഷം ഡോക്ടറുടെ മകന്റെ കാറിൽ എന്നെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. കൊടിയ പീഡനമായിരുന്നു സ്‌റ്റേഷനിൽ എസ്.ഐ.യുടേയും മറ്റ് വനിതാ പൊലീസുകാരുടേയും നേതൃത്വത്തിൽ നടന്നത്. കണ്ണിൽ മുളകുപൊടി തേച്ച്, വിലങ്ങുവച്ച് കസേരയിൽ ഇരുത്തി. കാല്‍ മുട്ടിനുതാഴെയും കാൽപ്പാദങ്ങളിലും ലാത്തികൊണ്ടടിച്ചു. ഇരുകൈയിലെയും വിരലുകൾക്കിടയിൽ ലാത്തി ഇടിച്ചുകയറ്റി, പേനകൊണ്ട് കുത്തി, വയറിലും നടുവിലും ബൂട്ടുകൊണ്ട് ചവിട്ടി. ഈ സമയം സംഭവമറിഞ്ഞ് സ്‌റ്റേഷനിലെത്തിയ ഭർത്താവിനെയും കാരണമില്ലാതെ മർദ്ദിച്ചു.  മോഷ്ടിക്കുന്നത് മൊബൈലില്‍ തെളിവായുണ്ടെന്ന് പറഞ്ഞായിരുന്നു മർദ്ദനം. ഇത് കാണണമെന്ന് പറഞ്ഞപ്പോൾ ഭർത്താവിനൊപ്പം വന്ന സഹോദരൻ ലിനീഷിനെയും അടിച്ചു. നാഭിക്ക് ചവിട്ടേറ്റ എന്റെ ബോധം മറഞ്ഞു. ആദ്യം വീട്ടിൽ വച്ച്, പിന്നെ ചേരാനല്ലൂർ പൊലീസ് സ്‌റ്റേഷനിൽ, അതിനുശേഷം കച്ചേരിപ്പടി വനിതാ സ്‌റ്റേഷനില്‍… കരഞ്ഞു കാലുപിടിച്ചു ഞാൻ പറഞ്ഞു, കുട്ടിയെ ഓർത്തെങ്കിലും… അവർ അലറി, മര്യാദയ്ക്ക് പറഞ്ഞോ, ഇല്ലെങ്കിൽ നിന്റെ കുട്ടിയെയും ഇതുപോലെ…”- വാക്കുകൾ മുറിഞ്ഞ്, തൊണ്ടയിടറി, കരഞ്ഞു കണ്ണീർ വറ്റിയ മുഖവുമായി ലീബ ആ ഭീകരനിമിഷങ്ങൾ ഒാർത്തെടുക്കുന്നു. 

സംഭവം ഇതാണ്: 
ചേരാനല്ലൂരിൽ  ഏഴു വർഷത്തിലേറെയായി  റിട്ട.ടീച്ചർമാരുടേതടക്കം മൂന്ന് വീടുകളിൽ പണിയെടുത്തിരുന്ന ലീബ നാലുമാസം മുമ്പാണ് ഒരു ഡോക്ടറുടെ വീട്ടിൽ രാവിലെ 8 മുതൽ 11 വരെ ജോലിക്ക് പോയിത്തുടങ്ങിയത്. ഡോക്ടറുടെ വീട്ടില്‍ നിന്ന് 15 പവന്റെ സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടെന്ന പരാതിയിൽ ആഗസ്ത് 23-നു ചേരാനല്ലൂർ പൊലീസ് ഇവരെ അന്യായമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വളയും മാലയും മോഷ്ടിച്ച മൊബൈൽ വീഡിയോയുണ്ടെന്ന് ഡോക്‌ടറുടെ മകൻ പറഞ്ഞത് കണ്ണുമടച്ച് വിശ്വസിച്ചായിരുന്നു പൊലീസിന്റെ പരാക്രമം. തൊണ്ടി മുതലോ വ്യക്തമായ തെളിവോ ലഭിക്കാതെയുള്ള ഈ നടപടി സംസ്ഥാന പൊലീസിനെയാകെ നാണംകെടുത്തിക്കളഞ്ഞു.

ബെസ്റ്റ് ഓഫ് അഴിമുഖം 

കോഴിക്കോട്ടെ വിവാദ അറബി കല്യാണം; ഉമ്മയ്ക്കും മകള്‍ക്കും പിന്നാലെ പോലീസ്
തല്ലി കുറ്റവാളിയാക്കുന്ന കേരളാ പോലീസ്; ചേരാനെല്ലൂരിലെ ലീബയുടെ ലോക്കപ്പനുഭവം
മുണ്ടൂരും പിന്നെ പാന്‍റുടുപ്പിക്കും കോഴിക്കോട്ടെ പോലീസ്
സല്‍മാന്‍ അറസ്റ്റ് ചെയ്യപ്പെട്ടത് കള്ളക്കേസില്‍-സല്‍മാന്‍ ജസ്റ്റിസ് ഫോറം
പോലീസുകാരന്‍റെ കണ്ണിലെ ‘ഫിഗറ്’ പെണ്‍കുട്ടിയും കുരുത്തം കെട്ട ചെക്കനും

പൊലീസ് മർദ്ദനത്തിൽ നട്ടെല്ലിനും തലയ്ക്കും ക്ഷതമേറ്റതിനാൽ പരസഹായമില്ലാതെ എഴുന്നേറ്റുനിൽക്കാൻ പോലും കഴിയാത്ത സ്ഥിതിയിലാണ് ലീബ. ഒരു മാസം കൂടി ഇതേ രീതിയിൽ ചികിത്സ തുടരണമെന്നും നടുവിന് പ്രത്യേകം ബെൽറ്റിട്ട് നടക്കാവുന്ന   സ്ഥിതിയിലാക്കാമെന്നുമാണ്   ഡോക്‌ടർമാർ പറയുന്നത്.  സംഭവത്തിൽ   ചേരാനല്ലൂർ എസ്.ഐ. ആയിരുന്ന ഇ.എസ്. സാംസൺ, സിപിഒ ശ്രീജി, വനിത സിപിഒ സുനിത എന്നിവരെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ.എം. ഷഫീക്കും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിശദീകരണം നൽകാൻ സർക്കാറിന് നാല് ആഴ്ച സമയം നൽകിയിട്ടുണ്ട്. 

ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരേ മാനഭംഗക്കുറ്റം
ഭാര്യയുടെ സൗന്ദര്യപ്പിണക്കവും ഒരു സി.ഐയുടെ വിവരക്കേടും തലസ്ഥാനത്തെ ഒരു ഡോക്‌ടറുടെ ഭാവി തുലച്ചതിനൊപ്പം പൊലീസിനെയൊന്നാകെ നാണക്കേടിലാക്കിയ സംഭവമാണ് അടുത്തത്. കിടപ്പറ രംഗങ്ങൾ യൂ ട്യൂബിൽ ഇടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ അന്വേഷണം നടത്താതെ ഭർത്താവായ ശ്രീകാര്യത്തെ ഡോക്‌ടറെ അർദ്ധരാത്രി വീടുവളഞ്ഞ് സിനിമാ സ്റ്റൈലിൽ പിടികൂടി പൊലീസിന്റെ മാനംകളഞ്ഞ സി.ഐയ്ക്ക് വി.ഐ.പി കസേര നൽകിയതും വിവാദമായി. കുടുംബപരമായ പ്രശ്‌നങ്ങളെത്തുടർന്ന് അടൂർ സ്വദേശിയായ യുവതി ഭർത്താവായ ശ്രീകാര്യം ചെറുവയ്ക്കൽ സ്വദേശിയായ ഡോക്ടർക്കെതിരേ ശ്രീകാര്യം പൊലീസിൽ നൽകിയ പരാതിയിൽ മെഡിക്കൽകോളേജ്  സി.ഐയായിരുന്ന നാസറുദ്ദീൻ സ്വീകരിച്ച നടപടികളാണ് വിവാദമായത്. സി.ഐയുടെ വ്യാജ നീലവേട്ട ഏറെക്കാലം പൊലീസിന്റെ മാനംകെടുത്തി. പരാതി കിട്ടിയതിന് തൊട്ടടുത്ത ദിവസം പുലർച്ചെ 12 മണിയോടെ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം വീടുവളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് ഡോക്‌ടറെ അറസ്​റ്റ് ചെയ്യുകയായിരുന്നു. ഗാർഹിക പീഡനക്കേസുകളിൽ അറസ്​റ്റിന് മുൻപ് ജില്ലാ പൊലീസ് മേധാവിയുടെ അനുമതി വാങ്ങണമെന്ന് ചട്ടമുണ്ടെങ്കിലും കമ്മിഷണറായിരുന്ന പി.വിജയൻ സംഭവമറിഞ്ഞത് പിറ്റേന്നത്തെ പത്രങ്ങളിലൂടെയായിരുന്നു. ഡോക്ടറുടെ ലാപ്‌ടോപ്പ് പിടിച്ചെടുത്തെങ്കിലും പരിശോധന നടത്തുകയോ വിദഗ്ദ്ധ പരിശോധനയ്ക്ക് അയയ്ക്കുകയോ ചെയ്തില്ല. ചാർജറില്ലാത്തതിനാൽ ലാപ്‌ടോപ് പരിശോധിക്കാനായില്ലെന്നായിരുന്നു സി.ഐയുടെ നിരുത്തരവാദപരമായ മറുപടി. 


ചേരാനല്ലൂരിലെ ലീബ

താൻ ഉറങ്ങുന്നതും കുളിക്കുന്നതുമടക്കമുള്ള നഗ്‌നദൃശ്യങ്ങളുടെ 166 ചിത്രങ്ങളും വീഡീയോകളും ഡോക്‌ടർ ലാപ്‌ടോപ്പിൽ സൂക്ഷിച്ചിട്ടുണ്ടെന്നും 10 ലക്ഷം നൽകിയില്ലെങ്കിൽ ഇന്റർനെ​റ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നുമായിരുന്നു യുവതിയുടെ പരാതി. കമ്മീഷണറുടെ നിർദ്ദേശപ്രകാരം ലാപ്‌ടോപ് പിടിച്ചെടുത്ത് സൈബർസെൽ പരിശോധിച്ചപ്പോൾ ചില കുടുംബചിത്രങ്ങൾ മാത്രമാണുണ്ടായിരുന്നതെന്ന് കണ്ടെത്തി. പ്രകൃതിവിരുദ്ധ പീഡനം, ഐ.ടി ആക്ടിലെ 66(സി) വകുപ്പുകൾ ചുമത്തി ഡോക്ടറെ കോടതിയിൽ ഹാജരാക്കിയെങ്കിലും നഗ്‌നചിത്രങ്ങൾ കണ്ടെടുത്തതായി വ്യക്തമാക്കാൻ സി.ഐയ്ക്ക് കഴിയാത്തതിനാൽ ഡോക്ടർക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. ഇതോടെ സി.ഐയെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

ക്ലൈമാക്‌സ് ഇങ്ങനെ
തലസ്ഥാനത്ത് ‘വ്യാജനീല’ വേട്ട നടത്തി കുപ്രസിദ്ധനായ സി.ഐയെ തുടർച്ചയായ മൂന്ന് സ്ഥലംമാറ്റങ്ങളിലൂടെ വളഞ്ഞവഴിയിലൂടെ തലസ്ഥാനത്തെത്തിക്കുകയാണ് ആഭ്യന്തരവകുപ്പ് ചെയ്തത്.  ക്രൈം ഡി​റ്റാച്ച്‌മെന്റ് അസി.കമ്മിഷണർ കെ.ഇ ബൈജു ലാപ്‌ടോപ്പ് പിടിച്ചെടുത്ത് ഫോറൻസിക്‌ ലാബിൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ലാബിലെ പരിശോധനാഫലം എത്തിയാലുടൻ തുടർനടപടികളിലേക്ക് കടക്കാനിരിക്കെ  രഹസ്യമായി നാസറുദ്ദീനെ തിരിച്ചെടുത്ത് സ്വന്തം ലാവണത്തിലെത്തിക്കുകയായിരുന്നു. രണ്ട് മന്ത്രിമാരും ഒരു എം.എൽ.എയും നിരന്തരം ആവശ്യപ്പെട്ടിട്ടും ക്രമസമാധാന ചുമതല നൽകില്ലെന്ന് ഡി.ജി.പി തറപ്പിച്ചുപറഞ്ഞതിനാൽ ആ നാണക്കേട് ഒഴിവായി. സുപ്രീംകോടതി ഉത്തരവും ഡി.ജി.പിയുടെ സർക്കുലറും അവഗണിച്ച് മേലുദ്യോഗസ്ഥരെപ്പോലും അറിയിക്കാതെ അറസ്റ്റും നടപടികളും സ്വീകരിച്ചതിന് നസറുദ്ദീനെതിരെ ക്രൈം ഡിറ്റാച്ച്മെന്റ് അസി.കമ്മിഷണർ കെ.ഇ ബൈജു നടത്തുന്ന ക്രിമിനൽകേസ് അന്വേഷണം, സിറ്റി നാർകോട്ടിക് സെൽ അസി.കമ്മിഷണർ ഷാജി സുഗുണൻ നടത്തുന്ന വകുപ്പുതല അന്വേഷണം എന്നിവ പൂർത്തിയാകും മുൻപ് നാസറുദ്ദീനെ തിരിച്ചെടുത്തതിന് പിന്നാലെയാണ് സുപ്രധാന കസേര നൽകിയത്. രഹസ്യമായി തിരിച്ചെടുത്ത് നിയമനം നൽകാതെ പൊലീസ് ആസ്ഥാനത്ത് നിലനിറുത്തി ഒരാഴ്‌ച സംരക്ഷിച്ച ശേഷം തൃശൂരിൽ ഇന്ത്യാ റിസർവ് ബറ്റാലിയനിൽ നിയമിച്ചു. വിവരം പുറത്തറിയാതിരിക്കാൻ പതിവുള്ള പത്രക്കുറിപ്പു പോലും ഒഴിവാക്കി. ഒരാഴ്‌ച തികയും മുൻപ്  കൊല്ലത്ത് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേക്ക് മാറ്റി നിയമിച്ചു. എട്ടു ദിവസത്തിനകം കൊല്ലത്തു നിന്ന് തിരുവനന്തപുരം ക്രൈംബ്രാഞ്ച് സി.ബി.സി.ഐ.ഡിയിലേക്ക് കൊണ്ടുവന്നു. വിഴിഞ്ഞം അടിമലത്തുറ സ്വദേശിയായ നാസറുദ്ദീന് വീട്ടിൽ നിന്ന് പോയിവരാനുള്ള സൗകര്യത്തിന് നിയമനം നൽകുകയാണ് ആഭ്യന്തരവകുപ്പ് ചെയ്തത്. 

പേരൂര്‍ക്കടയിലെ കുടുംബ ആത്മഹത്യ
പലിശക്കാരൻ ഭൂമിയും വീടും തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന പരാതി പൊലീസ് ഒതുക്കിതീർത്തതിനെത്തുടർന്ന് ഒരുകുടുംബം ഒന്നാകെ ആത്മഹത്യ ചെയ്തത് തിരുവനന്തപുരം പേരൂർക്കടയിലായിരുന്നു. കഴിഞ്ഞ മാർച്ചിൽ ആത്മഹത്യ ചെയ്ത മനോഹരന്‍ ആശാരിയും കുടുംബവും മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തങ്ങള്‍ താമസിക്കുന്ന വീട് ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയുമായി മണ്ണന്തല പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ പൊലീസ് ഇടപെട്ട് ഇത് കേസെടുക്കാതെ ഒത്തുതീർപ്പാക്കുകയായിരുന്നു. തങ്ങളുടെ വീടുൾപ്പെടുന്ന ഭൂമി രജിസ്റ്റർ ചെയ്ത് കൈവശപ്പെടുത്തിയ പേട്ട സ്വദേശിക്കെതിരെയായിരുന്നു പരാതി.

പരാതിയെത്തുടർന്ന് മണ്ണന്തല പൊലീസ് കേസെടുക്കാതെ ഇരുകക്ഷികളെയും വിളിച്ചുവരുത്തി.  ഡിസംബർ വരെ ഇവിടെ താമസിക്കാൻ മനോഹരന്‍ ആശാരിക്ക് അവകാശം നല്‍കിയാണ് 2012ൽ പേട്ട സ്വദേശി ഭൂമി റജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ ഒത്തുതീര്‍പ്പ് കരാറുണ്ടാക്കി പൊലീസ് പ്രശ്‌നം തീർപ്പാക്കുകയായിരുന്നു. മനോഹരന്‍ ആശാരിയുടെയും കുടുംബത്തിന്റെയും മരണത്തിന് ശേഷം മണ്ണന്തല പൊലീസ് സ്റ്റേഷനില്‍ പരിശോധന നടത്തിയാണ് പ്രത്യേക അന്വേഷണ സംഘം പഴയ പരാതി കണ്ടെടുത്തത്. 

കേരളാ പോലീസ് ആത്മവീര്യം പ്രകടിപ്പിക്കുന്ന കഥകള്‍ ഇനിയുമുണ്ട് -അവ വരും ദിവസങ്ങളില്‍. 

*Views are persoanl 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍