UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോലീസ് മര്‍ദ്ദന വിരുദ്ധ ദിനത്തില്‍ ശ്രീജിത്തിനെ ആശുപത്രിയിലേക്ക് നീക്കാന്‍ പോലീസിന്റെ നാടകം

നീതിക്കായുള്ള സമരത്തില്‍ ശ്രീജിത്ത് തെരുവില്‍ കിടന്ന് മരിച്ചാലും പോലീസുകാര്‍ അവന്റെ ശരീരത്തില്‍ തൊട്ടുപോകരുതെന്ന് അമ്മ രമണി

സഹോദരനെ പോലീസ് മര്‍ദ്ദിച്ചു കൊന്ന വിഷയത്തില്‍ നീതി തേടി സെക്രട്ടേറിയറ്റിന് മുന്നില്‍ 560 ദിവസത്തിലേറെയായി സമരം ചെയ്യുന്ന നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് സ്വദേശി ശ്രീജിത്തിനെ മെഡിക്കല്‍ കോളേജിലേക്ക് നീക്കാന്‍ പോലീസിന്റെ നാടകമെന്ന് ആരോപണം. അന്താരാഷ്ട്ര പോലീസ് മര്‍ദ്ദന വിരുദ്ധ ദിനമായ ഇന്നലെയാണ് കന്റോണ്‍മെന്റ് പോലീസ് ചികിത്സ പ്രഹസനം നടത്തി ഇയാളെ സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്നും നീക്കം ചെയ്യാന്‍ ശ്രമിച്ചത്. അനുജന്‍ ശ്രീജീവ് പോലീസ് മര്‍ദ്ദനത്തില്‍ മരിച്ചതിനെക്കുറിച്ചുള്ള പോസ്റ്ററും വച്ചുള്ള ശ്രീജിത്തിന്റെ സമരമാണ് ഇന്നലെ തന്നെ പോലീസിനെക്കൊണ്ട് ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചതെന്ന് വ്യക്തം.

Read: മുഖ്യമന്ത്രീ, ഈ അമ്മ കരഞ്ഞുപറയുകയാണ്, ഒരു മകനെ കൂടി അവര്‍ക്ക് നഷ്ടപ്പെടരുത്

ജനറല്‍ ആശുപത്രിയില്‍ നിന്നും ഡോക്ടറെ വിളിച്ചുവരുത്തി പോലീസ് ശ്രീജിത്തിനെ പരിശോധിക്കുകയായിരുന്നു. എന്നാല്‍ തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ലെന്നുമാണ് ഡോക്ടര്‍ പറഞ്ഞതെന്ന് ശ്രീജിത്ത് പറയുന്നു. ഇത് അവഗണിച്ച എസ്‌ഐ അത് തീരുമാനിക്കേണ്ടത് ഡോക്ടറല്ല താനാണെന്ന് ആക്രോശിച്ച് ശ്രീജിത്തിനെ ബലപ്രയോഗത്തിലൂടെ പോലീസ് ജീപ്പില്‍ കയറ്റി മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. പിന്നാലെ ശ്രീജിത്തിന്റെ അമ്മ രമണി ആശുപത്രിയിലെത്തുകയും തന്റെ ഒരു മകനെ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ച് കൊന്ന പോലീസ് മറ്റൊരു മകനെ കൂടി കൊല്ലാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബഹളമുണ്ടാക്കുകയായിരുന്നു. നീതിക്കായുള്ള സമരത്തില്‍ ശ്രീജിത്ത് തെരുവില്‍ കിടന്ന് മരിച്ചാലും പോലീസുകാര്‍ അവന്റെ ശരീരത്തില്‍ തൊട്ടുപോകരുതെന്നും രമണി പറഞ്ഞു. ഇതേ തുടര്‍ന്ന് പോലീസ് ശ്രീജിത്തിനെ വിട്ടയയ്ക്കുകയായിരുന്നു.
Read: ഒരു മകനെ കൊന്നു; ഒരാളെ അപകടത്തില്‍പ്പെടുത്തി; ഇളയവന്‍ നീതിക്കായി മരണം കാത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍
2014 മെയ് 21ന് പാറശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിവിന്റെ മരണം സംഭവിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ചാണ്. ശ്രീജിവിന്റെ മരണം ഉറപ്പാക്കാന്‍ പോലീസിന് മെഡിക്കല്‍ കോളേജ് അധികൃതരുടെയും സഹായം ലഭിച്ചുവെന്ന് ശ്രീജിത്ത് ആരോപിക്കുന്നതിനിടെയാണ് ഇയാളെയും പോലീസ് തന്നെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ശ്രീജീവിന്റെ മരണത്തില്‍ ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് നടപടി ആവശ്യപ്പെട്ടാണ് ഇയാളുടെ സമരം. പോലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ അന്വേഷണത്തില്‍ പാറശാല പോലീസ് സ്‌റ്റേഷനിലെ അഞ്ച് ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയും അടിയന്തരമായി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് ഉത്തരവിറക്കി.

Read: അധികൃതര്‍ അറിയണം, 400 ദിവസമായി ഈ യുവാവ് സെക്രട്ടറിയേറ്റിന് മുന്നിലുണ്ട്
നീതി ലഭിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് പറയുന്ന ശ്രീജിത്ത് ഇന്നലെ പോലീസ് നാടകം കളിക്കുകയായിരുന്നെന്ന് തീര്‍ത്തും പറയുന്നു. ഡോക്ടര്‍ കുഴപ്പമില്ലെന്നും പറഞ്ഞിട്ടും എസ്‌ഐ അത് തീരുമാനിക്കുന്നത് താനാണെന്ന് പറഞ്ഞതാണ് ശ്രീജിത്ത് മുഖ്യമായും ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ എസ്‌ഐയ്ക്ക് തന്നെ തീരുമാനിക്കാനാണെങ്കില്‍ എന്തിനാണ് ഡോക്ടറെ വിളിച്ചുകൊണ്ട് വന്നതെന്ന് ഇയാള്‍ ചോദിക്കുന്നത്. പോലീസില്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നും പോലീസ് തന്നെ അപകടപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയക്കുന്നുണ്ടെന്നും ഇയാള്‍ പറയുന്നുണ്ട്. നീതിക്കായുള്ള തന്റെ സമരത്തില്‍ ഇത്രകാലവും തിരിഞ്ഞു നോക്കാത്ത അവര്‍ പോലീസ് മര്‍ദ്ദനത്തിനെതിരായ അന്താരാഷ്ട്ര ദിനത്തില്‍ ഈ സമരം മൂടിവയ്ക്കാനാണ് ശ്രമിച്ചതെന്നും ശ്രീജിത്ത് ആരോപിക്കുന്നു. ശ്രീജിത്തിന്റെ വിഷയം പിസി ജോര്‍ജ് കഴിഞ്ഞ ദിവസം നിയമസഭയില്‍ ഉന്നയിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍